മാര്‍ത്തോമ്മാ ശ്ലീഹായുടെ സെമിനാരിപ്പള്ളി / ഡോ. എം. കുര്യന്‍ തോമസ്


കോട്ടയത്തു സെമിനാരി എന്ന് മലങ്കരസഭയിലും കോട്ടയം കോളജ് എന്നു ബ്രിട്ടീഷ് രേഖകളിലും പ്രതിപാദിക്കപ്പെടുന്ന കോട്ടയം പഴയ സെമിനാരിക്ക് കേരളത്തിൻ്റെ സാംസ്‌ക്കാരിക ചരിത്രത്തില്‍ അദ്വിതീയമായ സ്ഥാനമുണ്ട്. പ. മാര്‍ത്തോമ്മാശ്ലീഹായുടെ നാമത്തിലുള്ള സെമിനാരി ചാപ്പലിനാകട്ടെ മലങ്കരസഭാ ചരിത്രത്തില്‍ സുവര്‍ണ്ണമുടിയും.
പഴയ സെമിനാരിക്കു കല്ലിട്ട് പണി ആരംഭിച്ചത് 1814 ഫെബ്രുവരി 14-ന് ആണെങ്കിലും മൂന്നുവര്‍ഷംകൂടി കഴിഞ്ഞ് 1817 ഡിസംബര്‍ 1-നാണ് സെമിനാരി ചാപ്പലിന് ശിലാസ്ഥാപനം നടത്തിയത്. അതേവര്‍ഷം ഒക്‌ടോബര്‍ 19-ന് സ്ഥാനമേറ്റ പുന്നത്ര ഗീവര്‍ഗീസ് മാര്‍ ദീവന്നസ്യോസ് ത്രിതീയന്‍ മലങ്കര മെത്രാപ്പോലീത്താ ആയിരുന്നു ആ കര്‍മ്മം നിര്‍വഹിച്ചത്. തിരുവിതാംകൂറിലെ റീജന്റ് ഗൗരി പാര്‍വതി ഭായി മഹാറാണി സംഭാവന ചെയ്ത 1,000 രൂപയായിരുന്നു മൂലധനം. പിറ്റെ വര്‍ഷം പണി ഏതാണ്ട് പൂര്‍ത്തിയാക്കി ചാപ്പല്‍ ഉപയോഗിച്ചു തുടങ്ങി.
സെമിനാരി സ്ഥാപകന്‍ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് രണ്ടാമന്‍ മലങ്കര മെത്രാപ്പോലീത്താ 1816 നവംബര്‍ 24-നു കാലംചെയ്യുമ്പോള്‍ സെമിനാരി ചാപ്പല്‍ ഇല്ല. അന്ന് മലങ്കരയില്‍ നിലവിലിരുന്ന പാരമ്പര്യപ്രകാരം ഒരോ പള്ളിയുടേയും മദ്ബഹായുടെ തെക്കുവശത്താണ് ആദ്യം കാലംചെയ്യുന്ന മേല്പട്ടക്കാരെ അടക്കുക. കോതമംഗലം, മുളന്തുരുത്തി, പുത്തന്‍കാവ്, ചെങ്ങന്നൂര്‍ മുതലായവ ഉദാഹരണം. ആ മാനദണ്ഡത്തില്‍, പണിയാനുദ്ദേശിക്കുന്ന സെമിനാരി ചാപ്പലിൻ്റെ മദ്ബഹായില്‍ തെക്കുവശത്ത് വരുന്ന രീതിയിലാണ് സെമിനാരി സ്ഥാപകനെ കബറടക്കിയത്. ആ കബറിടം ഉള്ളിലാക്കിയാണ് ചാപ്പല്‍ പണികഴിപ്പിച്ചത്.
1818-ല്‍ ഉപയോഗം ആരംഭിച്ചു എങ്കിലും സെമിനാരി ചാപ്പലിൻ്റെ പണി പൂര്‍ത്തിയായിരുന്നില്ല. 1890-കളുടെ പ്രാരംഭകാലത്തു മലങ്കര ഇടവക പത്രികയിലെ ചില സൂചനകള്‍ പ്രകാരം ഇന്നുള്ള മദ്ബഹാ പോലും അന്നു പണികഴിപ്പിച്ചിരുന്നില്ല. അതായത് ഇപ്പോഴത്തെ അഴിക്കകമോ അതിനു താഴെയോ ആയിരുന്നു അന്നത്തെ താല്‍ക്കാലിക മദ്ബഹാ. ഈ വസ്തുത, സെമിനാരി സ്ഥാപകൻ്റെ കബറിടത്തെപ്പറ്റി ഇടക്കാലത്ത് ഉയര്‍ന്ന ഊഹാപോഹങ്ങള്‍ക്ക് ഇവിടെ പൂര്‍ണ്ണവിരാമമിടുന്നു. 80 വര്‍ഷം – 1896 വരെ – ചാപ്പലിൻ്റെ ഈ അര്‍ദ്ധപൂര്‍ണ്ണസ്ഥിതി തുടര്‍ന്നു.
1887-ല്‍ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ മലങ്കര മെത്രാപ്പോലീത്താ പഴയ സെമിനാരി സെമിനാരി കോടതിവഴി നടത്തിയെടുത്തു. പക്ഷേ കേസുകളുടെ പാരാവാരത്തില്‍ മുഴുകിയ അദ്ദേഹത്തിന് അക്കാലത്തൊന്നും സെമിനാരി ചാപ്പലിൻ്റെ ശോചനീയാവസ്ഥയില്‍ ശ്രദ്ധചെലുത്താന്‍ കഴിഞ്ഞില്ല. വ്യവഹാര പരമ്പര ഒട്ടടങ്ങിയപ്പോള്‍ അദ്ദേഹത്തിൻ്റെ ലക്ഷ്യം സെമിനാരി ചാപ്പലിൻ്റെ പുനര്‍നിര്‍മ്മാണമായിരുന്നു. ഈ ലക്ഷ്യത്തോടെ 1896-ല്‍ കൊച്ചുപറമ്പില്‍ പൗലൂസ് റമ്പാനെ (പിന്നീട് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ) സെമിനാരി മാനേജരായി നിയമിച്ചു. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ 1896 ധനു ലക്കം മലങ്കര ഇടവക പത്രികയില്‍ നിന്നും.
“സൂചനകള്‍; സിമ്മനാരിപ്പള്ളി – പഴയസിമ്മനാരി പള്ളിയോടുചേര്‍ത്തു ഏതാനും പണികഴിപ്പിച്ചിട്ടിരിക്കുന്ന മദുബഹായുടെ തറ ഈ സ്ഥിതിയില്‍ കിടക്കുവാന്‍ തുടങ്ങിയിട്ട് 50 വര്‍ഷത്തില്‍ മേലായിരിക്കണം. അതിനിടയില്‍ മഹാകേമന്മാരായ പല മെത്രാന്മാരും ഭരിക്കുകയും മരിക്കയും ചെയ്തിട്ടുണ്ട്. പള്ളികളുടെ ഭണ്ഡാരങ്ങള്‍ പൊളിച്ച് അടവെ കൊണ്ടുപോന്നവരും ഉണ്ടായിരുന്നു. ഇതെവരെ ഈ ശൂന്യസ്ഥലം ആരുടെയും ദൃഷ്ടിക്കു പാത്രീഭവിക്കാഞ്ഞതു ഭാഗ്യ ഹീനതയെന്നെ പറവാനുള്ളു – ഈയ്യിടെ ഈ പണിയും ആരംഭിച്ചിട്ടുണ്ട്. – പതിനായിരത്തോളം കല്ലുവെട്ടിയിറക്കി പണിതുടങ്ങിയിരിക്കുന്നു. പരജനസഹായമാണ ഇതിനും പ്രധാന ആശ്രയമെന്നു പറയേണ്ടതില്ലല്ലോ – വന്ദ്യ ദിവ്യശ്രീ പൌലൂസ് റമ്പാച്ചന്‍ അവര്‍കളാണ ഇതിൻ്റെ ചുമതല വഹിക്കുന്നത്. സുറിയാനി സമുദായത്തിൻ്റെ തലസ്ഥാനപ്പള്ളിയാകകൊണ്ടു യഥാശക്തി എല്ലാവരും സഹായം ചെയ്യണമെന്നു അപേക്ഷിക്കുന്നത് അയുക്തമല്ലല്ലോ – മനസുള്ളവര്‍ റമ്പാച്ചന്‍ അവര്‍കള്‍ക്കു എത്തിച്ചുകൊടുത്താല്‍ ശരിയായി ഉപയോഗപ്പെടുത്തുന്നതാണ്.”
ഈ വാര്‍ത്തയിലെ സൂചനകള്‍ അനുസരിച്ച് മദ്ബാഹായുടെ തറ ഭാഗികമായിട്ടെങ്കിലും പണികഴിപ്പിച്ചത് 1840-കളിലോ അതിനു മുമ്പോ ആയിരിക്കണം. പക്ഷേ ചേപ്പാട്ട് പീലിപ്പോസ് മാര്‍ ദീവന്നാസ്യോസ് നാലാമന്‍ മലങ്കര മെത്രാപ്പോലീത്തായുടെ സംഘര്‍ഷഭരിതമായ ഭരണകാലത്ത് (1825-46) അത് തികച്ചും അസംഭാവ്യമാണ്. അതിനാല്‍ പുന്നത്ര മാര്‍ ദീവന്നാസ്യോസിൻ്റെ കാലത്തുതന്നെ തറപണി ആരംഭിച്ചു എന്നും അധികം വൈകാതെ നിര്‍ത്തിവെച്ചു എന്നും അനുമാനിക്കാം.
കൊച്ചുപറമ്പില്‍ റമ്പാന്‍ ധൃതഗതിയിലുള്ള പണിക്ക് നേതൃത്വം നല്‍കുക മാത്രമല്ല, കുന്നംകുളം മുതല്‍ മലങ്കര ഒട്ടാകെ സഞ്ചരിച്ച് സെമിനാരി ചാപ്പലിനുവേണ്ടി പണം പിരിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായിരുന്നുവെന്ന് കേവലം അഞ്ചു മാസങ്ങള്‍ക്കുശേഷം 1897 ഇടവം ലക്കം മലങ്കര ഇടവക പത്രികയില്‍ നിന്നും വ്യക്തമാണ്.
“സൂചനകള്‍; സിമ്മനാരിപ്പള്ളി- ഇതോടുചേര്‍ന്ന മദുബഹാ പണിയിച്ചുവരുന്ന വിവരം മുമ്പില്‍ പ്രസ്താവിച്ചിട്ടുണ്ടല്ലോ- ഇപ്പോള്‍ മദുബഹായുടെ കല്പണിയും മരപ്പണിയും മുഴുവന്‍ തീര്‍ന്നു ഓടു മേച്ചില്‍ ചെയ്തു വരുന്നു – ഇനി വെള്ളതേപ്പും ഹൈക്കലയുടെ കേടു പോക്കും ഉണ്ട് – ഇതേവരെ ചെയ്ത പണിക്കു വളരെ പണം കടം വാങ്ങിച്ചിട്ടുണ്ട്. – ഇതേവരെ സഹായംചെയ്ത എല്ലാവര്‍ക്കും ഹൃദയപൂര്‍വമായ നന്ദി പറവാനും ഇനിയും ഇതില്‍ സംബന്ധിച്ചിട്ടില്ലാത്ത ആളുകള്‍ താമസിപ്പിക്കാതെ അവരുടെ സഹായം എത്തിച്ചു കൊടുക്കണമെന്നു അറിയിപ്പാനും വ. ദി. ശ്രീ പൌലൂസ റമ്പച്ചന്‍ അവര്‍കള്‍ ഞങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നതിനാല്‍ വിവരം അറിയിച്ചുകൊള്ളുന്നു.”
തുടര്‍ന്നുള്ള പണികളും അതിശീഘ്രം നടന്നു. ആറുമാസങ്ങള്‍കൂടി കഴിഞ്ഞ് 1897 നവംബര്‍ 24-നു മാര്‍ ദീവന്നാസ്യോസ് അഞ്ചാമനും പ. പരുമല തിരുമേനിയും ചേര്‍ന്ന് മാര്‍ത്തോമ്മാ ശ്ലീഹായുടെ നാമത്തില്‍ സെമിനാരിപ്പള്ളി കൂദാശ ചെയ്തു. സഹകാര്‍മ്മികനായിരുന്ന വാകത്താനം കാരുചിറ ഗീവര്‍ഗീസ് റമ്പാൻ്റെ (പിന്നീട് ബസേലിയോസ് ഗീവര്‍ഗീസ് പ്രഥമന്‍ കാതോലിക്കാ) സഭാജീവിത നാള്‍വഴിയില്‍നിന്നുള്ള ദൃക്‌സാക്ഷി വിവരണം.
“…(തുലാം) 25-ന് പരുമലയില്‍ നിന്നും ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ വാകത്താനത്ത് പള്ളിയില്‍ എത്തി… വൃശ്ചികം 11-ന് സിമ്മന്നാരി പള്ളി കൂദാശയ്ക്കായും മറ്റും കോട്ടയത്തു സിമ്മന്നാരിയിലേക്ക് നീങ്ങുകയും ഗീവറുഗീസ് റമ്പാനും സിമ്മന്നാരിയില്‍ എത്തുകയും ചെയ്തു. 12-ന് സിമ്മന്നാരി പള്ളിയില്‍ മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്തായും ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായും ഗീവറുഗീസ് റമ്പാനും കൂടി മൂന്നിന്‍മേല്‍ കുര്‍ബാന ചൊല്ലുകയും ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ കൂദാശയുടെ ശുശ്രൂഷകള്‍ കഴിക്കയും ചെയ്തു..”
യഥാര്‍ത്ഥത്തില്‍ ശിലാസ്ഥാപനം നടത്തി 80 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം അന്നാണ് സെമ്മിനാരിപ്പള്ളി പൂര്‍ത്തീകരിക്കപ്പെട്ടത്. പക്ഷേ 15 വര്‍ഷങ്ങള്‍ക്കു ശേഷം 1911 മുതല്‍ സഭയിലുണ്ടായ വിഭാഗീയത സെമിനാരി ചാപ്പലിനേയും ബാധിച്ചു. ചാപ്പല്‍ പൂട്ടപ്പെട്ടു. അക്കാലത്ത് സെമിനാരി നാലുകെട്ടിനേയും ചാപ്പലിനേയും ബന്ധിപ്പിക്കുന്ന ഇടനാഴിയുടെ മുകള്‍ത്തട്ടിലായിരുന്നു കര്‍മ്മം കഴിച്ചു വന്നിരുന്നത്. ഒരുപക്ഷേ 1818-ല്‍ ചാപ്പല്‍ പണിയുന്നതുവരെ കര്‍മ്മങ്ങള്‍ നടത്തിയിരുന്നതും അവിടെയാകാന്‍ സാദ്ധ്യതയുണ്ട്.
സന്ദര്‍ഭോചിതമായി പറയട്ടെ, സുറിയാനി സമുദായത്തിൻ്റെ “തലസ്ഥാനപ്പള്ളി” എന്നാണ് 1896-ല്‍ പഴയ സെമിനാരി ചാപ്പല്‍ വിശേഷിപ്പിക്കപ്പെടുന്നത്. അന്ന് മലങ്കര മെത്രാൻ്റെ ആസ്ഥനവും മലങ്കരസഭയുടെ ഭരണസിരാകേന്ദ്രവുമായിരുന്നു പഴയ സെമിനാരി. അതിനാല്‍ ആ ചാപ്പല്‍ പ്രതിഷ്ഠിച്ചത് പ. മാര്‍ത്തോമ്മാ ശ്ലീഹായുടെ നാമത്തിലാണ്. പിന്നീട് ആസ്ഥാനം ദേവലോകത്തേയ്ക്കു മാറ്റിയപ്പോള്‍ അവിടെ സ്ഥാപിച്ച ചാപ്പലും പ. ദൈവമാതാവിൻ്റെയും പ. മാര്‍ത്തോമ്മാ ശ്ലീഹായുടേയും നാമത്തില്‍ ആയിരുന്നു.
സെമിനാരി ചാപ്പല്‍ തുറന്ന ശേഷം ചാപ്പലിലെ മൂന്നു ത്രോണോസുകള്‍ക്കും കലാസുഭഗമായ കൂദേശ്കുദിശിനുകള്‍ പണികഴിപ്പിച്ച് 1941 ഒക്‌ടോബര്‍ 15-ന് കൂദാശ ചെയ്തത് പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ആയിരുന്നു. 1980-കളില്‍ സെമിനാരി ചാപ്പല്‍ പൊളിച്ച് വിസ്തൃതമായ പുതിയ പള്ളി പണിയണമെന്ന ചിലരുടെ ആവശ്യം പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ നിരാകരിച്ചു. എങ്കിലും 1986-7 കാലഘട്ടത്തില്‍ അദ്ദേഹം പടിഞ്ഞാറെ ഇടനാഴിയുടെ നീളം കുറച്ച് പഴമ കൈവിടാതെ ചാപ്പല്‍ പടിഞ്ഞാട്ടു നീട്ടി സ്ഥലസൗകര്യം വര്‍ദ്ധിപ്പിച്ചു.
ചാപ്പല്‍ രണ്ടും മദ്ബഹാ ഒന്നും ശതാബ്ദികള്‍ പിന്നിട്ടപ്പോള്‍ അറ്റകുറ്റപ്പണികള്‍ അനിവാര്യമായി. ഈ സാഹചര്യത്തിലാണ് സമഗ്രമായ അറ്റകുറ്റപ്പണികള്‍ നടത്താന്‍ തീരുമാനമെടുത്തത്. മേല്ക്കൂരയിലെ കേടുപാടുകള്‍ സംഭവിച്ച തടിപ്പണി മാറി പുതിയ ഓടിറക്കി. ഭിത്തികള്‍ പൊളിച്ചുതേച്ചു. 1897-ല്‍ നടത്തിയ മദ്ബഹായിലെ ചിത്രപ്പണികളും കൂദേശ്കുദിശിനും പൂര്‍ണ്ണമായും പുരാചിത്ര സംരക്ഷണ മാനദ്ണ്ഡങ്ങള്‍ക്ക് അനുസൃതമായി നവീകരിച്ചു. പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലൂസ് ദ്വിതീയന്‍ കാതോലിക്കായുടെ നേതൃത്വത്തിലീണ് 2017-ല്‍ ആരംഭിച്ച് ഇപ്പോള്‍ പൂര്‍ത്തീകരിക്കുന്ന ഈ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
പഴയ സെമിനാരി സ്ഥാപകനെക്കൂടാതെ, മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍, പ. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് ആറാമന്‍ മലങ്കര മെത്രാപ്പോലീത്താ, ഡോ. പൗലൂസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ എന്നിവരേയും കബറടക്കിയിരിക്കുന്നത് സെമിനാരി ചാപ്പലില്‍ ആണ്.
മലങ്കരസഭയുടെ കൂദാശിക ചരിത്രത്തില്‍ അനന്യമായ സ്ഥാനമാണ് പഴയ സെമിനാരി ചാപ്പലിനുള്ളത്. മാര്‍ത്തോമ്മാ സഭാ സ്ഥാപകന്‍ പാലക്കുന്നത്ത് തോമസ് മാര്‍ അത്താനാസ്യോസ്, ഇന്ത്യ, ഗോവാ, സിലോണ്‍ ഇടവകകളുടെ അന്റോണിയോ ഫ്രാന്‍സിസ്‌ക്കോ സേവ്യര്‍ അല്‍വാറീസ് മാര്‍ യൂലിയോസ് എന്നിവരെ മെത്രാന്മാരായി വാഴിച്ചത് പഴയ സെമിനാരി ചാപ്പലിലാണ്. 1934 ജൂണ്‍ 1-ന് പ. പാമ്പാടി തിരുമേനി, പുത്തന്‍കാവില്‍ കൊച്ചു തിരുമേനി, പിന്നീട് റീത്തില്‍ പോയ വാളക്കുഴിയില്‍ മാര്‍ സേവേറിയോസ് എന്നീ എപ്പിസ്‌ക്കോപ്പാമാരെയും, 1959 ജൂലൈ 12-നു പത്രോസ് മാര്‍ ഒസ്താത്തിയോസ്, പാറേട്ട് മാര്‍ ഈവാനിയോസ്, വട്ടക്കുന്നേല്‍ മാര്‍ അത്താനാസ്യോസ് (പിന്നീട് അഞ്ചാം കാതോലിക്കാ) ദാനിയേല്‍ മാര്‍ പീലക്‌സീനോസ്, മാത്യൂസ് മാര്‍ കൂറിലോസ് (പിന്നീട് ആറാം കാതോലിക്കാ) എന്നീ എപ്പിസ്‌ക്കോപ്പന്മാരെയും മെത്രാപ്പോലീത്താമാരായി ഉയര്‍ത്തിയതും ഇവിടെവെച്ചാണ്. ഇവരെക്കൂടാതെ 1981 ഫെബ്രുവരി 28, 1991 ഒക്‌ടോബര്‍ 25, 1993 സെപ്റ്റംബര്‍ 22, 2006 ഫെബ്രുവരി 23 എന്നീ തീയതികളില്‍ യഥാക്രമം 4, 7, 1, 4 എപ്പിസ്‌ക്കോപ്പന്മാരെ വീതം സെമിനാരി ചാപ്പലില്‍ മെത്രാപ്പോലീത്താമാരായി ഉയര്‍ത്തിയിട്ടുണ്ട്.
1975 ഒക്‌ടോബര്‍ 27-നു പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമനെ കാതോലിക്കാ സ്ഥാനത്ത് അവരോധിച്ചതും പഴയ സെമിനാരി ചാപ്പലില്‍ വെച്ചായിരുന്നു. 1932, 1951, 1967, 1977 എന്നീ വര്‍ഷങ്ങളില്‍ പ. മൂറോന്‍ കൂദാശയ്ക്ക് വേദിയായതും പഴയ സെമിനാരി ചാപ്പല്‍ ആയിരുന്നു. 2003 ഫെബ്രൂവരി 24-ന് പ. വട്ടശ്ശേരില്‍ തിരുമേനിയെ പരിശുദ്ധ പദവിയിലേയ്ക്ക് ഉയര്‍ത്തുന്ന ചടങ്ങിനും സെമിനാരി ചാപ്പല്‍ വേദിയായി.
പഴയ സെമിനാരി ചാപ്പല്‍ ഒരു പ്രതീകമല്ല; അടയാളമാണ്. അനുസ്യൂതം പ്രാര്‍ത്ഥകള്‍ ഉയരുന്ന, നിരന്തരം വി. കുര്‍ബാന അര്‍പ്പിക്കപ്പെടുന്ന, അത്യുന്നത വൈദീക കര്‍മ്മങ്ങള്‍ക്ക് അനവധിതവണ വേദിയായ പഴയ സെമിനാരി ചാപ്പല്‍ വേദവിപരീതികളോടും സഭാവിരുദ്ധരോടുമുള്ള സമരങ്ങളില്‍ മാത്രമേ താല്‍ക്കാലികമായി തളര്‍ന്നിട്ടുള്ളു. മൂന്നുവശവും ചുറ്റിയൊഴുകുന്ന മീനച്ചിലാറ്റില്‍ വര്‍ഷാവര്‍ഷം ഉണ്ടാകുന്ന മഹാപ്രളയങ്ങള്‍ക്കുപോലും ആ കട്ടിളപ്പടികള്‍ കടക്കാന്‍ രണ്ടു നൂറ്റാണ്ടിനുശേഷവും സാധിച്ചിട്ടില്ല എന്നതും ഒരു അടയാളം.