‘അതും നിങ്ങള്‍ തന്നെയാണ്‌ വേണ്ടെന്ന്‌ പറഞ്ഞത്‌’: ഓര്‍ത്തഡോക്‌സ് സഭയ്ക്ക് മുഖ്യമന്ത്രിയുടെ രൂക്ഷവിമര്‍ശനം

എനിക്കു പകരം വേറെ ഒരാളെ ചര്‍ച്ചയ്‌ക്കു നിയോഗിക്കാമെന്നു ഞാന്‍ തന്നെയാണ്‌ പറഞ്ഞത്‌. സഭാകാര്യമായതിനാല്‍ എനിക്ക്‌ ഈ കാര്യങ്ങള്‍ വലിയ നിശ്‌ചയമില്ല. പകരം നിങ്ങള്‍ രണ്ട്‌ കൂട്ടരും അംഗീകരിക്കുന്ന വേറെ ക്രൈസ്‌തവ അധ്യക്ഷന്‍മാരുണ്ട്‌. അതും പറ്റില്ലെന്ന്‌ നിങ്ങളുടെ കൂട്ടരാണ്‌ പറഞ്ഞത്‌.

മലപ്പുറം: കേരള പര്യടന പരിപാടിക്കിടെ ഓര്‍ത്തഡോക്‌സ് സഭയെ രൂക്ഷമായി വിമര്‍ശിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍. സഭാ തര്‍ക്കത്തില്‍ മുഖ്യമന്ത്രി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട ഓര്‍ത്തഡോക്‌സ് സഭ മലബാര്‍ ഭദ്രാസന സെക്രട്ടറി ഫാ. തോമസ്‌ കുര്യന്‍ താഴയിലിനു ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മുന്നില്‍ നല്‍കിയ മറുപടിയിലാണ്‌ മുഖ്യമന്ത്രിയുടെ രൂക്ഷവിമര്‍ശനമുണ്ടായത്‌.

മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍നിന്ന്‌:

“സഭകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ നടപടികളെടുക്കണമെന്ന്‌ ഇവിടെ പറയുകയുണ്ടായി. അത്‌ ഇവിടെ ഉന്നയിക്കേണ്ടിയിരുന്നോ എന്നൊരു സംശയം എനിക്കുണ്ട്‌. ഈ പ്രശ്‌നം പരിഹരിക്കാന്‍വേണ്ട കാര്യങ്ങളെല്ലാം സര്‍ക്കാര്‍ ചെയ്‌തുവെന്ന്‌ ഓര്‍ത്തഡോക്‌സ്‌ സഭയുടെ ആളായതുകൊണ്ട്‌ നിങ്ങളും മനസിലാക്കിയിട്ടുണ്ടാകുമെന്നാണ്‌ കരുതുന്നത്‌. ഞാന്‍ വളരെ ചുരുക്കിയാണ്‌ പറയുന്നത്‌. ഇതിന്റെ ഭാഗമായി ചര്‍ച്ചയ്‌ക്ക്‌ അവസാനമായി സര്‍ക്കാര്‍ മന്ത്രിസഭയുടെ ഉപസമിതിയെ വച്ചു. എന്നാല്‍ ഈ ഉപസമിതിയുടെ മുന്നില്‍ പോകാന്‍ നിങ്ങള്‍ ഓര്‍ത്തഡോക്‌സ്‌ വിഭാഗം തയാറായില്ല.

നമ്മളുമായി നിങ്ങള്‍ എല്ലാവരും നല്ല രീതിയിലാണ്‌. ഇതിനിടയ്‌ക്കാണ്‌ നിങ്ങള്‍ ധരിക്കുന്ന വേഷത്തിന്‌ അനുസരിച്ചല്ലാത്ത സമീപനം ശവത്തിനോടു സ്വീകരിക്കാന്‍ തയാറായത്‌. ഏതു മതസ്‌ഥരും മനുഷ്യരാണ്‌. മനുഷ്യന്റെ പ്രത്യേകത ശവത്തെ ആദരിക്കും എന്നതാണ്‌. എന്നാല്‍ നമ്മള്‍ എന്താണ്‌ കണ്ടത്‌. ശവത്തെ പിടിച്ചു വലിക്കുക, രണ്ടുമൂന്നാഴ്‌ച അവിടെ കിടക്കുക. തര്‍ക്കങ്ങള്‍ കാരണം സംസ്‌കരിക്കാന്‍ പറ്റുന്നില്ല. തുടര്‍ന്നാണ്‌ സര്‍ക്കാര്‍ ഇതില്‍ ഇടപെട്ട്‌ സംസ്‌കരിക്കാനുള്ള പ്രശ്‌നം പരിഹരിച്ചത്‌. ഇതിന്റെ തുടര്‍ച്ചയായാണ്‌ ഞാന്‍ തന്നെ നിങ്ങളെ രണ്ടു കൂട്ടരേയും ഒരുമിച്ചും ഒറ്റയ്‌ക്കും വിളിച്ച്‌ സംസാരിച്ചത്‌.

ഇതില്‍ സാധിക്കുന്ന കാര്യം പ്രശ്‌നങ്ങള്‍ മുഴുവന്‍ തുറന്ന്‌ ചര്‍ച്ചചെയ്യുക എന്നതാണ്‌. തുടര്‍ന്ന്‌ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പായതിനാല്‍ എപ്പോഴും എനിക്ക്‌ നിങ്ങളുമായി സംസാരിക്കാന്‍ കഴിയില്ല. എനിക്കു പകരം വേറെ ഒരാളെ ചര്‍ച്ചയ്‌ക്കു നിയോഗിക്കാമെന്നു ഞാന്‍ തന്നെയാണ്‌ പറഞ്ഞത്‌. സഭാകാര്യമായതിനാല്‍ എനിക്ക്‌ ഈ കാര്യങ്ങള്‍ വലിയ നിശ്‌ചയമില്ല. പകരം നിങ്ങള്‍ രണ്ട്‌ കൂട്ടരും അംഗീകരിക്കുന്ന വേറെ ക്രൈസ്‌തവ അധ്യക്ഷന്‍മാരുണ്ട്‌. അതും പറ്റില്ലെന്ന്‌ നിങ്ങളുടെ കൂട്ടരാണ്‌ പറഞ്ഞത്‌.

അങ്ങിനെയാണെങ്കില്‍ സുപ്രീം കോടതി ചീഫ്‌ ജസ്‌റ്റിസ്‌ ആയ ഒരാളെ നമുക്ക്‌ നോക്കാമെന്ന്‌ പറഞ്ഞു. അതും നിങ്ങള്‍ തന്നെയാണ്‌ വേണ്ടെന്ന്‌ പറഞ്ഞത്‌. മുഖ്യമന്ത്രി തന്നെ ചര്‍ച്ചചെയ്യണമെന്നാണ്‌ നിങ്ങള്‍ പറഞ്ഞത്‌. എന്നാല്‍ ഞാനും ആവട്ടെ എന്ന്‌ പറഞ്ഞു. ഇപ്പോള്‍ തെരഞ്ഞെടുപ്പൊക്കെ ആയതിനാല്‍ കുറച്ച്‌ തിരക്കിലാണ്‌. നിങ്ങളുടെ കാര്യങ്ങള്‍ പഠിച്ച്‌ ചര്‍ച്ചചെയ്യാന്‍ കുറച്ച്‌ സമയം വേണം.
ആദ്യം നിങ്ങള്‍ രണ്ടു കൂട്ടരും കാര്യങ്ങള്‍ ചര്‍ച്ചചെയ്യൂ. ആദ്യം രണ്ടു ഭാഗത്തുമുള്ള അഞ്ചു വീതം പുരോഹിതര്‍ ഒന്നിച്ചിരുന്ന്‌ സംസാരിക്കൂ ശേഷം നമുക്ക്‌ ചര്‍ച്ച നടത്താം. അപ്പോള്‍ ഞങ്ങള്‍ ഒരു സിനഡ്‌ കൂടുന്നുണ്ട്‌, അതിന്‌ ശേഷമേ പറയാന്‍ പറ്റൂവെന്നു നിങ്ങള്‍ പറഞ്ഞു. ആയിക്കോട്ടെ അതൊക്കെ സ്വഭാവികമല്ലേയെന്നു ഞാന്‍ പറഞ്ഞു. പക്ഷേ തീരുമാനം നമുക്ക്‌ ഇതാകാമല്ലോ എന്ന്‌ പറഞ്ഞ്‌ അത്‌ അംഗീകരിച്ചുപോയി. പക്ഷേ പിന്നീട്‌ ഇതിനെ തള്ളിപ്പറയുന്ന അവസ്‌ഥയുണ്ടായി. ഒരു പ്രകോപനം സൃഷ്‌ടിക്കരുതെന്ന്‌ പറഞ്ഞിരുന്നു.

പിന്നെ അവിടെനിന്നും മാറി. നിങ്ങള്‍ കൈവശപ്പെടുത്തുന്ന പള്ളികള്‍ ഏതാണ്‌. അതില്‍ ഞാന്‍ കേട്ടത്‌, ഒരു പള്ളി സ്‌ഥിതി ചെയ്യുന്ന സ്‌ഥലത്ത്‌ മൂന്നു കുടുംബങ്ങള്‍ മാത്രമാണ്‌ നിങ്ങളുടെ ഭാഗത്തുള്ളത്‌. ബാക്കി മുഴുവന്‍ മറ്റുള്ളവരുമാണ്‌. ആ പള്ളിയാണ്‌ നിങ്ങള്‍ക്കു പിടിച്ചുതരേണ്ടത്‌. അതാണ്‌ പിടിച്ചു തന്നതും. പള്ളി പിടിക്കാന്‍ പോകുമ്പോള്‍ വലിയ പ്രശ്‌നമാണുണ്ടാകുന്നത്‌.

വലിയ വികാരമല്ലേ ആളുകള്‍ക്ക്‌. ആ വികാരം ചെറുതാണോ, അപ്പോള്‍ ജുഡീഷ്യറിയെ മാനിക്കാത്ത പ്രശ്‌നമല്ല ഇത്‌. ആ ജുഡീഷ്യറിയുടെ തീരുമാനത്തില്‍നിന്നുകൊണ്ടുതന്നെ പരസ്‌പരം കാര്യങ്ങള്‍ മനസിലാക്കി ചര്‍ച്ചചെയ്യുകയാണ്‌ വേണ്ടത്‌. അതില്‍നിന്നാണ്‌ നിങ്ങള്‍ പിറകോട്ട്‌ പോയത്‌. എന്തുകൊണ്ടാണ്‌ ഇതില്‍നിന്നു പിറകോട്ട്‌ പോയതെന്ന്‌ നിങ്ങളുടെ മുതിര്‍ന്നവരോട്‌ ചോദിക്കൂ. എന്നിട്ട്‌ ബാക്കിയെന്തെങ്കിലും ഉണ്ടെങ്കില്‍ വരൂ. എന്നിട്ട്‌ നമുക്ക്‌ സംസാരിക്കാം. “

അതേ സമയം മലപ്പുറത്തെ കേരള പര്യടന പരിപാടിയില്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശം വേദനയുണ്ടാക്കിയെന്ന്‌ ഓര്‍ത്തഡോക്‌സ് സഭ പ്രതിനിധി പറഞ്ഞു. സഭ തര്‍ക്കത്തിലും സംവരണ വിഷയത്തിലുമുള്ള ചോദ്യങ്ങള്‍ക്ക്‌ ഉചിതമായ മറുപടി ലഭിച്ചില്ലെന്നും മലങ്കര ഓര്‍ത്തഡോക്‌സ് സഭ മലബാര്‍ ഭദ്രാസനം സെക്രട്ടറി ഫാ. തോമസ്‌ കുര്യന്‍ താഴയില്‍ പറഞ്ഞു.