വരൂ: നമുക്ക് മുന്തിരിത്തോട്ടത്തിലേക്ക് പോകാം / ഫാ. യോഹന്നാന്‍ കെ.


(മറുരൂപപെരുന്നാളിനു ശേഷം ഒന്നാം ഞായര്‍)
വി. മത്തായി 21:28-32

പഴയനിയമത്തില്‍ യിസ്രായേല്‍ മക്കള്‍ കൂടാരപ്പെരുന്നാള്‍ കൊണ്ടാടിയത്, തങ്ങളുടെ കനാനിലേക്കുള്ള മരുപ്രയാണത്തില്‍, 40 വര്‍ഷക്കാലം കൂടാരങ്ങളില്‍ പാര്‍ത്തതിന്‍റെ ഓര്‍മ്മയ്ക്കായിട്ടായിരുന്നു (ലേവ്യ 23:33-43). കൂടാതെ യഹോവയുമായുള്ള ഉടമ്പടിയുടെ പുതുക്കല്‍ കൂടിയായിരുന്നു അവര്‍ക്ക് ഈ പെരുനാള്‍ (ആവ. 31:9-13). തങ്ങളെ വഴിനടത്തിയ ദൈവത്തെ മറന്നുകൊണ്ടുള്ള ഒരു ജീവിതം അവരുടെ സങ്കല്‍പ്പത്തിനപ്പുറത്തുള്ളതായിരുന്നു. വളരെ നിശിതമായി ഈ പെരുന്നാള്‍ ആചരിച്ചുകൊള്ളേണമെന്നും വര്‍ഷത്തില്‍ മൂന്നു പ്രാവശ്യമെങ്കിലും യഹോവയുടെ ആലയത്തില്‍ എല്ലാ യിസ്രായേല്യരും കൂടിവരണമെന്നും നിയമം നിഷ്കര്‍ഷിക്കുന്നു (പുറ. 34:23, ആവ. 16:16). എന്നാല്‍ ക്രൈസ്തവരുടെ കൂടാരപ്പെരുന്നാള്‍, യേശുക്രിസ്തുവിന്‍റെ മറുരൂപമലയിലെ തേജസ്ക്കരണത്തിന്‍റെ ഓര്‍മ്മയാണ് (മത്തായി 17:1-8). ആ മഹിമ കണ്ട സാക്ഷികളായാണ് അപ്പോസ്തോലന്മാര്‍ ക്രിസ്തുവിന്‍റെ സുവിശേഷം ലോകമെമ്പാടും അറിയിച്ചത് (2 പത്രോസ് 1:16-17). ആ സുവിശേഷത്തിന്‍റെ ഫലങ്ങളാണ് ഇന്നും നാം ഓരോരുത്തരും. ക്രിസ്തുവിന്‍റെ തേജസ്കരണത്തിന്‍റെ ആ പെരുന്നാളിനു ശേഷമുള്ള ആദ്യ ഞായറാഴ്ചയാണ് ഇന്ന്. രണ്ടു പുത്രന്മാരുടെ കഥയിലൂടെ രണ്ട് വ്യത്യസ്ത സ്വഭാവമുള്ള മനുഷ്യരെ ക്രിസ്തു ഇവിടെ അവതരിപ്പിക്കുന്നു. മൂന്ന് ഉപമകളാണ് മത്തായി 21:22 മുതല്‍ 22:14 വരെയുള്ള ഭാഗങ്ങളില്‍ നാം കാണുന്നത്.

1. രണ്ടു പുത്രന്മാരുടെ ഉപമ (21:28-32).
2. മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമ (21:33-46).
3. വിവാഹ വിരുന്നിന്‍റെ ഉപമ (22:1-14).

മഹാപുരോഹിതന്മാരും ജനത്തിന്‍റെ മൂപ്പന്മാരും ക്രിസ്തുവിനോട് അവന്‍റെ അധികാരത്തെ ചൊല്ലി തര്‍ക്കിക്കുന്ന അവസരത്തില്‍, തനിക്കുള്ളത് ദൈവികമായ അധികാരമാണെന്നും അത് തെളിയിക്കുന്നതിന് ക്രിസ്തു പറഞ്ഞ ഉപമകളുമാണ് ഇവ മൂന്നും. ഈ ഉപമത്രയത്തിന്‍റെ ആദ്യത്തേതാണ് അനുസരണമുള്ളവനും അനുസരണമില്ലാത്തവനുമായ രണ്ടു മക്കളുടെ കഥയിലൂടെ യേശു അവതരിപ്പിക്കുന്നത്.

മുന്തിരിത്തോട്ടത്തില്‍ വേല ചെയ്യാന്‍ പോകണം എന്നുള്ള അപ്പന്‍റെ നിര്‍ദ്ദേശത്തിനോട് ആദ്യം ‘ഇല്ല’ എന്നു പ്രതികരിക്കുകയും പിന്നീട് അനുതപിച്ച് തന്‍റെ വേല ചെയ്ത് അപ്പന്‍റെ ഇഷ്ടം നിറവേറ്റിയ മൂത്ത മകന്‍ ചുങ്കക്കാരെയും, വേശ്യകളെയും നിഷ്കാസിതരെയും സൂചിപ്പിക്കുന്നു. എന്നാല്‍ ആദ്യം ‘പോകാം’ എന്നു പറഞ്ഞ് അപ്പനെ സന്തോഷിപ്പിക്കുകയും എന്നാല്‍ അപ്പനെ യഥാര്‍ത്ഥത്തില്‍ അനുസരിക്കാതിരിക്കുകയും ചെയ്ത ഇളയ മകന്‍ അക്കാലത്തെ മതനേതാക്കളും, പരീശന്മാരും വേദപണ്ഡിതരുമായവര്‍ ആണ്. അപ്പന്‍റെ ഇഷ്ടം ചെയ്തവര്‍, ആരാണെങ്കിലും അവര്‍ക്ക് യഥാര്‍ത്ഥ അവകാശം ലഭിക്കും എന്നുള്ള ഉറപ്പും ഈ ഉപമയില്‍ കൂടി ക്രിസ്തു പറഞ്ഞു വെയ്ക്കുന്നു. വീമ്പുപറച്ചിലിന്‍റെയും അനുസരണക്കേടിന്‍റെയും കാലത്തില്‍ യഥാര്‍ത്ഥ ജീവിത മാതൃക അനുതാപത്തിന്‍റെയും, പിതാവിന്‍റെ ഇഷ്ടം നിറവേറ്റുവാന്‍ ശ്രമിക്കുന്നതുമാണ് എന്നുള്ളത് ഇന്നത്തെ സദ് വിചാരം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. കൂടാതെ നാം നില്‍ക്കുന്ന, പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗം ഏതു മകനോടാണ് കൂടുതല്‍ സദൃശമായിട്ടുള്ളത് എന്നുള്ള ഒരു വിചിന്തനവും, ഇന്നത്തെ വേദവിചാരത്തില്‍ കൂടി നമുക്ക് ലഭിക്കുന്നു.

1. അനുതാപത്തിന്‍റെ മഹത്വം അനുഭവിക്കുന്നവരാകുക

മക്കള്‍ എന്ന നിലയില്‍ പിതാവിന്‍റെ ഇഷ്ടം ചെയ്യുന്നവരാണ് ശരിയായ പാതയില്‍ സഞ്ചരിക്കുന്നവര്‍. അവരെ ധര്‍മ്മത്തിന്‍റെ മാതൃകകളായിട്ടാണ് വി. വേദം സാക്ഷിക്കുന്നത്. ആദ്യം ‘നോ’ പറഞ്ഞെങ്കിലും, പിന്നീട് താന്‍ തന്‍റെ പിതാവിനോട് അനീതി ചെയ്തു എന്ന ശക്തമായ തോന്നലില്‍ ആദ്യത്തെ മകന്‍ അനുതപിക്കുകയും, പിന്നീട് പോയി തന്നെ ഏല്പിച്ച ജോലി ചെയ്യുകയും ചെയ്യുന്നു. ഇവിടെ ഈ മൂത്ത പുത്രന്‍റെ അനുതാപം വളരെ ശക്തിയുള്ളതും, നന്മയിലേക്ക് നയിക്കുന്നതുമായിരുന്നു. എന്നാല്‍ ക്രിസ്തുവിനെ 30 വെള്ളിക്കാശിന് ഒറ്റിക്കൊടുത്ത യൂദയും അനുതപിച്ചിരുന്നു. എന്നാല്‍ അതിനെ നന്മയിലേക്ക് നയിക്കുവാന്‍ യൂദായ്ക്കായില്ല (മത്തായി 27:3). ഈ രണ്ടു സന്ദര്‍ഭങ്ങളിലും ‘അനുതാപം’ എന്ന വാക്കിനുപയോഗിച്ച ഗ്രീക്ക് പദം (ാലമോലഹീാമശ) ഒന്നു തന്നെയാണ്. പിതാവിനെ ധിക്കരിച്ച മകന് തന്‍റെ തെറ്റിനെപ്പറ്റി ബോദ്ധ്യമാവുകയും, ശക്തമായി പിതാവിന്‍റെ ജീവിതത്തിലേക്ക് മടങ്ങിവരികയും ചെയ്യുന്നു. യഥാര്‍ത്ഥ അനുതാപത്തിന്‍റെ മഹത്വമാണ് നാം ഇവിടെ കാണുന്നത്. ‘എന്നോട് കര്‍ത്താവേ, കര്‍ത്താവേ എന്നു പറയുന്നവന്‍ അല്ല, സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവിന്‍റെ ഇഷ്ടം ചെയ്യുന്നവന്‍ അത്രെ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുന്നത്’ എന്ന് യേശുക്രിസ്തു തന്നെ പറയുന്നുണ്ട് (മത്തായി 7:21). പിതാവിന്‍റെ ഇഷ്ടം അറിഞ്ഞ്, അതിനനുസരിച്ച് ജീവിച്ച് അനുസരണത്തിന്‍റെയും, ധാര്‍മ്മികതയുടെയും പാഠങ്ങള്‍ പഠിപ്പിച്ച ആളാണ് ക്രിസ്തു. ക്രൂശില്‍ കിടന്ന് പിടയുമ്പോഴും ‘പിതാവിന്‍റെ ഇഷ്ടം നടക്കട്ടെ’ എന്ന് പ്രാര്‍ത്ഥിച്ച് അവസാനത്തോളം തന്‍റെ പിതാവിനോട് ഒരു മകന്‍റെ കടമ നിറവേറ്റിയ മനുഷ്യപുത്രനായിരുന്നു യേശുക്രിസ്തു.

തന്നെ കുറ്റപ്പെടുത്തുവാന്‍ മുന്നൊരുക്കം നടത്തിയ മതാധികാരികള്‍ക്കും, ജനപ്രതിനിധികള്‍ക്കും എതിരെയാണ് ക്രിസ്തുവിന്‍റെ ഉപമയില്‍ കൂടിയുള്ള ഈ ശാസന. ‘ദൈവത്തെ അറിഞ്ഞവര്‍’ എന്ന ഭാവേന ദൈവനീതിയേയും ധാര്‍മ്മികതയേയും കാറ്റില്‍ പറത്തുന്ന മതനേതാക്കള്‍ രണ്ടാമത്തെ മകന്‍റെ ഗണത്തില്‍പെടുന്നവരാണ്. ദൈവികമല്ലാത്ത ജീവിതം നയിച്ചവര്‍, ന്യായപ്രമാണത്തിന്‍റെ പൊരുളറിയാത്തവര്‍, സുവിശേഷത്തിന്‍റെ മഹത്വം മനസ്സിലാക്കി, അനുതപിച്ച് തിരികെ വരുന്നവര്‍ ആദ്യത്തെ മകന്‍റെ ഗണത്തിലും. ദൈവവചനത്താല്‍ അനുതാപത്തിലേക്ക് നയിക്കപ്പെട്ടവര്‍ പ്രമുഖ സ്ഥാനികളല്ലായിരുന്നു. നീതിമാന്മാരെയല്ല പാപികളെയത്രെ രക്ഷിപ്പാന്‍ ഞാന്‍ വന്നത് (ലൂക്കോസ് 5:32) എന്ന ക്രിസ്തുമൊഴി ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. യഥാര്‍ത്ഥ അനുതാപം നമ്മുടെ ജീവിതപാതകളിലേക്ക് തുറക്കുന്ന വാതിലാണെന്നും, തെറ്റിപ്പോയി എന്ന ബോദ്ധ്യം വരുമ്പോള്‍ ശക്തമായി തിരികെ പിതാവിന്‍റെ സന്നിധിയിലേക്ക് തിരികെ വരേണ്ടതാണെന്നും ഈ കഥയിലെ മൂത്ത മകന്‍ നമ്മെ പഠിപ്പിക്കുന്നു.

2. ദൈവത്തോട് വിശ്വസ്തതയും വിധേയത്വവും പുലര്‍ത്തുന്നവരാകുക

അധരസ്തുതികളില്‍ മാത്രം ശ്രദ്ധവെച്ച് മറ്റുള്ളവരുടെ പ്രീതി സമ്പാദിച്ച് തങ്ങളുടെ കാര്യങ്ങള്‍ സാധിച്ചെടുക്കുന്നവരാണ് ഭൂരിപക്ഷം ആളുകളും. മുന്തിരിത്തോട്ടത്തില്‍ ‘പോകാം’ എന്നുള്ള ഇളയ മകന്‍റെ പ്രതികരണം, അനുസരണത്തിന്‍റേതല്ല, മറിച്ച് പ്രീതിപ്പെടുത്തലിന്‍റേതായിരുന്നു. ബാഹ്യമായ പ്രകടനങ്ങളും വ്യാജസ്തുതികളും വീമ്പുപറച്ചിലുമെല്ലാം കാര്യസാധ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തുകയും യഥാര്‍ത്ഥത്തില്‍ തങ്ങളുടെ ഉത്തരവാദിത്വം കാര്യക്ഷമതയോടെ ചെയ്യാതിരിക്കുകയും ചെയ്യുന്നവര്‍ ഈ ഇളയ മകന്‍റെ കൂട്ടത്തില്‍പെട്ടവരാണ്. അങ്ങനെയുള്ളവര്‍ ശരിയായ അനുതാപമോ, സ്നേഹമോ, മറ്റുള്ളവരോടുള്ള കരുതലോ ഇല്ലാത്തവരാണ്. ക്രിസ്തുവിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ഇക്കൂട്ടര്‍ ചെവിയുണ്ടെങ്കിലും കേള്‍ക്കാത്തവരും, കണ്ണുണ്ടെങ്കിലും കാണാത്തവരുമാണ്. അപ്പന്‍റെ ആവലാതിയും വേദനയും ഒട്ടും മനസ്സിലാക്കാതെ, അവരുടെ അധ്വാനത്തിന്‍റെ പങ്ക് പറ്റുന്നവരാണ് ഇവര്‍. ‘മുന്തിരിത്തോട്ടത്തിലെ വേല’ എന്നുള്ള വിവക്ഷ, സാധാരണ മറ്റു പണികള്‍ ചെയ്യുന്നതുപോലെയല്ല, മറിച്ച് യിസ്രായേല്‍ മക്കളുടെ ജീവിതത്തിന്‍റെ ഭാഗം തന്നെയാണ്. ദൈവം കൊടുത്ത അനുഗ്രഹത്തിന്‍റെ അധിപരാകാനുള്ള ക്ഷണം കൂടിയാണത്. ‘മുന്തിരിവള്ളിയുടെ കീഴിലും, അത്തിവൃക്ഷത്തിന്‍ കീഴിലും നിര്‍ഭയം വസിക്കുന്നു’ എന്ന പ്രസ്താവന, ശാന്തിയുടെയും സമാധാനത്തിന്‍റെയും അനുഗ്രഹത്തിന്‍റെയും ധ്വനിയാണ് കാണിക്കുന്നത് (1 രാജാ. 4:25, 2 രാജാ. 18:31, യെശ. 23:6, സെഖ. 3:10, മീഖാ 4:4). ഈ അനുഗ്രഹത്തിന്‍റെ ലഭ്യതയാണ് ഇളയ മകന്‍ തള്ളിക്കളഞ്ഞത്. അങ്ങനെ അവന്‍ തന്‍റെ പിതാവിനോട് മറുതലിക്കുന്നവനാകുന്നു.

കുടുംബത്തോട് വിശ്വസ്തതയും വിധേയത്വവും പുലര്‍ത്തുന്നവന്‍ ദൈവത്തോടും അങ്ങനെ തന്നെ ഉള്ളവരാണ്. അവരാണ് തങ്ങളുടെ ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റുന്നവര്‍. ആദ്യം, ‘പറ്റില്ല’ എന്നു പറഞ്ഞെങ്കിലും, അപ്പന്‍റെ സ്നേഹവും കരുതലും അവനെ തന്‍റെ വേല ചെയ്യാന്‍ നിര്‍ബ്ബന്ധിതനാക്കുന്നു. ഇങ്ങനെയുള്ളവര്‍ക്കേ സഭയേയും, സമൂഹത്തേയും, കുടുംബത്തേയും അതുവഴി ദൈവത്തേയും സേവിക്കുവാന്‍ കഴിയുകയുള്ളു.

പത്ത് കല്പനകളിലെ അഞ്ചാമത്തെ കല്പനയാണ് ‘അപ്പനെയും അമ്മയെയും ബഹുമാനിക്ക’ എന്നത്. ഭൂമിയിലെ കാണപ്പെട്ട ദൈവങ്ങളാണ് അവര്‍. നന്മയുടെയും അനുഗ്രഹത്തിന്‍റെയും ലഭ്യത അവരോടുള്ള നമ്മുടെ ജീവിതമനോഭാവം എങ്ങനെയുള്ളതാണ് എന്നതനുസരിച്ചാവും എന്ന് വി. വേദം അടിവരയിടുന്നു (പുറ. 20:12, ആവ. 21:18-21, സദൃ. 30:17, എഫേ. 5:6 മുതലായവ). ഏല്പിച്ച ഉത്തരവാദിത്വം ഒരു മടിയും കൂടാതെ ചെയ്യുന്നവരാണോ നമ്മള്‍? മടിയരും അവിശ്വസ്തരുമായ ഒരു സമൂഹമായല്ല നാം മാറേണ്ടത്. മറിച്ച് ഏതു ചെറിയ കാര്യത്തിനോടുപോലും വിശ്വസ്തതയും, കൂറും പുലര്‍ത്തി ഉത്തരവാദിത്വത്തോടുകൂടി നമ്മുടെ കടമകള്‍ തീര്‍ക്കുമ്പോഴാണ്, പിതാവിന്‍റെ ഇഷ്ടമുള്ള മക്കളായി നാം മാറുന്നത്. യഥാര്‍ത്ഥ അനുതാപവും, ആഴമേറിയ സ്നേഹവും നമ്മെ ആ മൂത്ത പുത്രനോട് തുല്യമാക്കുവാന്‍ സഹായിക്കുന്നു. മൂത്ത പുത്രന്‍റെ ആദ്യത്തെ മറുപടി പിതാവിനെ തെല്ലു വേദനിപ്പിച്ചെങ്കിലും, അഗാധസ്നേഹത്തിന്‍റെ ക്ഷമയിലും, നന്മയിലും ആ മകന് വീണ്ടുവിചാരം ഉണ്ടാകുകയാണ്. ആ വിചാരത്തിലേക്കാണ് ഇന്നത്തെ സദ്വാര്‍ത്ത നമ്മെ നയിക്കേണ്ടത്.