ഒരു തെരഞ്ഞെടുപ്പും ചില ചിന്തകളും / റ്റിബിൻ ചാക്കോ തേവർവേലിൽ

മലങ്കരസഭയുടെ അതിലുപരി സമൂഹത്തിന്റെ തന്നെ വളർച്ചയിൽ പ്രധാന പങ്കു വഹിച്ച ഏതാനും പിതാക്കൻമാരുടെ ചിത്രങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. വലിയ ചില മാതൃകകകൾ സഭയ്ക്ക് കാണിച്ച് തന്ന് കാലയവനികകൾക്കുള്ളിൽ മറഞ്ഞവരാണ്. ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ആ മാത്യകകൾക്ക് വളരെ പ്രസക്തി ഉണ്ട് എന്ന് തോന്നുന്നതിനാൽ ഇവിടെ കുറിയ്ക്കുന്നു.

കെ. സി. ചാക്കോ & പത്രോസ് മത്തായി, ചെറിയമഠത്തിൽ സ്കറിയ കത്തനാർ

മലങ്കര സഭയിലെ മെത്രാൻ സ്ഥാനത്തേക്ക് മലങ്കര അസോസിയേഷൻ തെരെഞ്ഞെടുത്തിട്ടും തങ്ങൾ അതിന് യോജ്യരല്ല എന്ന് പറഞ്ഞ് കൊണ്ട് പിൻവാങ്ങി വിശുദ്ധ ജീവിതം നയിച്ച പിതാക്കൻമാർ. സാധാരണയായി വൈദികരെയാണ് മെത്രാൻ സ്ഥാനത്തേയ്ക്ക് തെരെഞ്ഞെടുക്കുക. ഈ പിതാക്കൻമാരുടെ ജീവിതവിശുദ്ധി തിരിച്ചറിഞ്ഞ് മെത്രാൻ സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കുകയായിരുന്നു. ഇവരുടെ കൂട്ടത്തിൽ ചെറിയമഠത്തിൽ സ്കറിയാ കത്തനാരെയും തെരെഞ്ഞെടുത്തെങ്കിലും അദ്ദേഹവും ആ സ്ഥാനം സ്വീകരിച്ചില്ല. ജീവിത കാലത്ത് തന്നെ വിശുദ്ധൻ എന്നറിയപ്പെട്ടിരുന്ന ശ്രീ കെ.സി ചാക്കോ വൈദികവൃത്തിയിലെത്തണമെന്ന് വട്ടശേരിൽ തിരുമേനി അതിയായി ആഗ്രഹിച്ചിരുന്നു. പക്ഷെ “മെത്രാനായി ജനങ്ങളിൽ നിന്ന് അകന്ന് ജീവിക്കുന്ന ആത്മീയതയല്ല മറിച്ച് അവരുടെ ഇടയിൽ ജീവിക്കുവാനാണ് ആഗ്രഹിക്കുന്നത് ” എന്ന് പറഞ്ഞ് അദ്ദേഹം പിൻവാങ്ങി ഉത്തമ ജീവിതം നയിക്കുകയായിരുന്നു. അതിലും ഒരു പടികൂടി കടന്ന് മെത്രാൻ സ്ഥാനത്തേക്ക് മേലിൽ പരിഗണിക്കാതിരിക്കാൻ 49 മത്തെ വയസിൽ വിവാഹം ചെയ്ത വ്യക്തിയാണ് ശ്രീ പത്രോസ് മത്തായി. മലങ്കരസഭയിൽ ഒരു അത്മായന് എത്തിച്ചേരാവുന്ന വലിയ പദവി ലഭിച്ചിട്ടും മാറി നിന്ന ഇത്തരം ചില പിതാക്കൻമാർ ഉണ്ടായിരുന്നു എന്നത് പലരും മറന്ന് പോകുന്നു.

പ ഗീവർഗീസ് പ്രഥമൻ കാതോലിക്കാ

പ പാത്രിയർക്കീസ് സന്ദർശനത്തിൽ തന്നെയും മെത്രാനായി വാഴിക്കുമെന്ന് മുൻകൂട്ടി കണ്ട് പരുമലയിലേക്ക് പോകാതെ വാകത്താനത്ത് തന്നെ താമസിച്ചു. എന്നാൽ നിർബന്ധമായും പരുമലയിൽ എത്തി സ്ഥാനമേൽക്കാൻ നിർബന്ധിതനായി. മെത്രാൻ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് അപേക്ഷിക്കാൻ പരുമലയിലേക്കും തുടർന്ന് ചെങ്ങന്നൂരിലേക്കും എത്തിയ പിതാവ് “വല്ല നിവൃത്തിയുമുണ്ടെങ്കിൽ ഇതിൽ നിന്നും കഥാനായകനെ ഒഴിച്ചു വിടണമെന്ന് അറിയിക്കുകയും സമ്മതിക്കാഞ്ഞാൽ ദൈവേഷ്ടം പോലെ വരട്ടെ എന്ന് സമ്മതിക്കുകയും ചെയ്തു. ” എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതിനാൽ ആ സ്ഥാനത്ത് നിന്ന് പിൻമാറാനാവാതെ പദവി ഏൽക്കേണ്ടി വന്നു. കാതോലിക്കാ സ്ഥാനത്തേക്ക് പരിഗണിചപ്പോഴും ഒഴിവാക്കാൻ ശ്രമിചെങ്കിലും നറുക്കെടുപ്പിലൂടെ ആ സ്ഥാനത്തേക്കും എത്തപ്പെട്ടു.

പ പാമ്പാടി തിരുമേനി

വ്യക്തിപരമായി മെത്രാപ്പോലീത്താ സ്ഥാനത്തിന് ഞാൻ യോഗ്യനല്ല എന്ന നിലപാടിൽ ഉറച്ച് നിന്ന് ഇരുപത്തിയാറാം വയസിൽ ലഭ്യമായ മെത്രാൻ സ്ഥാനം തിരസ്കരിച്ചു. എന്നാൽ 14 വർഷത്തിന് ശേഷം വീണ്ടും അസോസിയേഷൻ തെരെഞ്ഞെടുത്തപ്പോൾ സഭയുടെ നിർബന്ധത്തിന് വഴങ്ങി 44-ാം വയസിൽ മേൽപട്ട സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു.പാറേട്ട് മാർ ഈവാനിയോസ്പരുമലയിൽ വെച്ച് വൈദികപട്ടം സ്വീകരിച്ച് പുതുപ്പള്ളി പള്ളിയുടെ വികാരിയായി സേവനം അനുഷ്ഠിച്ചിരുന്ന കാലത്ത് പലതവണ മെത്രാൻ സ്ഥാനത്തേക്കും, കാതോലിക്കാ സ്ഥാനത്തേക്കും ക്ഷണിക്കപ്പെട്ടുവെങ്കിലും ദൈവം വിളിച്ചിട്ടില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി. അവസാനം വട്ടശേരിൽ തിരുമേനിയുടെ കാലശേഷം താൻ ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്ന അദ്ദേഹത്തിന്റെ അഭിലാഷം പൂർത്തിയാക്കുന്നതിനായി 1953 ൽ മേൽപട്ട സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു.

പത്രോസ് മാർ ഒസ്താത്തിയോസ്

വട്ടശേരിൽ തിരുമേനിയുടെ കല്പനപ്രകാരം കാതോലിക്കാ വാഴ്ചയുടെ സമയത്ത് മെത്രാൻ സ്ഥാനം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും തന്റെ മിഷണറി പ്രവർത്തനം എല്ലാമെല്ലാമായി കണ്ട അദ്ദേഹം അതിന് ഭംഗം വരുമെന്ന് കരുതി മെത്രാൻ സ്ഥാനത്ത് നിന്ന് ഒഴിവായി. നിർബന്ധമെങ്കിൽ ഷഷ്ഠിപൂർത്തിക്ക് ശേഷം ആലോചിക്കാം എന്ന് തീരുമാനിച്ചു. സഭയുടെ തീരുമാനപ്രകാരം 67 മത്തെ വയസിൽ മെത്രാനായി സ്ഥാനമേറ്റു.

ഗീവർഗീസ് മാർ ഈവാനിയോസ്

മെത്രാൻ സ്ഥാനത്ത് നിന്ന് പലതവണ ഒഴിഞ്ഞുമാറാൻ ശ്രമിച്ചുവെങ്കിലും പ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവായുടെ നിർബന്ധത്താൽ ഈ സ്ഥാനത്തേക്ക് വിളിച്ചടുപ്പിക്കപ്പെട്ടു.

ഇന്നത്തെ സാഹചര്യത്തിൽ ഈ പിതാക്കൻമാരെപ്പറ്റി പഠിക്കുകയും ഓർക്കുകയും ചെയ്യുന്നത് യുക്തമാണെന്ന് തോന്നുന്നു. മലങ്കരസഭയിൽ വളരെ ചെറുപ്രായത്തിൽ തന്നെ ലഭിക്കാവുന്ന മെത്രാൻ /കാതോലിക്കാ സ്ഥാനങ്ങൾ വിനയപൂർവം തിരസ്ക്കരിച്ച ഈ പിതാക്കൻമാരും, മെത്രാൻ /കാതോലിക്കാ സ്ഥാനങ്ങൾക്ക് വേണ്ടി കല്ലും, മുള്ളും, ചെളിയും നിറഞ്ഞ വഴികളിലൂടെ വോട്ടുപിടിച്ചും അതിന് കൂട്ടുകൂടിയും നടക്കുന്നവർ തമ്മിൽ എന്ത് സാമ്യമാണുള്ളത്.

രണ്ടായിരം വർഷം ദൈവം കാത്തു. തുടർന്നും ഈ സഭയെ ദൈവം കാക്കും എന്ന ഉത്തമ ബോധ്യത്തോടെ.

Note : കൂടുതലായി അറിയേണ്ടവർക്ക് ഈ പിതാക്കൻമാരുടെ ജീവചരിത്രം വായിച്ച് മനസിലാക്കാവുന്നതാണ്.

09/05/2021

കാതോലിക്കേറ്റിന്‍റെ നിധി (പ. ഗീവര്‍ഗീസ് പ്രഥമന്‍ ബാവാ ജീവിതവും രചനകളും)

പത്രോസ് മാര്‍ ഒസ്താത്തിയോസ് / കെ. വി. മാമ്മന്‍

കെ. സി. ചാക്കോ: മലങ്കരസഭയിലെ അത്മായ വിശുദ്ധൻ

എട്ടു പത്രോസ് മത്തായിമാര്‍