കോതമംഗലം ചെറിയപള്ളി: കോടതിയലക്ഷ്യ കേസിൽ കലക്ടർ 25-നു ഹാജരാകണം

കൊച്ചി∙ കോതമംഗലം മാർ തോമാ ചെറിയപള്ളിയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസിൽ കലക്ടർ

25നു നേരിട്ടു ഹാജരായി വിശദീകരണം നൽകണമെന്നു ഹൈക്കോടതി. പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് സഭാ വികാരിക്കു നിയന്ത്രണം കൈമാറണമെന്ന മുൻ ഉത്തരവ് എന്തു കൊണ്ടു നടപ്പാക്കുന്നില്ലെന്നും നടപ്പാക്കാൻ എന്തു നടപടിയെടുക്കുമെന്നും അറിയിക്കണം.

2019 ഡിസംബർ 3ലെ ഉത്തരവു നടപ്പാക്കിയില്ലെന്ന് ആരോപിച്ച് ഓർത്തഡോക്സ് സഭാ വികാരി തോമസ് പോൾ റമ്പാൻ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയാണു ജസ്റ്റിസ് പി. ബി. സുരേഷ്കുമാർ പരിഗണിക്കുന്നത്. വിധി നടപ്പാക്കാൻ സർക്കാരിന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും നടപടി വേണ്ടേ എന്നു വാദത്തിനിടെ കോടതി ചോദിച്ചു. മുൻ ഉത്തരവു വന്നിട്ടു 3 മാസമാകുന്നു. ഇതുവരെ ഒന്നും ചെയ്തിട്ടില്ല. അപ്പീൽ നൽകാത്ത സ്ഥിതിക്കു നടപ്പാക്കുകയാണു വേണ്ടതെന്നും പറഞ്ഞു.