‘സെമിത്തേരികളെ പൊതുശ്മശാനമാക്കാൻ നീക്കം’: ബില്ലിനെതിരെ ഓര്‍ത്തഡോക്സ് സഭ
സെമിത്തരി ബില്ലിനെതിരെ പ്രതിഷേധവുമായി ഓര്‍ത്തഡോക്സ് സഭ. ബില്ലിലൂടെ ക്രിസ്ത്യന്‍ സെമിത്തേരികളെ പൊതുശ്മശാനമാക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്ന് ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ. സഭകള്‍ തമ്മിലുള്ള തര്‍ക്കം തുടരണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും ബില്‍ അതിനുവേണ്ടിയാണെന്നും കാതോലിക്ക ബാവ കുറ്റപ്പെടുത്തി. തര്‍ക്കം അവസാനിപ്പിക്കണമെങ്കില്‍ സുപ്രീംകോടതി വിധി നടപ്പാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ശവസംസ്കാരവുമായി ബന്ധപ്പെട്ട് യാക്കോബായ–ഓർത്തഡോക്സ് സഭകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ സർക്കാർ തയ്യാറാക്കിയ -ക്രിസ്ത്യൻ സെമിത്തേരി ബില്ലിനെതിരെ സിറോ മലബാർ സഭ. ഇപ്പോൾ രൂപപ്പെടുത്തിയിരിക്കുന്ന ബിൽ അവ്യക്തവും കൃത്യതയില്ലാത്തുമാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. മതങ്ങൾക്ക് ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം ഹനിക്കപ്പെടാൻ ഇടയാക്കുന്നതാണ് പുതിയ ബില്ലെന്നും അതിനാൽ ഇത് കൂടുതൽ സങ്കീർണമായ നിയമ പ്രശ്നങ്ങളിലേക്ക് പോകാൻ കാരണാകുമെന്നും സഭ ചൂണ്ടിക്കാണിക്കുന്നു.
എല്ലാ ക്രിസ്ത്യൻ സഭകളുടെയും നിലവിലുള്ള സംവിധാനങ്ങളെ കണക്കിലെടുക്കുന്നതും എല്ലാവർക്കും സ്വീകാര്യവുമായിരിക്കണം പുതിയ ബില്ലെന്നും സഭ ആവശ്യപ്പെട്ടു. യാക്കോബായ വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ബിൽ ഉപകരിക്കുമെങ്കിലും നൂറ്റാണ്ടുകളായി പ്രവർത്തിക്കുന്ന സെമിത്തേരികളെയും മൃത സംസ്കാര ശുശ്രൂഷകളെയും ദീർഘകാലാടിസ്ഥാനത്തിൽ ദോഷകരമായി ബാധിക്കും. അതിനാൽ എല്ലാ സഭകളുടെയും പ്രതിനിധികളുമായി സർക്കാർ ചർച്ച നടത്തുകയും അഭിപ്രായം കണക്കിലെടുക്കുകയും ചെയ്യണമെന്ന് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ആവശ്യപ്പെട്ടു.