ബോംബെ, അമേരിക്ക, യു.കെ. യൂറോപ്പ് ഭദ്രാസനങ്ങളുടെ പ്രഥമ മെത്രാപ്പോലീത്താ. അയിരൂര്‍ കുറ്റിക്കണ്ടത്തില്‍ എ.റ്റി.ചാക്കോ മറിയാമ്മ ചാക്കോ ദമ്പതികളുടെ പുത്രനായി 1926 മെയ് 6-നു ജനിച്ചു. ഇന്‍റര്‍മീഡിയറ്റ് വിദ്യാഭ്യാസാനന്തരം വൈദിക സെമിനാരിയില്‍ ചേര്‍ന്ന് വൈദിക വിദ്യാഭ്യാസം നടത്തി.
ഹിസ്റ്ററി, പൊളിറ്റിക്സ് എന്നീ വിഷയങ്ങളില്‍ ബി.എ. യും (പഞ്ചാബ് യൂണിവേഴ്സിറ്റി) വിസ്ക്കോണ്‍ യൂണിവേഴ്സിറ്റി (അമേരിക്ക) യില്‍ നിന്നു ബി.ഡി. യും അലക്സാന്ത്രിയ എപ്പിസ്ക്കോപ്പല്‍ സെമിനാരിയില്‍ നിന്ന് എസ്.റ്റി.എം. ഉം റിച്ച്മോണ്‍ഡ് യൂണിയന്‍ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കി. ലിങ്കണ്‍ തിയോളജിക്കല്‍ സെമിനാരി ഇംഗ്ലണ്ട്, എക്യൂമെനിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ജനീവ, ഹാവാര്‍ഡ് യൂണിവേഴ്സിറ്റി വാഷിംഗ്ടണ്‍ എന്നിവിടങ്ങളില്‍ വേദശാസ്ത്രത്തില്‍ പ്രത്യേക പരിശീലനം നേടി.
1951-ല്‍ ശെമ്മാശപട്ടവും, 52-ല്‍ വൈദികപട്ടവും ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായില്‍ നിന്ന് സ്വീകരിച്ചു. 1975 ഫെബ്രുവരി 16-ന് നിരണത്തുവച്ച് ഇദ്ദേഹത്തെ തോമസ് മാര്‍ മക്കാറിയോസ് എന്ന നാമധേയത്തില്‍ മെത്രാപ്പോലീത്തായായി ഔഗേന്‍ പ്രഥമന്‍ ബാവാ വാഴിച്ചു. തുടര്‍ന്ന് ബോംബെ ഭദ്രാസനത്തിന്‍റെയും, 1979-ല്‍ അമേരിക്കന്‍ ഭദ്രാസനത്തിന്‍റെയും ഭരണമേറ്റു. പിന്നീട്, കാനഡായിലെയും യൂറോപ്പിലെയും മെത്രാപ്പോലീത്തായായി.
മലങ്കരസഭാ സംരക്ഷണ സമിതി പ്രസിഡന്‍റ്, വൈദിക സെമിനാരി അദ്ധ്യാപകന്‍, അമേരിക്കയിലെ റിച്ച് മൗണ്ട് യൂണിയന്‍ തിയോളജിക്കല്‍ കോളജിലെ വിസിറ്റിംഗ് പ്രൊഫസര്‍, മലങ്കര മെത്രാപ്പോലീത്തായുടെ അസിസ്റ്റന്‍റ് എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ നിലയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചരിത്രപണ്ഡിതനായ ഇദ്ദേഹം ഒരു നല്ല വാഗ്മിയുമായിരുന്നു.
1993-ല്‍ ലണ്ടന്‍ ആസ്ഥാനമാക്കി പുതുതായി രൂപീകരിക്കപ്പെട്ട യു.കെ.-യൂറോപ്പ് ഭദ്രാസനത്തിന്‍റെ പ്രഥമ മെത്രാപ്പോലീത്തയായി നിയമിതനായി. ‘മാര്‍തോമ്മാശ്ലീഹായുടെ സിംഹാസനം’ എന്നൊരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. 2008 ജനുവരിയില്‍ ഇംഗ്ലണ്ടിലെ ന്യൂകാസിലില്‍വച്ചുണ്ടായ ഒരു വാഹനാപകടത്തെത്തുടര്‍ന്ന് ഫെബ്രുവരി 23-ന് മെത്രാപ്പോലീത്ത കാലം ചെയ്തു. ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ കബറടക്കി.
അമേരിക്കന്‍ ഭദ്രാസനം
1979-ല്‍ ബാഹ്യകേരള ഭദ്രാസനത്തെ അഞ്ചായി വിഭജിച്ചപ്പോള്‍ അമേരിക്കയിലെ ഇടവകകള്‍ ചേര്‍ത്ത് അമേരിക്കന്‍ ഭദ്രാസനം രൂപീകരിച്ചു. തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്താ പ്രഥമ ഭദ്രാസനാധിപനായി സേവനമനുഷ്ഠിച്ചു (1979-1992). 1993 മുതല്‍ 2009 വരെ മാത്യൂസ് മാര്‍ ബര്‍ന്നബാസ് മെത്രാപ്പോലീത്താ അമേരിക്കന്‍ ഭദ്രാസനത്തിന്‍റെ ചുമതല നിര്‍വഹിച്ചു. 2009-ല്‍ ഭദ്രാസനം നോര്‍ത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ് എന്നിങ്ങനെ രണ്ടായി വിഭജിച്ചു.