പ്രവാസികള്‍ നാം


(വത്സലരേ ദൂരത്തെന്തിനു നില്‍ക്കുന്നെ… എന്ന ട്യൂണില്‍)

ഞങ്ങള്‍ തന്‍ പ്രിയരാം ഓരോരുത്തരെയും
അകലത്താക്കും മരണത്തിന്‍ താഡനമേറ്റ്
വ്യഥയില്‍ പുളയുന്ന ഹൃദയത്തിന്‍ ഭാരം
ആളില്ലറിയാന്‍ സാന്ത്വനമായ്ത്തീര്‍ന്നീടാനും

മരണത്തിന്‍ ചുഴിയില്‍ ആഴത്തില്‍ താഴ്ന്ന്
ശ്വാസത്തിന്നായ് പൊങ്ങാത്തോരു മുങ്ങല്‍ മാത്രം
തിരികെ വരാതുള്ള യാത്രയിതാണെങ്കില്‍
സമയമതില്ലവൃഥാവാക്കാന്‍ അല്പം പോലും

നശ്വരലോകത്തേക്കില്ലിനിയൊരു വരവ്
എങ്കില്‍ വ്യര്‍ത്ഥത വിട്ടുണരാം ഉത്തമനരരായ്
സ്നേഹത്തില്‍ വളരാം സത്യത്തില്‍ മുതിരാം
നൈര്‍മ്മല്യം വിനയം നിറയും ഹൃദയം നേടാം

പരദേശികളായ ഞങ്ങള്‍ക്കില്ലിവിടെ
സ്ഥിരമൊരു വാസം ഒരു നാളും നശ്വര ലോകേ
പാമര പണ്ഡിത ഭേ-ദം കൂടാതെ വരും
മരണത്തിന്‍ സവിധേയെന്നും പൂര്‍ണ്ണ സമത്വം

മരണത്തിന്‍ചുഴിയില്‍ മുങ്ങിയ മമനാഥന്‍
ശൂന്യതയില്‍ വീഴാതെത്തി ശോഭിത തീരം
മരണത്തെക്കൊന്ന് എന്നും ജീവിക്കും
അവിടുന്നേകും വന്‍ ധൈര്യം പ്രത്യാശയതും

ദുരിതത്തിന്‍ കാലം ദൂരത്തീന്നെല്ലാം
സ്വന്തം വീട്ടില്‍ നാട്ടില്‍ വന്നെത്തീടുംപോല്‍
ശോഭിതയാത്രയ്ക്കായ് പ്രത്യാശ-യേക
നിത്യസുന്ദര ഭവനത്തില്‍ ചെന്നെത്തീടാന്‍

വിശ്വാസക്കണ്ണാല്‍ മാത്രം ദര്‍ശിച്ച
നാഥാ നിന്‍ സന്നിധിയണയും ആമോദത്താല്‍
അവിടെ തിരുസവിധേ അനശ്വര ഭവനത്തില്‍
പൂര്‍വ്വികര്‍ ചേര്‍ക്കും ഞങ്ങളെ വന്‍ സന്തോഷത്താല്‍

മൃത്യു നയിക്കുമ്പോള്‍ സ്നേഹിതരില്ലാരും
കൂട്ടിന്നില്ലാ ധനമഹിമകളല്പം പോലും
അന്ത്യത്തിനു മുമ്പേ സ്നേഹം നല്‍കീടാം
സമയം സമ്പത്തെന്നിവയും പങ്കിട്ടീടാം

ആത്മാവേ വന്ന് ആവാസം ചെയ്ത്
കര്‍ത്തന്‍ രൂപമതാക്കണമേ ഞങ്ങളെയെല്ലാം
ലോകത്തിനു സൗഖ്യം മോചനമേകാനും
ദുരിതനിവാരണ സ്നേഹമതായ് തീര്‍ത്തീടണമേ

രചന: ഫാ. ബിജേഷ് ഫിലിപ്പ്