കോവിഡ്- 19: അതിജീവന സാധ്യത അന്വേഷിക്കണം / ഡോ തോമസ് മാർ അത്താനാസിയോസ് മെത്രാപോലിത്ത

കോവിഡ് 19 എന്ന സാംക്രമിക രോഗം ഹ്രസ്വകാലം കൊണ്ട് ലോകം മുഴുവൻ തന്നെ പടർന്ന് പിടിച്ചിരിക്കുകയാണ്. മനുഷ്യവംശത്തിൻ്റെ നിലനില്പിന് ഇതൊരു ഭീഷണി ആകാൻ ഇടയില്ല. എന്നാൽ ഇത് സൃഷ്ടിക്കാവുന്ന ആൾനാശവും, സാമൂഹ്യ-സാമ്പത്തിക രംഗത്തെ പ്രതിസന്ധിയും ഒരിക്കലും കുറച്ചു കാണാൻ ആവില്ല. അതു കൊണ്ട് ഈ രോഗത്തിൻ്റെ വ്യാപന സാധ്യതയും, മരണനിരക്കും പരമാവധി കുറയ്ക്കുകയും രാജ്യത്തിൻ്റെ ഭദ്രതയെ കാര്യമായി ഉലയ്ക്കാതെയും, ജനത്തിൻ്റെ തൊഴിൽ നഷ്ടവും ദാരിദ്ര്യവും ആവുന്നത്ര നിയന്ത്രിച്ചും ആകണം ഇതിനൊരു പരിഹാരം കണ്ടെത്തേണ്ടത്.

ഈ പകർച്ചവ്യാധി തടയാനുള്ള മുൻഗണനയുടെ പേരിൽ ഇന്ന് സർക്കാർ എടുത്തിരിക്കുന്ന നടപടികൾ ഈ വിഷയത്തിന് ഒരു സമഗ്ര പരിഹാര സാധ്യത ഉറപ്പാക്കുന്നില്ല എന്ന ചിന്ത എനിക്കുണ്ട്. ഈ പകർച്ചവ്യാധി ആരോഗ്യ സംരക്ഷണ രംഗത്ത് സൃഷ്ടിക്കുന്ന ഭീഷണി, അത് നിയന്ത്രിക്കുവാൻ ഉള്ള ശ്രമത്തിൽ ഭരണാധികാരികൾ എടുത്തിരിക്കുന്ന സാമ്പത്തിക നടപടികൾ, ധന – സാമൂഹ്യ രംഗത്ത് ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ എന്നിവയെല്ലാം ഒരുമിച്ച് പരിഗണിച്ചാവണം പരിഹാര നീക്കം.

കോവിഡ് 19 എന്ന രോഗത്തിൻ്റെ വ്യാപനം തടയുന്നതിനുള്ള നടപടികളിൽ ഒന്നായി ലോക രാഷ്ട്രങ്ങൾ മിക്കവയും ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. സാമൂഹ്യ അകലം പാലിച്ച് രോഗ പ്രസരണം നിയന്ത്രിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കാനുള്ള ഉപാധിയായിട്ടാണ് ഈ ശ്രമം. ജനങ്ങൾ സാധാരണ ഒത്തു കൂടുന്ന ഇടങ്ങളിലെല്ലാം വരുന്നവരുടെ എണ്ണം ആവുന്നത്ര കുറച്ച് സമ്പർക്ക സാധ്യത കുറയ്ക്കുകയാണിവിടെ. അങ്ങനെ ആരാധന -വിദ്യാഭ്യാസ കേന്ദ്രങ്ങൾ, വ്യവസായ – വ്യാപാര ശാലകൾ, കൃഷിയിടങ്ങൾ എന്നിവയെല്ലാം നിർജനമായി.

ലോക്ഡൗൺ നടപ്പിലാക്കുന്നതോടൊപ്പം മാസ്ക് ധരിക്കുക, കൈകൾ കൂടെക്കൂടെ സോപ്പ് ഉപയോഗിച്ച് കഴുകുക, കഴിയുന്നത്ര ശുചിത്വം പാലിക്കുക എന്നിവ വഴി രോഗവ്യാപനം തടയാം എന്ന്‌ അധികാരികൾ ചിന്തിക്കുന്നു. ഈ രോഗത്തിൻ്റെ പ്രഭവസ്ഥാനമായ ചൈന അവലംബിച്ച മാർഗ്ഗം ഇതായിരുന്നു. വുഹാൻ പട്ടണം ഉൾപെടെയുള്ള ഹൂബെ പ്രവശ്യയിലെ ഏകദേശം 15 നഗരങ്ങളെ മറ്റിടങ്ങളിൽ നിന്ന് പൂർണ്ണമായി ഒറ്റപ്പെടുത്തിയാണ് അവർ രോഗത്തെ നിയന്ത്രണ വിധേയമാക്കിയത്. ഇത് മാതൃകയാക്കിയാണ് ഇന്ത്യ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ ലോക് ഡൗൺ പ്രഖ്യാപിച്ചത്.
ചൈനയിൽ ഈ മാർഗം വഴി കൊറോണ വൈറസിൻ്റെ വ്യാപനം തടയാൻ സാധിച്ചു. വുഹാൻ പട്ടണം പോലും മുൻ അവസ്ഥയിലേക്ക് മടങ്ങി. എന്നാൽ ലോകത്തിൽ മറ്റൊരിടത്തും ഈ തന്ത്രം വിജയിച്ചതായി തെളിഞ്ഞിട്ടില്ല. ഒരിടത്തു പരീക്ഷിച്ച് വിജയിച്ചു എന്നതുകൊണ്ട് എല്ലായിടത്തും അതു ഫലപ്രദമാകണം എന്നില്ല. അത് പരിഹാരത്തിനുള്ള ഒരു പരീക്ഷണമായി മാത്രം കണ്ടാൽ മതിയാകും. മാത്രമല്ല ഓരോ രാജ്യവും അതിൻ്റെ സാഹചര്യ- പരിസരങ്ങൾക്ക് യോജിക്കുന്ന പരിഹാരം കണ്ടെത്തേണ്ടതുണ്ട്.

ചൈനയിൽ നിലനില്ക്കുന്ന പ്രത്യയശാസ്ത്ര – സ്വേച്ഛാധിപത്യ വ്യവസ്ഥിതി, ജനത്തിൻ്റെ വിധേയത്വ മനോഭാവം, അച്ചടക്കം എന്നീ ഘടകങ്ങൾ ലോക് ഡൗൺ വഴി പരിഹാര സാധ്യത സൃഷ്ടിച്ചു. എന്നാൽ ഈ സാഹചര്യം വ്യക്തി സ്വാതന്ത്ര്യബോധം ഭരിക്കുന്ന പാശ്ചാത്യ ജനാധിപത്യ സമൂഹങ്ങളിലും, ആ മാതൃക സ്വീകരിച്ച മറ്റ് രാജ്യങ്ങളിലും ഇല്ലാത്തതിനാൽ ഈ വഴി പരിഹാരം സൃഷ്ടിക്കുന്നില്ല. ഓരോ നാടിനും യോജിച്ച പ്രതിരോധ മാർഗ്ഗങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ഇതും ഇന്ത്യൻ ഭരണാധികാരികൾ ശ്രദ്ധിക്കുന്നതായി കാണുന്നില്ല. പരിഹാരത്തിനാവശ്യമായി എടുത്ത നയങ്ങൾ, തന്ത്രങ്ങൾ എന്നിവ ഫലപ്രദമല്ല എങ്കിൽ അവ മാറ്റാനും സാധിക്കണം. അത്തരം കൂട്ടായ ആലോചനയും ശ്രമവും ഇവിടെ നടക്കുന്നതായി അനുഭവപ്പെട്ടിട്ടില്ല.

തീർച്ചയായും, ഏതൊരു ആകസ്മിക ദുരന്ത സാഹചര്യത്തിലും അതിനെ നേരിടുവാനായി രാജ്യത്തിന് ഒരുങ്ങേണ്ടതുണ്ട്. ആ തരത്തിൽ സാംക്രമിക രോഗത്തോടുള്ള പ്രാഥമിക പ്രതികരണം എന്ന നിലയിൽ ഒരു ലോക്ഡൗൺ ആവശ്യമാണ്. എന്നാൽ അത് മുൻപ് കൂട്ടി അറിയിച്ചിട്ട് ആകണം എന്നു മാത്രം. പൊടുന്നവെ സംഭവിക്കുന്ന ഒരു വിപത്തിനെ എങ്ങനെ തടയണം എന്ന് ആലോചിക്കുവാൻ സമയം വേണം. തുടർന്ന് ആസൂത്രിത നടപടികളും. അത് പക്ഷേ തയ്യാറെടുപ്പിനുള്ള സമയമാണ്. സമയപരിധിക്കുള്ളിൽ അതിന് ആശയതലത്തിൽ പരിഹാരം കണ്ടെത്തണം. പ്രായോഗിക പദ്ധതികൾക്ക് രൂപം കൊടുക്കുകയും വേണം. പ്രത്യാഘാതങ്ങൾ വിലയിരുത്തണം. ജനത്തെ പ്രശ്നത്തിൻ്റെ ഗൗരവം ബോധ്യപ്പെടുത്താനും ഭരണകൂടത്തിൻ്റെ നടപടികളോട് സഹകരിക്കുവാനായി അവരിൽ അവബോധം സൃഷ്ടിക്കുവാനും ലോക്ഡൗണും മാധ്യമങ്ങൾ വഴിയുള്ള വിശദീകരണവും ആവശ്യമാണ്. എന്നാൽ ഇത് രണ്ടാഴ്ചയിലധികം ദീർഘിക്കുവാൻ പാടില്ല. ഈ സമയത്തിനുള്ളിൽ ഒരുക്ക പ്രക്രിയ കഴിഞ്ഞിരിക്കണം. പൗരസമൂഹത്തെ രോഗത്തിനെതിരെയുള്ള പ്രതിരോധത്തിൽ സഹകരിപ്പിക്കുവാനും സർക്കാരിന് കഴിയണം.

രോഗ പ്രതിരോധ ശ്രമം വിവിധ തലങ്ങളിൽ നടക്കേണ്ടതുണ്ട്. രോഗവുമായി ബന്ധപ്പെട്ട വിഷയമായതുകൊണ്ട് ജനത്തിന് ഫലപ്രദമായി എങ്ങനെ ആരോഗ്യ സംരക്ഷണം നല്കും എന്നതിനെപറ്റി അന്വേഷണം ഉണ്ടാകണം.ഈ വ്യാധി എങ്ങനെ നിയന്ത്രിക്കാം, തടയാം, ചികിത്സിക്കാം എന്നിവയെല്ലാം ഇവിടെ അന്വേഷണ വിഷയമാകുന്നു. അതു പോലെ ഈ രോഗത്തിൻ്റെ വ്യാപന – രോഗവിമുക്തി – മരണസാധ്യത എന്നിവയും പഠന വിധേയമാകണം.

കോവിഡ് 19 നുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കോവിഡ് ഉൾപ്പെടെയുള്ള സാംക്രമിക രോഗങ്ങൾ സാധാരണ ശാരീരിക – മാനസിക രോഗങ്ങളിൽ നിന്നും വ്യത്യസ്തമാണ്. അതുകൊണ്ട് അതിൻ്റെ നിയന്ത്രണ – പരിഹാര മാർഗ്ഗങ്ങളും വേറെയാണ്. ഇതര രോഗങ്ങൾക്ക് വിവിധ ഘടകങ്ങൾ കൂട്ടായൊ, ഒറ്റതിരിഞ്ഞൊ കാരണമാകാം: ജനിതക – പാരമ്പര്യ ഘടകങ്ങൾ, അനാരോഗ്യകരമായ ഭക്ഷണം, ഭക്ഷണ രീതി, വ്യായായ്മക്കുറവു്, പുകവലി, മാനസിക പിരിമുറുക്കം, പാരിസ്ഥിതിക പ്രശ്നങ്ങൾ, മലിനീകരണം തുടങ്ങിയവ അതിൽപ്പെടും. എന്നാൽ സാംക്രമിക രോഗങ്ങൾക്ക് ഇവയൊന്നുമായി നേരിട്ടു ബന്ധമില്ല. രോഗത്തിന് ഇവയൊന്നും കാരണമായി പറയാനാവില്ല. വൈറസുകൾ മനുഷ്യനിൽ കടന്നു കൂടി ശരീരത്തിൻ്റെ പ്രതിരോധ ശക്തി നശിപ്പിച്ച് ആരോഗ്യവും, ശരീരത്തിൻ്റെ പ്രവർത്തനവും അപകടത്തിലാക്കുകയാണ്. ഇവിടെ കുടുംബ പാരമ്പര്യ – പാരിസ്ഥിതിക ഘടകങ്ങൾക്കൊന്നും പങ്കില്ല. വ്യക്തിയുടെ രോഗ പ്രതിരോധ ശക്തി (Immunity) ഇല്ലായ്മ മാത്രമാണ് പ്രശ്നം. അതുകൊണ്ട് സാംക്രമിക രോഗങ്ങളെ തടയുവാനുള്ള പ്രധാന മാർഗ്ഗം വ്യക്തിയുടെ immunity വർദ്ധിപ്പിക്കുക എന്നതാണ്. അങ്ങനെ വരുമ്പോൾ ശരീരം കടന്നു കൂടിയ വൈറസിനെതിരെ വിപരീത അണുക്കളെ( antibodies)സൃഷ്ടിച്ച് രോഗം തടയുന്നു. ഈ കാര്യമാണ് അടിയന്തിരവും, അടിസ്ഥാനപരവുമായി നടക്കേണ്ടത്. ഇത് ഇന്ന് വേണ്ട വിധം നടക്കുന്നില്ല.

വ്യക്തിയുടെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൻ്റെ ഉത്തരവാദിത്തം കുടുംബം, സമൂഹം എന്നിവ ഏറ്റെടുക്കേണ്ടതാണ്. സമൂഹത്തിൻ്റെ ഈ കാര്യങ്ങളിലുള്ള സഹകരണം വഴി സമൂഹം രോഗപ്രതിരോധശക്തി (communal immunity) നേടുകയാണ്.ഈ നിലയിലേക്ക് സമൂഹം പരിവർത്തനപ്പെടണം. രോഗപ്രതിരോധശക്തി ആർജ്ജിക്കുവാൻ സാധ്യതയില്ലാത്ത വയോധികർ, ഇതര രോഗികൾ എന്നിവർ സാംക്രമിക രോഗികളുമായി സമ്പർക്കത്തിൽ വരാതിരിക്കുവാൻ മുൻകരുതലുകൾ എടുക്കുകയും വേണം. അവർ മാത്രം വീട്ടിലിരുന്നാൽ മതിയാകും. ബാക്കിയുള്ളവർ സാധാരണ ജീവിതം നയിക്കട്ടെ. അതായത് ആരോഗ്യമുള്ളവർ പ്രതിരോധശക്തി വർദ്ധിപ്പിക്കുകയും, രോഗികളും പ്രായമുള്ളവരും പൊതുസമൂഹത്തിൽ നിന്നും ഒഴിഞ്ഞുമാറി കഴിയുകയും ആണ് വേണ്ടത്. തൊഴിലവസരങ്ങൾ നിലനിർത്തി തൊഴിലില്ലായ്മയും, ദാരിദ്ര്യവും പരിഹരിക്കകയും ചെയ്യാം. രണ്ടാമതായി ഇതൊരു സാംക്രമിക രോഗമാണ്. ഇത് തടയുന്നതിനായി പ്രതിരോധ കുത്തിവയ്പ്പിന് vaccine ഉണ്ടാകേണ്ടതുണ്ട്. അത് സാധ്യമാകുന്നതിനു് ചുരുങ്ങിയത് ഒന്നര വർഷമെങ്കിലും സമയം വേണ്ടിവരും. എന്നാൽ ഈ സമയത്തിനുള്ളിൽ അത് സൃഷ്ടിച്ചെടുക്കാൻ കഴിയും എന്നതിന് ഒരു ഉറപ്പുമില്ല. അതായത് ഇതിന് ഒരു പ്രതിരോധ മരുന്ന് കണ്ടു പിടിച്ച്‌ വിപണിയിൽ ലഭ്യമാകണമെങ്കിൽ 2021 അവസാനത്തേക്ക് മാത്രമേ സാധ്യതയുള്ളൂ. ആ ശ്രമം വിജയിക്കുവാനുള്ള കുറഞ്ഞ കാലാവധിയാണിത്. അതുകൊണ്ട് കോവിഡ് വ്യാപനം ഉടനെ പരിഹരിക്കപ്പെടാൻ ഇടയില്ല. വൈറസിനെ നശിപ്പിക്കുവാൻ മരുന്നുകൾക്ക് സാധിക്കില്ല. ശരീരത്തിന് പ്രതിരോധ ശക്തി സൃഷ്ടിക്കുക മാത്രമാണ് വഴി. അതിനുള്ള മാർഗ്ഗങ്ങൾ ഉപയോഗപ്പെടുത്തി രോഗത്തിനുള്ള വാക്സിൻ കണ്ടെത്തുന്നതുവരെ അല്ലെങ്കിൽ വ്യാധി ശ്രമിക്കുന്നതുവരെ നിയന്ത്രിക്കുകയാണ് ആവശ്യം. അതായത് ചികിത്സാവിധികൾ ഉപയോഗപ്പെടുത്തി കൊറോണ വൈറസിനോട് ചെറുത്ത് നിൽക്കുവാൻ ശരീരത്തെ ശക്തീകരിക്കുകയാണ് വേണ്ടത്. ഒപ്പം തന്നെ ഇതിനെതിരെയുള്ള വാക്സിൻ കണ്ടെത്താനുള്ള ശ്രമം ഗൗരവമായി എടുക്കുകയും വേണം. അത് നടക്കുന്നതുവരെ സ്വയനിയന്ത്രണവും.

ലോകം ഒരു ആഗോള ഗ്രാമമായി മാറിയിരിക്കുകയാണ്. അതുകൊണ്ട് ഓരോ നാട്ടിലെയും വലിയൊരു വിഭാഗം സ്വന്തം നാട്ടിലും വിദേശത്തുമായി യാത്രയിലാണ്. പഠനത്തിനോ, ഗവേഷണത്തിനോ, ജോലിക്കോ, വിനോദസഞ്ചാരത്തിനോ, ഹ്രസ്വകാല താമസത്തിനോ ആയി മറ്റേതെങ്കിലും രാജ്യത്താണ്. ഏറെ പേരും ജനിച്ചു വളർന്ന പരിസരത്തില്ല. ജനങ്ങളുടെ സഞ്ചാരം മൂലം എവിടെ എങ്കിലും സാംക്രമീക രോഗമുണ്ടായാൽ അതിൻ്റെ ആഗോള വ്യാപന സാധ്യതയാണ് ഉള്ളത്. കേരളത്തിൽ സമ്പർക്കം വഴിയുള്ള വ്യാപനം ഏറെക്കുറെ നിലച്ചിട്ടും വിദേശത്തുനിന്നും, മറ്റു സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തുന്നവർ വഴി രോഗി സംഖ്യ വർദ്ധിക്കുന്നത് ശ്രദ്ധിക്കുക. അതുകൊണ്ട് നാട്ടിൽ രോഗനിരക്ക് കുറഞ്ഞാലും ആഗോളതലത്തിൽ രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ കുറേ കാലംകൂടി കോവിഡ് രോഗ സാന്നിധ്യവും,സംക്രമണ സാധ്യതയും കണക്ക് കൂട്ടാവുന്നതാണ്.

അതോടൊപ്പം ഈ രോഗത്തിൻ്റെ ചില പ്രത്യേകതകളും മനസ്സിലാക്കേണ്ടതുണ്ട്. ഫലപ്രദമായി ഇതിനെ നേരിടുന്നതിനുള്ള മാർഗ്ഗ അന്വേഷണത്തിൽ രോഗത്തിൻ്റെ സ്വഭാവവും നാം തിരിച്ചറിയേണ്ടതുണ്ട്. വ്യാപന സാധ്യത താരതമ്യേന കൂടുതലാണ്. കൊറോണ വൈറസ് സാധാരണ ഗതിയിൽ സമൂഹത്തിൽ 40 ശതമാനം പേർക്ക് വരെ പകരാവുന്നതാണ് എന്നാണ് നിഗമനം. ആരോഗ്യ പ്രശ്നമുള്ളവർ, വാർദ്ധക്യം ബാധിച്ചവർ എന്നിവരിലാണ് ഇത് അധികം ബാധിക്കുന്നത്. ഗുരുതര ആരോഗ്യ പ്രശ്നമുള്ളവരിൽ മരണനിരക്ക് കൂടും. അതുകൊണ്ട് സ്വയരക്ഷയെ പ്രതി അങ്ങനെയുള്ളവർ ക്വാറൻറയിനിൽ കഴിയുകയാണ് വേണ്ടത്. അങ്ങനെ എങ്കിൽ സമ്പർക്കം വഴി രോഗ ബാധിതരാകുന്നവർ ആകെയുള്ളവരിൽ 10 ശതമാനം മാത്രമാകും. ഇങ്ങനെ രോഗികൾ ആകുന്നവരിൽ മരണം ഒന്നു മുതൽ രണ്ടു ശതമാനം വരെ മാത്രമെ സംഭവിക്കൂ. അതായത് സമൂഹത്തിൽ പൊതുവെ 1000 പേരിൽ ഒന്നോ

രണ്ടോ പേർക്ക്‌ മാത്രമാണ് മരണസാധ്യത. അതായത് ലോക്ഡൗൺ ഇല്ലായെങ്കിലും സാമൂഹ്യ അകലവും, മറ്റു പ്രതിരോധ മാർഗ്ഗങ്ങളും അവലംബിച്ചാൽ മരണം ചെറിയ ശതമാനം മാത്രമെ വരൂ. കൂടാതെ ഇന്ത്യയിൽ രോഗം ബാധിച്ചവരിൽ 84 ശതമാനം രോഗികളിലും കോവിഡ് 19 അണു സാന്നിധ്യം തീരെ കുറവാണ്. ഇത്തരക്കാരിൽ നിന്നും രോഗപ്പകർച്ച നന്നെ കുറഞ്ഞിരിക്കും. രോഗിയിലുള്ള വൈറസ് സാന്നിധ്യത്തിൻ്റെ കുറവ് മരണനിരക്കും കുറയ്ക്കുന്നു. അഹമ്മദാബാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ ഹെൽത്ത് നടത്തിയ ഈ പഠനം കണക്കിലെടുക്കേണ്ടതാണ്. ഉയർന്ന തോതിൽ വൈറസ് സാന്നിധ്യം ഉള്ളവർക്ക് അഥവാ രോഗലക്ഷണങ്ങൾ പ്രകടമായുള്ളവർക്ക് മാത്രമേ സമ്പർക്കവിലക്ക് ആവശ്യമുള്ളൂ.

കോവിഡ് 19 ൻ്റെ വ്യാപനം തടയുകയാണ് ഏറ്റവും അടിയന്തിരവും പ്രാഥമികവുമായി നടക്കേണ്ടത്. അതിന് വേണ്ടി വ്യക്തി രോഗപ്രതിരോധ ശേഷി നേടുകയാണ് ആവശ്യം. ഈ വിഷയവുമായി ബന്ധപ്പെട്ടു നാം ചില വസ്തുതകൾ മനസ്സിലാക്കേണ്ടതുണ്ട്. ഒന്നാമതായി ഇന്ത്യാക്കാർക്ക് രോഗ പ്രതിരോധശേഷി താരതമ്യേന കൂടുതലുണ്ട്. യൂറോപ്പിലും, അമേരിക്കയിലുമൊക്കെ അണുവിമുക്ത അന്തരീക്ഷത്തിൽ ജീവിക്കുന്ന മനുഷ്യർ നല്ല ഭക്ഷണവും, ശുദ്ധജലവും ഉപയോഗിക്കുന്നവരാണെങ്കിലും അവർക്ക് രോഗപ്രതിരോധ ശക്തി താരതമ്യേന കുറവാണ്. അതുകൊണ്ടാണ് അവർ അത്യാവശ്യ സാമൂഹ്യ അകലം പാലിച്ചിട്ടും അവിടെ രോഗം അതിശീഘ്രം വ്യാപിക്കുന്നതും മരണസംഖ്യ കൂടുന്നതും. ഇവിടെ ദുഷിച്ച വായുവും, മലിന ജലവും, രോഗാണു സമൃദ്ധമായ ജീവിത സാഹചര്യവും ഉണ്ടായിട്ടാകാം മനുഷ്യർക്ക് അതിജീവന ശക്തി കൂടുതൽ. സംക്രമണ സാധ്യത കൂടുതൽ ആയിട്ടും ഇത്രയെ വ്യാപിക്കുന്നുള്ളു എന്നത് ആശ്വാസകരം. ഈ പരിസരത്ത് ജനിച്ചു വളരുന്ന മനുഷ്യർക്ക് അതിജീവന ശക്തി താരതമേന്യ കൂടുതൽ ഉള്ളതുകൊണ്ട് ഇവിടെയുള്ള ജനങ്ങൾക്ക് പ്രതിരോധശക്തി വർദ്ധിപ്പിച്ച്‌ വീണ്ടും രോഗവ്യാപനം തടയുവാനുള്ള ശ്രമമാണ് അടിയന്തിരമായി നടക്കേണ്ടത്. അതിനായി ഇരുമ്പ്, നാകം, അമിനോ ആസിഡ്, എ മുതൽ കെ വരെയുള്ള ജീവകങ്ങൾ ഉള്ള ഭക്ഷണ സാധനങ്ങൾ അഥവാ ഗുളികകൾ ജനങ്ങളിൽ എത്തിക്കുക, ചൂടുവെള്ളം കുടിച്ച് ശരീരത്തിൻ്റെ താപനില വർദ്ധിപ്പിക്കുക എന്നിവ രോഗ പ്രതിരോധത്തിന് സഹായകമാണ്. ഏറ്റവും ഫലപ്രദവും ചിലവു കുറഞ്ഞതുമായ മാർഗ്ഗമാണ് പ്രതിരോധ ശക്തി വർദ്ധിപ്പിക്കുക എന്നത്. നിർഭാഗ്യവശാൽ ഭരണകൂടം ഈ രംഗത്ത് കാര്യമായി ഒന്നും ചെയ്യുന്നില്ല.

രോഗനിർണ്ണയത്തിന് ടെസ്റ്റ് നടത്തുന്നതുകൊണ്ട് വലിയ പ്രയോജനമില്ല. ഇതൊരു സാംക്രമിക രോഗമായതുകൊണ്ട് ഏതു സമയത്തും പിടിപെടാം. എല്ലാ ദിവസവും ടെസ്റ്റ് നടത്തുന്നത് അപ്രായോഗികം മാത്രമല്ല അങ്ങേയറ്റം ചിലവേറിയുമാണ്. 1000 രൂപ ചിലവ് വരുന്ന ടെസ്റ്റിന് സ്വകാര്യ ആശുപത്രികൾ വാങ്ങുന്നത് 4500 രൂപയാണ്‌. ഇത്രയും കാലം 0.017 ശതമാനം പേരെ മാത്രമാണ് ടെസ്റ്റ് നടത്താൻ കഴിഞ്ഞത്. 227 കോടി രൂപയാണ് ടെസ്റ്റിന് ചിലവായത്. രോഗലക്ഷണം ഡോക്ടർക്ക് കണ്ടെത്താവുന്നതേ ഉള്ളൂ. രോഗലക്ഷണം കാണുന്നവരെ അപ്പോൾ തന്നെ ചികിത്സയ്ക്ക് വിധേയമാക്കുകയാണ് പ്രായോഗികത.

ഇനി ചികിത്സയുടെ കാര്യം. വൈറസിനെ നശിപ്പിക്കുവാനുള്ള ഔഷധം ഇല്ല. ശരീരത്തിൻ്റെ പ്രതിരോധ ശക്തി വർദ്ധിപ്പിച്ച് വൈറസിനെ ചെറുക്കുക മാത്രമാണ് പ്രതിവിധി. രോഗവിമുക്തരായ ആരോഗ്യമുള്ളവരുടെ രക്തത്തിൽ നിന്ന് പ്ലാസ്മ വേർതിരിച്ച് രോഗമുള്ളവരിൽ കുത്തിവച്ച്‌ immunity വർദ്ധിപ്പിച്ച് രോഗം മാറ്റുകയാണ് ഇന്ന് നടക്കുന്ന ഒരു ചികിത്സാരീതി. അതുപോലെ മലമ്പനിയുടെ ചികിത്സക്കായി നിർമ്മിച്ചിരിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിൻ എന്ന മരുന്ന് ഒമേഗാ – 3 യുമായി ചേർത്തു കൊടുത്താൽ ഫലപ്രദമാണ് എന്ന നിരിക്ഷണമാണ് ഡോക്ടർമാർക്കുള്ളത്. നിരന്തരം ചൂടുവെള്ളം കുടിച്ചും, ശരീരത്തിൻ്റെ പ്രതിരോധ ശക്തി വളർത്തിയും ഔഷധ പ്രയോഗത്തിലൂടെയും കോവിഡ് 19 നെ ഫലപ്രദമായി നേരിടാവുന്നതാണ്.

കോവിഡ് 19 ന് വ്യാപന സാധ്യത താരതമ്യേന കൂടുതൽ ആണെങ്കിലും മരണനിരക്ക് പല സാംക്രമിക രോഗങ്ങളെ അപേക്ഷിച്ച് മറ്റ് അസുഖങ്ങൾ ഇല്ലാത്തവർക്ക് താരതമ്യേന കുറവാണ് എന്നത് ആശ്വാസകരം.

എന്നാൽ ലോക്ഡൗൺ നടത്തി കോവിഡ് നിയന്ത്രിക്കുന്നത് ഒരു സാമ്പത്തിക – സാമൂഹ്യ വിഷയമാകും. ലോക്ഡൗൺ നിലവിൽ വരുന്നതോടെ രാജ്യത്തെ വ്യാവസായിക – കാർഷിക മേഖല സ്തംഭിക്കുകയാണ്. ഉത്പാദന – വിതരണ ശൃംഖല മുറിയുന്നു. വിപണി മന്ദിക്കുന്നു. സർക്കാരും, വ്യവസായ – വ്യാപാര – രംഗവുമെല്ലാം ധനപരമായി തളരുന്നു. അതു വഴി നാടിൻ്റെ ധന വ്യവസ്ഥിതിയെ മൊത്തമായി ബാധിക്കുന്നു. വളർച്ച നിരക്ക് തീർത്തും കുറയുന്നു. ഈ മാസം ഗുലാത്തി ഇൻസ്റ്റിട്യൂട്ട് കൊടുത്തിരിക്കുന്ന കണക്കിൻ പ്രകാരം കേരളത്തിൻ്റെ ഒരു മാസത്തെ റവന്യൂ നഷ്ടം 125657 ലക്ഷം കോടി ആണ്. സർക്കാരിൻ്റെ ഖജനാവ് കാലിയാകുന്നതോടെ സകല സാമൂഹ്യ – വികസന സംരഭങ്ങളും നിലയ്ക്കും. ശമ്പളം, പെൻഷൻ എന്നിവ കിട്ടാതാവും. സർക്കാർ മേഖലയിലുള്ള വിദ്യാഭ്യാസ – ആതുരസേവന മേഖലകളെല്ലാം ബുദ്ധിമുട്ടിലാകും. സർക്കാർ – സ്വകാര്യ മേഖലകളിലുള്ള എല്ലാ വ്യവസായ സംരഭങ്ങൾക്കും ഉണ്ടാകാവുന്ന നഷ്ടം കണക്കുകൾക്ക് അപ്പുറമായിരിക്കും. കേരളത്തിലെ വ്യാപാര – വ്യവസായ സംഘടനയുടെ കണക്കനുസരിച്ച് 300000 വ്യാപാര സ്ഥാപനങ്ങൾ കോവിഡ് ലോക്ഡൗൺ കഴിയുമ്പോഴേക്കും അടച്ചു പൂട്ടേണ്ടതായി വരും. സാമ്പത്തിക വിദഗ്ദ്ധരുടെ കണക്കനുസരിച്ച് 20 ാം നൂറ്റാണ്ടിൻ്റെ പ്രാരംഭ ഘട്ടത്തിലുണ്ടായ Great Depression നെക്കാളും സമ്പത്തിക അന്തരീക്ഷം വഷളാകും. കോവിഡ് നാളെ മാറും അതിനുശേഷവും മനുഷ്യർക്ക് ജീവിക്കേണ്ടതുണ്ടല്ലോ.

വ്യവസായ – കാർഷിക രംഗത്തെ തകർച്ചയോടെ തൊഴിലില്ലായ്മ അനേക ഇരട്ടിയാകും. ഒരു മാസത്തെ ലോക് ഡൗൺ കഴിഞ്ഞപ്പോഴേക്കും അമേരിക്കൻ ഐക്യനാടുകളിൽ 33.5 ദശലക്ഷം പേർക്കാണ് ജോലി നഷ്ടമായത് .അതിലും വലിയ തൊഴിൽ നഷ്ടം ഇന്ത്യയിലുണ്ടാകും. ഇന്ത്യയിലെ തൊഴിലാളികൾ കൂടുതലും അസംഘടിത തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവരാണ്. തൊഴിൽ നഷ്ടം, പട്ടിണി, രോഗം, മരണം എല്ലാം വർദ്ധിക്കും. ലോക ദരിദ്രരുടെ എണ്ണം 125 കോടിയിൽ നിന്നും 165 കോടിയിലെത്തും. സാമ്പത്തിക രംഗത്തെ തകർച്ച കൊണ്ട് മരിക്കുന്നവരുടെയും, രോഗികളാകുന്നവരുടെയും എണ്ണം കോവിഡ് രോഗം കൊണ്ട് രോഗികളും മരിക്കുന്നവരുടെ തിലും അനേക മടങ്ങ് ആയിരിക്കും. അതായത് സാമ്പത്തിക ഭദ്രത അവഗണിച്ച് കൊറോണാ രോഗ നിവാരണത്തിനായി നടക്കുന്ന ശ്രമം സൃഷ്ടിക്കുന്ന ധനബാധ്യതയും സാമൂഹ്യ പ്രശ്നങ്ങളും ഭീകരമായിരിക്കും. ഇന്ത്യ പോലുള്ള സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള രാജ്യങ്ങൾ സകലതും അടച്ചു പൂട്ടി കോവിഡ് നിയന്ത്രണത്തിന് പോയാൽ ഭവിഷ്യത്തുകൾ ചിന്തകൾക്കും ആൾ – സമ്പത്ത് നഷ്ടം ഭാവനകൾക്കും അപ്പുറത്ത് ആയിരിക്കും. ഈ സാമ്പത്തിക തകർച്ച വരുത്തി വയ്ക്കുന്ന സാമൂഹ്യ – സാംസ്ക്കാരിക – മത പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കാത്തതും ആയിരിക്കും.

കൂടാതെ ലോക്ഡൗൺ നടപ്പിലാക്കുന്നത് വഴി നാം ഉദ്ദേശിക്കുന്ന ഫലം ഉണ്ടാവുകയുമില്ല. ഇന്ത്യയിൽ താരതമ്യേനയും ചെറിയ വീടുകളിൽ കൂടുതൽ അംഗങ്ങൾ ആണ് താമസിക്കുന്നത്. ചേരിപ്രദേശങ്ങളിൽ താമസിക്കുന്നവരുടെ എണ്ണവും കുറവല്ല. ഇവർക്കെല്ലാം എങ്ങനെ സാമൂഹ്യ അകലവും ശുചിത്വവും പാലിക്കാനാവും. എത്ര പേർക്ക് നിർദ്ദിഷ്ട മാസ്കുകൾ മാറി മാറി അണിയാനാകും. ഇങ്ങനെ ഭൂരിപക്ഷം പേരും ഈ സാഹചര്യത്തിൽ കഴിയുമ്പോൾ സാമൂഹ്യ അകലവും, ശുചിത്വ നിയമങ്ങളും, കോവിഡ് തടസ ഉപാധികളും അനുസരിച്ച് രോഗത്തെ തടയാനാവില്ല. ഭൂരിപക്ഷത്തിനും അതു സാധിക്കാത്ത സാഹചര്യത്തിൽ ലോക് ഡൗൺ ഫലപ്രദമായി പ്രയോഗിക്കാനാവില്ല എന്ന് ഓർക്കുക.

മനുഷ്യ ജീവൻ വിലപ്പെട്ടതാണ്. അത് നഷ്ടപ്പെടുവാൻ ഒരു കാരണവശാലും അനുവദിക്കില്ല എന്ന് തുടങ്ങിയ രാഷ്ട്രീയ ഭാഷ വികാരത്തിൻ്റേതാണ്. അതിൽ ഒരു ആത്മാർത്ഥതയുമില്ല. ഇന്ത്യയുൾപ്പെടെ സാമൂഹ്യ – സാമ്പത്തീക നീതി ഉറപ്പിക്കാൻ കഴിയാത്ത രാജ്യങ്ങൾ യുദ്ധ ഉപകരണങ്ങൾ വാങ്ങുന്നതിനും, സൈന്യത്തെ നില നിർത്തുന്നതിനുമായി ചെലവഴിക്കുന്ന തുക എത്രയോ ഭീമമാണ്. കാരണം ലോകത്തിൽ സൈനിക ആവശ്യങ്ങൾക്ക് ഏറ്റവും അധികം പണം ചെലവിടുന്ന നാല് രാജ്യങ്ങളിൽ പെടുന്നതാണ് ഇന്ത്യ. ആ ധനം ദരിദ്രൻ്റെ ആരോഗ്യ സംരക്ഷണത്തിനും, വിദ്യാഭ്യാസത്തിനും ദാരിദ്ര നിർമാർജ്ജനത്തിനുമല്ല പോകുന്നത്. അതുകൊണ്ട് തന്നെ എത്രയോ പേർ സാമൂഹ്യ നീതി ലഭിക്കാതെ മരിക്കുന്നു. യുദ്ധങ്ങൾ – ഏറ്റുമുട്ടലുകൾ വഴി എത്ര പേർ കൊല്ലപ്പെടുന്നു. ഇങ്ങനെ മരിക്കുന്നവരുടെ ജീവന് വിലയില്ല എന്ന് സൂചന. രോഗം കൊണ്ട് നഷടപ്പെടുന്ന ജീവന് മാത്രമേ വിലയുള്ളൂ എന്നുണ്ടോ?

രാഷ്ട്രം തന്നെ മദ്യവ്യവസായത്തിലൂടെ എത്ര കുടുംബങ്ങളിൽ സാമ്പത്തിക തകർച്ച, ഭിന്നത, രോഗം, മരണം സൃഷ്ടിക്കുന്നു. അവിടെ നടക്കുന്ന ജീവൻ നഷ്ടമൊന്നും രാഷ്ട്രീയ അധികാരികൾക്ക് വിഷയമല്ല. ദിനംതോറും ലോകത്തിൽ ഏകദേശം 8000 പേരാണ് പട്ടിണി – പോഷക കുറവുകൊണ്ട് മരിക്കുന്നത്. ആരും അതിൽ വിലപിക്കുന്നില്ല. കാരണം മരിക്കുന്നത് ദരിദ്രർ മാത്രം. കോവിഡ്‌ മൂലം മരിക്കുന്നത്‌ ദരിദ്രർ മാത്രമല്ല. അതാണ്‌ രോഗം തടയാൻ എന്തും ചെലവാക്കാം എന്ന ചിന്ത വന്നിരിക്കുന്നത്. ആരോഗ്യ സംരക്ഷണത്തിൻ്റെ പേരിൽ ധനകാര്യം അശാസ്ത്രീയമായി കൈകാര്യം ചെയ്താൽ കോവിഡ് വ്യാപനം തടയാൻ ആവണമെന്നില്ല. എന്നു മാത്രമല്ല സാമ്പത്തിക തകർച്ച മൂലമുള്ള പ്രത്യാഘാതങ്ങൾ താങ്ങാവുന്നതിലപ്പറമായിരിക്കും. അങ്ങനെ പോയാൽ ദാരിദ്ര്യം – രോഗം കൊണ്ട് മരിക്കുന്നവരുടെ എണ്ണം അനേക ഇരട്ടിയായിരിക്കും. അതായത് രോഗ വ്യാപനത്തെ തടയുവാനായി ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ലോക്ഡൗൺ പ്രഖ്യാപിച്ചാൽ രോഗവ്യാപനം കാര്യമായി തടയപ്പെടുന്നില്ല. മാത്രമല്ല, ദാരിദ്യം, തൊഴിലില്ലായ്മ, ഇതര രോഗങ്ങൾ എന്നിവ കൊണ്ട് കഷ്ടപ്പെടുന്നവരും മരിക്കുന്നവരും അനേക മടങ്ങായിരിക്കും. മാത്രമല്ല പട്ടിണി കിടന്നും കുടുംബത്തെ പുലർത്താൻ സാധിക്കാതെയും ഉള്ള മരണം രോഗം കൊണ്ടുള്ള മരണത്തേക്കാൾ കൂടുതൽ ഭീകരവുമാണ്.

ജീവനെ നിലനിർത്തുന്നതിന് സഹായിക്കുക എന്നത് ഭരണാധികാരികളുടെ ചുമതലയാണ്. എങ്കിലും ആർക്കും ആരെയും അമർത്യരാക്കുവാനാകില്ല. എന്നെങ്കിലും എല്ലാവരും മരിക്കും. ക്രിസ്ത്യാനികൾ മരണം ദു:ഖകരമെന്ന് പറയുമ്പോഴും, ദു:ഖവും, രോഗവും, പീഡനവും ഇല്ലാത്ത മരണാനന്തര അവസ്ഥയെപ്പറ്റി പ്രത്യാശ വയ്ക്കുന്നവരാണ്. അതുകൊണ്ട് ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായ സംവിധാനങ്ങൾ സൃഷ്ടിക്കുവാൻ ജാഗ്രത പുലർത്തേണ്ട എന്നല്ല. മരണത്തെ പറ്റി അത്ര വലിയ വിലാപം രാഷ്ട്രീയക്കാർ സൃഷ്ടിക്കുന്നതിന് ന്യായമൊന്നുമില്ല.സാംക്രമിക വ്യാധികൾ വന്നാൽ കുറെ പേർ മരിക്കും. അത് സ്വാഭാവികമാണ്.ഇതുമായി ബന്ധപ്പെട്ട് രോഗികളുടെയും അല്ലാത്തവരുടെയും മരണസംഖ്യ എങ്ങനെ കുറക്കാം എന്നാകണം അന്വേഷണം.

ഒരു മുന്നറിയിപ്പും കൂടാതെയാണ് ഇന്ത്യയിൽ ലോക് ഡൗൺ പ്രഖ്യാപിച്ചത്. അതു ഇവിടുത്തെ ദരിദ്രർക്കും, അന്യസംസ്ഥാന തൊഴിലാളികൾക്കും സൃഷ്ടിച്ച ദുരിതം അളവറ്റതാണ്. 26 ലക്ഷം പേർ ഇന്നും സ്വന്തം ഭവനങ്ങളിൽ എത്താതെ യാത്രയിലുണ്ട്. ഇന്ത്യ വിഭജനത്തോടെ അനുഭവിച്ച ദുരിത യാത്രയുടെ ശരി ആവർത്തനമായിരുന്നു. അതുകൊണ്ടുണ്ടാകുന്ന മരണം, കഷ്ടപ്പാട് എല്ലാം എത്ര വലുതാണ് എന്ന് വാർത്തകൾ വ്യക്തമാക്കുന്നു. ഇതൊന്നും ഭരണാധികാരികൾക്ക് വിഷയമേയല്ല .ജോലി ചെയ്യുന്നതിൽ അഭിമാനിക്കുന്ന തൊഴിലാളികൾ ആരുടെയെങ്കിലും സൗജന്യം പറ്റി ജീവിക്കേണ്ടി വരുന്നതിൽ അനുഭവിക്കുന്ന ആത്മനിന്ദ രാഷ്ട്രീയ നേതാക്കൾ മനസ്സിലാക്കുന്നുമില്ല.

സത്യത്തിൽ സാംക്രമിക രോഗങ്ങൾ വരുമ്പോൾ നടത്തുന്ന പ്രവർത്തനങ്ങൾക്ക് പകരം നാടിൻ്റെ സാമൂഹ്യനീതി ഉറപ്പിക്കലും ആരോഗ്യരക്ഷക്ക് ആവശ്യമായ ക്രമീകരണം (system) സൃഷ്ടിക്കുകയും ആണ് ചെയ്യേണ്ടത്. തൊഴിലാളിക്ക് തൊഴിൽ നഷ്ടപ്പെടാത്ത സാഹചര്യം, കടക്കെണി കൊണ്ട് കൃഷി, വ്യവസായം എന്നിവ നഷ്ടത്തിലാകാത്ത ചുറ്റുപാട് വ്യക്തിക്ക് കടാശ്വാസം എന്നിവ സൃഷ്ടിക്കപ്പെടണം. അതിവിടെ നടക്കുന്നില്ല. പൗരസമൂഹത്തിൻ്റെ ക്ഷേമം അന്വേഷിക്കുന്ന രാജ്യം സുസ്ഥിര വികസനത്തിനും, സാമൂഹ്യക്ഷേമത്തിനും എല്ലാ വ്യക്തികളുടെയും ശാരീരിക – മാനസിക ധാർമിക പുരോഗതിക്കും ആണ് ശ്രമിക്കേണ്ടത്.

പ്രായോഗികത അവഗണിച്ച് ഭരണകൂടം നാട് മുഴുവൻ അടച്ചിട്ടും, നാടിനെ ദാരിcദ്യത്തിലേക്ക് നയിച്ചും, ദരിദ്രനെ പട്ടിണിക്കും, മരണത്തിനും എഴുതിതള്ളിയും, ശരിയായ ഒരു ആരോഗ്യ പദ്ധതിയെപ്പറ്റി ചിന്തിക്കാതെയും കോവിഡ് 19 ൻ്റെ പേരിൽ നടത്തുന്ന നടപടികൾ രാജ്യത്തെ സമൂലനാശത്തിലേക്ക് തള്ളിവിടും.

പ്രവർത്തന മേഖലകൾ എല്ലാം സജീവമാകട്ടെ. രോഗ സാധ്യതയുള്ളവർ ശ്രദ്ധിക്കട്ടെ. രോഗ പ്രതിരോധത്തിനും, ചികിത്സയ്ക്കും വേണ്ട പദ്ധതികൾ വഴി കോവിഡിനെ നേരിടുകയും ചെയ്യുക. രോഗബാധ കൊണ്ട് കുറേ പേർക്ക് ജീവൻ നഷ്ടപ്പെട്ടേക്കാം. എന്നാൽ കഴിയുന്നത്ര അതിൻ്റെ എണ്ണം കുറയ്ക്കാനായി ജാഗ്രത പുലർത്തുകയാണ് വേണ്ടത്. സ്വീഡൻ, ന്യൂസിലൻഡ്, ജർമ്മനി മറ്റ് തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ ഈ പ്രതിഭാസത്തെ എങ്ങനെ നേരിടുന്നു എന്ന് കൃത്യമായി നമ്മുടെ നേതാക്കൾ പഠിക്കണം. അടുത്ത കാലത്തു തന്നെ ലോകത്ത് എംബോള,നിപ്പ, ചിക്കൻ ഗുനിയ തുടങ്ങിയ രോഗങ്ങൾ പടർന്നിരുന്നു. അവ ഏതാനും മാസങ്ങൾക്ക് ശേഷം ശമിച്ചു. ഇതും മാറി വരും എന്ന് ചിന്തിക്കാം. എന്നാൽ ഇവിടെ രോഗ നിവാരണത്തോടൊപ്പം, സാമ്പത്തിക ഭദ്രതയും നമ്മുടെ ബാധ്യതയായി മനസ്സിലാക്കുവാൻ ശ്രമിക്കുക. അല്ലെങ്കിൽ ഇപ്പോഴത്തെ കോവിഡ് വ്യാപന തടയൽ മാർഗ്ഗം ആത്മഹത്യാപരമായിരിക്കും. സാംക്രമിക രോഗങ്ങൾ പ്രകൃതി നിയമപ്രകാരം സ്വാഭാവികമായി നടക്കുന്ന പ്രതിഭാസമാണ്. ചരിത്രാതീതകാലം മുതൽ ഇത് സംഭവിച്ചു വരുന്നു. അതുകൊണ്ട് ഇത് സംഭവിക്കുന്നതിന് ഒരു പ്രത്യേക സാഹചര്യം ഉണ്ട് എന്ന് പറയാനാവില്ല. അന്വേഷിച്ചിട്ടും കാര്യമില്ല. എന്നാൽ അതിജീവനശക്തിയില്ലാത്തവരും, വൃദ്ധരും ഇതിൻ്റെ മരണ താണ്ഡവത്തിന് വിധേയരാകുന്നു. ശാസ്ത്രത്തിൻ്റെയും, വൈദ്യശാസ്ത്ര രംഗത്തെ പുരോഗതിയുടെയും ഫലമായി ജീവിതം നീട്ടി കിട്ടിയവർ സാംക്രമിക രോഗത്തിൻ്റെ പിടിയിലാവുന്നു. ആരോഗ്യമുള്ളവരുടെ തലമുറ സൃഷ്ടിക്കവാനുള്ള പ്രകൃതിയുടെ ഒരു ക്രമീകരണമായി ഇതിനെ കാണുകയാണ് വേണ്ടത്. ഒപ്പം തന്നെ സമൃദ്ധിയുടെ നടുവിൽ ദൈവിക ബന്ധവും, ധാർമ്മികതയും നഷ്ടപ്പെട്ട സമൂഹത്തെ സ്വയം പര്യാപ്തയുടെ മിഥ്യാബോധത്തിൽ നിന്ന് നിവൃത്തിച്ച് തിരിച്ചറിവിലേക്കും, ദൈവാശ്രയത്തിലേക്കും, സഹോദര സ്നേഹത്തിലേക്കും നയിക്കുവാൻ സഹായകമാണ് സാംക്രമിക രോഗങ്ങളും എന്ന്‌ ഓർക്കേണ്ടതുണ്ട്. ഭക്ഷണശാലകളും ഓഫീസുകളും വിപണന സംവിധാനങ്ങളും സജീവമായി വരുന്ന സാഹചര്യത്തിൽ ദേവാലയങ്ങളിൽ ആരാധനയും നിയന്ത്രിതമായിട്ട് എങ്കിലും നടത്തുവാൻ ശ്രമിക്കുകയാണ്‌ സഭകൾ ചെയ്യേണ്ടത്.ഈ രോഗം മാസങ്ങളോളം നീണ്ടുപോയേക്കും എന്ന് ഓർക്കുക.