അച്ചടിക്കപ്പെട്ട ആദ്യ മലങ്കരസഭാ ചരിത്രമായ “മലയാളത്തുള്ള സുറിയാനി ക്രിസ്ത്യാനികളുടെ സഭാചരിത്ര”ത്തിന്‍റെ രചയിതാവാണ് മലങ്കരസഭാ ചരിത്രകാരന്മാരില്‍ പ്രമുഖനായ പുകടിയില്‍ ഇട്ടൂപ്പ് റൈട്ടര്‍.
1821 മെയ് മാസത്തില്‍ കോട്ടയത്ത് പുകടിയില്‍ കുടുംബത്തില്‍ ഇട്ടൂപ്പിന്‍റെ പുത്രനായി ജനിച്ചു. ജ്യേഷ്ഠനായ കുര്യന്‍ ഇട്ടൂപ്പിന്‍റെ ഉത്സാഹത്താല്‍ സ്കൂളില്‍ ചേര്‍ത്തു. അവിടെ തമിഴും മലയാളവും അഭ്യസിച്ചു. തുടര്‍ന്ന് ഒരു മിഷനറിയുട ശുപാര്‍ശയില്‍ ബാലപാഠശാലയില്‍ (ഗ്രാമര്‍ സ്കൂളില്‍) പ്രവേശനം ലഭിച്ചു.
ഗ്രാമര്‍ സ്കൂളില്‍ നാലു വര്‍ഷം പഠിച്ചശേഷം ഇദ്ദേഹവും വേളൂര്‍ കൊന്നയില്‍ സി. ജോണ്‍ എന്ന സഹപാഠിയും റവ. ജോസഫ് പീറ്റ് സായിപ്പിന്‍റെ കീഴില്‍ സുറിയാനി സെമിനാരിയിലേക്ക് പ്രവേശിപ്പിക്കപ്പെട്ടു. അന്ന് അവിടെ ഇവര്‍ രണ്ടാളും ഉള്‍പ്പെടെ പത്തു കുട്ടികളും നാല്പതോളം ശെമ്മാശന്മാരും പഠിക്കുന്നുണ്ടായിരുന്നു. ശെമ്മാശന്മാരില്‍ പ്രധാനി പാലക്കുന്നത്ത് മാത്യൂസ് ശെമ്മാശന്‍ (പിന്നീട് മാര്‍ അത്താനാസ്യോസ്) ആയിരുന്നു. അവിടെ കുറെനാള്‍ പഠിച്ചശേഷം ഒന്നാം ക്ലാസ്സിലേക്ക് പ്രവേശിപ്പിക്കപ്പെട്ടു.
കുറെനാള്‍ കഴിഞ്ഞപ്പോള്‍ ഇട്ടൂപ്പിനെയും അഞ്ച് സഹപാഠികളെയും റവ. ജോസഫ് പീറ്റ് തന്‍റെ ബംഗ്ലാവിലേക്ക് കൊണ്ടുപോയി അവിടെ പ്രത്യേകം ഒരു മുറിയില്‍ താമസിച്ചു പഠിക്കുന്നതിന് അനുവദിച്ചു. അക്കാലത്താണ് കോട്ടയം സി.എം.എസ്. കോളജ് ആരംഭിച്ചത്.
ഇട്ടൂപ്പിന്‍റെ സഹപാഠികളായി അഞ്ചു പേര്‍ ഉണ്ടായിരുന്നതില്‍ തിരുവഞ്ചയില്‍ മണലേല്‍ ഹെഡ് റൈട്ടര്‍ കുര്യനും പുത്തന്‍കാവില്‍ ആലുംമൂട്ടില്‍ ജോര്‍ജിനും (ആദ്യം മദ്രാസ് ഗവണ്‍മെന്‍റ് പരിഭാഷകനും പിന്നീട് ചാവക്കാട് മുന്‍സിഫും) പീറ്റ് സായിപ്പിന്‍റെ ശുപാര്‍ശ മൂലം തിരുവനന്തപുരത്തും നക്ഷത്ര ബംഗ്ലാവിലും ജോലി ലഭിച്ചു. മറ്റൊരാള്‍ റവ. എച്ച്. ബേക്കര്‍ സായിപ്പിന്‍റെ കീഴില്‍ ഉദ്യോഗം സ്വീകരിച്ചു. ഇട്ടൂപ്പും രണ്ട് സഹപാഠികളും സി.എം.എസ്. കോളജില്‍ പഠിച്ചുകൊണ്ടിരുന്നു.
മദ്രാസ് ബിഷപ്പ് സ്പെന്‍സര്‍ കോളജ് സന്ദര്‍ശിച്ചപ്പോള്‍ കുട്ടികളുടെ പഠനമികവ് പരിശോധിച്ച് ഇട്ടൂപ്പിനും കൊന്നയില്‍ സി. ജോണ്‍ എന്ന സഹപാഠിക്കും മൂന്നു രൂപ വീതം സ്കോളര്‍ഷിപ്പ് അനുവദിച്ചു.
മലയാളം, തമിഴ്, ഇംഗ്ലീഷ്, ഗ്രീക്ക്, ലാറ്റിന്‍ ഭാഷകള്‍ കോളജില്‍ നിന്നു പഠിച്ചതിനു പുറമെ ഇട്ടൂപ്പിന് ഹിന്ദുസ്ഥാനി മുതലായ ഭാഷകളിലും വേണ്ടത്ര പരിജ്ഞാനമുണ്ടായിരുന്നു.
കോളജ് വിദ്യാഭ്യാസ കാലത്ത് പുത്തനങ്ങാടി പുളിക്കല്‍ വര്‍ക്കിയുടെ മകള്‍ ചാച്ചിയെന്ന പതിമൂന്നുകാരിയെ വിവാഹം ചെയ്തു. വിദ്യാഭ്യാസത്തിനു ശേഷം കോളജ് പ്രിന്‍സിപ്പലായ റവ. ജോണ്‍ ചാപ്പ്മാന്‍റെ ശുപാര്‍ശപ്രകാരം തിരുവിതാംകൂര്‍ വനസഞ്ചയം കണ്‍സര്‍വേറ്റര്‍ പി. ഡബ്ലിയു. ഡി. മണ്‍ട്രോ സായ്പിന്‍റെ മുന്‍ഷിയായി ഏഴു രൂപ ശമ്പളത്തില്‍ നിയമിക്കപ്പെട്ടു. രണ്ടു വര്‍ഷത്തിനുശേഷം മന്‍ട്രോ സായിപ്പ് നിര്യാതനായപ്പോള്‍ ഇട്ടൂപ്പ് ആ ജോലി വിട്ട് അതേ ശമ്പളത്തില്‍ തന്നെ റവ. ബേക്കര്‍ സായ്പിന്‍റെ (സീനിയര്‍) കൂടെ റൈട്ടറായി ചേര്‍ന്നു. മൂന്ന് വര്‍ഷത്തില്‍പരം കാലം റൈട്ടറായും ബേക്കര്‍ സായ്പിന്‍റെ കീഴിലുള്ള സ്കൂളുകളില്‍ ഒരു ഭാഗത്തിന്‍റെ ഇന്‍സ്പെക്ടറായും ജോലി നോക്കി. ബേക്കര്‍ സായിപ്പ് കോട്ടയം മിഷന്‍ വിട്ട് ആലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത്, കോട്ടയം മിഷന്‍ ചുമതല വഹിച്ച റവ. ജോണ്‍ ജോണ്‍സണ്‍ സായ്പിന്‍റെ കീഴില്‍ ഇട്ടൂപ്പ് പ്രവര്‍ത്തിച്ചു. ബേക്കര്‍ സായ്പ് വിദേശത്തു പോയപ്പോള്‍ അദ്ദേഹത്തിന്‍റെ ശുപാര്‍ശപ്രകാരം ബ്രിട്ടീഷ് കൊച്ചിയില്‍ കല്ലന്‍ ജഡ്ജിയുടെ മുന്‍ഷിയായും, പിന്നീട് അദ്ദേഹത്തിന്‍റെ ശുപാര്‍ശപ്രകാരം ബ്രിട്ടീഷ് ഗവണ്‍മെന്‍റില്‍ നിന്നും അക്കാലത്ത് നടപ്പാക്കിയ തപാല്‍ വകുപ്പില്‍ ബ്രിട്ടീഷ് കൊച്ചിയില്‍ ഒരു ക്ലര്‍ക്കായും നിയമിച്ചു. തപാല്‍ വകുപ്പില്‍ മൂന്നു വര്‍ഷം ജോലി ചെയ്തു. ലണ്ടനില്‍ നിന്നും വന്ന ഏതാനും ധനിക വ്യാപാരികള്‍ കൊച്ചിയില്‍ കച്ചവടങ്ങള്‍ തുടങ്ങിയപ്പോള്‍ ആലക്സ സി. ബ്രൈസ കമ്പനിയില്‍ 50 രൂപ ശമ്പളത്തില്‍ ബുക്ക് കീപ്പറായി ഇട്ടൂപ്പ് ജോലിക്ക് കയറി. കൊച്ചിയില്‍ മുമ്പുണ്ടായിരുന്ന ലൈറ്റ് ഹൗസ് ഇട്ടൂപ്പിന്‍റെ മേലന്വേഷണത്തില്‍ പണി ചെയ്തതാണ്.
1860-ല്‍ ദേവജി ഭീമജി സേട്ടിന്‍റെ പരിശ്രമത്തില്‍ കൊച്ചിയില്‍ മലബാര്‍ അച്ചടി കമ്പനി എന്ന പേരില്‍ ഒരു പബ്ലിക് ലിമിറ്റഡ് കമ്പനി ആരംഭിച്ചു. ഈ കമ്പനിയില്‍ കുര്യന്‍ യൗസേപ്പ് ഇട്ടിയവിര, കുരുവിള മേനോന്‍, സി. വര്‍ഗീസ് കെ. ജേക്കബ്, ചൗക്കപറമ്പില്‍ സി. കുര്യന്‍, പി. പൈലോ, സി. യൗസേഫ് ഈപ്പന്‍ മുതലായവരും അംഗങ്ങളായിരുന്നു. കമ്പനിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച വെസ്റ്റേണ്‍ സ്റ്റാര്‍ എന്ന ഇംഗ്ലീഷ് പ്രതിവാരപത്രത്തിന്‍റെയും പശ്ചിമതാരക എന്ന മലയാളപത്രത്തിന്‍റെയും പ്രധാന ചുമതലക്കാരന്‍ ഇട്ടൂപ്പ് റൈട്ടറായിരുന്നു.
1867-ല്‍ കൊച്ചി സന്ദര്‍ശിച്ച ഗവര്‍ണര്‍ ലോര്‍ഡ് നപ്പിയരെ കാണുന്നതിനായി തിരുവിതാംകൂര്‍ മഹാരാജാവ് ആയില്യം തിരുനാള്‍ കൊച്ചിയില്‍ വന്നപ്പോള്‍ കൂടെ വന്നിരുന്ന ദിവാന്‍ സര്‍ റ്റി. മാധവരായര്‍ കൊച്ചിയിലെ റൈട്ടറന്മാരുടെ സേവനങ്ങളും പ്രാപ്തിയും കണ്ട് സന്തോഷിക്കുകയും, അന്വേഷണത്തില്‍ അവര്‍ കോട്ടയംകാരാണെന്ന് മനസ്സിലാക്കുകയാല്‍ തിരുവിതാംകൂര്‍ ഗവണ്‍മെന്‍റ് സര്‍വ്വീസിലേക്ക് അവരെ ക്ഷണിക്കുകയും ചെയ്തു. ഈ ക്ഷണം സ്വീകരിച്ച് പോകാതിരിക്കാനായി കമ്പനി ഇട്ടൂപ്പിന് ശമ്പളം വര്‍ദ്ധിപ്പിച്ച് കൊടുത്തു.
ഇട്ടൂപ്പും ഭാര്യാസഹോദരനായ ജോസഫ് ഇട്ടിയവരയും ചേര്‍ന്ന് സംസ്കൃതഭാഷയുടെ മൂല നിക്ഷേപമായ അമരേശം പരിഷ്കൃതമായ ‘തമിഴ്ക്കുത്ത്’ എന്ന ഭാഷാ വ്യാഖ്യാനത്തോടുകൂടി 1857-ല്‍ കോട്ടയം സി.എം.എസ്. പ്രസ്സില്‍ നിന്നും പ്രസിദ്ധീകരിച്ചു. അക്ഷരത്തിന്‍റെയും ഭാഷയുടെയും സൗഷ്ഠവം കൊണ്ട് അത്യുല്‍കൃഷ്ടമാണ് ഈ പുസ്തകം. ഭാഷാ വ്യാഖ്യാനത്തോടു കൂടിയ അമരേശ പുസ്തകങ്ങളില്‍ വച്ച് അധികമായ ആദരം ഈ കൃതിക്ക് ലഭിച്ചു. പിന്നീട് 1860-ല്‍ ഇന്ത്യന്‍ പീനല്‍ കോഡ് പരിഭാഷപ്പെടുത്തുന്നതിനായി ശ്രമിച്ചുവെങ്കിലും, മലങ്കരസഭയുടെ ഒരു ചരിത്രം എഴുതണമെന്ന ആഗ്രഹം ആ പരിഭാഷയില്‍ നിന്നും പിന്‍തിരിപ്പിച്ചു.
പാമ്പാക്കുട കോനാട്ട് മല്പാന്‍, കോട്ടയം കൊല്ലാട് കൈതയില്‍ ഗീവര്‍ഗീസ് മല്പാന്‍, മാരാമണ്ണില്‍ അബ്രഹാം മല്പാന്‍ എന്നിവരില്‍ നിന്നും ചരിത്ര വിവരങ്ങള്‍ ശേഖരിക്കുകയും, കുന്നംകുളങ്ങര പനയ്ക്കല്‍, പാറമേല്‍, കല്ലൂപ്പാറ അടങ്ങപ്പുറത്ത്, തിരുവല്ലായില്‍ ചാലക്കുഴി, മാവേലിക്കര പണിക്കരുവീട്, ചേപ്പാട്ട് ആഞ്ഞലിമൂട് മുതലായ ഭവനങ്ങളില്‍ സൂക്ഷിച്ചു വച്ചിട്ടുണ്ടായിരുന്ന പുരാതന കൈയെഴുത്തു ചരിത്രഗ്രന്ഥങ്ങള്‍ വായിച്ച് പഠിച്ച് അറിവുകള്‍ ശേഖരിക്കുകയും, വൈറ്റ് ഹൗസ്, ഡോ. ക്ലോഡിയസ് ബുക്കാനന്‍ തുടങ്ങിയവരുടെ സഭാചരിത്ര ഗ്രന്ഥങ്ങള്‍ പ്രയോജനപ്പെടുത്തുകയും സതീര്‍ത്ഥ്യനായ പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസിന്‍റെ അനുവാദപ്രകാരം മലങ്കര മെത്രാപ്പോലീത്തായുടെ ആസ്ഥാനമായ കോട്ടയം പഴയസെമിനാരിയിലെ രേഖകള്‍ പകര്‍ത്തിയെടുക്കുകയും, പോഞ്ഞിക്കര റസിഡന്‍സിയില്‍ അന്നത്തെ ഗുമസ്ഥനായിരുന്ന നാണുപിള്ളയുടെ (പിന്നീട് തിരുവിതാംകൂര്‍ ദിവാന്‍) സഹായത്താല്‍ അവിടെയുണ്ടായിരുന്ന മലങ്കരസഭാ സംബന്ധമായ രേഖകള്‍ പകര്‍ത്തി എഴുതിയെടുക്കുകയും ചെയ്തു. ഇവ ഉപയോഗിച്ചാണ് ഗ്രന്ഥരചന നിര്‍വഹിച്ചത്. മലങ്കരസഭാ ചരിത്രരേഖകളുടെ സമാഹാരവും ഏറ്റവും മൂല്യവത്തുമായ ഈ പുസ്തകം 1860-ല്‍ പൂര്‍ത്തിയാക്കി ഒന്നാം പതിപ്പായി ആയിരം കോപ്പികള്‍ അച്ചടിക്കാന്‍ കൊച്ചിയില്‍ മലബാര്‍ പ്രസ്സില്‍ ബര്‍ണാര്‍ഡ് ഫെര്‍ണാണ്ടസിനെ ഏല്പിച്ചു.
പ്രമേഹരോഗം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് 1861 കുംഭ മാസം 13-ന് വില്‍പത്രം എഴുതി 1044-ല്‍ 227-ാം നമ്പരായി രജിസ്റ്റര്‍ ചെയ്തു. 14-ന് ഇട്ടൂപ്പ് നിര്യാതനായി.
ഗ്രന്ഥകര്‍ത്താവിന്‍റെ മരണശേഷം എട്ടു വര്‍ഷം കഴിഞ്ഞ് 1869-ല്‍ കൊച്ചിയിലെ വെസ്റ്റേണ്‍ സ്റ്റാര്‍ പ്രസ്സില്‍ നിന്നും “മലയാളത്തുള്ള സുറിയാനി ക്രിസ്ത്യാനികളുടെ സഭാചരിത്രം” എന്ന ഗ്രന്ഥം ആയിരം കോപ്പി പ്രസിദ്ധീകരിച്ചു. 1902-ല്‍ മകന്‍ ജോസഫ് ഈ ഗ്രന്ഥത്തിന്‍റെ രണ്ടാം പതിപ്പ് പ്രസിദ്ധീകരിച്ചു.
നവീകരണ വിഭാഗവുമായുള്ള സെമിനാരിക്കേസില്‍ ജില്ലാക്കോടതിയിലും ഹൈക്കോടതിയിലും റോയല്‍ കോടതിയിലും ഈ ഗ്രന്ഥം പ്രാമാണിക തെളിവായി അംഗീകരിക്കുകയും വിധിയില്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള മലങ്കരസഭാ ചരിത്രഗ്രന്ഥങ്ങളില്‍ ആദ്യത്തേതാണ് ഇട്ടൂപ്പ് റൈട്ടറുടെ സഭാ ചരിത്രഗ്രന്ഥം. മലയാളത്തില്‍ പുസ്തക പ്രസിദ്ധീകരണങ്ങള്‍ തന്നെ പരിമിതമായിരുന്ന 1869-ല്‍ ഈ സാഹസത്തിനു മുതിര്‍ന്ന ഇട്ടൂപ്പ് റൈട്ടറുടെ ക്രാന്തദര്‍ശിത്വം അനുപമേയമാണ്.
മലങ്കരസഭയും ഇംഗ്ലീഷ് മിഷനറിമാരുമായി 1800-കളില്‍ സ്ഥാപിതമായ ബന്ധത്തിന്‍റെ ഫലമായി ലഭിച്ച ഇംഗ്ലീഷ് വിദ്യാഭ്യാസ സൗകര്യം പ്രയോജനപ്പെടുത്തി ജീവിത വിജയം നേടിയ വ്യക്തിയാണ് ഇട്ടൂപ്പ് റൈട്ടര്‍. ഇംഗ്ലീഷ് വിദ്യാഭ്യാസവും ഇംഗ്ലീഷുകാരുമായുള്ള അടുപ്പവും മൂലം വായനാ താല്‍പര്യവും ചരിത്രഗവേഷണത്തില്‍ ഉത്സാഹവും ഉണ്ടായി. ഐതിഹ്യങ്ങളും വാമൊഴികളും വരമൊഴികളും ലഭ്യമായ ഇതര ചരിത്രരേഖകളും എല്ലാം വളരെ പ്രയാസപ്പെട്ട് തേടിപ്പിടിച്ച് രചിച്ച ഈ സഭാചരിത്രഗ്രന്ഥം ആ കാലഘട്ടത്തിന്‍റെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ മഹത്തായ സംഭാവന തന്നെയാണ്.
മിഷണറിമാരുടെ പ്രവര്‍ത്തനങ്ങളെ നേരിട്ടു കാണുകയും സ്വാംശീകരിക്കുകയും കുറെയൊക്കെ അതിന് സ്വാധീനപ്പെടുകയും ചെയ്ത ഇട്ടൂപ്പ് റൈട്ടര്‍, സതീര്‍ത്ഥ്യനായ പാലക്കുന്നത്ത് അത്താനാസ്യോസിന്‍റെ പക്ഷത്തു നിലയുറപ്പിച്ചാണ് ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്. അതിനാല്‍ പല ചരിത്രരേഖകളും നവീകരണ ആശയങ്ങള്‍ക്ക് അനുരൂപമായി എഡിറ്റ് ചെയ്താണ് ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രേഖകള്‍ അതേപടി ഉദ്ധരിക്കുക എന്നതാണ് പുസ്തകരചനയിലെ പ്രമാണമെന്ന വസ്തുത ഈ ഗ്രന്ഥത്തില്‍ പാലിക്കപ്പെട്ടിട്ടില്ല.
അന്ത്യോഖ്യന്‍-നവീകരണ പക്ഷപാതിത്വമുള്ള ഗ്രന്ഥമാണിതെന്നാണ് ആധുനിക സഭാചരിത്രകാരന്മാരില്‍ പ്രമുഖനായ ഫാ. ഡോ. വി. സി. ശമുവേല്‍ വിലയിരുത്തുന്നത്.
ഇട്ടൂപ്പിന്‍റെ സഭാചരിത്രത്തില്‍ ഉദ്ധരിച്ചിരിക്കുന്ന രേഖകള്‍ പലതും എഡിറ്റഡ് ആണെന്ന് തെളിവുകളുടെ വെളിച്ചത്തില്‍ 1990-കളില്‍ ആദ്യമായി ചൂണ്ടിക്കാട്ടിയത് സഭാചരിത്രകാരനായ ഫാ. ഡോ. ജോസഫ് ചീരനാണ്.
“ശെമവൂന്‍ മാര്‍ ദീവന്നാസ്യോസിന്‍റെ നാളാഗമം” എന്ന സഭാചരിത്ര കൈയെഴുത്തു ഗ്രന്ഥം പുറത്തു വന്നതോടെ ഇട്ടൂപ്പിന്‍റെ സഭാചരിത്ര ഗ്രന്ഥത്തില്‍ ഉദ്ധരിച്ചിരിക്കുന്ന ചില രേഖകള്‍ എഡിറ്റ് ചെയ്യപ്പെട്ടവയാണെന്ന് വ്യക്തമായി. പോഞ്ഞിക്കര റഡിഡന്‍സിയില്‍ നിന്നും പകര്‍ത്തപ്പെട്ട രേഖകളുടെ കോപ്പികളോ ഉദ്ധരണികളോ ഇതുവരെ പുറത്തു വന്നിട്ടില്ലാത്തതിനാല്‍, അവയില്‍, ഇട്ടൂപ്പ് റൈട്ടര്‍ ചെയ്ത കൈക്രിയകള്‍ എത്രമാത്രമുണ്ടെന്നു വ്യക്തമായിട്ടില്ല (എട്ടാം മാര്‍ത്തോമ്മായോടുള്ള ചോദ്യങ്ങളും ഉത്തരങ്ങളും, പുലിക്കോട്ടില്‍ ഒന്നാമന്‍ റമ്പാനായിരുന്ന കാലത്ത് റസിഡണ്ടിനയച്ച കത്ത് തുടങ്ങിയവ ഉദാഹരണം).
ഇട്ടൂപ്പിന്‍റെ സഭാചരിത്രത്തെക്കുറിച്ചുള്ള ഒരു സമകാലിക നിരൂപണം കാണുക: “ചെങ്ങഴച്ചേരി പുകടിയില്‍ ഇട്ടൂപ്പ് സുറിയാനി ചരിത്രമെന്നു പേരായി ഒരു വര്‍ത്തമാനപുസ്തകം ഉണ്ടാക്കി 1869-ല്‍ കൊച്ചിയില്‍ വെസ്റ്റേണ്‍ സ്റ്റാര്‍ എന്ന പ്രസ്സില്‍ അച്ചടിപ്പിച്ചിട്ടുള്ളത് ഞാന്‍ വായിച്ചു കണ്ടു. ആ പുസ്തകം വളരെ തെറ്റുള്ളതും അതില്‍ പറയുന്ന ചില കാര്യങ്ങള്‍ വിവരമില്ലാത്തതും നടന്നിട്ടില്ലാത്തതും ചിലത് അസത്യവും ചിലത് മുഖസ്തുതി ആയിട്ടുള്ളതും ആകുന്നു. അതിനാല്‍ ഇനിമേല്‍ ഒരു സാക്ഷിക്കായി ആ പുസ്തകത്തെ അംഗീകരിപ്പാന്‍ കൊള്ളുന്നതല്ല” (ഇടവഴിക്കല്‍ നാളാഗമത്തില്‍ ഫീലിപ്പോസ് കോറെപ്പിസ്ക്കോപ്പാ എഴുതിയത്).
ഇട്ടൂപ്പിന്‍റെ സഭാചരിത്രത്തിനു മറുപടിയായി സുറിയാനി കത്തോലിക്കര്‍ കൂനമ്മാവില്‍ നിന്നും 1870-ല്‍ ‘ജ്ഞാനദീപം’ എന്ന പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. അതുകൊണ്ടും അരിശം തീരാതെ 1872-ല്‍ ‘കേരള രാജ്യത്തിലെ സത്യവേദ ചരിത്രം’ എന്ന പേരില്‍ ആദ്യ പുസ്തകം കൂടി ഉള്‍പ്പെടുത്തിയ ഒരു വിപുലമായ ചരിത്ര ഗ്രന്ഥവും ഇറക്കി. കൂനമ്മാവില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളില്‍ അക്കാലത്ത് ഗ്രന്ഥകാരന്‍റെ പേര് വയ്ക്കുന്ന പതിവില്ലാഞ്ഞതിനാല്‍ ആരെഴുതിയതാണെന്ന് വ്യക്തമല്ല; കൂനമ്മാവ് ആശ്രമത്തിലെ ഏതോ സന്യാസി ആവാം ഗ്രന്ഥകാരന്‍.
(2020 February)