സെമിത്തേരികള്‍ പങ്കുവയ്ക്കുവാന്‍ സാധിക്കുമോ / ഡോ. എം. കുര്യന്‍ തോമസ്

സെമിത്തേരികള്‍ സ്ഥിരമായോ താല്‍ക്കാലികമായോ ഉപയോഗിക്കാന്‍ മുന്‍ യാക്കോബായ പക്ഷത്തിന് അനുമതി നല്‍കണമെന്ന് അടുത്ത സമയത്ത് ഓര്‍ത്തഡോക്സ് സഭയിലെ പ്രമുഖര്‍ ഒരു നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഇതൊരിക്കലും അംഗീകരിക്കാനാവില്ല. നിയമപരമായ തടസം മാത്രമല്ല അതിനു കാരണം. അതോടെ ഓര്‍ത്തഡോക്സ് വിശ്വാസത്തിന്‍റെ അടിസ്ഥാന പ്രമാണങ്ങളില്‍ ഒന്നു മുന്‍ യാക്കോബായ വിശ്വാസികളില്‍ നിന്നും മാഞ്ഞുപോകും എന്ന ഗുരുതമായ പ്രത്യാഘാതമാണ് ഈ ലേഖകന്‍ കാണുന്ന ഏറ്റവും പ്രധാന പ്രശ്നം.

സെമിത്തേരികള്‍ പങ്കുവയ്ക്കുന്നത്

സെമിത്തേരികള്‍ പങ്കുവയ്ക്കുന്നതിന് നിയമപരമായ തടസങ്ങള്‍ ഉണ്ടെന്ന വസ്തുത 2017 മുതല്‍ ഉണ്ടായിട്ടുള്ള വിധികളില്‍ ഇന്ത്യന്‍ സുപ്രീംകോടതി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. പള്ളി സെമിത്തേരികളില്‍ മാന്യമായ ശവസംസ്കാരം ലഭിക്കുന്നതിന് എല്ലാ ഇടവകാംഗങ്ങള്‍ക്കും അവകാശമുണ്ടെന്ന വസ്തുത സുപ്രീംകോടതി അംഗീകരിക്കുന്നുണ്ട്. അതേസമയം ശവസംസ്കാരവും അനുബന്ധ കര്‍മ്മങ്ങളും നടത്തുവാന്‍ 1934 ഭരണഘടനപ്രകാരം നിയമിക്കപ്പെടുന്ന വികാരിക്കു മാത്രമാണ് അധികാരമെന്നും കോടതി വ്യക്തമാക്കുന്നുണ്ട്. അതിനു വിരുദ്ധമായ ഒരു നീക്കം എന്നും നിയമവിധേയ സമൂഹമായിരിക്കുന്ന മലങ്കരസഭയ്ക്ക് സാദ്ധ്യമല്ല എന്ന യാഥാര്‍ത്ഥ്യം നിവേദനം നല്‍കിയവര്‍ മനസിലാക്കേണ്ടിയിരുന്നു.

ഈ വിഷയത്തില്‍ ഈ ലേഖകനെ സംബന്ധിച്ചിടത്തോളം പ്രധാന വിഷയം വിശ്വാസപരമാണ്. മലങ്കരസഭയില്‍പ്പെട്ട വൈദികര്‍ക്ക് പൗരോഹിത്യമില്ല എന്ന മുന്‍ യാക്കോബായ പക്ഷത്തിന്‍റെ നവീന വാദത്തിന്‍റെ അസ്ഥിവാരത്തിലാണ് അവര്‍ സെമിത്തേരി പ്രവേശനം ആവശ്യപ്പെടുന്നത്. വ്യവഹാരങ്ങള്‍ ആരംഭിച്ചപ്പോഴോ, കോടതി വിധി വന്നപ്പോഴോ അല്ല മുന്‍ യാക്കോബായ വിഭാഗത്തിനു മലങ്കരസഭയിലെ കത്തനാരുമാരുടെ പട്ടം അപ്രത്യക്ഷമായത്; മറിച്ച് വിധി നടത്തിപ്പ് ആരംഭിച്ചതോടെയാണ്. ഓര്‍ത്തഡോക്സ് വൈദികര്‍ തങ്ങളുടെ മൃതശരീരങ്ങളില്‍ തൊടുന്നതുപോലും ഞങ്ങള്‍ യാക്കോബായക്കാര്‍ക്ക് വെറുപ്പാണ് എന്ന് ഒരു മെത്രാന്‍ സമീപകാലത്ത് മാധ്യമങ്ങളിലൂടെ തട്ടിവിട്ടു. സുറിയാനി പാരമ്പര്യത്തിലുള്ള ശവസംസ്കാര ശുശ്രൂഷയില്‍ ഏതു ഘട്ടത്തിലാണ് വൈദികന്‍ മൃതദേഹത്തില്‍ തൊടുന്നത് എന്നദ്ദേഹം മിണ്ടിയില്ല. ഈ ലേഖകന്‍റെ അറിവില്‍ അപ്രകാരം ഒന്നില്ല. അപ്രകാരം സംഭവിക്കുന്നത് മക്കളോ മരുമക്കളോ സ്വന്തക്കാരോ ആയ കത്തനാരുമാര്‍ അന്ത്യ ചുംബനം കൊടുത്താല്‍ മാത്രം. അത് ശുശ്രൂഷയുടെ ഭാഗവുമല്ല.

അതുപോകട്ടെ, ഇരുവിഭാഗവും ആഴ്ചതോറും ഊഴമിട്ട് തവണ വികാരിത്വം നടത്തിയിരുന്ന കണ്ടനാടു പോലുള്ള പള്ളികളില്‍ സമീപകാലം വരെ കക്ഷിഭേദമെന്യേ അതത് തവണവികാരിമാരായിരുന്നു മരണാനന്തര കര്‍മ്മങ്ങള്‍ നടത്തിയിരുന്നത്. മലങ്കരസഭയിലെ വൈദികര്‍ക്ക് അന്നില്ലാത്ത പതിത്വം വിധിനടത്തിപ്പിനു ശേഷം മാത്രം എങ്ങിനെ ഉണ്ടായി? അതൊരു മഹാത്ഭുതം അല്ലയോ? ഈ സാഹചര്യത്തില്‍ സമാന്തര ശവസംസ്കാരം അനുവദിക്കുക എന്നുവെച്ചാല്‍ പട്ടമില്ല എന്നു സ്വയം സമ്മതിക്കുന്നതിനു തുല്യമാകും. അതൊരിക്കലും സമ്മതിക്കാനാവില്ല.

നിയമാനുസൃത വികാരിയുടെ അനുവാദത്തോടെ മുന്‍ യാക്കോബായ പക്ഷത്തിനു ശവസംസ്കാര സൗകര്യം എന്ന നിര്‍ദ്ദേശവും വിശ്വാസപരമായി സ്വീകാര്യമല്ല. ഓര്‍ത്തഡോക്സ് വിശ്വാസത്തില്‍ കേവലം ശവസംസ്കാരത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല മരണാനന്തര കര്‍മ്മങ്ങള്‍. കുറഞ്ഞത് 3, 9, 30, 40 ദിവസങ്ങളിലും ആണ്ടുചാത്തത്തിനും വി. കുര്‍ബാന അര്‍പ്പിക്കുകയും കബറിടത്തില്‍ ധൂപം വയ്ക്കുകയും വേണം. കൂടാതെ ആനീദാ ഞായറാഴ്ചയും ലാസറിന്‍റെ ശനിയാഴ്ചയും വേറെ. വടക്കന്‍ ഇടവകകളില്‍ മരിച്ച് ആദ്യ ഒരു വര്‍ഷം പ്രതിമാസം മരണ തീയതിയില്‍ ധൂപം വയ്ക്കുന്ന പതിവുമുണ്ട്. ഇവയും സഭാവിശ്വാസപ്രകാരം മരണാനന്തര കര്‍മ്മങ്ങളുടെ അവിഭാജ്യ ഘടകമാണ്. ശവസംസ്ക്കാരം നടത്താനുള്ള പ്രാദേശിക നീക്കുപോക്കിന്‍റെ മറവില്‍ അവയ്ക്കും അവകാശവാദം ഉന്നയിച്ചാലോ? വലിയ ഇടവകകളിലാണെങ്കില്‍ ഏതാണ്ട് എല്ലാ ദിവസവും സെമിത്തേരിയില്‍ മുന്‍ യാക്കോബായ വൈദികരുടെ സാന്നിദ്ധ്യമുണ്ടാകുക എന്നതാവും ഫലം. ഇത് സമാന്തര ഭരണത്തിനു തുല്യമാണ്. സെമിത്തേരികള്‍ ഇടവകകളുടെ അവിഭാജ്യ ഘടകമാണെന്നും അവിടെയും സമാന്തര ഭരണം പാടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഇനി അറ്റകൈ ആയി മുന്‍ യാക്കോബായ വിഭാഗത്തിന്‍റെയടക്കം വൈദികരുടെ സാന്നിദ്ധ്യം ഇല്ലാതെ പള്ളി സെമിത്തേരിയില്‍ അടക്കാന്‍ അനുവാദം കൊടുത്താലോ? വിശ്വാസപരമായി അതൊരിക്കലും അനുവദിക്കാനാവില്ല. അതിന്‍റെ നിയമപ്രശ്നങ്ങള്‍ അവിടെ നില്‍ക്കട്ടെ. അങ്ങിനെ വന്നാല്‍ ആര്‍ക്കും മരിച്ചവരെ കുഴിച്ചിടാം എന്നാവും. മരണാനന്തര കര്‍മ്മങ്ങള്‍ കാനോനികവും പരമ്പരാഗതവുമായി നടത്തണം എന്ന പാരമ്പര്യത്തിനു ഇതു വിരുദ്ധമാകും എന്നതു മാത്രമല്ല, ചത്തു, കുഴിച്ചിട്ടു, തീര്‍ന്നു എന്ന തീവ്ര പ്രൊട്ടസ്റ്റന്‍റ് വിശ്വാസത്തിലേയ്ക്കു നയിക്കുന്ന ഒരു നടപടിയും ആകും അത്.

നിസാരവല്‍ക്കരിക്കപ്പെടുന്ന കൂദാശകള്‍

എലിയെ പേടിച്ച് ഇല്ലം ചുടുക എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കുന്ന നടപടികളാണ് മുന്‍ യാക്കോബായ വിഭാഗം വിധി നടത്തിപ്പ് ആരംഭിച്ചശേഷം കൂദാശകളുടെ കാര്യത്തില്‍ അനുവര്‍ത്തിക്കുന്നത്. ഇവ ആത്യന്തികമായി ദുര്‍ബലപ്പെടുത്തുന്നത് പ. സഭയുടെ വി. കൂദാശകളേയും. അതുവഴി തങ്ങളെത്തന്നെയും. മുന്‍ യാക്കോബായ വിഭാഗത്തിലെ തീവ്രവാദികള്‍ ഇന്നു ചെയ്യുന്നത് എന്താണ്? തങ്ങളേയും തങ്ങളുടെ പൂര്‍വപിതാക്കളേയും ആത്മാവില്‍ ജനിപ്പിച്ച മാമോദീസാതോട്ടികള്‍ തല്ലിത്തകര്‍ത്ത് ചെളിക്കുണ്ടില്‍ തള്ളി വി. മാമോദീസാ എന്ന കൂദാശയെ നിസാരവല്‍ക്കരിച്ചു. റബര്‍തോട്ടത്തിലും പെരുവഴിയിലും അര്‍പ്പിച്ചും പള്ളി തല്ലിത്തുറന്ന് പത്തു മിനിട്ടുകൊണ്ട് വിശുദ്ധ ബലി – പലപ്പോഴും പൂര്‍ണ്ണമായ വൈദിക വസ്ത്രങ്ങള്‍ കൂടാതെ – പൂര്‍ത്തിയാക്കിയും, നൂറുകണക്കിനു വി. ബലി അര്‍പ്പിച്ച ത്രോണോസുകള്‍ തല്ലിത്തകര്‍ത്തും വി. കുര്‍ബാനയെ അപമാനിച്ചു. കേട്ടാലറയ്ക്കുന്ന പുലഭ്യം, നേരിട്ടും സാമൂഹ്യ മാധ്യമങ്ങളിലൂടെയും, പുലമ്പി പ. ആചാര്യത്വത്തെ അവഹേളിച്ചു. മലങ്കരസഭയിലെ കാനോനിക വൈദികരുടെ പട്ടത്വത്തെ നിഷേധിച്ച് മതിലുചാടിയും ഹെല്‍മറ്റു വെച്ചും സെമിത്തേരികളില്‍ കുഴിച്ചിട്ട് ഒരു ക്രിസ്ത്യാനിക്ക് ലഭിക്കേണ്ട മാന്യമായ ശവസംസ്ക്കാരവും മരണാന്തര കര്‍മ്മങ്ങളും പരേതര്‍ക്ക് നിഷേധിച്ചു. അതിനുമപ്പുറം ഓര്‍ത്തഡോക്സ് വൈദികര്‍ തൊടാതിരിക്കാന്‍ മൃതശരീരം മെഡിക്കല്‍ കോളജിനു വിട്ടുകോടുത്തും വീട്ടുമുറ്റത്ത് പ്രതിഷ്ഠിച്ചും മാതൃക കാണിച്ചു. ഇവയെല്ലാം പ. കൂദാശകളെ നിസാരവല്‍ക്കരിക്കുന്ന നടപടികളല്ലേ എന്നു ചിന്തിക്കുക. എന്തിനുവേണ്ടി?

സെമിത്തേരി പങ്കാളിത്വം നല്‍കിയാല്‍ ക്രൈസ്തവമായ ശവസംസ്കാരവും മരണാനന്തര ചടങ്ങുകളും മുന്‍ യാക്കോബായ പക്ഷത്തുനിന്നും ക്രമേണ അപ്രത്യക്ഷമാകും. മതിലുചാടി ശവമടക്കിനു പകരം നേരിട്ടുകയറി കുഴിച്ചിടല്‍ മാത്രമാകും അവരുടെ മരണാനന്തര ക്രിയ. അതിനു കത്തനാരും കപ്യാരുമൊന്നും വേണ്ടന്നാകും. ധൂപപ്രാര്‍ത്ഥന നിലയ്ക്കുന്നതോടെ ചാത്തവും അടിയന്തിരവും ക്രമേണ സ്വാഹഃ!

സെമിത്തേരി പങ്കാളിത്വം ലഭിച്ചാല്‍ സമാന്തര പള്ളി വെക്കുന്നതിനുള്ള മുഖ്യ തടസം നീങ്ങി എന്നു മുന്‍ യാക്കോബായ വിഭാഗം വൈദികര്‍ കണക്കാക്കുന്നു എന്നു ചിന്തിക്കുന്നതില്‍ തെറ്റില്ല. ഏതെങ്കിലുംവിധത്തില്‍ മലങ്കരസഭയെ വെട്ടിമുറിക്കണം എന്ന ദൃഢപ്രതിജ്ഞയുമായി നടക്കുന്ന ചില അടിയിലെ ആസാമിമാര്‍ ഇതിനു പ്രോല്‍സാഹനം നല്‍കുന്നു എന്നു ആരോപിച്ചാലും കുറ്റം പറയാനാവില്ല. പക്ഷേ അതിനു മലങ്കര സഭയില്‍ ആരെങ്കിലും പരോക്ഷമായെങ്കിലും പിന്തുണ നല്‍കിയാല്‍ യാതൊരുവിധത്തിലും അതിനെ അംഗീകരിക്കാനാവില്ല. വിവാഹം, വി. കുര്‍ബാന, ശവസംസ്ക്കാരം തുടങ്ങിയ വിഷയങ്ങളില്‍ ലോകമെങ്ങും ഓര്‍ത്തഡോക്സ് സഭകള്‍ക്ക് അചിന്ത്യവും വേദവിപരീതവുമായ റോമന്‍ കത്തോലിക്കാ സഭയുമായി ഇണയില്ലാപ്പിണ കൂടിയവരാണ് ഇപ്പോഴത്തെ അന്ത്യോഖ്യന്‍ സഭ എന്ന സിറിയക്ക് ഓര്‍ത്തഡോക്സ് സഭ എന്നു കൂടി ഇതിനോടൊപ്പം കൂട്ടിവായിക്കണം.

വികാരിമാരുടെ നിയമപരമായ ബാദ്ധ്യത

ഇനി കോടതി ഉത്തരവിനു വിരുദ്ധമായി സെമിത്തേരി പങ്കാളിത്വം നല്‍കിയാല്‍ കുടുങ്ങുന്നത് അതത് പള്ളികളിലെ നിയമാനുസൃത വികാരിമാരാണ്. ശവസംസ്കാരത്തെ സംബന്ധിച്ച് നിലവിലുള്ള രാജ്യനിയമങ്ങള്‍ അനുസരിച്ച് സംസ്ക്കരിക്കപ്പെടുന്ന ഓരോ മൃതദേഹത്തിന്‍റെയും വിശദാംശങ്ങള്‍ അടങ്ങിയ രേഖ സൂക്ഷിക്കുന്നത് ആ സെമിത്തേരിയുടെ നിയമാനുസൃത അധികാരികളാണ്. അത് പഞ്ചായത്ത് സെക്രട്ടറിയോ മുന്‍സിപ്പല്‍ കമ്മീഷണറോ എന്‍.എസ്.എസ് താലൂക്ക് സെക്രട്ടറിയോ എസ്.എന്‍ഡി.പി. താലൂക്ക് സെക്രട്ടറിയോ ആരുമാകാം. കൃത്യമായ രേഖകള്‍ ലഭിച്ച് നടപടിക്രമങ്ങള്‍ പാലിച്ചല്ലാതെ ഇവരാരും തങ്ങളുടെ നിയന്ത്രണത്തിലുള്ള പൊതുശ്മശാനങ്ങളില്‍ ശവസംസ്ക്കാരം അനുവദിക്കില്ല. മലങ്കര സഭയെ സംബന്ധിച്ചിടത്തോളം കോടതി അംഗീകരിച്ച 1934-ലെ ഭരണഘടന അനുസരിച്ച വികാരിമാരാണ് ഓരോ ഇടവകപ്പള്ളി സെമിത്തേരിയിലേയും ശവസംസ്ക്കാര രജിസ്റ്റര്‍ എഴുതി സൂക്ഷിക്കേണ്ടത്. അതായത്, അവിടെ അടക്കുന്ന ഓരോ മൃതദേഹത്തിന്‍റെയും വ്യക്തിത്വത്തിന് വികാരിക്ക് ഉത്തരവാദിത്വമുണ്ട്. കോടതിവിധിക്കു വിരുദ്ധമായി ഉണ്ടാക്കുന്ന ഏതെങ്കിലും സ്ഥിര/താല്‍ക്കാലിക – ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ അടക്കപ്പെടുന്ന ഏതെങ്കിലും മൃതദേഹം നാളെ നിയമപരമായി ചോദ്യചിഹ്നമായാല്‍ വികാരിയെ സംരക്ഷിക്കുവാന്‍ ഒരു നിയമവും എത്തില്ല. ലളിതമായി പറഞ്ഞാല്‍, സ്വയം ബോദ്ധ്യപ്പെടാതെ 80 വയസുള്ള മത്തായി എന്നു പറഞ്ഞ് ആരെങ്കിലും കുഴിച്ചിട്ട ശവം 20 വയസുള്ള മറിയാമ്മയുടേതാണെന്നു നാളെ തെളിഞ്ഞാല്‍ വികാരി കുടുങ്ങും എന്നു സാരം.

ഉപസംഹാരം

മുന്‍ യാക്കോബായ വിഭാഗവും മലങ്കരസഭയുട ഭാഗമാണ്. അവര്‍ക്കും ന്യായമായ കൂദാശകളും ശവസംസ്ക്കാരവും നല്‍കാനുള്ള ധാര്‍മ്മികമായ ബാദ്ധ്യത പ. സഭയ്ക്കുണ്ട്. അതിനു പ. സഭ എന്നും തയാറുമാണ്. അതിനു പകരം, നിയമത്തെ കളിപ്പിക്കാന്‍ ഹെല്‍മറ്റ് വെച്ച കുറച്ചുപേരോ, അല്ലെങ്കില്‍ ഏതെങ്കിലും ഒത്തുതീര്‍പ്പിന്‍റെ അടിസ്ഥാനത്തില്‍ മുഖം മറയ്ക്കാത്തവരോ ആയ ആരെങ്കിലും വൈദികകര്‍മ്മങ്ങള്‍ കൂടാതെ അവരെ അജ്ഞാതജഡം കുഴിച്ചിടുന്നതുപോലെ മറവു ചെയ്യുന്നതും മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യാതിരിക്കുന്നതും മലങ്കരസഭയ്ക്ക് ഒരിക്കലും അംഗീകരിക്കാനാവില്ല. ഇക്കാരണങ്ങളാലാണ് പ്രസ്താവിത നിവേദനത്തിലെ സെമിത്തേരി പരാമര്‍ശത്തെ ഈ ലേഖകന്‍ നഖഃശിഖാന്തം എതിര്‍ക്കുന്നത്.