പിരിവെട്ടിപ്പോകുന്ന സമൂഹങ്ങള്‍: (അല്പം അടുക്കള വിചാരം) / ഫാ. ഡോ. കെ. എം. ജോര്‍ജ്

അടുക്കളയില്‍ പെരുമാറുന്ന എല്ലാവര്‍ക്കുമറിയാം പിരിവെട്ടിപ്പോകുന്ന അടപ്പുകളുടെ പ്രശ്നം. ചില്ലുകുപ്പിയുടെ മുകളില്‍ പിരിച്ചു കയറ്റുന്ന അടപ്പ് പാത്രത്തിന്‍റെ കഴുത്തില്‍ വരഞ്ഞിരിക്കുന്ന വെട്ടുകളിലൂടെ അവധാനപൂര്‍വ്വം ഇട്ടുമുറുക്കിയാല്‍ കുപ്പിയും അതിലുള്ള വസ്തുവും ഭദ്രമായി. കീടങ്ങളും വായുവും കടക്കാതെ അത് സൂക്ഷിക്കാം.
സൂക്ഷ്മതയില്ലാത്തവരോ കോപാകുലരായിരിക്കുന്നവരോ ആ പണി ചെയ്താല്‍ ചിലപ്പോള്‍ പിരിവെട്ടും. ട്രാക്ക് തെറ്റിപ്പോയി എന്നറിഞ്ഞാലും ചിലര്‍ ബലമായി അടപ്പു മുറുക്കും. അവസാനം എന്തു പറ്റുമെന്ന് എല്ലാവര്‍ക്കുമറിയാം. കുപ്പിയൊട്ടു അടയുകയുമില്ല, അടപ്പ് തിരിച്ച് എടുക്കാനാവുകയുമില്ല. ആ സാഹചര്യത്തില്‍ ചിലര്‍ വീണ്ടും വീണ്ടും ബലപ്രയോഗം നടത്തും. ഫലമോ? തകര അടപ്പ് ഉപയോഗശൂന്യമാവും. ചിലപ്പോള്‍ കുപ്പിയും തകരാറിലാകും (പത്തു വര്‍ഷമായി അടുക്കള-പാചക ശുശ്രൂഷ സ്വയം നിര്‍വഹിച്ച്, അനേകം അമളികള്‍ പറ്റുന്നതിന്‍റെ അനുഭവ വെളിച്ചത്തിലാണ് ഇത് കുറിക്കുന്നത്).

അപ്പോള്‍ എന്താണ് പരിഹാരം? അടുക്കളയല്ലേ? മൂന്നുനേരം വല്ലതും ഒരുക്കണ്ടേ? അവിടെയൊരു പ്രശ്നമുണ്ടായാല്‍ പരിഹരിക്കാതെ മുമ്പോട്ടു ഗതിയില്ല. അടുക്കളയില്‍ മാത്രമല്ല എല്ലാ ജീവിത രംഗങ്ങളിലും അങ്ങനെയാണല്ലോ.

വാസ്തവത്തില്‍ ശരിക്കു പിരിവെട്ടിപ്പോയാല്‍ സാധാരണക്കാര്‍ക്ക് ഒന്നും ചെയ്യാനാവില്ല. പല കുപ്പികളും അങ്ങനെ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. ആക്രിക്കാര്‍ക്കു പോലും ചില്ലുഭരണികള്‍ വേണ്ട. പ്ലാസ്റ്റിക് ആണെങ്കില്‍ എടുക്കും. സങ്കടമുണ്ട് കുപ്പിയും അതിന്‍റെ തൊപ്പിയും ഒരുമിച്ച് അര്‍ത്ഥശൂന്യമാകുന്നതില്‍. പക്ഷേ നിവൃത്തിയില്ല.

അതുകൊണ്ട് വിവേകമതികളായ വീട്ടമ്മമാരും മറ്റും സാവധാനം ഒന്നുരണ്ടു പിരികള്‍ പരീക്ഷിച്ചു നോക്കും. കിറുകിറുപ്പൊന്നും ഇല്ലെങ്കില്‍ ബാക്കി കൂടി പിരിച്ച് കുപ്പി നന്നായി അടയ്ക്കും.
ഇപ്പറഞ്ഞത് എങ്ങനെ സമൂഹത്തിന് ബാധകമാകുമെന്ന് ചിലര്‍ ചോദിച്ചേക്കാം. സാമൂഹിക സംവിധാനങ്ങള്‍ സുഗമമായി പ്രവര്‍ത്തിക്കാന്‍ ചില നിയമങ്ങളുണ്ട്. ഈ നിയമങ്ങള്‍ പൊതുനന്മയ്ക്കുവേണ്ടി സൃഷ്ടിച്ചതാണ്. ഏതെങ്കിലുമൊരു വ്യക്തിക്ക് അയാളുടെ സൗകര്യംപോലെ നിയമങ്ങള്‍ വളച്ചൊടിക്കാനാവില്ല. പലപ്പോഴും സാധാരണക്കാരായ വ്യക്തികളല്ല നിയമം തെറ്റിക്കുന്നത്. നേതൃസ്ഥാനങ്ങളില്‍ ഉള്ളവരാണ്. കുപ്പി അടച്ച് സുരക്ഷിതമാക്കാന്‍ ഉപയോഗിക്കുന്ന തൊപ്പിയടപ്പ് കൈകാര്യം ചെയ്യുന്നത് നേതാക്കളാണ്. അവര്‍ക്ക് സൂക്ഷ്മതക്കുറവോ, അറിവില്ലായ്മയോ വികാരവിക്ഷോഭമോ ഉണ്ടായാല്‍ അത് അടപ്പിനെ ബാധിക്കും.

ലോകചരിത്രത്തില്‍ പല സന്ദര്‍ഭങ്ങളിലും പിരിവെട്ടിപ്പോയ സമൂഹങ്ങളെ നാം കാണുന്നുണ്ട്. എന്നാല്‍ വിവേകികളായ കുറെ മനുഷ്യര്‍ നേതൃത്വമെടുത്ത് ആ സമൂഹങ്ങളെ രക്ഷിക്കാനും ശ്രമിക്കുന്നുണ്ട്. ചില പ്രത്യയ ശാസ്ത്രങ്ങള്‍, സാമൂഹിക വ്യവസ്ഥകള്‍, തെറ്റുധാരണകള്‍, വംശീയാഹങ്കാരം എന്നിവയെല്ലാം പിരിവെട്ടിന് കാരണമാകുന്നുണ്ട്. ഉദാഹരണമായി, രണ്ടാം ലോകയുദ്ധത്തില്‍, അഡോള്‍ഫ് ഹിറ്റ്ലറുടെ നാസി പ്രത്യയശാസ്ത്രവും ജൂതവംശ വിരോധവും സാമ്രാജ്യ മോഹവും ചേര്‍ന്ന് ജര്‍മ്മന്‍ ജനതയെയും യൂറോപ്പിനെ മുഴുവനെയും പിരിവെട്ടിച്ചു. ബഹുഭൂരിപക്ഷം ജര്‍മ്മന്‍കാരും അയാളുടെ സ്തുതിപാഠകരായി. അവസാനം അത് ലോകത്തിനുതന്നെ ഭീഷണിയായപ്പോള്‍, ഒരിക്കലും തമ്മില്‍ ചേരാന്‍ ഇടയില്ലാത്ത റഷ്യന്‍ കമ്മ്യൂണിസവും അമേരിക്കന്‍ മുതലാളിത്തവും യൂറോപ്യന്‍ ജനായത്തവും ചേര്‍ന്ന് ഹിറ്റ്ലറിന്‍റെ നാറ്റ്സി സൈന്യത്തെ തോല്‍പ്പിച്ചു. ഹിറ്റ്ലര്‍ ആത്മഹത്യ ചെയ്തു. അനുഗൃഹീതമായ ആത്മഹത്യ! പക്ഷേ 60 ലക്ഷം മനുഷ്യരെ ചുട്ടെരിച്ചിട്ടാണ് അയാള്‍ സ്വയം നശിപ്പിച്ചത്. നല്ല മനസ്സുള്ള കുറെയേറെ ജര്‍മ്മന്‍കാര്‍ ഇപ്പോഴും കടുത്ത കുറ്റബോധത്തിലാണ്. നാറ്റ്സി പ്രത്യയശാസ്ത്രത്തിന്‍റെ തൊപ്പിയടപ്പ് 1945-ല്‍ തെറിച്ചെങ്കിലും, കുപ്പി തകര്‍ന്നെങ്കിലും അതിന്‍റെ ആഴമായ മുറിവുകള്‍ മാറ്റാന്‍ വീണ്ടുമൊരു 45 വര്‍ഷങ്ങള്‍കൂടി ജര്‍മ്മന്‍ ജനത കാത്തിരിക്കേണ്ടി വന്നു. ബര്‍ലിന്‍ മതില്‍ തകര്‍ത്ത് ഈസ്റ്റ് ജര്‍മ്മനിയും വെസ്റ്റ് ജര്‍മ്മനിയും ഒരൊറ്റ ജനതയും ഒരു രാജ്യവും ആയപ്പോഴാണ് ആ പിരിവെട്ടിന് പരിഹാരമുണ്ടായത്.

ദീര്‍ഘ വര്‍ഷങ്ങള്‍ തമ്മില്‍തല്ലി തല കീറിയ ഉത്തര അയര്‍ലണ്ട്, വിയറ്റ്നാം, ശ്രീലങ്ക എന്നിവ പോലെ വേറെയും സമൂഹങ്ങള്‍ ഉണ്ട് – പിരിവെട്ടില്‍ നിന്ന് കുറെ മോചനം നേടിയവരും അതില്‍കിടന്ന് അങ്ങോട്ടും ഇങ്ങോട്ടുമില്ലാതെ നരകിക്കുന്നവരും. ചിലപ്പോള്‍ ഇരു പാളയങ്ങളിലുമുള്ള സ്ത്രീകളും വീട്ടമ്മമാരും ഒക്കെ മുന്നോട്ടിറങ്ങി ഇത്തരം പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സാധാരണക്കാരായ ജനങ്ങളെ മുഴുവന്‍ വെട്ടിലാക്കുന്ന മര്‍ദ്ദക വ്യവസ്ഥകള്‍ക്കെതിരെ പൊതുജനം പ്രതികരിക്കുന്നതായി നാം കാണുന്ന പ്രമുഖ ചരിത്ര സാക്ഷികളാണ് ഫ്രഞ്ച് വിപ്ലവവും റഷ്യയിലെ ഒക്ടോബര്‍ വിപ്ലവവും. അവിടെ ജനങ്ങള്‍ രാജഭരണ വ്യവസ്ഥയ്ക്കും മതാധികാരത്തിനും എതിരെയാണ് തിരിഞ്ഞത്. കാരണം അവ രണ്ടും പരസ്പരം ന്യായീകരിക്കയും താങ്ങിനിര്‍ത്തുകയും ചെയ്തിരുന്നു. മതവും രാജ്യഭരണവും ആര്‍ക്കുവേണ്ടിയാണോ സ്ഥാപിതമായത് ആ സാധാരണജനങ്ങളെ പൂര്‍ണ്ണമായും മത-രാഷ്ട്രീയ വ്യവസ്ഥകള്‍ വിസ്മരിക്കയും ചെയ്തു.

പ്രസിദ്ധമായ കഥയുണ്ടല്ലോ. ഫ്രാന്‍സിലെ വേഴ്സായ് കൊട്ടാരത്തിന്‍റെ മുമ്പില്‍ തടിച്ചുകൂടിയ വിപ്ലവക്കാര്‍ ‘ഞങ്ങള്‍ക്കു വിശപ്പടക്കാന്‍ റൊട്ടിയില്ല’ എന്നു വിളിച്ചു പറഞ്ഞപ്പോള്‍ രാജ്ഞിയായ മേരി അന്ത്വാനെറ്റ് കല്പന കൊടുത്തു: ‘അവര്‍ക്ക് റൊട്ടിയില്ലെങ്കില്‍, കേക്ക് കൊടുക്കു’ (If they have no bread, give them cakes). അത്രയധികം സാധാരണജനങ്ങളുടെ കഷ്ടതകളെക്കുറിച്ച് യാതൊരു തിരിച്ചറിവുമില്ലാത്ത ഭരണനേതൃത്വത്തിന്‍റെ ശൈലിയാണ് ഈ കഥയില്‍ വെളിപ്പെടുന്നത്. അന്ന് ഫ്രാന്‍സിലെ ഏതാണ്ട് ഏക മതമായിരുന്ന കത്തോലിക്കാ സഭയുടെ നേതാക്കന്മാരുടെ നിലപാടും ഒട്ടും വ്യത്യസ്തമായിരുന്നില്ല.

ട്രമ്പ് പുരാണം

ഇപ്പോള്‍ അമേരിക്കയില്‍ അരങ്ങേറിയ “ജനാധിപത്യ” പ്രഹസനം കണ്ട് ലോകം മുഴുവന്‍ ഞെട്ടിയല്ലോ. ലിബറല്‍ ഡിമോക്രസിയുടെ പറുദീസയായ അമേരിക്കയുടെ 200 വര്‍ഷങ്ങളിലെ മഹത്തായ പാരമ്പര്യമാണ് ഡൊനാള്‍ഡ് ട്രമ്പ് തകര്‍ത്തത് (മുമ്പ് രണ്ട് ലേഖനങ്ങള്‍ ട്രമ്പിനെക്കുറിച്ചും അമേരിക്കന്‍ ജനാധിപത്യത്തെക്കുറിച്ചും എഴുതിയതു ആവര്‍ത്തിക്കുന്നില്ല). അമേരിക്കന്‍ ജനപ്രതിനിധി സഭ കൂടുന്ന കാപ്പിറ്റോള്‍ കെട്ടിടത്തിലേക്ക് മാര്‍ച്ച് ചെയ്യാന്‍ അണികളെ ആവേശം കൊള്ളിച്ച ട്രമ്പ് അവസാനം തന്‍റെ തോല്‍വി സമ്മതിക്കേണ്ടി വന്നു. പക്ഷേ “മഹത്തായ അമേരിക്ക” എന്ന് അയാള്‍ വാഴ്ത്തിയ രാജ്യത്തിന്‍റെ ചരിത്രത്തില്‍ കരിപൂശികൊണ്ടാണ് സമ്മതിച്ചത്.
എങ്ങനെ ഒരു സമൂഹത്തെ മുഴുവന്‍ പിരിവെട്ടിക്കാം എന്നതിന് ഇതില്‍പ്പരം നല്ല ഉദാഹരണം തേടേണ്ടതില്ല. പക്ഷേ പ്രശ്നം അവിടെ തീരുന്നില്ല. ഇതുവരെ നാലുപേര്‍ ആ അക്രമത്തില്‍ കൊല്ലപ്പെട്ടു. ആ മനുഷ്യരുടെ രക്തത്തിന് ആരു പകരം ചോദിക്കും? ഒരു ആധുനിക രാഷ്ട്രത്തലവന്‍റെ വ്യക്തിപരമായ ധാര്‍ഷ്ട്യവും ബുദ്ധിശൂന്യതയും പൊങ്ങച്ചവും അഹങ്കാരവും ചേര്‍ന്ന് ഒരു സമൂഹത്തിന്‍റെ സമുന്നതമായ പാരമ്പര്യം മുഴുവന്‍ നശിപ്പിച്ചു. ഒരിക്കലും ഉണ്ടാവരുതാത്ത വൈരാഗ്യം ജനങ്ങള്‍ക്കിടയില്‍ വിതച്ചു. വോട്ടിംഗില്‍ ക്രമക്കേട് ഉണ്ടായെങ്കില്‍ അക്കാര്യം പരിഹരിക്കേണ്ടത് ഇങ്ങനെയല്ലല്ലോ. ഒരു പാര്‍ട്ടിയുടെ മാത്രം പ്രശ്നമായി എടുക്കാതെ അത് ഒരു ജനതയുടെ മുഴുവന്‍ ജനാധിപത്യ പ്രതിസന്ധിയായി കണക്കാക്കി, സത്യസന്ധതയിലേക്കും ജനായത്ത സുതാര്യതയിലേക്കും പൊതുക്ഷേമത്തിലേക്കും ന്യായമായ മാര്‍ഗ്ഗങ്ങളിലൂടെ അമേരിക്കന്‍ ജനതയെ നയിക്കാന്‍ ചുമതലയുള്ള വ്യക്തിയാണ് പാവങ്ങളുടെ രക്തം ചൊരിഞ്ഞ് അമേരിക്കയെ നാണംകെടുത്തി പരാജയം സമ്മതിച്ചത്. ചിലപ്പോള്‍ ഇനി ഇംപീച്ചുമെന്‍റും കിട്ടിയേക്കും.

മഹാത്മാഗാന്ധിയും അദ്ദേഹത്തെ പിന്‍പറ്റി മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറും നെല്‍സണ്‍ മണ്ടേലയുമൊക്കെ തങ്ങളുടെ സമൂഹങ്ങളെ വംശീയവും, അധീശത്വപരവും ജാതീയവുമായ പിരിവെട്ടലുകളില്‍ നിന്ന് മോചിപ്പിച്ചവരാണ്. അവരുടെ മാര്‍ഗ്ഗം സമാധാനത്തിന്‍റെയും സഹനത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും മാര്‍ഗ്ഗമായിരുന്നു.
താല്‍ക്കാലികമായ ലാഭങ്ങള്‍ക്കുവേണ്ടിയോ തങ്ങളുടെ സ്വാര്‍ത്ഥപരമായ അധികാരം ഉറപ്പിക്കുന്നതിനുവേണ്ടിയോ അണികളെ തീവ്രവാദങ്ങളിലേക്കും അക്രമത്തിലേക്കും തള്ളിവിടുന്ന രാഷ്ട്രീയ-മത നേതാക്കള്‍ ഒരു നിമിഷം ട്രമ്പിനെ ഓര്‍ക്കുന്നതു നല്ലതാണ്. കൊടുംപാതകമാണ് അവര്‍ വരുംതലമുറകളോട് ചെയ്യുന്നത്. അതിന്‍റെ തിരിച്ചടികളില്‍ ഭാവിതലമുറകള്‍ വെന്തുരുകുമ്പോള്‍ അത് കാണാന്‍ ഈ നേതാക്കള്‍ ഉണ്ടാവില്ല. എങ്കിലും അവരോടു കണക്കുചോദിക്കുന്ന ഒരു അന്തിമ ശക്തിയുണ്ടെന്ന് എല്ലാ മതങ്ങളും പഠിപ്പിക്കുന്നു. കര്‍മ്മസിദ്ധാന്തമാണെങ്കിലും അന്ത്യ ന്യായവിധി സിദ്ധാന്തമാണെങ്കിലും അങ്ങനെയൊന്നുണ്ട്. മനുഷ്യരുടെ ദൈവദത്തമായ സൗഹൃദങ്ങളില്‍ നിന്നും സാമൂഹ്യ വേഴ്ചകളില്‍ നിന്നും അവരെ വെട്ടിമാറ്റി അക്രമികളാക്കാന്‍ ഒരു രാഷ്ട്രീയ നേതാവിനും മതനേതാവിനും അധികാരമില്ല. “ദൈവം സംയോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പിരിക്കരുത്.” വിവാഹത്തെക്കുറിച്ച് മാത്രമായി ഈ ക്രിസ്തുവചനം ഒതുക്കരുത്. സഹജവും സാത്വികവുമായ എല്ലാ മനുഷ്യ സാമൂഹ്യബന്ധങ്ങളിലും മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധത്തിലും ഇത് പ്രസക്തമാണ്. അദൃശ്യമായ ഒരു വൈറസും, അതിന്‍റെ മാരകമായ നിരവധി വകഭേദങ്ങളും, അപ്രതീക്ഷിതമായ അസംബന്ധമായ രാഷ്ട്രീയവും, മതനേതാക്കളുടെ പോര്‍വിളികളും, വംശീയ വര്‍ഗ്ഗീയതകളുടെ അക്രമാസക്തമായ ആക്രോശങ്ങളും എല്ലാം ചേര്‍ന്ന് സകല ഭാവിപ്രത്യാശയും മനുഷ്യവര്‍ഗ്ഗത്തില്‍നിന്ന് ഊറ്റിക്കളയുകയാണ്. നല്ലവരായ ഒത്തിരി മനുഷ്യരെ അസ്തപ്രജ്ഞരാക്കുകയോ ആത്മഹത്യാചിന്തയിലേക്ക് തള്ളിവിടുകയോ ചെയ്യുന്ന ഈ അസുരയുഗത്തില്‍ ആരാണ് എവിടെയാണ് മനുഷ്യന് ഒരു തരി വെളിച്ചം നല്‍കുക?
ഓരോ വ്യക്തിയും നന്നാകണമെന്ന് നിരന്തരം മതാചാര്യന്മാര്‍ പ്രബോധിപ്പിക്കും. എന്നാല്‍ വ്യക്തിസമൂഹത്തെ രൂപപ്പെടുത്തുന്നതിലുപരി, സമൂഹമാണ് വ്യക്തിയെ രൂപപ്പെടുത്തുന്നത് എന്ന സത്യം അവര്‍ അവഗണിക്കുന്നു. വിദ്വേഷവും പോര്‍വിളികളും വിഷലിപ്തമാക്കുന്ന സാമൂഹികാന്തരീക്ഷത്തില്‍ ജീവിക്കുന്ന മിക്ക വ്യക്തികളും വിഷം വമിക്കുന്നവരാകും. അല്ലെങ്കില്‍ അവര്‍ വിഷബാധയേറ്റു മാരകമായ രോഗാവസ്ഥയിലാകും. ഈ കലുഷമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ സമൂഹനേതാക്കള്‍ക്ക് – മതത്തിന്‍റെയാണെങ്കിലും രാഷ്ട്രീയത്തിന്‍റെയാണെങ്കിലും – കഴിയും എന്നാണ് അനുദിന സംഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. അതുകൊണ്ട് നമ്മുടെ സാമൂഹ്യ ധര്‍മ്മശാസ്ത്രത്തിന്‍റെ ഉറവിടങ്ങള്‍ നന്മയ്ക്കായാലും തിന്മയ്ക്കായാലും കൈയാളുന്നവരിലാണ് അതിന്‍റെ താക്കോലുകള്‍ എന്നു മറക്കാതിരിക്കാം. രണ്ടു മാസമായി ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകസമരം ലോകചരിത്രത്തിലെ തന്നെ അപൂര്‍വ്വ സംഭവമാണ്. കൊടുംതണുപ്പിലും പകര്‍ച്ചവ്യാധിയുടെ ഭീഷണിയിലും തെരുവുകളില്‍ കിടക്കുന്ന ആ മനുഷ്യരെ മാധ്യമങ്ങള്‍പോലും മറക്കുന്നു.

ഒരുകാലത്ത് പാശ്ചാത്യ യൂറോപ്യന്‍ സംസ്കാരത്തിന്‍റെ ഏക മതമായിരുന്ന റോമന്‍ കത്തോലിക്കാ സഭ കുരിശുയുദ്ധങ്ങള്‍, കൊളോണിയല്‍-മിഷണറി അധീശാതിക്രമങ്ങള്‍, ഇന്‍ക്വിസിഷന്‍, പദ്രോവാദോ തുടങ്ങിയ സംവിധാനങ്ങളിലൂടെ ലോകത്തിന്‍റെ മുഴുവന്‍ പിരിവെട്ടിച്ച് മധ്യകാല നൂറ്റാണ്ടുകളില്‍ മനുഷ്യവര്‍ഗ്ഗത്തോട് വലിയ പാതകങ്ങള്‍ ചെയ്തു. ഇപ്പോളിതാ ആ പാശ്ചാത്യ മതത്തിന്‍റെ അധ്യക്ഷന്‍ ഫ്രാന്‍സിസ് പാപ്പാ തന്‍റെ കൊട്ടാരം വിട്ട് സ്വമേധയാ വഴിപോക്കരുടെ “സത്ര”ത്തില്‍ കഴിയുകയും തന്‍റെ വാക്കുകള്‍, ആംഗ്യങ്ങള്‍, പ്രവൃത്തികള്‍ എന്നിവയിലൂടെ മഹത്തായ അനുതാപവും എളിമയും ആര്‍ദ്രതയും ലോകത്തിനു മുമ്പില്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നു. കുറവുകള്‍ കാണും, വിമര്‍ശനങ്ങളുണ്ട് എങ്കിലും പ്രത്യാശയറ്റ ലോകത്തിന് ഒരു കൈത്തിരിവെട്ടം കാണിക്കാന്‍ ആ മനുഷ്യന് കഴിയുന്നു എന്നത് വലിയ കാര്യമാണ്. താനുള്‍പ്പെട്ടു നില്‍ക്കുന്ന ഒരു മഹാ മതസംവിധാനത്തിന്‍റെ കഴിഞ്ഞകാല തെറ്റുകുറ്റങ്ങള്‍ പരസ്യമായി ഏറ്റുപറയുകയും, പശ്ചാത്തപിക്കുകയും അനുകമ്പയോടെ മനുഷ്യരെ കാണുകയും പുതിയൊരു ജീവിതശൈലി കാണിച്ചുതരികയും ചെയ്യുന്ന ഈ വന്ദ്യ പുരോഹിതന്‍ തന്‍റെ ഗുരുവും രക്ഷകനുമായ യേശുക്രിസ്തുവിന്‍റെ സുവിശേഷമാണ് ഏക അടിസ്ഥാനമായി കരുതുന്നത് (ഫ്രാന്‍സിസ് പാപ്പാ, ട്രമ്പ് എന്നിവരെപ്പറ്റി താരതമ്യം ചെയ്തും, ഫ്രത്തേലി തുത്തി എന്ന പേപ്പല്‍ ലേഖനത്തെക്കുറിച്ചും മുമ്പ് അല്പം വിശദമായി എഴുതിയിട്ടുണ്ട്).
ചുരുക്കത്തില്‍, സമൂഹത്തിന്‍റെ പിരിവെട്ടില്‍നിന്ന് എങ്ങിനെ മനുഷ്യരെ മോചിപ്പിക്കാം എന്നതാണ് നമ്മുടെ പ്രധാന ചോദ്യം. കുപ്പിയും അതിന്‍റെ തൊപ്പിയും ഉപേക്ഷിക്കുന്ന അടുക്കളശൈലി ഒരുതരം നിസ്സഹായതയുടെ അടയാളമാണ്. അധികാരമോ ശക്തിയോ ഇല്ലാത്ത ഒരാള്‍ക്ക് അത്രയേ പറ്റൂ. എന്നാല്‍ മത-രാഷ്ട്ര നേതാക്കള്‍ ശക്തരാണല്ലോ. അവര്‍ക്ക് അത്തരം ഗതികേടില്ല. തങ്ങളുടെ നയങ്ങളിലും നടപടികളിലും തെറ്റിപ്പോയി എന്നു തോന്നുന്നെങ്കില്‍, പരസ്യമായി സമൂഹത്തിനു മുമ്പില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഏറ്റുപറയട്ടെ. വെട്ടിയ പിരിയെ ന്യായീകരിക്കാതെയും അതിനെ കൂടുതല്‍ മുറുക്കാന്‍വേണ്ടി ആയുധമെടുത്തു മാര്‍ച്ചും റാലിയും സത്യഗ്രഹവും നടത്താന്‍ അണികളെ ഉല്‍ബോധിപ്പിക്കാതെയും, ജനങ്ങളുടെ നിഷ്കളങ്ക രക്തം വിശുദ്ധ സ്ഥലങ്ങളിലും ‘ജന്‍പഥ’ങ്ങളിലും ചിന്തി നായ്ക്കള്‍ നക്കാതെയും, നേതൃത്വനിരകള്‍ ഒരു പുതിയ ജീവിതശൈലി ആരംഭിക്കട്ടെ. അവരെ ജനങ്ങള്‍ അപ്പോള്‍ പൂവിട്ട് പൂജിക്കും. എല്ലാം മറക്കും, ക്ഷമിക്കും. കോടാനുകോടി മനുഷ്യര്‍ സമാധാനത്തിന്‍റെ കുളിര്‍കാറ്റേല്‍ക്കും. മുന്തിരിവള്ളികള്‍ തളിര്‍ക്കയും അത്തിമരങ്ങള്‍ പൂവിടുകയും ചെയ്യും. “Another World is possible.”