കാതോലിക്കാദിനം 2020: ഭദ്രാസനതല സമ്മേളനങ്ങള്‍ ആരംഭിച്ചു

കോട്ടയം : 2020-ലെ കാതോലിക്കാദിനത്തോടനുബന്ധിച്ച് സഭാ തലത്തില്‍ നടത്തപ്പെടുന്ന സഭാ ദിനോഘോഷ വിശദീകരണ സമ്മേളനങ്ങള്‍ ആരംഭിച്ചു. തിരുവനന്തപുരം ഭദ്രാസനതല സമ്മേളനം മാര്‍ച്ച് 2-ന് ഇടമുളയ്ക്കല്‍ വി.എം.ഡി.എം സെന്‍ററില്‍ വച്ച് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ഗബ്രീയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ നടന്നു. കൊല്ലം ഭദ്രാസന വിശദീകരണ സമ്മേളനം ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കുണ്ടറ സെമിനാരിയില്‍ വച്ചും കൊട്ടാരക്കര – പുനലൂര്‍ ഭദ്രാസന സമ്മേളനം മാര്‍ച്ച് 3-ന് കോട്ടപ്പുറം സെന്‍റ് ഇഗ്നേഷ്യസ് പളളിയില്‍ വച്ച് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിലും നടന്നു. അടൂര്‍ – കടമ്പനാട് ഭദ്രാസന സമ്മേളനം അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കരുവാറ്റ സെന്‍റ് മേരീസ് പളളിയില്‍ വച്ച് നടന്നു. ഫിനാന്‍സ് കമ്മറ്റി പ്രസിഡന്‍റ് അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത, വൈദിക ട്രസ്റ്റി റവ.ഫാ.ഡോ.എം.ഒ.ജോണ്‍, അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍ എന്നിവരെ കൂടാതെ അതതു ഭദ്രാസന സെക്രട്ടറിമാര്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍, ഇടവക വികാരിമാര്‍, ഇടവക പ്രതിനിധികള്‍ തുടങ്ങിയവര്‍ എല്ലാ സമ്മേളനങ്ങളിലും സംബന്ധിച്ചു. 2017 മാര്‍ച്ച് 1-ന് കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസ്സിയേഷനില്‍ തെരഞ്ഞെടുക്കപ്പെട്ട് മൂന്ന് വര്‍ഷം പൂര്‍ത്തീകരിച്ച വൈദിക ട്രസ്റ്റി ബഹു.ഡോ.എം.ഒ.ജോണ്‍ അച്ചനെയും അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മനെയും തിരുവനന്തപുരം ഭദ്രാസന സമ്മേളനം അനുമോദിച്ചു.