“നമുക്ക് പോരാട്ടമുള്ളത്…” / ഫാ. ഡോ. കെ. എം. ജോര്‍ജ്


ഈ കോവിഡ് കാലത്ത്, ആര്‍ക്കെങ്കിലും ഫോണ്‍ ചെയ്യാനായി നമ്പര്‍ കുത്തിയാലുടന്‍ നാം കേള്‍ക്കുന്നത് കോവിഡ് രോഗത്തിനെതിരെ പോരാടാന്‍ സര്‍ക്കാര്‍ നല്‍കുന്ന സന്ദേശമാണ്. “… നമുക്ക് പോരാട്ടമുള്ളത് രോഗത്തോടാണ്, രോഗികളോടല്ല. …” ബൈബിള്‍ കുറച്ചെങ്കിലും പരിചയമുള്ളവര്‍ക്ക് പെട്ടെന്ന് മനസ്സില്‍ വരാവുന്നത് ഏതാണ്ട് രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറത്ത്, പൗലോസ് അപ്പോസ്തലന്‍ എഫേസൂസ് നഗരത്തിലെ വിശ്വാസികള്‍ക്കെഴുതിയ വാക്യമാണ്: “നമുക്കു പോരാട്ടമുള്ളത് ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും, ഈ അന്ധകാരത്തിന്‍റെ ലോകാധിപതികളോടും സ്വര്‍ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ” (എഫേസ്യര്‍ 6:12).

റോമാ സാമ്രാജ്യത്തിലെ സൈനിക സന്നാഹങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്ന വിശുദ്ധ പൗലോസ് ഒരു യുദ്ധ യുദ്ധത്തെക്കുറിച്ചും, ആ യുദ്ധത്തില്‍ ഭടന്മാര്‍ അണിയേണ്ട വേഷവിധാനങ്ങളെയും ആയുധവര്‍ഗ്ഗത്തെയും പറ്റിയാണ് സംസാരിക്കുന്നത്. ഇവിടെ പക്ഷേ ബാഹ്യമായ യുദ്ധമല്ല, ആദ്ധ്യാത്മികതലത്തിലുണ്ടാവേണ്ട ആന്തരിക പോരാട്ടമാണ് അദ്ദേഹം സൂചിപ്പിക്കുന്നത്.

ജഡരക്തങ്ങള്‍ (flesh and blood) എന്നു പറയുന്നത് മനുഷ്യരെക്കുറിച്ചും നമുക്ക് ദൃശ്യമായ ജൈവലോകത്തെ ക്കുറിച്ചുമാണ് എന്ന് ന്യായമായും ചിന്തിക്കാം. മനുഷ്യര്‍ നമ്മുടെ ശത്രുക്കള്‍ ആണെങ്കിലും, മിത്രങ്ങള്‍ ആണെങ്കിലും, സ്വദേശിയാണെങ്കിലും വിദേശിയാണെങ്കിലും സ്വജാതിയാണെങ്കിലും വിജാതിയാണെങ്കിലും നമുക്ക് അന്തിമമായ പോരാട്ടം മനുഷ്യരോടല്ല. നമ്മുടെ ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന ജീവജാലങ്ങളോടുമല്ല. കൊറോണാ വൈറസ് മനുഷ്യന്‍ ഉയര്‍ത്തിയ എല്ലാ വിഭാഗീയതകളെയും തകര്‍ത്തപ്പോള്‍, മനുഷ്യരെല്ലാം ഏക ശരീരമാണെന്നും നമുക്കു വീണ്ടു വ്യക്തമായി. അപ്പോള്‍ മനുഷ്യര്‍ക്കെതിരായി മനുഷ്യര്‍ നടത്തുന്ന എല്ലാ പോരാട്ടങ്ങളും, അത് വന്‍ രാഷ്ട്രങ്ങളുടെ യുദ്ധസന്നാഹങ്ങള്‍ ആണെങ്കിലും, രണ്ടു വ്യക്തികള്‍ തമ്മിലുള്ള പക യാണെങ്കിലും നാം സ്വന്ത ശരീരത്തിനെതിരെ നടത്തുന്ന പോരാട്ടമാണ്. “ആരും സ്വന്ത ശരീരത്തെ ദ്വേഷിക്കുന്നില്ലല്ലോ” (എഫേസ്യര്‍ 5:29). മനുഷ്യര്‍ തമ്മിലുള്ള എല്ലാ പോരാട്ടങ്ങള്‍ക്കും പരിഹാരം കാണാന്‍ മനുഷ്യര്‍ക്ക് വേണമെങ്കില്‍ കഴിയും. പരിഹാരമില്ലാത്ത ഒരു മനുഷ്യബന്ധ പ്രശ്നങ്ങളുമില്ല.

പരമ്പരാഗത വ്യാഖ്യാനങ്ങളില്‍ ‘ജഡരക്തങ്ങള്‍’ എന്നത് മനുഷ്യരായ സഹോദരങ്ങളെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യങ്ങളില്‍, പാരിസ്ഥിതികമായ പ്രതിസന്ധികള്‍ മൂലം ഭൂമിയിലെ ജൈവ ശൃംഖലയെക്കുറിച്ചും (network of life) മനുഷ്യര്‍ക്ക് അതിനോടുള്ള അഭേദ്യബന്ധത്തെക്കുറിച്ചും പുതുതായി ചിന്തിക്കാന്‍ നമുക്ക് സാധിക്കുന്നുണ്ട്. ഈ ചിന്തകള്‍ പ്രവൃത്തിപഥത്തിലേക്ക് കാര്യമായി ഒന്നും വന്നിട്ടില്ല എങ്കിലും, നാം കൂടുതല്‍ ആഴത്തില്‍ ഈ ചിന്തകളെ പിന്തുടരണം. അപ്പോള്‍ ‘ജഡരക്ത’ങ്ങളുടെ വകുപ്പില്‍ മനുഷ്യരെ മാത്രമല്ല, നമ്മുടെ സഹജീവികളും മനുഷ്യജീവിതം ഇവിടെ സുസാധ്യമാക്കുന്ന സകല ജീവജാലങ്ങളെയും ഉള്‍പ്പെടുത്തണം. നമ്മെ ഉപദ്രവിക്കും എന്ന് നാം കരുതുന്ന വന്യജീവികളെയും നമ്മുടെ വിളകള്‍ തിന്നു നശിപ്പിക്കും എന്നു വിചാരിക്കുന്ന പക്ഷിമൃഗാദികളെയും എല്ലാം അക്കൂടെ പെടുത്തേണ്ടി വരും. സൂക്ഷ്മ ലോകത്തില്‍ നമുക്ക് അദൃശ്യവും എണ്ണമെടുക്കാന്‍ അസാധ്യവുമായ ബാക്ടീരിയകളും വൈറസുകളും ഈ ജഡരക്തങ്ങളുടെ വകുപ്പില്‍ത്തന്നെ. ചുരുക്കത്തില്‍ ഭൗതികലോകത്തില്‍ കാണപ്പെടുന്നവയും കാണപ്പെടാത്തവയുമായ ഒന്നിനോടുമല്ല നമുക്കു പോരാട്ടമുള്ളത്.

അപ്പോള്‍ ചോദിക്കാം, നമ്മുടെ ജീവനെയും ക്രമങ്ങളെയും തകിടംമറിക്കുന്ന കൊറോണാ വൈറസിനെതിരെ നാം പോരാടേണ്ടതല്ലേ എന്ന്. ശരിയായ ചോദ്യമാണ്. എന്നാല്‍ ഇവിടെ ആഴത്തില്‍ ഈ ചിന്തകളെ പിന്തുടരണം. ഏകപക്ഷീയമായ ധാരണകളെയും ഭാഷാ പ്രയോഗങ്ങളെയും നാം പുനഃപരിശോധിക്കേണ്ടി വരും. മനുഷ്യരെ കൊല്ലാന്‍ വേണ്ടിയല്ല വൈറസുകളെ ദൈവം സൃഷ്ടിച്ചത്. പറുദീസയില്‍ മരങ്ങളും മൃഗങ്ങളുമുണ്ടായിരുന്നുവെന്ന് നാം ഉല്‍പ്പത്തി കഥയില്‍ വായിക്കുന്നുണ്ട്. അപ്പോള്‍ അവിടെ സൂക്ഷ്മജീവികളായ ബാക്ടീരിയകളും വൈറസുകളും ഉണ്ടായിരുന്നു എന്ന് അനുമാനിക്കാം. പക്ഷേ യാതൊരു ഭയമോ ശത്രുതയോ ആക്രമണമോ മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കുമിടയില്‍ ഉണ്ടായിരുന്നില്ല. അവരുടെ സഹവാസം സന്തോഷവും പ്രകാശവും മാത്രം ഉളവാക്കി. അതുകൊണ്ടു കൂടിയാണ് അത്തരമൊരു അവസ്ഥയെ ‘പറുദീസ’ എന്ന് നാം വിശേഷിപ്പിക്കുന്നത്. നോഹ ദൈവകല്‍പനയനുസരിച്ചു സകല ജീവജാലങ്ങളുടെയും ഇണകളെ പെട്ടകത്തില്‍ പ്രവേശിപ്പിച്ചു സംരക്ഷിക്കുന്നുണ്ട്. രാജവെമ്പാലയും തുരപ്പന്‍ എലിയും, ചാഴിയും വെട്ടുക്കിളിയും എല്ലാം തീര്‍ച്ചയായും ഇണകളോടൊപ്പം പാസ് വാങ്ങിച്ച് അകത്തു കയറിക്കാണും. ആ സംഭവത്തിന്‍റെ റിപ്പോര്‍ട്ട് എഴുതിയ ആള്‍ക്ക് (മോശയുടെ സ്വന്തം പ്രതിനിധി) ഒരിക്കലും കാണാന്‍ സാധിക്കാതിരുന്ന സൂക്ഷ്മജീവികളും ഉള്ളില്‍ കടന്നിട്ടുണ്ട് എന്ന് ന്യായമായി അനുമാനിക്കാം. കാരണം പിന്നീട് നോഹ മുന്തിരിത്തോട്ടം നട്ടു, മുന്തിരിങ്ങ പിഴിഞ്ഞ് വീഞ്ഞാക്കുമ്പോള്‍ അതിനെ ലഹരിയുള്ള പാനീയമാക്കാന്‍ ബാക്ടീരിയങ്ങള്‍ അനുപേക്ഷണീയമായിരുന്നു. നോഹയുടെ കാലത്തെ പ്രളയത്തിനുശേഷമാണ് മൃഗങ്ങള്‍ക്കെല്ലാം മനുഷ്യരെ “പേടിയും നടുക്കവു”മായത് (ഉല്‍പത്തി 9). (എത്ര ശക്തിയേറിയ വാക്കുകളാണ് എന്നോര്‍ക്കണം). കാരണം മനുഷ്യര്‍ മൃഗങ്ങളെയും പക്ഷികളെയും കൊന്നു തിന്നാന്‍ തുടങ്ങി. അതുവരെ സസ്യഭോജിയായിരുന്ന മനുഷ്യന്‍ പ്രളയാനന്തര ലോകത്തില്‍ അക്രമിയും രക്തപ്രിയനുമായി. അതുവരെ നാട്ടു ജീവിയും വന്യജീവിയും തമ്മില്‍ വ്യത്യാസമില്ലായിരുന്നു. എല്ലാവരും ആദമിനോടും ഹവ്വായോടും തോളുരുമ്മി നടന്നവരാണ്. വൈറസുകളുടെ കാര്യവും അങ്ങനെ തന്നെ. വാസ്തവത്തില്‍ കൊറോണാ പോലെയുള്ള പരാദ ജീവികളായ എല്ലാ വൈറസുകള്‍ക്കും മനുഷ്യനെ പേടിയും നടുക്കവുമാണ്. അവയുടെ സ്വസ്ഥ സ്ഥാനങ്ങളില്‍ നിന്ന് പൊട്ടിത്തെറിച്ച് പടരാന്‍ കാരണം മനുഷ്യന്‍റെ അറിവില്ലായ്മയും കൊതിയും അഹങ്കാരവുമാണ് എന്ന് വിവേകമതികള്‍ നമ്മെ പഠിപ്പിക്കുന്നു. നാം ആദ്യം കണ്ട സര്‍ക്കാര്‍ സന്ദേശത്തില്‍ വൈറസിനെ കൊല്ലാനല്ല പറയുന്നത്, അവയെ ഒഴിഞ്ഞു മാറാനാണ്. വിഷമുള്ള സര്‍പ്പങ്ങളുടെ കാര്യത്തിലെന്നപോലെയാണ് ഇവിടെയും. ഒഴിഞ്ഞുമാറുക. അതിനാണ് ശാരീരിക അകലവും മാസ്ക്കും കൈകഴുകലും മറ്റും. ആര്‍ക്കും വൈറസിനെ കൊല്ലാനാവില്ല. ഒന്നിനെ കൊന്നാല്‍ വേറെ പതിനായിരം കോടികള്‍ ഉണ്ട്. കോവിഡ് – 19 എന്ന രോഗം വന്നാലും മരുന്ന് കൊടുക്കുന്നത് വൈറസിനെതിരെയല്ല. കാരണം അങ്ങനെയൊരു മരുന്ന് നിലവിലില്ല. രോഗലക്ഷണങ്ങള്‍ മൂര്‍ച്ഛിച്ച് മരണത്തിലേക്ക് പോകാതെ രോഗിക്ക് ആവശ്യമായ താങ്ങല്‍ കൊടുത്ത്, ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക മാത്രമാണ് വൈദ്യന്മാര്‍ ചെയ്യുന്നത്. ഇനി താമസിയാതെ വാക്സിന്‍ കണ്ടുപിടിച്ചാല്‍, അതും വൈറസിനെ കൊല്ലാനല്ല (കൊല്ലാനാവില്ല), നമ്മുടെ ശരീരത്തില്‍ പ്രവേശിച്ച് രോഗം ഉണ്ടാക്കാനുള്ള വഴി അടച്ച് പ്രതിരോധം തീര്‍ക്കുകയാണ്.

കഥയും കാര്യവും കൂടി ഇത്രയും പറഞ്ഞത്, ‘ജഡരക്തങ്ങള്‍’ എന്ന് അപ്പോസ്തലന്‍ പറയുന്നതില്‍ സൂക്ഷ്മജീവികളായ വൈറസുകളും ഉള്‍പ്പെടും എന്ന് അനുമാനിക്കാനും, നമുക്ക് പോരാട്ടമുള്ളത് അവയോടൊന്നുമല്ല എന്ന് വ്യക്തമാക്കാനുമാണ്. നാമെല്ലാം ചേര്‍ന്ന് ഒരു ശരീരമാണ് എന്നുള്ള ബോധത്തിലേക്ക് എപ്പോള്‍ മനുഷ്യരാശി ഉയരുന്നുവോ അന്ന് ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമാവും. ‘സഹോദരനെ മൂഢാ എന്ന് വിളിച്ചാല്‍ നീ അഗ്നി നരകത്തിന് അര്‍ഹനാകും’ എന്ന് കര്‍ത്താവായ യേശു പഠിപ്പിച്ചു. കാരണം ഒരു അവയവം മറ്റൊരു അവയവത്തെ നിന്ദിക്കുകയോ തള്ളിക്കളയുകയോ ചെയ്താല്‍ ശരീരത്തിന്‍റെ പ്രവര്‍ത്തനം തകരാറിലാകും. അപ്പോള്‍ ശരീരം മരിക്കും. ആ നാശമാണ് നരകം. ശരീരം ഒന്നും അവയവങ്ങള്‍ പലതുമാണ്; ഓരോ അവയവത്തിനും അതിന്‍റേ തായ സ്ഥാനവും വ്യക്തിത്വവും ധര്‍മ്മവുമുണ്ട്; ഒരു അവയവം ഒരിക്കലും മറ്റൊരവയവത്തിന് ഭീഷണിയായിത്തീരുന്നില്ല; എല്ലാം പരസ്പരം സഹകരിച്ച് പൂര്‍ണമായ സ്വരചേര്‍ച്ചയോടെ അവ ഏക ശരീരത്തിന്‍റെ സ്വഭാവം നിലനിര്‍ത്തുന്നു എന്ന് വളരെ ഭംഗിയായി പൗലോസ് ശ്ലീഹാ പഠിപ്പിക്കുന്നുണ്ടല്ലോ. മനുഷ്യശരീരത്തിന്‍റെ ഓര്‍ഗാനിക് സമഗ്രതയില്‍ നിന്നാണ് പൗലോസ് ശ്ലീഹാ ‘ക്രിസ്തുവിന്‍റെ ഏക ശരീരം’ എന്ന രൂപകാലങ്കാരം ക്രിസ്തീയ സഭയില്‍ ഉപയോഗിക്കുന്നത്. ഇന്ന് പുതിയ പാരിസ്ഥിതിക പഠനങ്ങളും ജീവനെക്കുറിച്ചുള്ള അന്വേഷണങ്ങളും ഈ ഏക ശരീരമെന്ന അലങ്കാരപ്രയോഗത്തെ, വെറും ആലങ്കാരികതയ്ക്കപ്പുറത്ത് ആക്ഷരികമായിത്തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഭൂമിയിലെ ജൈവ രൂപങ്ങള്‍ എല്ലാം ഒരുമിച്ച് ഒരു ശരീരമായിത്തീരുന്നു, അതിനപ്പുറം അജൈവ പ്രപഞ്ചവും (ൗിീൃഴമിശര) ആ ജീവചൈതന്യത്തില്‍ പങ്കുചേര്‍ന്ന് വിശാലമായ അര്‍ത്ഥത്തില്‍ ഒരു ശരീരമായിത്തീരുന്നു എന്നത് വെറും കവിഭാവനയോ അലങ്കാരചാരുതയോ അല്ല, നമ്മുടെ ജീവനെയും നിലനില്‍പ്പിനെയും നേരിട്ട് ബാധിക്കുന്ന യാഥാര്‍ഥ്യമാണ് എന്ന തിരിച്ചറിവിലേക്ക് നാം പ്രവേശിക്കേണ്ടിയിരിക്കുന്നു.

നമുക്കു പോരാട്ടമുള്ളത് രോഗിയോടല്ല, രോഗത്തോടാണ് എന്നു ഫോണ്‍ സന്ദേശത്തില്‍ പറയുന്നത് വളരെ ആഴമായ വേദശാസ്ത്ര തത്വമാണ്. പാപിയെ വെറുക്കാതെ, പാപത്തോട് പോരാടണം എന്നാണല്ലോ ക്രിസ്തീയ ഗുരുക്കന്മാര്‍ എപ്പോഴും പഠിപ്പിച്ചിട്ടുള്ളത്. പാപം എന്നത് ആത്മീയ രോഗമാണെന്നും പാപി രോഗിയാണെന്നും നാം പഠിപ്പിക്കുന്നു. രോഗി എന്ത് കാരണംകൊണ്ട് രോഗി ആയാലും നമ്മുടെ സഹാനുഭൂതിയും കാരുണ്യവും അര്‍ഹിക്കുന്നു. രോഗിയെ നാം ന്യായം വിധിക്കാതെ, അയാളുടെ രോഗകാരണം കണ്ടെത്തി, രോഗത്തില്‍ നിന്നു മോചനം നല്‍കുകയാണ്. പാപവും രോഗവും തമ്മിലുള്ള ഈ സാമ്യത്തേയും സൗഖ്യ ചികിത്സാപരമായ നിലപാട് (വേലൃമുലിശേര മുുൃീമരവ) പാപിയോട് എടുക്കുന്നതിനെയും അനുസ്മരിപ്പിക്കുന്നുണ്ട് ഈ ഫോണ്‍ സന്ദേശം.