വ്യവസായ പ്രമുഖന്‍ സി. വി. ജേക്കബ് / ജോര്‍ജ് പോള്‍


കേരളത്തിലെ വ്യാവസായികരംഗത്തു ശ്രദ്ധേയനും ആഗോളതലത്തില്‍ സുഗന്ധവ്യഞ്ജന സംസ്കരണ വിപണനമേഖലയില്‍ അവിസ്മരണീയനുമായ ഒരു വ്യക്തിയാണ് ശ്രീ സി. വി. ജേക്കബ്. അദ്ദേഹത്തിന്‍റെ സപ്തതി ആഘോഷിക്കുന്ന ഈ വര്‍ഷത്തില്‍ അദ്ദേഹം വ്യാവസായികരംഗത്തു കൈവരിച്ച നേട്ടങ്ങളിലേക്കുള്ള ഒരു അവലോകനമാണ് ഈ ലേഖനം. ജോലിയോടും ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങളോടും ഒരുതരം ‘ഇവാഞ്ചലിസ്റ്റിക് പാഷന്‍’ – സി. വി. ജേക്കബ് എന്നു കേട്ടാല്‍ അദ്ദേഹത്തെ അടുത്തറിയുന്നവരുടെ മനസ്സില്‍ ആദ്യം തോന്നുന്ന വികാരമിതാണ്. പദ്ധതികള്‍ ഏറ്റെടുത്ത് ഭംഗിയായി നടത്തുന്നതില്‍ അദ്ദേഹം ഒരു ‘ഫയര്‍ ബ്രാന്‍ഡ്’ ആണ്. വലിപ്പചെറുപ്പമില്ലാതെ ഏതൊരാളുടെയും അഭിപ്രായം സശ്രദ്ധം കേള്‍ക്കുകയും ഏറ്റെടുത്ത സംരംഭങ്ങളുടെ വിജയത്തിന് ഈ അഭിപ്രായങ്ങളില്‍ ഉചിതമായവ കണക്കിലെടുക്കുകയും ചെയ്യും.

1949-ല്‍ 17-ാം വയസ്സില്‍ ഏലയ്ക്കാ വ്യാപാരത്തില്‍ ഏകസഹോദരി ഭര്‍ത്താവ് പരേതനായ ഇ. ജെ. പൗലോസു (എന്‍റെ പിതാവ്) മായി ചേര്‍ന്നാണ് തന്‍റെ ജീവിതസംരംഭത്തിന് ജേക്കബ് തുടക്കമിടുന്നത്. തുടര്‍ന്ന് കോണ്‍ട്രാക്ട് രംഗത്തേക്കു കടന്നുവന്നു. അതിനുശേഷം സ്വന്തം നിലയില്‍ പല കരാറുകളും വളരെ പ്രാഗല്ഭ്യത്തോടെ പൂര്‍ത്തിയാക്കി. ഏതാണ്ട് 10 വര്‍ഷത്തോളം ഈ നിലയില്‍ തുടര്‍ന്നപ്പോഴാണ്, അതുവരെയുള്ള അനുഭവങ്ങളുടെ വെളിച്ചത്തില്‍ കൂടുതല്‍ കഴിവുള്ള വ്യക്തികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു സംയുക്ത സംരംഭത്തിന് ഈ മേഖലയില്‍ വന്‍ നേട്ടങ്ങള്‍ കൈവരിക്കാമെന്ന് അദ്ദേഹത്തിന് തോന്നിയത്. ഇ. ജെ. പൗലോസിനു പുറമേ ജേക്കബിന്‍റെ ജ്യേഷ്ഠസഹോദരന്‍ ശ്രീ സി. വി. പോളും മറ്റു ബന്ധുക്കളും ചേര്‍ന്ന് ‘വര്‍ക്കീസണ്‍സ് എന്‍ജിനീയേഴ്സ്’ എന്ന ഒരു പങ്കാളിത്ത സ്ഥാപനത്തിന് രൂപംനല്‍കി. ജലവൈദ്യുത പദ്ധതികളും വലിയ പാലങ്ങളും റോഡുകളും ഈ സ്ഥാപനം നിര്‍മിച്ചു. ഇടുക്കി പ്രോജക്ടിന്‍റെ മൂലമറ്റം ഭൂഗര്‍ഭ പവര്‍ഹൗസിലേക്കുള്ള ടണല്‍ നിര്‍മാണം വര്‍ക്കീ സണ്‍സ് എന്‍ജിനീയേഴ്സിനായിരുന്നു. നിര്‍ഭാഗ്യം എന്നു പറയട്ടെ 1966 മെയ് 5-ാം തീയതി മൂലമറ്റം ടണലില്‍ ഉണ്ടായ ഒരപകടത്തില്‍പ്പെട്ട് ഇ. ജെ. പൗലോസ് നിര്യാതനായി.
ഈ ദുഃഖകരമായ സംഭവത്തോടെ ജേക്കബ് കോണ്‍ട്രാക്ട് രംഗം ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചു. കണ്‍സ്ട്രക്ഷന്‍ രംഗത്തുനിന്നും പ്രത്യേകിച്ച് ഇടുക്കി പ്രോജക്ടിന്‍റെ പ്രവര്‍ത്തനത്തില്‍ ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയോടു ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍നിന്നും ലഭ്യമായ ആശയങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു കരിങ്കല്‍ ക്വാറിക്ക് തുടക്കം കുറിച്ചു. ഇതാണ് ജേക്കബിന്‍റെ വ്യവസായരംഗത്തേക്കുള്ള കാല്‍വയ്പ്. പൂര്‍ണ്ണമായും യന്ത്രങ്ങളുടെ സഹായത്തോടെ കരിങ്കല്‍ചില്ല് നിര്‍മിക്കുന്നതിനായി ‘സ്ലാബ്സ് & അഗ്രിഗേറ്റ്സ്’ എന്ന പേരില്‍ ഒരു വ്യവസായ യൂണിറ്റ് കടയിരുപ്പില്‍ സ്ഥാപിതമായി. കരിങ്കല്‍ തൊഴിലാളികളെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയക്കാരുടെ എതിര്‍പ്പുകളെ അതിജീവിച്ചാണ് ഈ പ്രസ്ഥാനം ശ്രീ ജേക്കബ് വിജയകരമാക്കിയത്. കേരളത്തിലെ ആദ്യത്തെ യന്ത്രവത്കൃത ക്രഷിങ് യൂണിറ്റ് ആയിരുന്നു ഇത്. ഇന്നും ഈ മേഖലയിലെ ഏറ്റവും നല്ല യൂണിറ്റായി ഇതു പ്രവര്‍ത്തിക്കുന്നു. ഈ കാലയളവില്‍ തന്നെ ജേക്കബ്, സി. വി. പോള്‍, കല്‍ക്കത്താ സ്വദേശികളായ ഡോ. ബെനിഗല്‍, റാം മോഹന്‍ എന്നിവരും ചേര്‍ന്ന് പ്ലൈവുഡിന്‍റെ സംസ്കരണത്തിനാവശ്യമായ യൂറിയ ഫോര്‍മാല്‍ഡിഹൈഡ് പശ ഉല്‍പാദിപ്പിക്കുന്നതിന് ‘ആര്‍ബോറൈറ്റിസ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന പേരില്‍ ഒരു കമ്പനി തൃപ്പൂണിത്തുറയ്ക്കു സമീപമുള്ള പേട്ടയില്‍ സ്ഥാപിച്ചു. തുടങ്ങിയ എല്ലാ പ്രസ്ഥാനങ്ങളുടെയും വിജയം വ്യാവസായികരംഗത്ത് വിജയത്തോടെ മുന്നേറാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു.

കുരുമുളകിന്‍റെ സത്ത് ഉല്‍പാദിപ്പിക്കുവാനുള്ള സാങ്കേതികവിദ്യ മൈസൂരിലുള്ള സെന്‍ട്രല്‍ ഫുഡ് ടെക്നോളജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ലഭ്യമാണെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ആര്‍ബറൈറ്റ്സിന്‍റെ നേതൃത്വത്തില്‍ അത് ലഭ്യമാക്കുന്നതിന് ശ്രമം നടത്തുകയും ഇതോടൊന്നിച്ചുതന്നെ ഇവയുടെ വിപണനസാധ്യതയ്ക്കായി അമേരിക്കയിലുള്ള ബന്ധുവായ ഡോ. കെ. പി. ജോര്‍ജുമായി ബന്ധപ്പെടുകയും ചെയ്തു. ഡോ. ജോര്‍ജും ശ്രീ സി. വി. പോളും നടത്തിയ പഠനത്തില്‍ സുഗന്ധവ്യഞ്ജന സത്തുക്കളുടെ വിപണനസാധ്യത അമേരിക്കയില്‍ വളരെ കൂടുതലാണെന്ന് മനസ്സിലാക്കി. മൈസൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിച്ച ഒരു ശുഷ്കിച്ച ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ 1972-ല്‍ ‘സിന്തൈറ്റ് ഇന്‍ഡസ്ട്രിയല്‍ കെമിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന പേരില്‍ ഒരു കമ്പനി കടയിരുപ്പില്‍ ആരംഭിച്ചു. ആ സ്ഥലം ഇപ്പോള്‍ സിന്തൈറ്റ്വാലി എന്ന പേരില്‍ ആഗോളതലത്തില്‍ പ്രസിദ്ധിയാര്‍ജിച്ചിരിക്കുന്നു.
കുരുമുളകുസത്തില്‍നിന്നും ആരംഭിച്ച സിന്തൈറ്റ് ഇന്ന് ഗുണമേന്മയില്‍ ഏറ്റവും ഉന്നത നിലവാരം പുലര്‍ത്തുന്ന അഞ്ഞൂറിലധികം വ്യത്യസ്ത ഉല്‍പന്നങ്ങളുമായി സുഗന്ധവ്യഞ്ജനസത്ത് വ്യവസായ മേഖലയില്‍ ഒന്നാമനായി നിലകൊള്ളുന്നു. ഇരുന്നൂറ് കോടിയിലധികം രൂപ വിറ്റുവരവുള്ള ഈ സ്ഥാപനത്തില്‍ ഇന്ന് ഈ മേഖലയിലുള്ള വ്യവസായങ്ങളില്‍ ലഭ്യമാകുന്നതില്‍ അധികം ലാഭവിഹിതം നേടിയെടുക്കാനാകുന്നത് ശ്രീ. ജേക്കബിന്‍റെ സാമ്പത്തിക കൃത്യതയുടെ ദീര്‍ഘവീക്ഷണമാണ്. ഈ വിറ്റുവരവ് 2007-ാമാണ്ടില്‍ 400 കോടി രൂപയായി ഉയര്‍ത്തുന്നതിനുവേണ്ടി ജേക്കബും സഹപ്രവര്‍ത്തകരും പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചുകൊണ്ടിരിക്കുകയാണ്.
ശാസ്ത്രസാങ്കേതിക രംഗത്ത് നൂതനാശയങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള ശ്രീ ജേക്കബിന്‍റെ മനസ്സും പ്രാദേശികമായ പരിതഃസ്ഥിതിയെ ഈ ആശയങ്ങള്‍ അഥവാ അറിവുകള്‍ പ്രായോഗികമാക്കുവാനുള്ള കഴിവും, ഉല്‍പാദനരംഗത്ത് എല്ലാ തലങ്ങളിലേക്കും മടികൂടാതെ കടന്നുചെല്ലുവാനുള്ള ആവേശവും തൊഴിലുടമയെയും തൊഴിലാളിയെയും ഒന്നിച്ച് പൊട്ടിവീഴാത്ത ചങ്ങലയായി കൊണ്ടുപോകുന്നതിനാവശ്യമായ വീക്ഷണവും തളരാതെ മുന്നോട്ടു കുതിക്കുവാനുള്ള ഉത്സാഹവും എല്ലാറ്റിനുമുപരിയായി മാതൃകാപരമായ ജീവിതവുമാണ് ഈ വിജയത്തിന്‍റെ പിന്നിലെ രഹസ്യം. പൂര്‍ണ്ണമായും കുടുംബവക കമ്പനിയാണെങ്കിലും പ്രഫഷനല്‍ മാനേജ്മെന്‍റ് രീതിയിലാണ് ഇവിടുത്തെ എല്ലാ പ്രവര്‍ത്തനങ്ങളും നടക്കുന്നത്.

ഉപഭോക്താവിന്‍റെ പ്രത്യേക നിര്‍ദേശങ്ങള്‍ക്കും അവര്‍ നിഷ്കര്‍ഷിക്കുന്ന നിലവാരത്തിനുമനുസരിച്ച് ഉല്‍പന്നങ്ങള്‍ നിര്‍മിച്ച് നല്‍കുന്നതിന് ഈ വ്യവസായത്തിലെ ഗവേഷണത്തിനുതകുന്ന ഏറ്റവും മികച്ച സാങ്കേതിക ഉപകരണങ്ങളും ശാസ്ത്രരംഗത്ത് ഉന്നതബിരുദം സമ്പാദിച്ച് പ്രവര്‍ത്തനപരിചയമുള്ള ശാസ്ത്രജ്ഞന്മാരും ചേര്‍ന്ന ഒരു ഗവേഷണശാലയാണ് (സി. യു. വര്‍ക്കി, സെന്‍റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ്) കമ്പനിയുടെ ഏറ്റവും വലിയ മുതല്‍ക്കൂട്ട്. കേന്ദ്രസര്‍ക്കാരിന്‍റെ അധീനതയിലുള്ള ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ അംഗീകാരമുള്ള ഒരു ഗവേഷണകേന്ദ്രമാണ് ഈ സെന്‍റര്‍. ഈ ഗവേഷണശാലയില്‍നിന്ന് ഉരുത്തിരിയുന്ന ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഏറ്റവും മഹത്തരമായ വസ്തുക്കള്‍ ഉല്‍പാദിപ്പിക്കുവാന്‍ കരുത്തുള്ള, സാങ്കേതികമായി എല്ലാ മികവുകളുമുള്ള ഒരു ഉല്‍പാദനകേന്ദ്രമാണ് സിന്തൈറ്റ്. ഇന്ത്യയില്‍ ഭക്ഷ്യവ്യവസായ രംഗത്ത് ആദ്യമായി കടഛ 9001 അംഗീകാരം നേടിയെടുത്തത് ഈ സ്ഥാപനമാണ്. ഉല്‍പന്നങ്ങളുടെ വൈവിധ്യവും പുതുമയും ഗുണനിലവാരത്തിലെ ഉന്നത മാനദണ്ഡങ്ങളും വിലയിരുത്തി ‘ഹാസപ്’ (ഒഅഇഇജ) അംഗീകാരവും ലഭിച്ചു. നമ്മുടെ രാജ്യത്തിന്‍റെ വികസനത്തിന് അത്യന്താപേക്ഷിതമായ വിദേശനാണ്യം നേടിത്തരുന്നതില്‍ കമ്പനിയുടെ സ്ഥാനം പ്രഥമശ്രേണിയില്‍ തന്നെയാണ്. കയറ്റുമതി രംഗത്ത് സ്തുത്യര്‍ഹവും ഉന്നതവുമായ സംഭാവനകള്‍ക്കായി നാലു പ്രാവശ്യം രാഷ്ട്രപതിയുടെ ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ കമ്പനി സ്പൈസസ് ബോര്‍ഡിന്‍റെ ഏറ്റവും ഉയര്‍ന്ന കയറ്റുമതിക്കുള്ള പുരസ്കാരം 1976 മുതല്‍ തുടര്‍ച്ചയായി നേടിക്കൊണ്ടിരിക്കുന്നു. 1978-ല്‍ ‘ഉദ്യോഗപത്ര’ അവാര്‍ഡ് നേടിയ സി. വി. ജേക്കബിന് ‘വ്യവസായശ്രീ’ അവാര്‍ഡ് നല്‍കി എറണാകുളം ചേംബര്‍ ഓഫ് കോമേഴ്സ് ആദരിച്ചു.

തൊഴില്‍ തര്‍ക്കങ്ങള്‍ മൂലം കേരളത്തില്‍ പല വ്യവസായങ്ങളും മന്ദീഭവിക്കുകയോ അല്ലെങ്കില്‍ അടച്ചുപൂട്ടുകയോ ചെയ്യേണ്ടി വന്നിരിക്കുന്ന ഈ അവസ്ഥയില്‍, അഭിമാനപൂര്‍വം പറയട്ടെ, മൂന്നു ദശകം പിന്നിട്ട സിന്തൈറ്റിലോ, ജേക്കബിന്‍റെ ദൃഢമാര്‍ന്ന നേതൃത്വത്തില്‍ ആരംഭിച്ച മറ്റു വ്യവസായ ശാലകളിലോ ഇന്നുവരെയും ഒരു തൊഴില്‍പ്രശ്നവും ഉണ്ടായിട്ടില്ല. അതിന്‍റെ രഹസ്യം ഒരു തൊഴിലാളിയെ, അവന്‍ ഏതു തരത്തിലുള്ളവനായാലും ഒരു വ്യക്തി എന്ന നിലയില്‍ കാണുവാനും അവന്‍റെ ആവശ്യങ്ങളെ മനസ്സിലാക്കുവാനുമുള്ള ജേക്കബിന്‍റെ കാഴ്ചപ്പാടാണ്. ഇത്തരം ഒരു തൊഴിലാളിവൃന്ദത്തെ വാര്‍ത്തെടുക്കുവാന്‍ സഹായിച്ചതിന്‍റെ കാരണവും മറ്റൊന്നല്ല. ഒരു വ്യക്തി, അവന്‍ അര്‍ഹിക്കുന്ന രീതിയില്‍ മാന്യമായി സമൂഹത്തില്‍ ജീവിക്കുവാനുള്ള അവന്‍റെ ആവശ്യങ്ങള്‍ക്ക് കോട്ടം വരുമ്പോഴാണ് അവന്‍ അസംതൃപ്തനാകുന്നത്. ഈ കോട്ടങ്ങള്‍ പരിഹരിച്ചാല്‍ ഒരു ജീവനക്കാരന്‍ പ്രശ്നങ്ങളില്ലാതെ തൊഴില്‍ ചെയ്യുവാന്‍ സന്നദ്ധനാകും എന്ന് അദ്ദേഹം ആദ്യമേ കണ്ടെത്തി. വീട് വയ്ക്കുന്നതിന് പലിശരഹിതമായ വായ്പപദ്ധതി, ജോലിക്കു വരുന്നതിനും സ്വന്തം ആവശ്യങ്ങള്‍ക്കുമായി വാഹനം, തൊഴിലാളിക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ചികിത്സയ്ക്കുള്ള വിവിധ പദ്ധതികള്‍, എല്ലാ തലത്തിലുമുള്ള ജീവനക്കാര്‍ക്കും പ്രൗഢമായ യൂണിഫോം ഇവയെല്ലാം ഇദ്ദേഹത്തിന്‍റെ കാഴ്ചപ്പാടിന്‍റെ പരിണതഫലങ്ങളാണ്. സ്വകാര്യസ്ഥാപനമാണെങ്കിലും ഇവിടെ ഉദ്യോഗത്തില്‍നിന്നും വിരമിക്കുന്നവര്‍ക്കു വേണ്ടിയുള്ള പെന്‍ഷന്‍ പദ്ധതിയും ഉണ്ട്.
സൂക്ഷ്മമായ പഠനത്തിനു ശേഷം വളരെ കരുതലോടെ നടപ്പാക്കിയ വൈവിധ്യവത്കരണ-വികേന്ദ്രീകരണ പദ്ധതികളാണ് സിന്തൈറ്റിന്‍റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തിയത്.

  1. 1984-ല്‍ സിന്തൈറ്റ്വാലിയിലെ ഫാക്ടറിക്കടുത്തുതന്നെ പച്ചക്കുരുമുളക് അടിസ്ഥാനമാക്കിയുള്ള ഉല്‍പന്നങ്ങള്‍ക്കുവേണ്ടി ‘ഹെര്‍ബല്‍ ഐസോലേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനി സ്ഥാപിതമായി. പുതുമയാര്‍ന്ന പല ഉല്‍പന്നങ്ങളും അന്താരാഷ്ട്ര കമ്പനികളുമായി മത്സരിച്ച് ഇവിടെനിന്ന് ഉല്‍പാദിപ്പിച്ച് വിപണനം നടത്തുന്നു.
  2. 1986-ല്‍ കോയമ്പത്തൂരിനടുത്ത് മരദൂര്‍ എന്ന ഗ്രാമത്തില്‍ പൂക്കളില്‍ നിന്ന് സത്തെടുക്കുന്നതിന് ഫ്രഞ്ച് കമ്പനിയുമായി ചേര്‍ന്ന്, ഫ്രാഗ്രന്‍സ് ഡിവിഷന്‍ ആരംഭിച്ചു. വളരെയധികം കൃഷിക്കാര്‍ക്ക് തൊഴിലവസരം ലഭിക്കുന്ന ഒരു വ്യവസായ സമുച്ചയമാണ് ഇവിടെ കെട്ടിപ്പടുത്തിരിക്കുന്നത്. ഉദാരവത്കരണത്തിന്‍റെ നല്ല വശങ്ങളെ ചൂഷണം ചെയ്തുകൊണ്ട് അത്യുല്‍പാദനശേഷിയുള്ള വിത്തുകള്‍ ഇറക്കുമതി ചെയ്ത് കൃഷിക്കാര്‍ക്ക് നല്‍കുന്നതുവഴി അവര്‍ക്ക് നല്ല നേട്ടം ഉണ്ടാക്കുവാനുള്ള അവസരം ഈ യൂണിറ്റില്‍നിന്ന് ലഭിക്കുന്നു.
  3. പീഡിത വ്യവസായമായിരുന്ന കോഴിക്കോട്ടെ കാക്കാഞ്ചേരിയില്‍ സിജ്മാക്ക് ഓയില്‍സ് 1992-ല്‍ ഏറ്റെടുത്ത് 20 കോടിയിലധികം വിറ്റുവരവ് നടത്തുന്ന സ്ഥാപനമായി വളര്‍ത്തിയെടുത്തതും ശ്രീ ജേക്കബിന്‍റെ വൈദഗ്ധ്യമാര്‍ന്ന മാനേജ്മെന്‍റ് ശൈലിയുടെ ഉദാഹരണമാണ്.
  4. 1994-ല്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് രംഗപ്രവേശനം നടത്തിയ സിന്തൈറ്റിന്‍റെ അഭിമാനകരമായ പദ്ധതിയാണ് തേവരയില്‍ കായലിനഭിമുഖമായി നാലേക്കര്‍ സ്ഥലത്ത് 3 ബ്ലോക്കുകളിലായി പണിതുയര്‍ത്തിയ, കേന്ദ്രീകൃത എയര്‍കണ്ടീഷനിങ് ക്ലബ്ബ് ഹൗസ്, മറ്റ് അനവധി ആധുനിക സൗകര്യങ്ങളും ഉള്ള ‘റിവേറ റിട്രീറ്റ്.’ ഈ പദ്ധതി കൊച്ചി നഗരം കണ്ടിട്ടുള്ളതില്‍ ഏറ്റവും നൂതനമായ ഫ്ളാറ്റ് സമുച്ചയമാണ്. ഫ്ളാറ്റുകള്‍ക്ക് ഡിമാന്‍ഡ് കുറഞ്ഞ അവസരത്തില്‍ അതില്‍ ഒരു ബ്ലോക്ക് ‘സര്‍വീസ്ഡ് അപ്പാര്‍ട്ട്മെന്‍റ്സ്’ എന്ന നൂതന ആശയമായി നടപ്പിലാക്കുകയും അതില്‍ വിജയം കണ്ടെത്തുകയും ചെയ്തത് ജേക്കബിന്‍റെ ദീര്‍ഘവീക്ഷണത്തിന്‍റെ മറ്റൊരു ഉദാഹരണമാണ്.
  5. വറ്റല്‍മുളകില്‍നിന്ന് സത്തെടുക്കുന്ന വ്യവസായം പ്രതീക്ഷിച്ചതിനുമപ്പുറം വളര്‍ന്നപ്പോള്‍ വറ്റല്‍മുളക് കൃഷിചെയ്യുന്ന കര്‍ണാടകത്തിലെ ഹൂബ്ലി, ബൈഡകി മുതലായ സ്ഥലങ്ങള്‍ക്ക് അടുത്ത് ഒരു സംസ്കരണ ഫാക്ടറി സ്ഥാപിച്ചാല്‍ ഭാരിച്ച ഗതാഗതച്ചെലവ് കുറയ്ക്കുവാനും ഉല്‍പാദനച്ചെലവ് നിയന്ത്രിക്കുവാനും സാധിക്കുമെന്ന് ജേക്കബിന് തോന്നി. ഈ കാഴ്ചപ്പാടോടെ 2001-ല്‍ കര്‍ണാടകയിലെ ഹരിഹര്‍ എന്ന സ്ഥലത്ത് സിന്തൈറ്റിന്‍റെ ഡിവിഷന്‍ സ്ഥാപിതമാകുകയും അത് വളരെ വിജയകരമായി പ്രവര്‍ത്തിച്ചു വരികയും ചെയ്യുന്നു.
    വ്യവസായം വളര്‍ത്തിയെടുക്കുവാന്‍ മാത്രമല്ല, ആ വളര്‍ച്ച നിലനിര്‍ത്തുവാനും നിരന്തരമായ അധ്വാനം കൂടിയേ തീരൂ. ആത്മാര്‍ഥമായ ശ്രമമുണ്ടെങ്കില്‍ പ്രതിസന്ധികള്‍ മറികടക്കുവാന്‍ കഴിയും. സി. വി. ജേക്കബ് സ്വന്തം അനുഭവത്തിന്‍റെ പിന്‍ബല പ്രതീകമാണ്. ഉദാരവത്കരണം വിപ്ലവാത്മകമായ മാറ്റങ്ങള്‍ വിതച്ച വ്യവസായരംഗത്ത് വിജയിക്കണമെങ്കില്‍, ഇനി ആഗോളതലത്തിലുള്ള കാഴ്ചപ്പാട് പുലര്‍ത്തിയേ മതിയാകൂ എന്ന് അദ്ദേഹം നിഷ്കര്‍ഷിച്ചു. ഗുണമേന്മയിലും വിലയിലും ആഗോളതലത്തില്‍ മത്സരിക്കുവാന്‍ പ്രാപ്തിയുള്ള സംരംഭങ്ങള്‍ക്കേ ഇനി നിലനില്‍പുള്ളൂ എന്നത് വ്യവസായരംഗത്തേക്ക് ഇറങ്ങുന്ന എല്ലാവരും മനസ്സിലാക്കിയിരിക്കണമെന്നും അദ്ദേഹം പ്രവൃത്തിയിലൂടെ തെളിയിക്കുന്നു. അമേരിക്കയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജിസ്റ്റ്, അമേരിക്കന്‍ സ്പൈസസ് ട്രേഡ് അസോസിയേഷന്‍, ഇന്‍ഡോ അമേരിക്കന്‍ ചേംബര്‍ ഓഫ് കോമേഴ്സ് മുതലായ സംഘടനകളിലെല്ലാം അംഗമായ ജേക്കബ് ലോകമെമ്പാടും സഞ്ചരിക്കുകയും നിരവധി രാജ്യാന്തര സമ്മേളനങ്ങളിലും പ്രദര്‍ശനങ്ങളിലും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.
    വ്യാവസായികരംഗത്തെ വളര്‍ച്ചയ്ക്കൊപ്പം തന്നെ സാമൂഹികവും, പ്രാദേശികവും ദേശീയവുമായ ഉന്നമനത്തിനുവേണ്ടിയും പ്രവര്‍ത്തിക്കുവാനും മറന്നില്ല. എറണാകുളം ജില്ലയില്‍ എന്നല്ല സംസ്ഥാനതലത്തില്‍പ്പോലും നല്ല ആശുപത്രികള്‍ വിരളമായിരുന്ന ഒരവസ്ഥയില്‍ 1970-ല്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കുടക്കീഴില്‍ എല്ലാ ചികിത്സാ സൗകര്യങ്ങളോടും കൂടി കോലഞ്ചേരിയില്‍ പ്രവര്‍ത്തനമാരംഭിച്ച മലങ്കര മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലിന്‍റെ സ്ഥാപക നേതൃത്വനിരയില്‍ അദ്ദേഹവുമുണ്ടായിരുന്നു. ആശുപത്രി ഇന്ന് ഒരു മെഡിക്കല്‍ കോളജായി ഉയര്‍ന്നപ്പോള്‍ അതിന്‍റെ ചെയര്‍മാനായി ജേക്കബ് എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം വഹിക്കുന്നു.
    പീരുമേട് മാര്‍ ബസേലിയോസ് എന്‍ജിനീയറിംഗ് കോളജിന്‍റെ വൈസ് ചെയര്‍മാനായും, കഴിഞ്ഞ 30 വര്‍ഷമായി സെന്‍റ് പീറ്റേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍റെ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിക്കുന്നു. കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളജ് ആരംഭിക്കുന്നതിന് മുന്‍നിരയില്‍ നിന്ന ജേക്കബ് ഇപ്പോള്‍ കോളജിന്‍റെ സെക്രട്ടറിയായും സേവനമനുഷ്ഠിക്കുന്നു. ഈ പ്രസ്ഥാനങ്ങളെയെല്ലാം വളര്‍ത്തിയെടുക്കുവാന്‍ യാതൊരു സ്വാര്‍ത്ഥ ലാഭവുമില്ലാതെ നിര്‍ലോഭം സഹായസഹകരണങ്ങള്‍ നല്‍കി പ്രാദേശിക അഭിവൃദ്ധിക്കായി അദ്ദേഹം നല്‍കുന്ന അര്‍പ്പിത പരിശ്രമങ്ങള്‍ ശ്ലാഘനീയമാണ്.
    കേരളത്തിലെ ജനങ്ങളുടെ സ്വപ്നമായ കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഒരു യാഥാര്‍ഥ്യമായി തീരുവാന്‍ ജേക്കബ് പ്രകടിപ്പിച്ച ജാഗ്രതയും വിശ്രമമില്ലാത്ത പ്രയത്നവും ഒരിക്കലും മറക്കാനാവുകയില്ല. സമയബന്ധിതമായി ഏതുവിധത്തിലും ഈ പദ്ധതി പൂര്‍ത്തിയാക്കുന്നതിന് കഠിനയത്നത്തില്‍ എയര്‍പോര്‍ട്ടിന്‍റെ മാനേജിംഗ് ഡയറക്ടര്‍ ശ്രീ വി. ജെ. കുര്യനോടൊപ്പം ഇദ്ദേഹം പ്രയത്നിച്ചു. അദ്ദേഹം നല്‍കിയ സേവനത്തിന്‍റെ അംഗീകാരമായിട്ട് തുടക്കം മുതല്‍ ഇന്നുവരെയും ശ്രീ ജേക്കബ് എയര്‍പോര്‍ട്ടിന്‍റെ ഡയറക്ടറായി തുടരുന്നു.
    പുത്രന്മാരായ വിജു, അജു എന്നിവര്‍ക്കൊപ്പം മരുമക്കളായ നൈനാന്‍, മാണി, ജോര്‍ജ് എന്നിവരും വ്യവസായ സംരംഭങ്ങളില്‍ സാരഥ്യം വഹിക്കുന്നു. സ്വന്തകുടുംബത്തിലെ അംഗങ്ങള്‍ എന്നതിനു പുറമേ ഒരു വ്യവസായ പ്രസ്ഥാനത്തെ ഭംഗിയായ രീതിയില്‍ നടത്തിക്കൊണ്ടുപോകുന്നതിന് ആവശ്യമായ ശാസ്ത്രസാങ്കേതിക, സാമ്പത്തിക-ഭരണരംഗങ്ങളില്‍ പ്രാവീണ്യം നേടിയവരാണ് ഇവര്‍ എന്നുള്ളത് ജേക്കബിന് വലിയ അനുഗ്രഹമാണ്. ഇതേ കാരണം കൊണ്ടുതന്നെ താന്‍ വളര്‍ത്തിയെടുത്ത സംരംഭങ്ങളെല്ലാം വരുംതലമുറയുടെ കൈകളില്‍ ഭദ്രമാണെന്നത് അദ്ദേഹത്തിന് വളരെയേറെ സന്തോഷവും ആശ്വാസവും നല്‍കുന്നു. കുടുംബബന്ധത്തിനു പുറമേ ഏതാണ്ട് 30 വര്‍ഷമായി ഞാനും സി. വി. ജേക്കബും പല തുറകളിലും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. വ്യവസായിക-സാമുദായിക രംഗങ്ങളില്‍ ഒരു ഗുരുവെന്ന നിലയിലും, കര്‍ത്തവ്യബോധവും നിഷ്കര്‍ഷയുമുള്ള ഒരു മേലധികാരി എന്ന നിലയിലും എന്‍റെ ജീവിതത്തെ കുഞ്ഞച്ചായന്‍ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.
    നാനാവിധമായ കാരണങ്ങളാലും പ്രതിസന്ധികളാലും വ്യാവസായികമാന്ദ്യം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍ ശ്രീ ജേക്കബ് തുടങ്ങിയ എല്ലാ സംരംഭങ്ങളും അനുദിനം അഭിവൃദ്ധിയും ഉന്നതിയും കൈവരിച്ചുകൊണ്ട് പുരോഗമിക്കുന്നു. വിശാലമായ കാഴ്ചപ്പാടും തീക്ഷ്ണപാടവവും, അര്‍പ്പണമനോഭാവവും ഉള്ള ഈ മുഖ്യസാരഥിക്കു താങ്ങും തണലുമായി നിന്ന് ഇനിയും അനേകദൂരം മുന്നോട്ടുപോകുവാന്‍ ഞാനും എന്‍റെ സഹപ്രവര്‍ത്തകരും ആഗ്രഹിക്കുന്നു; ആശിക്കുന്നു. സപ്തതി ആഘോഷിക്കുന്ന ശ്രീ സി. വി. ജേക്കബിന് ദൈവത്തിന്‍റെ അനുഗ്രഹവും കൃപയും നിറഞ്ഞ അളവില്‍ വര്‍ഷിക്കുവാന്‍ എന്‍റെ അകമഴിഞ്ഞ പ്രാര്‍ഥന – എല്ലാവിധ ആശംസകളും.
    (2003-ല്‍ പ്രസിദ്ധീകരിച്ച സി. വി. ജേക്കബ്: വ്യക്തിയും കാഴ്ചപ്പാടുകളും എന്ന ഗ്രന്ഥത്തില്‍ എഴുതിയ ലേഖനം)