
പ. സഭയുടെ പ്രധാന ഇടയനായി പിന്നിട്ട പത്തു വര്‍ഷങ്ങളിലെ
ദൈവ നടത്തിപ്പിന്‍റെ നാള്‍വഴികളെക്കുറിച്ച് പ. പൗലോസ് രണ്ടാമന്‍ കാതോലിക്കാ ബാവാ മനസ്സ് തുറക്കുന്നു.
ദൈവനിയോഗത്താല്‍ മലങ്കരസഭയുടെ പ്രധാന മേലധ്യക്ഷ പദവിയെന്ന സ്ഥാനമേറ്റതിന്‍റെ ഞെട്ടല്‍ ഇതുവരെയും മാറിയിട്ടില്ല എന്നതാണ് വാസ്തവം. ഇത് സ്വീകരിച്ച നിമിഷം മുതല്‍ ഇന്നെയോളം ഒരു ദൈവനിശ്ചയവും നടത്തിപ്പും ഒപ്പമുണ്ട് എന്നത് മനസ്സിലെ അനുഭവമാണ്. 2010 നവംബര്‍ ഒന്നാം തീയതി ഭരണചുമതലയേറ്റതു മുതല്‍ സഭാസംബന്ധിയായ എല്ലാ കാര്യങ്ങളിലും പ്രശ്നങ്ങളിലും പ്രതിസന്ധികളിലും അവസാന വാക്ക് പറയേണ്ട വ്യക്തി എന്ന നിലയില്‍ മറുപടി നല്കാന്‍ ഞാന്‍ നിര്‍ബന്ധിതനാണ്. ചില സംഗതികളില്‍ തുറന്ന് പ്രതികരിക്കാന്‍ പ്രയാസമുണ്ടാകും. പറഞ്ഞതില്‍ ചിലത് അപ്രിയ സത്യങ്ങളായിരിക്കും.
പറഞ്ഞതിന്‍റെയും പറയാത്തതിന്‍റെയും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട് (ചിരിയോടെ).
പൗരോഹിത്യ ജീവിതത്തിലെ എട്ടു വര്‍ഷത്തോളം എറണാകുളം പള്ളിയുടെ അസി. വികാരിയായി സേവനമനുഷ്ഠിച്ചു. ഭരണപരമായ കാര്യങ്ങളില്‍ പ്രത്യേക പങ്കൊന്നും എനിക്കവിടെ ഉണ്ടായിരുന്നില്ല. ഇതല്ലാതെ മറ്റൊരു ഇടവക ഭരണപരിചയവും ഉണ്ടായിട്ടുമില്ല. തുടര്‍ന്ന് മേല്പട്ടസ്ഥാനത്തേക്ക് വിളിക്കപ്പെട്ടു. അതുകൊണ്ട് തന്നെ ഭരണപരമായ ഏതൊരു വിഷയങ്ങളിലും ഒരു തീരുമാനമെടുക്കേണ്ടി വരുമ്പോള്‍ മൂന്ന് ഘടകങ്ങളാണ് ഇന്നും ഞാന്‍ മാനദണ്ഡങ്ങളാക്കുന്നത്. ഒന്നാമത്, ഈ വിഷയത്തിലുള്ള ദൈവത്തിന്‍റെ ആലോചന എന്തായിരിക്കും. രണ്ടാമത്തെ മാനദണ്ഡം നിയമസംഹിതകളാണ്. ഈ വിഷയത്തില്‍ നിയമം എന്താണ് അനുശാസിക്കുന്നത്. കാരണം, നിയമത്തില്‍ നിന്നുള്ള വ്യതിചലനം ഭരണപരമായ കാര്യങ്ങളില്‍ വീഴ്ച വരുത്തും. മൂന്നാമത്തേത്, എന്‍റെ മനഃസാക്ഷിയാണ്.
പ്രാര്‍ത്ഥനയില്‍ വെളിപ്പെടുന്ന ദൈവഹിതവും നിയമം നല്കുന്ന വ്യാഖ്യാനവും മനഃസാക്ഷിയുടെ ഉദ്ബോധനവും ഒരേപോലെ വരുന്നപക്ഷം പിന്നെ ഇടംവലം നോക്കാറില്ല. അത്തരത്തില്‍ രൂപപ്പെടുന്ന തീരുമാനങ്ങളില്‍ യാതൊരു വിധ ബാഹ്യസ്വാധീനവും ഉണ്ടായിട്ടുമില്ല.
2013 മുതലാണ് പരുമല ആശുപത്രിയിലേക്ക് കൂടുതല്‍ ശ്രദ്ധ പതിയുന്നത്. ചില അസുഖകരമായ സാഹചര്യങ്ങള്‍ അവിടെ ഉടലെടുത്ത പശ്ചാത്തലത്തില്‍ ചില കടുത്ത തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടതായി വന്നു. 2014 ജനുവരി ഒന്നാം തീയതി ബഹുമാനപ്പെട്ട എം. സി. പൗലൂസച്ചന്‍ മുഖ്യകാര്യദര്‍ശിയായി ആശുപത്രിയില്‍ ചുമതലയേറ്റു. സ്നേഹപൂര്‍വ്വമായ നിര്‍ബന്ധം അച്ചന്‍റെ മേല്‍ ചെലുത്തിയെന്നത് വാസ്തവമാണ്. പലതരത്തിലുള്ള ഉള്‍കലക്കങ്ങളെയും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളെയും സമരാഹ്വാനങ്ങളെയും കര്‍ശനമായ താക്കീതുകള്‍ കൊണ്ടാണ് നാം അതിജീവിച്ചത്. ദൈവകൃപയാല്‍ അന്താരാഷ്ട്ര നിലവാരമുള്ള ചികിത്സാ സൗകര്യങ്ങളോടെ അനുക്രമമായ പുരോഗതിയിലേക്കാണ് ആശുപത്രി മുന്നേറുന്നത്. വായ്പകളും ബാധ്യതകളും വീട്ടുവാന്‍ വകയുള്ള സാഹചര്യമാണ് നിലവിലുള്ളത്. വ്യക്തിപരമായ അനുഭവം പറഞ്ഞാല്‍, എനിക്ക് രോഗം വന്നപ്പോള്‍ രണ്ട് കാര്യങ്ങളിലാണ് നിര്‍ബന്ധം പിടിച്ചത്. ഒന്ന്, പരുമല ആശുപത്രിയില്‍ തന്നെയാകണം എന്‍റെ ചികിത്സ നടക്കേണ്ടത്. രണ്ടാമത്, വിദേശത്തേക്ക് ചികിത്സയ്ക്ക് പോകുവാന്‍ എന്നെ നിര്‍ബന്ധിക്കരുത്. പ. പരുമല തിരുമേനിയുടെ മദ്ധ്യസ്ഥതയും പ്രാര്‍ത്ഥനയും അനേകായിരങ്ങള്‍ക്ക് സൗഖ്യം നല്കുന്ന ആ സ്ഥാപനത്തോടു ചേര്‍ന്ന് എപ്പോഴും ഉണ്ടായിരിക്കും.
ഇനി വ്യവഹാരം സംബന്ധിച്ചുള്ള കാര്യമാണ്. തര്‍ക്കവിഷയങ്ങളില്‍ മാത്രമല്ല സഭയുടെ എല്ലാ കാര്യങ്ങളിലും ഒരു ത്രിമാന വീക്ഷണം സ്വീകരിക്കാന്‍ ശ്രമിക്കാറുണ്ട്. സഭയുടെ ഭൂതകാല ചരിത്രം; വര്‍ത്തമാനകാല സ്ഥിതി; ഭാവികാല സ്വപ്നങ്ങള്‍; ഇവ ഓരോന്നും ആലോചനയില്‍ വരും. ചരിത്രഗതിയില്‍ സഭ നേരിട്ട പരീക്ഷകളെയും പോരാട്ടങ്ങളെയും കുറിച്ച് വ്യക്തമായ ധാരണ എനിക്കുണ്ട്. വൈദേശിക അധിനിവേശങ്ങളും വേദശാസ്ത്രപരമായ തര്‍ക്കങ്ങളും അതില്‍പ്പെടും. അതാതു കാലങ്ങളില്‍ കോടതിവിധികളും ഭരണാധികാരികളുടെ ഇടപെടലും ഉണ്ടായിട്ടുണ്ട്. വര്‍ത്തമാന കാലത്ത് സ്വതന്ത്ര ഭാരതത്തിന്‍റെ പരമോന്നത നീതിപീഠം പ്രഖ്യാപിച്ച തര്‍ക്ക പരിഹാരമാണ് 2017 ജൂലൈ 3-ന് ഉണ്ടായ സുപ്രീംകോടതി വിധി. സഭയെ സംബന്ധിച്ചിടത്തോളം ഭൂതകാലത്തിലെ ഒരു രാജകീയ വിളംബരത്തിന് സമാനമായിട്ടാണ് നാമിതിനെ ഗണിക്കുന്നത്. ഇതിലൂടെ പ്രശ്നപരിഹാരത്തിന് ഒരു ജുഡീഷ്യല്‍ പ്ലാറ്റ്ഫോം ഉളവായിരിക്കുന്നു. എന്നാല്‍ നിയമപരമായ ഈ അടിത്തറയില്‍ നിന്നുകൊണ്ടല്ലാതെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന പരിഹാര ശ്രമങ്ങളോടാണ് എനിക്ക് എതിര്‍പ്പുള്ളത്. കാരണം, അത്യുന്നതമായ ഒരു കോടതിവിധിയെപ്പോലും കൈയൂക്കും അതിക്രമവും പണക്കൊഴുപ്പും രാഷ്ട്രീയ ദുഃസ്വാധീനവും കൊണ്ട് മറിമടക്കാന്‍ ചിലര്‍ ഇപ്പോഴും ശ്രമിക്കുന്നു.
നമ്മുടെ മക്കളുടെ മക്കളുടെ കാലത്ത് ഇതിനെച്ചൊല്ലി ഒരു വ്യവഹാരമുണ്ടാകാന്‍ പാടില്ല എന്നതാണ് നമ്മുടെ ആഗ്രഹം. അതിന് ഈ നിയമപരമായ അടിത്തറ ഉപയോഗപ്പെടുത്തണം എന്നത് മാത്രമാണ് നമ്മുടെ നിര്‍ബന്ധം. അതാണ് പലരും ‘പിടിവാശിയായി’ ആക്ഷേപിക്കുന്നതും. സര്‍ക്കാരിന് വേണമെങ്കില്‍ നിയമങ്ങളുണ്ടാക്കാം. നീതി വൈകിപ്പിക്കാം. അതില്‍ എനിക്ക് സങ്കടമില്ല. നമുക്കൊന്നേയുള്ളൂ. നമ്മുടെ വിശ്വാസികളെ നാം വഞ്ചിച്ചു എന്നു പറയാനിട വരരുത്. (ശബ്ദമുയര്‍ത്തി) വി. മാര്‍ത്തോമ്മാ ശ്ലീഹായുടെ പിന്‍തുടര്‍ച്ചയും പോര്‍ട്ടുഗീസ് പൂര്‍വ്വകാലത്തെ നസ്രാണി പാരമ്പര്യവും നമ്മുടെ രക്തത്തിന്‍റെ ഭാഗമാണ്. അത് നഷ്ടമാക്കുന്ന ഒരു തീരുമാനത്തിലും എനിക്ക് പങ്കുണ്ടാവില്ല.
നാം നമ്മുടെ ജനത്തെ വഞ്ചിച്ചു എന്ന പേരുദോഷം കേള്‍ക്കാന്‍ എനിക്ക് ഇഷ്ടമല്ല. ഇപ്പോഴത്തെ നിലയ്ക്ക് നിലവിലുള്ള വിധിയും നിയമവും ഭരണഘടനാ വ്യവസ്ഥകളുമാണ് നമ്മുടെ തീരുമാനത്തിന് ആധാരമായി നിലകൊള്ളുന്നത്.
രാഷ്ട്രീയത്തിന്‍റെ അവസരവാദ നയങ്ങളോട് ചേര്‍ന്ന് സഭയുടെ സ്വാതന്ത്ര്യം പണയപ്പെടുത്താന്‍ നാം ഒരുക്കമല്ല. മാധ്യമങ്ങളെ പ്രീതിപ്പെടുത്താന്‍ എനിക്കറിയില്ല. സഹോദരീസഭകളുടെ തെറ്റിദ്ധാരണകള്‍ മാറിവരും എന്ന ഉറപ്പുണ്ട്. ഒറ്റപ്പെട്ടാലും ഇരട്ടപ്പെട്ടാലും എനിക്ക് വ്യസനമില്ല. ദൈവം എന്നെ ഒരു നിയോഗം ഏല്പിച്ചു എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനാല്‍ തന്നെ മനുഷ്യരേക്കാള്‍ അധികമായി ദൈവത്തോടാണ് ഞാന്‍ പ്രധാനമായും ഉത്തരം പറയേണ്ടത്. തട്ടിക്കൂട്ട് സമാധാനം എന്ന കാണ്‍മാന്‍ ഭംഗിയുള്ളതും കേള്‍പ്പാന്‍ ഇമ്പകരവുമായ ആപ്പിള്‍ പഴത്തിന്‍റെ പ്രലോഭനത്തില്‍ വീണുപോകാന്‍ ഞാന്‍ തയ്യാറല്ല. നിയമപരമായ വ്യവസ്ഥയില്‍ രൂപപ്പെടുന്ന സമാധാനം മാത്രമായിരിക്കും ശാശ്വതമായിത്തീരുന്നത് എന്നോര്‍ക്കണം.
ഇതുവരെയും ചര്‍ച്ചയ്ക്ക് പോകാതിരുന്ന സഭ ഇപ്പോള്‍ അപ്രകാരം ഒരു ചുവട് വെച്ചതിനും വ്യക്തമായ കാരണമുണ്ട്. നമ്മുടെ നീതിപൂര്‍വ്വമായ ആവശ്യങ്ങളെ ഭരണാധികാരിയെ ബോധ്യപ്പെടുത്തുന്നതിനും അവ്യക്തതകള്‍ നീക്കുന്നതിനും വേണ്ടിയാണത്. എന്നാലിപ്പോഴും, ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും ആരാണ് വീണ്ടും കേസുകള്‍ നല്കുന്നത്? കോടതിവിധി അനുസരിക്കാന്‍ കൂട്ടാക്കാത്തവര്‍ തന്നെ വീണ്ടും കോടതിയിലേക്ക് പോകുന്നു. അധാര്‍മ്മികതയോടും സത്യസന്ധതയില്ലായ്മയോടും പോരാടുന്നത് ക്രിസ്തീയത തന്നെയെന്നാണ് എന്‍റെ വിശ്വാസം. എല്ലായ്പ്പോഴും നേര് നിരങ്ങിയേ വരൂ!
ഈ സഭ തന്‍റേതാണ് എന്ന ബോധ്യം എല്ലാവര്‍ക്കുമുണ്ടാകണം. അതിനായി പ്രാര്‍ത്ഥിക്കണം. ദൈവം ഭരമേല്പിച്ച ഈ സ്ഥാനം ആസ്വദിക്കാനുള്ളതായി ഇന്നെയോളം തോന്നിയിട്ടില്ല. സഭാസ്വാതന്ത്ര്യത്തെ പ്രതി ദൃഢനിശ്ചയമെടുക്കേണ്ടി വന്നതിനാല്‍ തന്നെ ഏറെ പ്രിയപ്പെട്ട പലരോടും മുഷിയേണ്ടതായി വന്നിട്ടുണ്ട്. സ്നേഹിതരും ചാര്‍ച്ചക്കാരും ഗുരുനാഥന്മാരുമൊക്കെ ചില നേരങ്ങളില്‍ അകലം പാലിച്ചു നിന്നിട്ടുണ്ട്. അതിലൊന്നുമിപ്പോള്‍ ഭാരപ്പെടുന്നില്ല. ദൈവത്തോടുള്ള പ്രാര്‍ത്ഥന മാത്രമാണ് ശരണം. പ്രാര്‍ത്ഥിക്കുംതോറും പരീക്ഷകള്‍ ഏറുമെന്നാണ് വി. വേദപുസ്തകവും പിതാക്കന്മാരും നമ്മെ പഠിപ്പിച്ചിട്ടുള്ളത്. സംഘര്‍ഷങ്ങള്‍ക്കിടയിലും ദൈവനടത്തിപ്പിന്‍റെ ബലം അനുഭവിക്കുന്നുണ്ട്. ഇന്നലെയും ഇന്നും നമ്മെ നടത്തുന്നവനായ ദൈവം തമ്പുരാന്‍ നാളെയും നന്മയിലേക്ക് നമ്മെ നയിക്കും എന്ന പ്രത്യാശയും പ്രാര്‍ത്ഥനയും മനസ്സിലെപ്പോഴുമുണ്ട്.
- ഫാ. സഖറിയ നൈനാന്‍
(മലങ്കരസഭാ മാസിക, ഒക്ടോബര്‍ 2020)
Recent Comments