കര്‍ത്താവിന്റെ ഉയിര്‍പ്പു നല്‍കുന്ന സന്തോഷം പങ്കുവയ്ക്കുന്ന നാളുകളിലൂടെ കടന്നു പോവുകയാണല്ലോ നാം. ക്രിസ്തു പരിതൃക്തനായി, അപമാനിതനായി, മര്‍ദ്ദിക്കപ്പെട്ട് കുരിശില്‍ തൂക്കിക്കൊല്ലപ്പെടുകയായിരുന്നു. കല്ലറയില്‍ അടക്കം ചെയ്യപ്പെട്ട ആ മൃതശരീരത്തിന് യാതൊരു കാരണവശാലും പുനര്‍ജ്ജീവന സാധ്യത ആരും കണക്കുകൂട്ടിയില്ല. ജീവന്‍ നഷ്ടപ്പെട്ട ക്രിസ്തുശരീരം ജീവൻ പ്രാപിച്ചപ്പോള്‍ തന്റെ ശിഷ്യസമുഹത്തിന് ഉണ്ടായത് അതുല്യ മായ സന്തോഷം മാത്രമല്ല അക്ഷയമായ പ്രത്യാശയുമാണ്. ജീവിതത്തില്‍ തളര്‍ച്ചയുടെയും നിരാശയുടെയും മധ്യത്തില്‍ വ്യക്തിക്കും സമൂഹത്തിനും നല്‍കുന്ന തകര്‍ക്കപ്പെടാനാവാത്ത ശുഭാപ്തി വിശ്വാസത്തിന്റെ അടയാളവും സുചനയു മാണ് യേശുവിന്റെ ഉയിര്‍പ്പ്. തങ്ങളുടെ ഗുരുവിന്റെ ശരീരം കാണാന്‍ കല്ലറയ്ക്കല്‍ എത്തിയവരോട് ഉയിര്‍ത്തെഴുന്നേറ്റ് പോയവനെ മരിച്ചവരുടെ ഇടയില്‍ തിരയുന്നതിന്റെ വ്യര്‍ത്ഥത മാത്രമല്ല ഉയിര്‍പ്പു നല്‍കിയിരിക്കുന്ന സാധ്യത കൂടിയാണ് ദൈവദൂതന്മാര്‍ അറിയിക്കുന്നത്. “നിങ്ങള്‍ എന്തിന് ജീവനുള്ളവനെ മരിച്ചവരുടെ ഇടയില്‍ അന്വേഷിക്കുന്നു? അവനെ കിടത്തിയിരുന്ന സ്ഥലം വന്നു കാണുക” അവന്‍ നിർദ്ദേശിച്ചു. (വി.മര്‍ക്കോസ് 16.8) കല്ലറയില്‍ ക്രിസ്തുവിന്റെ അസാന്നിദ്ധ്യം വിളിച്ചോതുന്ന ശുനൃത മാത്രമായിരുന്നു ഉള്ളത്. ജീവനുള്ള ക്രിസ്തുവിനെ ശരിയായ സ്ഥാനത്ത് അന്വേഷിക്കുക എന്നതാണ് ദൈവദുതന്മാരുടെ ആഹ്വാനം. അതായത് അന്യായമായി കൊല ചെയ്യപ്പെട്ട യേശുവിന് ജീവന്‍ തിരികെ കിട്ടി എന്ന ആശ്വാസത്തിനുപരി ഉയിര്‍പ്പു നല്‍കുന്ന സാധ്യതകളിലും സുചനകളിലുമത്രേ സന്തോഷിക്കേണ്ടത് എന്നാണ് ആ ആഹാനത്തിന്റെ പൊരുള്‍. അടിച്ചമര്‍ത്തലും അക്രമങ്ങളും വഴി നിഷ്ക്രിയമാക്കപ്പെട്ട സത്യത്തിന്റെ അതിജീവനമാണ് ക്രിസ്തുവിന്റെ ഉയിര്‍പ്പില്‍ പ്രകടമാകുന്നത്. അനീതി നിറഞ്ഞ ഭരണസംവിധാനത്തിന്റെയും അന്ധവും മനുഷത്വരഹിതവുമായ മത ഘടനയുടെയും ചേതനയറ്റ സമുഹമനഃസാക്ഷിയുടെയും ഒത്തുചേരലായിരുന്നു ക്രിസ്തുവിന്റെ ഭയാനകമായ ക്രൂശീകരണത്തിന് പശ്ചാത്തലമൊരുക്കിയത്. അത് സകല അടിസ്ഥാന നീതിസങ്കല്‍പങ്ങളുടെയും സംഹാര ശ്രമമായിരുന്നു. എന്നാല്‍ ക്രിസ്തു ലോകത്തിനു നല്‍കിയ വെളിച്ചം വിമോചനം, സത്യസാക്ഷ്യം എന്നിവയക്ക് വധം കൊണ്ട് അന്ത്യം കുറിക്കാമെന്ന കണക്കുകൂട്ടലാണ് ഇവിടെ തകര്‍ന്ന് തരിപ്പണമായത്. ബലപ്രയോഗത്തിലൂടെ സത്യത്തെ അമര്‍ച്ച ചെയ്യാമെന്ന വ്യാമോഹമാണ് ഇവിടെ തകർന്നടിയുന്നത്. ക്രിസ്തുവിനെ മരണത്തിലെത്തിച്ച അന്ധകാരശക്തികളുടെ മുമ്പില്‍ ഉയർന്ന ശക്തമായ വെല്ലുവിളിയായി ഉയിർപ്പിനെ ദര്‍ശിക്കേണ്ടതുണ്ട്. മരിച്ച ഒരുവന്റെ വെറുമൊരു പുനരുത്ഥാനമായി മാത്രം ഇതിനെ കാണുവാനാകില്ല. ക്രൈസ്തവ രക്ഷാസിദ്ധാന്തത്തിന്റെ അടിസ്ഥാനമാക്കാവുന്ന വസ്തുത മാത്രമായി ഈ സംഭവത്തെ പരിമിതപ്പെടുത്താനുമാവില്ല. തന്റെ വിശ്വാസത്തിന്റെയും സുവിശേഷ പ്രഘോഷണ തിന്റെയും ആധാരമായിട്ടാണ് വി. പൌലോസ് ക്രിസ്തുവിന്റെ ഉയിർപ്പിനെ കാണുന്നത് (1 കോരി 15:14) ക്രിസ്തു എന്ന വ്യക്തിയുടെ ഭൗതീകശരീരം മരണശേഷം ക്രിസ്തുശിഷ്യന്മാര്‍ക്കും സ്നേഹിതര്‍ക്കും ഒടുവില്‍ തനിക്കും നല്‍കിയ ദര്‍ശനമായിരുന്നില്ല പൗലോസിനെ സംബന്ധിച്ചിടത്തോളം ഉയിര്‍പ്പ്, നേരെ മറിച്ച് തന്റെ ജീവിതത്തിന് അര്‍ത്ഥവും അടിസ്ഥാനവും ആകുന്ന പ്രതിഭാസമാണ്. “ക്രിസ്തു ഉയിർത്തിട്ടില്ല എങ്കില്‍ ഞങ്ങളുടെ വചന പ്രഘോഷണം വ്യര്‍ത്ഥമാണ്. നിങ്ങളുടെ വിശ്വാസവും വെറുതെയാണ്” എന്നു പൌലോസ് പറയുന്നത് രണ്ടു കാരണങ്ങളാലാണ്. ഒന്നാമതായി ക്രിസ്തു തന്റെ ശുശ്രൂഷയുടെ ആധികാരികതയ്ക്ക് അടിസ്ഥാനമായി പറയുന്നത് തന്റെ ഉയിര്‍പ്പാണ്. യേശുവിന്റെ ഉയിര്‍പ്പ് അവന്‍ അവകാശപ്പെട്ടതിന്റെ സാധുകരണമാണ്. രണ്ടാമതായി ദമസ്‌ക്കോസിന്റെ പടിവാതിക്കല്‍ വച്ച് പലോസിനുണ്ടായ ക്രിസ്തു തിരിച്ച ജീവിതാനുഭവമായിരുന്നു. അതുകൊണ്ട് ക്രിസ്തു സംഭവത്തിന് ആധികാരികതയും പൌലോസിന്റെ വിശ്വാസത്തിന് വിശ്വാസ്യതയും നല്‍കുന്നത് ക്രിസ്തുവിന്റെ ഉയിര്‍പ്പാണ്. ഉയിർത്തെഴുന്നേറ്റ ക്രിസ്തുവും പൗലോസുമായി ഉണ്ടായ മുഖാമുഖം പൌലോസിന്റെ ജീവിതത്തെ മാറ്റിമറിച്ച് പരുവപ്പെടുത്തിയെങ്കില്‍ മനുഷ്യജീവിതത്തെ അര്‍ത്ഥവത്താക്കുന്ന ഉയിര്‍പ്പിന്റെ പ്രാധാന്യം പൌലോസ് തന്റെ വിശ്വാസജീവിതത്തില്‍ തിരി ച്ചറിയുന്നു. യേശു നല്‍കിയ ജീവിത സങ്കൽപം അടിച്ചമര്‍ത്തലുകളുടെയും പോരാട്ടങ്ങളുടെയും നടുവിലും നിലനില്‍ക്കും എന്നതിന്റെ സൂചനയാണ് ക്രിസ്തു ശരീരത്തിന്റെ ഉയിര്‍പ്പ്, യേശുവിന്റെ പുനരുത്ഥാനം ശരീരത്തിന്റെ പുനര്‍ജീവനം മാത്രമല്ല; ക്രിസ്തു വിഭാവനം ചെയ്ത – പ്രഘോഷിച്ച- ദൈവരാജ്യത്തിന്റെ ആധികാരികതയും അതി ജീവനശേഷിയും കൂടിയാണ്. ക്രിസ്തുവിന്റെ പരസ്യശുശ്രൂഷയില്‍ പ്രചരണം ചെയ്യപ്പെട്ട ആശയലോകത്തിന്റെ സാക്ഷാത്കാരം ഉയിർപ്പിൽ ദര്‍ശിക്കേണ്ടതുണ്ട്. അതുതന്നെയായിരുന്നു യേശുവിന്റെ ഉയിര്‍പ്പ് യഹൂദ മതനേതൃത്വത്തിന് നൽകിയ വെല്ലുവിളിയുടെ അടിസ്ഥാനവും. ഓരോ കാലത്തും മതയാഥാത്ഥിതികതയുടെയും രാഷ്ട്രീയ അഴിമതികളുടെയും മധ്യത്തില്‍ സത്യത്തിന്റെയും നീതിയുടെയും ഉയിര്‍പ്പ് സമൂഹത്തിന് നല്‍കുന്ന പ്രത്യാശയും മത രാഷ്ട്രീയ ഘടനകള്‍ക്ക് നല്‍കുന്ന അന്ത്യശാസനവും വെല്ലുവിളിയും നിസ്സാരമായി കാണാനാവില്ല. സത്യത്തിന്റെ സാന്നിദ്ധ്യവും നീതിയുടെ ഉയിരത്തെഴുന്നേല്‍പ്പ് സൃഷ്ടിക്കുന്ന അസ്വസ്ഥതയും ജീര്‍ണ്ണതയും അഴിമതിയും നിറഞ്ഞ മത രാഷ്ട്രീയ സംവിധാനങ്ങള്‍ക്ക് താങ്ങാനാവില്ല. അവയ്ക്കെല്ലാം ഇഷ്ടം ജീവന്‍ വെടിഞ്ഞ ക്രിസ്തുശരീരത്തില്‍ സുഗന്ധം പൂശുന്നതാണ്. ഡസ്‌റ്റോ വിസ്‌കിയുടെ The Great Inquisitor എന്ന കഥാപാത്രത്തില്‍ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സാന്നിദ്ധ്യം സഭാനേതാവിനെ അസ്വസ്ഥനാക്കുന്നതിന് കാരണം അതുതന്നെയാണ്. അതുകൊണ്ട് അന്യായവും ക്രൂരമായി വധിക്കപ്പെട്ട ക്രിസ്തുവിന്റെ ഉയിര്‍പ്പ് പ്രാധാന്യം നേടുന്നത് ക്രിസ്തുശരീരം പുനര്‍ജീവിച്ചതിന്റെ സന്തോഷത്തെ പ്രതി മാത്രമല്ല; ജീര്‍ണ്ണതക്കെതിരെയുള്ള അതിന്റെ പ്രതിരോധ ശേഷിയെയും അന്ധകാരഘടനകള്‍ക്കെതിരെ അതുയര്‍ത്തുന്ന വെല്ലുവിളികളെയും പ്രതി കൂടിയാണ്. സത്യത്തെ ചതിയിലൂടെയും അധികാരഘടനകള്‍ സൃഷ്ടി ക്കുന്ന അടിച്ചമര്‍ത്തലിലൂടെയും നിര്‍മ്മാര്‍ജ്ജനം ചെയ്യാനാവില്ല. അത് വീണ്ടും ജീവന്‍ പ്രാപിച്ച് ജീർണ്ണിച്ച വ്യവസ്ഥിതികള്‍ക്ക് വെല്ലുവിളിയാകും എന്നാണ് ഉയിര്‍പ്പു ചെയ്യുന്ന പ്രഖ്യാപനം. കൊല ഒരുക്കിയ സാഹചര്യം ഉയിര്‍പ്പിലൂടെ പ്രതി സ്ഥാനത്തായി വിചാരണയ്ക്ക് വിധേയമാകുന്നതാണ്. മതത്തിന്റെ യാഥാസ്ഥികതയും സ്വാർഥതയും വിമോചന രാഹിത്യവും കൊണ്ട് അതില്‍ സൃഷ്ടിക്കപ്പെടുന്ന ഏതൊരു പരിവര്‍ത്തനത്തോടുമുള്ള മതഘടനയുടെ എതിർപ്പാണ് ക്രിസ്തുഹത്യയുടെ പിന്നാമ്പുറം. നീതിയുടെ രാജാവ് പിറന്നു എന്ന വാര്‍ത്തകേട്ടയുടനെ ഹേറോദാവ് രാജ്യത്ത് രണ്ടുവയസ്സില്‍ താഴെയുള്ള എല്ലാ ആണ്‍ കുഞ്ഞുങ്ങളെയും കൊന്നുകളയാന്‍ ഉത്തരവിരക്കിയതിന്റെ പശ്ചാത്തലവും നീതിയോടുള്ള രാഷ്ര്രീയ അധികാര വര്‍ഗ്ഗത്തിന്റെ സമീപനമാണ് സൂചിപ്പിക്കുന്നത്. അധികാരം മാത്രം ലക്ഷ്യമിടുന്ന ഭരണകൂടവും സംഘടിതമതവും ഒറ്റയ്ക്കും കൂട്ടുചേരന്നും സത്യത്തെയും നീതിയെയും അമര്‍ച്ച ചെയ്യുക വര്‍ത്തമാനകാല അനുഭവം കൂടി ആയതിനാല്‍ ഇവയ്ക്കെതിരെ പോരാടിയ ക്രിസ്തുവിന്റെ ഉയിര്‍പ്പിന് ഇന്നും സാംഗത്യം ഉണ്ട്, കൊട്ടാരാന്തര ഗൂഡാലോചനയിലൂടെ ശിരച്ഛേദം ചെയ്യപ്പെട്ട സ്നാപകയോഹന്നാന്‍ ഉയിര്‍ത്തില്ല. എങ്കിലും അദ്ദേഹത്തിന്റെ വധം ഉയര്‍ത്തിയ വെല്ലുവിളികള്‍ സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്നു. അതുകൊണ്ടാണ് പ്രകോപനം സൃഷ്ടിച്ച നിരപരാധികള്‍ കൊല്ലപ്പെട്ടു എന്ന വസ്തുത പില്‍ക്കാലങ്ങളില്‍ ശരിക്കും നീതിക്കുംവേണ്ടി പോരാടാന്‍ അനേകരെ പ്രചോദിപ്പിക്കുന്നത്. ഇത് നീതിയുടെ ഉയിർപ്പിന്റെയും പുനര്‍ജീവിതത്തിന്റെയും സാധ്യതയുടെ സൂചനയായി പ്രരിഗണിക്കാവുന്നതാണ്. എന്നാല്‍ ക്രിസ്തുവിന്റെ ചിന്തകള്‍ നിർവീര്യമാക്കി, സഭ ഒരു മത പ്രസ്ഥാനമാകുന്ന സാഹചര്യത്തില്‍ സഭാംഗങ്ങള്‍ക്ക് ഉയിര്‍പ്പിന്റെ സന്തോഷം കണ്ടെത്താനാവില്ല. അതു കൊണ്ട് ക്രിസ്തുവിന്റെ ഉയിര്‍പ്പ് ഉയര്‍ത്തിയ വെല്ലുവിളികള്‍ പ്രസക്തമാക്കിയാണ് അതിന് വര്‍ത്തമാനകാല സാംഗത്യം നല്‍കുന്നത്. ക്രിസ്തു വിടപറഞ്ഞ കുരിശിനെയും ഉപേക്ഷിച്ച ശവക്കച്ചയെയും ഒഴിഞ്ഞുപോയ ശവക്കല്ലറയെയും വിഗ്രഹവത്കരിച്ച് ശ്രദ്ധാ കേന്ദ്രങ്ങളായി മാറ്റുമ്പോള്‍ ജീവനുള്ള ക്രിസ്തു അവഗണിക്കപ്പെടുകയോ. തിരസ്കരിക്കപ്പെടുകയോ ആണ്; ജീവനുള്ള ക്രിസ്തുവിന് പകരം തല്‍സ്ഥാനത്ത് ഉപേക്ഷിക്കപ്പെട്ട വസ്തുക്കള്‍ അവരോധിക്കപ്പെടുകയാണ്, അതായത് ക്രിസ്തുവിന്റെ ഉയിര്‍പ്പ് ഒരു വ്യക്തിയുടെ പുനർജജീവനം മാത്രമായി പരിമിതപ്പെടുത്താനാവുന്ന കാര്യമല്ല. ക്രിസ്തു പടുത്തുയര്‍ത്തിയ ആശയം ലോകത്തിന്റെ പരിവര്‍ത്തനക്ഷമതയുടെയും സജീവമാകലാണ് അത്. അവിടെയാണ് ഉയിര്‍പ്പിന്റെ പ്രസക്തി, ക്രിസ്തുവിന്റെ ഉയിര്‍പ്പില്‍ പങ്കു ചേരുന്നതുവഴി സഭയും അതിലെ വിശ്വാസികളും ക്രിസ്തുവിനോടൊപ്പം ഉയിര്‍ക്കുകയും അവന്റെ ശുശ്രൂഷയില്‍ പങ്കുചേർന്ന് ലോകത്ത് ക്രിസ്തു സൃഷ്ടിച്ച ഓളങ്ങളും വെല്ലുവിളികളും തുടര്‍ന്നും പുനസൃഷ്ടിക്കുകയും പീഡനത്തിനും മരണത്തിനും വിധേയരാവുകയുമാണ്. സൃഷ്ടിയുടെ പുതുക്കത്തിനും വീണ്ടെടുപ്പിനുമായി ക്രിസ്തുവിന്റെ പുനരുത്ഥാനം വിമോചനകസംരംഭമായി പരിണമിക്കുകയും സാംഗത്യം ‘ആര്‍ജ്ജിക്കുകയുമാണ് ചെയ്യുന്നത്. ക്രിസ്തു പുനരുത്ഥാനവും പങ്കു ചേര്‍ന്നു നടക്കേണ്ട സാക്ഷ്യശുശ്രുഷ ചെയ്യുകയാണ് ഉയിര്‍പ്പിനെ കാലികവും അര്‍ത്ഥവത്തും ആക്കിത്തീര്‍ക്കുന്നത്. അതായത് കൊല്ലപ്പെട്ട യേശുവിന്റെ മൃതശരീരത്തിന്റെ ഉയിര്‍പ്പായി നമുക്ക് ഈ സന്തോഷത്തെ പരിമിതപ്പെടുത്താനാവില്ല. അതിന് യാതൊരു പ്രേരണയും പ്രത്യാശയും നല്‍കാന്‍ കഴിയില്ല. അത് സമുഹത്തില്‍ യാതൊരു വെല്ലുവിളിയും ഉയിർത്തുന്നുമില്ല. ക്രിസ്തുവിന്റെ ഉയിര്‍പ്പില്‍ സമസ്ത സൃഷ്ടികളും പുനര്‍നിർമ്മിക്കപ്പെടുന്നു എന്നത് ഒരു തത്വമോ, ഒരു ചരിത്രസംഭവമോ അല്ല. ജീവനുള്ളവനെ അന്വേഷിക്കുന്നവന്‍ ഉണ്ടാകുന്നത് പരിവര്‍ത്തനാനുഭവമാണ്. ക്രിസ്തുവിന്റെ ഉയിരപ്പിൽ ജീര്‍ണ്ണിച്ച സമുഹത്തിന് തുറന്നുകിട്ടുന്നത് പരിവര്‍ത്തന സാധ്യതയാണ്. ഉത്ഥിതനായ ക്രിസ്തുവിനോടുള്ള മുഖാമുഖവും അവന്റെ ജീവനിലുള്ള പങ്കുചേരലുമാണ് ഇതിനു സാധ്യത നല്‍കുന്നതും പരിവര്‍ത്തനം യാഥാര്‍ത്ഥ്യമാക്കുന്നതും. അങ്ങനെ വരുമ്പോള്‍ Resurrection effects a redical transformation beyond human understanding towards a new creation. ഇതാണ് കല്ലറയ്ക്കല്‍ കണ്ട് ദൈവദൂതര്‍ പറയുന്നതിന്റെ അര്‍ത്ഥം. കല്ലറയിലല്ല ക്രിസ്തുവിനെ അന്വേഷിക്കേണ്ടത്. ജീവനുള്ള ക്രിസ്തുവിനെ കണ്ടെത്തു കയാണാവശ്യം. ഉയിര്‍പ്പിന്റെ മഹത്വീകരണം സഹനമല്ലാത്ത ഒന്നല്ല യേശുവിന്റെ ജനനത്തോടനുബന്ധിച്ചു പോലും ഹേരോധാവു നടത്തിയ ശിശുക്കളുടെ കൂട്ടക്കൊലയുടെ അനുസ്മരണമാണ് നടക്കുന്നത്. ക്രിസ്തു സംഭവത്തിന്റെ ഓരോ ഏടിന്റെയും ഓര്‍മ്മകള്‍ സഹനബന്ധിതമാണ്. അതുകൊണ്ട് ക്രിസ്‌തുവിന്റെ ഉയിര്‍പ്പിനുനല്‍കുന്ന മഹത്വീകരണവും പീഡനബന്ധിതമാണ്. യേശുതന്നെ അരുളി ചെയ്യുന്നു ഗോതമ്പു മണി നിലത്തു വീണ് അഴുകൂന്നില്ലായെങ്കില്‍ അതിന് ജീവന്‍ ഉണ്ടാകയില്ല. അഴുകുന്ന പക്ഷം (സസ്യമായി വളര്‍ന്ന് ) ഏറെ ഫലം നല്‍കുന്നു”. (വി. യോ ഹ. 12:24) ക്രിസ്തുവിന്റെ പീഡാനുഭവും ഉയിര്‍പ്പും ഫലദായമാകുന്നത് സഭയിലെ വിശ്വാസികളുടെ സഹനത്തിലൂടെയാണ് എന്ന തിരിച്ചറിവുണ്ടാകേണ്ടിയിരിക്കുന്നു. യാഥാര്‍ത്ഥിതികതയില്‍ നിന്നും മതീയതയില്‍ നിന്നും പുറത്തുവരാൻ സഭയ്ക്ക് സാധിക്കണം. സഭയിലെ അപമാനവിക പ്രവര്‍ത്തനങ്ങളെ ധിക്കരിക്കാന്‍ വിശ്വാസികള്‍ക്ക് സ്വതന്ത്രബോധം ഉണ്ടാവുകയും വേണം. തീര്‍ച്ചയായും അത് സഹനങ്ങള്‍ക്ക് കാരണമാകും. എന്നാല്‍ സഭയും വിശ്വാസികളും പൊരുത്തപ്പെടല്‍ വക്താക്കള്‍ (conformists) ആയി താദാത്മ്യപ്പെടാനാണ് ലക്ഷ്യമിടുന്നതെകില്‍ സഹനത്തിന്റെ തീവ്രതയും ഉയിര്‍പ്പിന്റെ യഥാര്‍ത്ഥ സന്തോഷവും അവര്‍ക്ക് അന്യമായി തുടരും. സഭ തല്‍സ്ഥിതി നിലനിലക്കുന്ന ഇടമായി മാറുകയും ചെയ്യും. ഉത്ഥിതനായ ക്രിസ്തു നൽകുന്ന ജീവന്‍ വൃക്തിയുടെ ക്രിസ്‌തുജീവിതത്തിലുള്ള പങ്കാളിത്തത്തിലും അതു തരുന്ന പരിവര്‍ത്തന വിമോചനക്ഷമതയിലും സഭയെ എത്തിക്കുന്നു. അതാകട്ടെ ക്രിസ്‌തുവിനോടൊപ്പമുള്ള പീഡന മരണ ഉയിര്‍പ്പ് അനുഭവങ്ങളും അതു വഴിയുള്ള സാക്ഷൃജിവതവുമാകുന്നു. സ്വന്തജീവിതത്തില്‍ സുരക്ഷയും എളുപ്പവഴിയും അന്വേഷിക്കുന്നവര്‍ക്ക് ഇതിന് സാധിക്കുന്നില്ല. എന്നാല്‍ ക്രിസ്തുവിനോടൊപ്പവും സുവിശേഷത്തിനുവേണ്ടിയും സ്വന്തം ജീവിതം ഹോമിക്കുന്നവര്‍ക്ക് ഉയിര്‍പ്പിന്റെ അനുഭവവും നിത്യജീവനും സിദ്ധിക്കുന്നു. പൌലോസിന്റെ വേദശാസ്ത്രവും ഇതുതന്നെയാണ് വെളിപ്പെടുത്തുന്നത്. ക്രിസ്തുവിനെയും അവന്റെ ഉയിര്‍പ്പിന്റെ ശക്തിയെയും അറിഞ്ഞ് അവന്റെ സഹനത്തില്‍ പങ്കുചേര്‍ന്ന് അവനോട് ഒപ്പം മരിച്ച് മരിച്ചവരില്‍ നിന്ന് ഉയിർക്കണം. (ഫിലിപ്യര്‍ 3:10,11) കര്‍ത്താവിന്റെ ഉയിര്‍പ്പിന്റെ ശക്തിയും സന്തോഷവും അവന്റെ പീഡാനുഭവത്തിലും മരണത്തിലുമുള്ള പങ്കാളിത്തവുമാണ് ക്രിസ്തുവിന്റെ ഉയിര്‍പ്പില്‍ പുതുക്കത്തിനും സന്തോഷത്തിനും പ്രത്യാശയ്ക്കും നമ്മെ യോഗ്യരാക്കുന്നത്. അതുകൊണ്ട്, സഹനവും ക്രൂശും ക്രിസ്തീയജീവിതത്തിന് അന്യമല്ല. അത് ഉയിര്‍പ്പിന്റെയും അതു നല്‍കുന്ന പുതുക്കത്തിന്റെയും പശ്ചാത്തലമാണ്. ക്രിസ്തുവില്‍ ദൈവം വസിച്ച് അവന്റെ പീഡാനുഭവ, മരണ, ഉയിര്‍പ്പുകളില്‍ ദൈവമഹത്വം പ്രകടമാക്കിയതുപോലെ സഭ അവയില്‍ പങ്കു ചേരുമ്പോള്‍ ദൈവം തന്റെ കുടിയിരിപ്പിനായി സഭയെ സ്വീകരിക്കുകയാണ്. ക്രിസ്തുവിന്റെ സഹനത്തിലുള്ള പങ്കാളിത്തം വഴിയാണ് അവന്റെ ഉയിര്‍പ്പുനല്‍കുന്ന പ്രത്യാശയുടെ മര്‍മ്മം നമുക്ക് വെളിപ്പെടുന്നത്.
ഉയിർപ്പ് നൽകുന്ന പ്രത്യാശ / തോമസ് മാര്‍ അത്താനാസ്യോസ്
