പാത്രിയര്‍ക്കീസ് – കാതോലിക്കാ സംഭാഷണം (1934)

പാത്രിയര്‍ക്കീസ് ബാവായും കാതോലിക്കാ ബാവായും തമ്മിലുള്ള കൂടിക്കാഴ്ചയും സംഭാഷണങ്ങളും സൗഹൃദനിര്‍ഭരമായിരുന്നു. ഞായറാഴ്ച സന്ധ്യാനമസ്കാരവേളയില്‍ പാത്രിയര്‍ക്കീസ് മദ്ബഹായില്‍ വടക്കു വശത്തും കാതോലിക്കാ നേരെ തെക്കുഭാഗത്തും സിംഹാസനസ്ഥരായി. ഇരുവരുടെയും പിന്നില്‍ അവിടെ ഉണ്ടായിരുന്ന മെത്രാന്മാരും ഇരുന്നു. സന്ധ്യാനമസ്കാരത്തിന് ആളുകള്‍ കൂടുതല്‍ ഉണ്ടായിരുന്നു. പള്ളിയില്‍ റമ്പാന്മാരും പട്ടക്കാരും മറ്റു സ്ത്രീപുരുഷന്മാരും കൂടി കാട്ടിയ കോലാഹലങ്ങള്‍ എഴുതി വായനക്കാരുടെ മനസ്സ് പുണ്ണാക്കുവാന്‍ ഉദ്യമിക്കുന്നില്ല.

മുമ്പ് ഞങ്ങള്‍ മര്‍ദീനില്‍ പോയിരുന്നപ്പോള്‍ മേല്പട്ടക്കാരോട് അവിടെയുള്ള ജനങ്ങള്‍ കാണിച്ച ഭക്തിബഹുമാനങ്ങളുടെ അംശം പോലും ഇപ്പോള്‍ ഇവിടെ കാണ്‍മാനില്ല. ഒരു അയ്മേനി കടന്നുവന്ന് ഊര്‍ശ്ലേം മെത്രാനു കൈ കൊടുത്തിട്ട് അദ്ദേഹത്തോടൊരുമിച്ചു കട്ടിലില്‍ ഇരിക്കുന്ന കാഴ്ച ഞങ്ങള്‍ക്കു ധര്‍മ്മസങ്കടമായി തോന്നി. ഭക്ഷണ സമയത്തു മെത്രാച്ചനും റമ്പാച്ചനും അച്ചനും വേലക്കാരനും വേലക്കാരത്തിയും ഒരുമിച്ചു ഭക്ഷണം കഴിക്കുന്ന കാഴ്ചയുമങ്ങനെ തന്നെ. ഈ കൂട്ടരാണ് മലയാളത്തു വരുമ്പോള്‍ അങ്ങേയറ്റത്തെ ഭാവം കാണിക്കുന്നത്. …

25-നു 10 മണിയോടുകൂടി പാത്രിയര്‍ക്കീസ് ബാവാ എനിക്കാളയച്ചു. ഞാന്‍ അദ്ദേഹത്തിന്‍റെ മുറിയില്‍ ചെന്നു. സരസമായും ചാതുര്യമായും അദ്ദേഹം സംസാരിച്ചു. മലങ്കരസഭയും ആളുകളും, കാതോലിക്കായുടെ ആവശ്യം, ജനങ്ങളുടെ അഭിലാഷം, ദയറാ പള്ളികള്‍, പള്ളിക്കൂടങ്ങള്‍, സുറിയാനി പഠനം, എന്‍റെ വീട്, തൊഴില്‍, മാര്‍ ഈവാനിയോസ് ഇവയെല്ലാമായിരുന്നു സംഭാഷണ വിഷയങ്ങള്‍. എനിക്കു നല്ലവണ്ണം സുറിയാനി സംസാരിക്കാനറിയാമെന്നതിനെപ്പറ്റി ബാവാ സന്തോഷമായി സംസാരിച്ചു. ഞാന്‍ പോയശേഷം സി. എം. തോമസച്ചനേയും വിളിപ്പിച്ചു.

വാര്‍ദ്ധക്യാവസ്ഥയിലേക്കു പ്രവേശിച്ചിട്ടുണ്ടോ എന്നു സംശയം തോന്നുമെങ്കിലും യൗവ്വനം വിട്ടിട്ടില്ലാത്ത ഒരാളാണ് മാര്‍ അപ്രേം സേവേറിയോസ് പാത്രിയര്‍ക്കീസ് ബാവാ. കാലം ചെയ്ത പാത്രിയര്‍ക്കീസ് ബാവായെപ്പോലെ മറ്റുള്ളവരുടെ ചരടുവലിക്കധീനനാകുന്ന ഒരാളാണെന്നു തോന്നുന്നില്ലെങ്കിലും യൂലിയോസ് മെത്രാച്ചന്‍റെ അഭിപ്രായങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യം കല്പിക്കുന്നതായിട്ടാണ് ആരംഭം മുതല്‍ക്കേ ഞങ്ങള്‍ കണ്ടത്. അത്ര ആഡംബരപ്രിയനല്ലെങ്കിലും ആഴമായ ദൈവഭക്തിയുള്ള ഒരാളായി തോന്നുന്നില്ല. സാമാന്യം ബുദ്ധിമാനാണെങ്കിലും അതിയായ ഗൗരവം നടിക്കുന്നില്ല. കേവലം വഞ്ചകനല്ലെങ്കിലും ഒന്നാംതരം നയജ്ഞനാണ്. അതിരു കവിഞ്ഞ നയമുള്ള ഒരാള്‍ സത്യത്തെ എത്രമാത്രം ബഹുമാനിക്കുമെന്നു കണ്ടറിയേണ്ടതാണ്.

കാതോലിക്കാബാവാ കേവലം ശുദ്ധനും പരമാര്‍ത്ഥിയും വക്രതയറിയാല്‍ പാടില്ലാത്ത ആളുമാകയാല്‍ അദ്ദേഹത്തെക്കൊണ്ട് എന്തും സാധിക്കാമെന്നു മാര്‍ യൂലിയോസ് പാത്രിയര്‍ക്കീസിനെ ധരിപ്പിച്ചിട്ടുള്ളതു പോലെ തോന്നുന്നു. കൈയ്ച്ചിട്ടിറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന മട്ടിലാണു കാണുന്നത്. അബ്ദേദ് മശിഹാ പാത്രിയര്‍ക്കീസ് ബാവാ മലയാളത്തു വച്ചു നടത്തിയ പട്ടംകൊടയേയും … യൂലിയോസ് മെത്രാന്‍ മര്‍ദ്ദീനില്‍ നിന്നു കൊണ്ടുവന്ന കല്പന വായിക്കാതിരുന്നതിനെപ്പറ്റിയും ഹൃദയപൂര്‍വ്വം ഇവര്‍ ഇപ്പോള്‍ ഖേദിക്കുന്നുണ്ട്. യാത്രാച്ചെലവിലേയ്ക്കായി മൂന്നു നാലായിരം രൂപാ കളഞ്ഞത് വെറുതെ ആകുമോ എന്നു പാത്രിയര്‍ക്കീസ് ബാവായെ കണ്ടതില്‍ പിന്നെ ഞങ്ങള്‍ക്കു പലപ്പോഴും തോന്നാതിരുന്നിട്ടില്ല. പക്ഷേ, മേലില്‍ മുടക്കാകുന്ന വജ്രായുധം ഒരു കാലത്തും പാത്രിയര്‍ക്കീസന്മാര്‍ മലങ്കരസഭയില്‍ പ്രയോഗിക്കുവാന്‍ ധൈര്യപ്പെടുകയില്ല എന്ന പരമാര്‍ത്ഥം ഈ യാത്ര കൊണ്ട് ഞങ്ങള്‍ക്ക് ബോധ്യമായി. ഹൃദയ വികാസം തുലോം തുച്ഛമായ ഇക്കൂട്ടര്‍ക്കു അടിമപ്പെട്ടിരുന്നുകൊള്ളാമെന്നുള്ള മനഃസ്ഥിതി, മനോവികാസം ലഭിച്ച നമ്മുടെ ആളുകള്‍ ഇനിയും പ്രത്യക്ഷപ്പെടുത്തുന്നതാണ് എനിക്കത്ഭുതമായി തോന്നുന്നത്. ഇതു മലങ്കരയുടെ കഷ്ടകാലമെന്നല്ലാതെ മറ്റെന്താണു പറയുക.”

ഒരിക്കല്‍ ബാവാമാര്‍ ഇരുവരും സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ പാത്രിയര്‍ക്കീസ് ബാവാ പാരീസില്‍ അച്ചടിച്ച ഒരു സുറിയാനി കാനോന്‍ ഗ്രന്ഥം (എ അക്കം കാനോന്‍) കാണിച്ചുകൊണ്ട്,

“ഇത് അവിടുത്തേക്കു വായിക്കാമോ?”

കാതോലിക്കാബാവാ:- “വായിക്കാം.”

പാത്രി. ബാവാ:- “കിഴക്കിന്‍റെ വലിയ മെത്രാപ്പോലീത്താ ഇനിമേല്‍ കാതോലിക്കാ എന്നു വിളിക്കപ്പെടണം” എന്ന ഭാഗം കാണിച്ചുകൊണ്ട് “കാതോലിക്കാ എന്നു പറഞ്ഞാല്‍ വലിയ മെത്രാപ്പോലീത്താ എന്നേ അര്‍ത്ഥമുള്ളു.”

കാതോ: ബാവാ:- “വലിയ മെത്രാപ്പോലീത്തായെ ഇനിമേല്‍ കാതോലിക്കാ എന്നു വിളിക്കണം. അന്തോക്യയിലെയും കുസ്തന്തീനോസ് പോലീസിലെയും എപ്പിസ്കോപ്പാമാര്‍ പാത്രിയര്‍ക്കീസ് എന്നു വിളിക്കപ്പെടണം എന്നു പറഞ്ഞിരിക്കുന്നതുപോലെ തന്നെ ഇതും എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്.” ഈ മറുപടിക്കു ശേഷം പിന്നെ ഇതു സംബന്ധിച്ച് ഒന്നുംതന്നെ പറയാതെ സംഭാഷണ വിഷയം മാറ്റിക്കളഞ്ഞു.

മറ്റൊരു അവസരത്തില്‍ “അബ്ദേദ് മിശിഹാ, സിംഹാസനത്തില്‍ നിന്നു വീണുപോയവനാണ്. സുന്നഹദോസ് കൂടി അദ്ദേഹത്തെ തള്ളിക്കളഞ്ഞു” എന്നു പാത്രിയര്‍ക്കീസ് ബാവാ പറഞ്ഞു.
കാതോ: ബാവാ:- “അദ്ദേഹത്തെ മുടക്കിയിട്ടുണ്ടോ?”
പാ: ബാവാ:- “ഇല്ല.”

കാ: ബാവാ:- “വീണു എന്നു പറയുന്നതിന്‍റെയും തള്ളി എന്നു പറയുന്നതിന്‍റെയും അര്‍ത്ഥമെന്താണ്! ബലഹീനമായ ഒരു മനുഷ്യനെ ബലവാന്മാര്‍ കൂടി അയാളുടെ സ്വന്ത ഭവനത്തില്‍ നിന്നു പിടിച്ചു ഇറക്കി വിടുന്നതുപോലെ എന്നല്ലേ അര്‍ത്ഥമുള്ളു.”

പാ: ബാവാ:- “അദ്ദേഹം ചില കുറ്റങ്ങളെല്ലാം ചെയ്തിട്ടുണ്ട്.”

കാ: ബാവാ:- “അക്കാലത്തു ഞാന്‍ ഊര്‍ശ്ലേമില്‍ ഉണ്ടായിരുന്നതിനാല്‍ അതിന്‍റെ പരമാര്‍ത്ഥം ഞാനും മനസ്സിലാക്കിയിട്ടുണ്ട്.”

പാത്രിയര്‍ക്കീസ് ബാവാ ഒന്നും ഉത്തരം പറഞ്ഞില്ല.

കാ: ബാവാ:- “കാര്യം കൂടാതെ ഒരുത്തനെ ദ്വേഷിക്കുന്നതു ദൈവദോഷമല്ലേ?”

പാ: ബാവാ:- “അദ്ദേഹം വീണുപോയതാണ്.”

കാ: ബാവാ:- “അബ്ദുള്ളാ ബാവാ പാത്രിയര്‍ക്കീസായശേഷം അബ്ദേദ് മിശിഹാ പട്ടം കൊടുത്തിട്ടുള്ള ഒരു റമ്പാന്‍ മര്‍ക്കോസിന്‍റെ ദയറായില്‍ കുര്‍ബാന ചൊല്ലുന്നതു ഞാന്‍ എന്‍റെ കണ്ണിനു കണ്ടിട്ടുണ്ട്. അബ്ദുള്ളാ ബാവായൊ മറ്റാരെങ്കിലുമോ അദ്ദേഹത്തെ വിലക്കിയതായി കണ്ടിട്ടില്ല. യാതൊരു വ്യത്യാസവും കൂടാതെ ഈ ആളും മറ്റുള്ളവരോടുകൂടെ താമസിക്കുകയും കര്‍മ്മാദികളില്‍ സംബന്ധിക്കുകയും ശുശ്രൂഷകള്‍ നടത്തുകയും ചെയ്തുപോന്നു.”

പാ: ബാവാ:- “അയാളുടെ പേരെന്താണ്?”

കാ: ബാവാ:- “തുറബ്ദീന്‍കാരന്‍ ഒരു ഹന്നാ റമ്പാന്‍.”
(ഇതിനു പാത്രിയര്‍ക്കീസ് ബാവാ ഒന്നും മറുപടി പറഞ്ഞില്ല)

കാ: ബാവാ:- “നിങ്ങളെല്ലാം പട്ടമുള്ളവരും ഞങ്ങള്‍ കേവലം അത്മായക്കാരും എന്താ പോരായോ?”

പാ: ബാവാ:- (ഞെട്ടിക്കൊണ്ട്) “ആരങ്ങനെ പറഞ്ഞു? തീര്‍ച്ചയായി നിങ്ങള്‍ക്കെല്ലാം പട്ടമുണ്ട്.”

കാ: ബാവാ:- “അവിടുത്തെ തഹലൂപ്പാ യൂലിയോസ് മെത്രാച്ചനാണ് ഇങ്ങനെ പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുന്നത്.”
(പാത്രിയര്‍ക്കീസ് ബാവാ മൗനം അനുഷ്ഠിച്ചു)

ഈ സംഭാഷണശേഷം ഞങ്ങള്‍ താഴത്തേക്കു പോന്ന ഉടന്‍തന്നെ യൂലിയോസ് മെത്രാച്ചന്‍ താഴെ വന്ന് “നിങ്ങള്‍ക്കു പട്ടമില്ലെന്ന് ഞാന്‍ വല്ലപ്പോഴും പറഞ്ഞിട്ടുണ്ടോ? പാത്രിയര്‍ക്കീസു ബാവായോട് അങ്ങനെ പറഞ്ഞതെന്തിനാണ്?” എന്നു ചോദിക്കയുണ്ടായി.

“രഹസ്യമായും പരസ്യമായും പത്രങ്ങളിലും വാക്കു മൂലമായും എതിര്‍ കക്ഷികള്‍ അങ്ങനെ ധാരാളം പറയാറുണ്ട്. മാര്‍ അത്താനാസ്യോസ്, മാര്‍ മിഖായേല്‍ ദീവന്നാസ്യോസ് മുതലായ മെത്രാന്മാരും അങ്ങനെ പറകയും പ്രസംഗിക്കയും ചെയ്യാറുണ്ട്” എന്നു ഞങ്ങള്‍ പറഞ്ഞതിന് യൂലിയോസ് മെത്രാച്ചന്‍:-

“അവര്‍ പറഞ്ഞിട്ടുണ്ടായിരിക്കാം. എന്നാല്‍ വല്ലപ്പോഴും ഞാന്‍ അങ്ങനെ പറഞ്ഞിട്ടുണ്ടോ?”
ഞങ്ങള്‍:- “അവിടുന്നു ധാരാളം പറഞ്ഞിട്ടുണ്ട്.”

യൂലി. മെ:- “ഞാന്‍ അങ്ങനെ ഒരിക്കലും പറഞ്ഞിട്ടില്ല, പറകയുമില്ല.”

വേറെ ഒരു അവസരത്തില്‍ ബാവാമാര്‍ ഇരുവരും സംസാരിച്ചുകൊണ്ടിരിക്കെ “ഞങ്ങള്‍ക്കു പാത്രിയര്‍ക്കീസന്മാരെ ബഹു ഭയമാണ്. കാരണം മുടക്കാകുന്ന കണ്ഠകോടാലി അവര്‍ കളിപ്പാട്ടമായിട്ടാണ് ഉപയോഗിക്കുന്നത്. ആദ്യം മലയാളത്തുകാരില്‍ പാത്രിയര്‍ക്കീസില്‍ നിന്നു പട്ടമേറ്റ ആള്‍ മാത്യൂസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ ആയിരുന്നു. അദ്ദേഹത്തെ വാഴിക്കുന്നതിനും മുടക്കുന്നതിനും വലിയ കാലതാമസമുണ്ടായില്ല. പിന്നത്തെ ആള്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ ആയിരുന്നു. ശീമക്കാരുടെ വലങ്കയ്യായിരുന്ന അദ്ദേഹത്തിനു ബോംബെയില്‍ നിന്നു മുടക്കയക്കാമെന്നു പറഞ്ഞ് പാത്രിയര്‍ക്കീസ് ബാവാ മലങ്കര നിന്നു പോയി. പെട്ടെന്ന് അദ്ദേഹം പിണങ്ങിയാല്‍ കുറെ തകരാറ് ശീമക്കാര്‍ക്കു പറ്റിയേക്കുമെന്ന് ഭയന്ന് അന്നങ്ങനെ ചെയ്തില്ല. പിന്നീട് അദ്ദേഹം പാത്രിയര്‍ക്കീസിന്‍റെ ഭാഗത്തു നിന്നുകൊണ്ട് ദീര്‍ഘനാള്‍ കേസു നടത്തി ജയം നേടി. ഇത്രയും ആയപ്പോഴേക്ക് ആരുടെയോ മന്ത്രം കേട്ട് അദ്ദേഹത്തെ പ്രസിഡന്‍റു സ്ഥാനത്തുനിന്നു സസ്പെന്‍റു ചെയ്തു. അടുത്ത ആള്‍ ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ ആയിരുന്നു. അദ്ദേഹത്തിന്‍റെ മുടക്കും പിന്നാലെയുണ്ടായ കേസും സംബന്ധിച്ച് ഇവിടെ ഒന്നും വിസ്തരിക്കേണ്ടതില്ലല്ലോ. പാത്രിയര്‍ക്കീസ് മുടക്കി മുടക്കി ഇപ്പോള്‍ തഹലൂപ്പായും മുടക്കാന്‍ തുടങ്ങിയിരിക്കുന്നു” എന്ന് കാതോലിക്കാ ബാവാ പറഞ്ഞു.

പാ: ബാവാ:- “ആര്, ആരെ, എപ്പോള്‍ മുടക്കി?”

കാ: ബാവാ:- “ഈ യൂലിയോസ് മെത്രാച്ചന്‍.”

പാ: ബാവാ:- “ആരെ?”

കാ: ബാവാ:- “മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായെ.”

പാ: ബാവാ:- “എപ്പോള്‍?”

കാ: ബാവാ:- “കേസിനുശേഷം സസ്പെന്‍റു ചെയ്തു ഒരു ഉത്തരവയച്ചു. അതിനെത്തുടര്‍ന്ന് ഒരു കേസും ഉണ്ടായി. അങ്ങനെ ഇപ്പോള്‍ തഹലൂപ്പായെയും ഭയപ്പെടേണ്ടതായിട്ടാണ് വന്നിരിക്കുന്നത്. ജനിപ്പിക്കയും ഉടനെ കൊല്ലുകയും ചെയ്യുക നിങ്ങള്‍ക്കു തൊഴിലായി തീര്‍ന്നിരിക്കയാണ്.”

പാ: ബാവാ:- “ഞങ്ങള്‍ കൊലപാതകരെന്നാണോ നിങ്ങള്‍ പറയുന്നത്.”

കാ: ബാവാ:- “സംശയമെന്താ?”

പാ: ബാവാ:- “ഇനി അങ്ങിനെ ഉണ്ടാകുകയില്ല. പത്രോസ് പാത്രിയര്‍ക്കീസും അബ്ദുള്ളാ പാത്രിയര്‍ക്കീസും മുടക്കിയതു സര്‍വ്വത്ര തെറ്റിപ്പോയി. ഞാന്‍ വളരെ ശാന്തനല്ലേ? അവരെപ്പോലെയാണോ?”

കാ: ബാവാ:- “അവിടുന്നു ശാന്തന്‍ തന്നെ. എനിക്ക് അവിടുത്തോടു വളരെ ബഹുമാനവും സ്നേഹവും തോന്നുന്നു. യൂലിയോസ് മെത്രാന്‍ കുറെക്കൂടെ ബുദ്ധിപൂര്‍വ്വമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇത്രയും കുഴപ്പമൊന്നുമുണ്ടാകയില്ലായിരുന്നു. ദീവന്നാസ്യോസ് മെത്രാപ്പോലീത്താ മര്‍ദ്ദീനില്‍ വരികയും ഏലിയാസ് പാത്രിയര്‍ക്കീസുമായി സൗഹാര്‍ദ്ദമായി പിരിയുകയും ചെയ്തു. അന്ന് അദ്ദേഹം കൊടുത്ത കല്പനകള്‍ വായിച്ചിരുന്നെങ്കില്‍ കാതോലിക്കാ വാഴ്ചയോ, റിവിഷന്‍ അപ്പീലോ അതിനുശേഷം ഉണ്ടാകുകയില്ലായിരുന്നു. റിവിഷന്‍ ഉണ്ടായില്ലായിരുന്നെങ്കില്‍ അന്ത്യോക്യാ പാത്രിയര്‍ക്കീസിന്‍റെ അധികാരം ഉരുക്കുപോലെ ബലവത്തായിരിക്കുമായിരുന്നു.”

പാത്രി: ബാവാ:- “അയാള്‍ ആ കല്പന വായിക്കാതെ ഇരുന്നതുപോലെ ഒരു ബുദ്ധികേട് ഉണ്ടാകുവാനില്ല. ഞാന്‍ വന്നിരുന്നെങ്കില്‍ തീര്‍ച്ചയായും മലയാളത്തു സമാധാനം ഉണ്ടാകുമായിരുന്നു. ഇനി കല്‍പന കൊടുക്കുകയില്ല. അവയെല്ലാം അവിടുത്തെ കയ്യിലേ തരികയുള്ളു. ഇതില്‍പരം ബുദ്ധികേട് യൂലിയോസ് കാട്ടാനില്ല.”

കാ: ബാവാ:- “എന്നോടുള്ള അവിടുത്തെ വര്‍ത്തനയെങ്കിലും ബുദ്ധികേടായിപ്പോയി എന്ന് ഒരു കാലത്ത് ആരും പറയുവാന്‍ ഇടയാകാതെ ഇരിക്കട്ടെ.”

പാ: ബാവാ:- (ചിരിച്ചുകൊണ്ട്) “സര്‍വ്വവും ശരിയാകും. അവിടുത്തേക്കു പരുമല കാലം ചെയ്ത മാര്‍ ഗ്രീഗോറിയോസിന്‍റെ ആത്മബീജമുണ്ട്.”
കാ: ബാവാ:- “ഞാന്‍ അദ്ദേഹത്തിന്‍റെ ശിഷ്യനും ജഡപ്രകാരം അദ്ദേഹം എന്‍റെ കാരണവനുമാണ്.”

മെത്രാന്മാരില്‍ പലരും ഹോംസില്‍ എത്തി പാത്രിയര്‍ക്കീസിന്‍റെ മുറിയില്‍ വച്ച് ഒരു കൂടിയാലോചന നടത്തി. അന്നു സന്ധ്യയ്ക്ക് കാതോലിക്കാബാവായെ മാത്രം മുകളിലേക്കു വിളിച്ചുവരുത്തി പാത്രിയര്‍ക്കീസ് ബാവാ ഒരു പട്ടംകൊട പുസ്തകം വിടര്‍ത്തിവച്ചുകൊണ്ട്:-

പാ: ബാവാ:- “ഒരു ഇടദിവസം വി. കുര്‍ബ്ബാനമധ്യേ ഈ പ്രാര്‍ത്ഥന ഞാന്‍ ചൊല്ലി ശീലമുടിയും പത്രസീനും വാഴ്ത്തി തരും. അതോടുകൂടെ അംശവടി പിടിപ്പിക്കയും ചെയ്യും. പിന്നെ എല്ലാവരും ഓക്സിയോസ് പറകയും മെത്രാന്മാരെല്ലാം അവിടുത്തെ കൈമുത്തുകയും ചെയ്യും. ഇപ്പോള്‍ എന്‍റെ വലത്തുഭാഗത്തു അല്പം താണ ഒരു സിംഹാസനത്തിലല്ലേ അവിടുത്തെ ഇരുത്തിയിരിക്കുന്നത്. ഇതു കഴിഞ്ഞാല്‍ എന്‍റേതിനോടൊപ്പമുള്ള ഒരു സിംഹാസനം അവിടെ ഇട്ട് അതില്‍ അവിടത്തെ ഇരുത്തും.”

കാ: ബാവാ:- “അവിടുത്തെ ഔദാര്യത്തിനു ഞാന്‍ നന്ദി പറയുന്നു. ഈ പുസ്തകം തന്നെ ഉപയോഗിച്ചാണ് ഞാനും പട്ടം കൊടുക്കുന്നത്. അതുകൊണ്ട് കൈവെപ്പിന്‍റെ ഈ പ്രത്യേക പ്രാര്‍ത്ഥന എന്‍റെമേല്‍ നടത്തുന്നത് അനുവദിപ്പാന്‍ എന്‍റെ മനഃസാക്ഷി സമ്മതിക്കുന്നില്ല. അതു പാപമാണെന്നാണ് എന്‍റെ ബോധ്യം.”

പാ: ബാവാ:- “അബ്ദേദ് മിശിഹാ സ്ഥാനത്തു നിന്നു വീണ ആളാണ്. അതുകൊണ്ട് ഒരു ദോഷവുമില്ല.”

കാ: ബാവാ:- “അബ്ദേദ് മിശിഹാ ബാവായ്ക്കു മുടക്കില്ലെന്ന് അവിടുന്നു സമ്മതിക്കുന്നുണ്ടല്ലോ? ഞാന്‍ ഒന്നു ചോദിക്കട്ടെ. തൂറബ്ദീനിലെ ശ്ലീഹ് എന്ന മെത്രാപ്പോലീത്തായെ പാത്രിയര്‍ക്കീസ് മുടക്കിയല്ലോ. ആ മുടക്കപ്പട്ട മെത്രാപ്പോലീത്തായെ അവര്‍ പാത്രിയര്‍ക്കീസായി വാഴിക്കയും ചെയ്തു. പിന്നെ അധികനാളേത്തേക്കു മര്‍ദ്ദീനിലും തുറബ്ദീനിലും പാത്രിയര്‍ക്കീസന്മാര്‍ ഉണ്ടായിരുന്നു. രണ്ടു മൂന്നു തലമുറയ്ക്കുശേഷം മര്‍ദ്ദീനിലെ പാത്രിയര്‍ക്കീസ് മൂറോന്‍ കൂദാശ ചെയ്തപ്പോള്‍ തുറബ്ദീനിലെ പാത്രിയര്‍ക്കീസിനെ ക്ഷണിക്കുകയും പിന്നീട് അവര്‍ പരസ്പരം പോയി ശുശ്രൂഷകളില്‍ സംബന്ധിക്കയും ചെയ്തുവന്നില്ലേ? മുടക്കപ്പെട്ട പാത്രിയര്‍ക്കീസിന്‍റെ പിന്‍ഗാമികളോടുകൂടി മര്‍ദ്ദീനിലെ പാത്രിയര്‍ക്കീസ് കൂദാശകളില്‍ സംബന്ധിച്ചപ്പോള്‍ അവരുടെമേല്‍ എന്തെങ്കിലും പ്രാര്‍ത്ഥന കഴിക്കയുണ്ടായോ?”

പാ: ബാവാ:- “ഇല്ല.”

കാ: ബാവാ:- “സീസ് മര്‍ദ്ദീന്‍, തുറബ്ദീന്‍ ഇവിടെയെല്ലാം പല തലമുറകളിലായി പാത്രിയര്‍ക്കീസന്മാര്‍ വാണിരുന്നില്ലേ?”

പാ: ബാവാ:- “അവര്‍ അന്യോന്യം അറിയാതെയാണ് വാഴിക്കപ്പെട്ടുപോയത്.”

കാ: ബാവാ:- “പാത്രിയര്‍ക്കീസിനെ, സുന്നഹദോസു കൂടാതെ വാഴിക്കുന്നതു ക്രമക്കേടല്ലേ? ഈ സത്യം അറിഞ്ഞശേഷം അവരാരെങ്കിലും സ്ഥാനത്തുനിന്ന് പിന്മാറിയിട്ടുണ്ടോ? പല തലമുറകളിലായി ഈ സിംഹാസനങ്ങളില്‍ പാത്രിയര്‍ക്കീസന്മാര്‍ വാണിട്ടുണ്ടല്ലോ? ഒടുവില്‍ യോജിച്ചപ്പോള്‍ അവരുടെമേല്‍ വല്ലവരും വല്ല പ്രാര്‍ത്ഥന നടത്തിയതായി അറിയാമോ? അങ്ങനെ ചെയ്തിട്ടില്ലെങ്കില്‍ സാക്ഷാല്‍ പാത്രിയര്‍ക്കീസിന്‍റെ കൈവെപ്പിനു പുറമെ ഒരു പ്രാര്‍ത്ഥന കൂടി നടത്തണമെന്ന് അവിടുന്ന് പറയുന്നതിന്‍റെ അര്‍ത്ഥമെന്താണ്?”

പാ: ബാവാ:- “അവിടുന്ന് ഗ്രീഗോറിയോസിന്‍റെ സഭാചരിത്രം വായിച്ചിട്ടുണ്ടോ?”

കാ: ബാവാ:- “കുറെയെല്ലാം വായിച്ചിട്ടുണ്ട്.”

പാ: ബാവാ:- “കൊള്ളാം. നല്ലതു തന്നെ.”

കാ: ബാവാ:- “ആരെയും അപമാനിക്കാന്‍ തുനിയരുത്. കാനോനിലും ഇതു തന്നെയാണു പറയുന്നത്. മാബൂഗിലെ പീലക്സീനോസ് അറിയൂസുകാരാല്‍ പട്ടംകെട്ടപ്പെട്ട മിലീത്തോസിനെ മാറി പട്ടം കൊടുക്കാതെ പത്രിയര്‍ക്കീസായി സ്വീകരിച്ചിട്ടുള്ളതായി വായിച്ചിട്ടില്ലയോ? അങ്ങനെയെങ്കില്‍ ഇമ്മാതിരി യോഗ്യതയില്ലാത്ത സംഭാഷണങ്ങള്‍ നിറുത്തിക്കളയുകയല്ലേ നന്ന്?”

ഇതിനു മറുപടി ബാവാ കാതോലിക്കാ ബാവായുടെ തോളില്‍ കൊട്ടുക മാത്രമാണ് ചെയ്തത്.

ഒരിക്കല്‍ ‘സുന്നഹദോസി’ലേക്ക് കാതോലിക്കാ ബാവായെ വിളിപ്പിച്ചു. ബാവാ ചെന്നപ്പോള്‍ പാത്രിയര്‍ക്കീസ് ബാവാ സുന്നഹദോസ് മുറിയില്‍ നിന്ന് കരുതിക്കൂട്ടി മാറിനില്‍ക്കയായിരുന്നു.

മൂസലിലെ മാര്‍ അത്താനാസ്യോസ്:- അബ്ദേദ് മിശിഹായുടെ മലയാളത്തെ പ്രവൃത്തികളൊക്കെ തെറ്റാണ്. അദ്ദേഹം സിംഹാസനത്തില്‍ നിന്നു വീണുപോയി.”
കാ: ബാവാ:- “അതിനു ഞാനെന്തു വേണം?”

അത്താനാ:- “അതിനാല്‍ അദ്ദേഹത്തിന്‍റെ പ്രവൃത്തികള്‍ക്കു കുറവുണ്ട്.”

കാ: ബാവാ:- “നിങ്ങള്‍ എന്തുകൊണ്ട് അദ്ദേഹത്തെ മുടക്കിയില്ല.”
(കുറെനേരം എല്ലാവരും മൗനമായിരുന്നു)

യൂലിയോസ്:- “ഭ്രാന്തനെ എന്തിനു മുടക്കുന്നു?”

കാ: ബാവാ: -“ഭ്രാന്ത് ഒരു രോഗമല്ലേ? അതു ഭേദമാകുകയും ചെയ്യുമല്ലൊ? രോഗം വരുമ്പോള്‍ പറന്നു പോകുന്ന ഒന്നാണ് പട്ടത്വമെങ്കില്‍ ലോകത്തില്‍ പട്ടത്വമുള്ളവരായി ആരുംതന്നെ കാണുകയില്ല. വാതമോ, പിത്തമോ, വയറ്റുവേദനയെങ്കിലുമോ ഇല്ലാത്ത വല്ല ആളുകളെയും ലോകത്തില്‍ കണ്ടെത്താന്‍ കഴിയുമോ?ڈഅപ്പോള്‍ പട്ടത്വമൊ പിന്‍തുടര്‍ച്ചയൊ ഭൂമിയില്‍ ഇല്ലെന്നും വരും. അബ്ദേദ് മിശിഹാ പാത്രിയര്‍ക്കീസ് ഞങ്ങളുടെ നാട്ടില്‍ വന്നിരുന്നപ്പോള്‍ നാനാജാതിമതസ്ഥരായ അനേകര്‍ അദ്ദേഹത്തെ കാണുകയും അദ്ദേഹത്തിന്‍റെ പ്രസംഗം കേള്‍ക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം കുര്‍ബ്ബാന ചൊല്ലുകയും പട്ടം കൊടുക്കുകയും എല്ലാം ചെയ്തിട്ടുണ്ട്. ഭ്രാന്തിന്‍റെ യാതൊരു ലക്ഷണവും ഞങ്ങള്‍ അദ്ദേഹത്തില്‍ കണ്ടിട്ടില്ല. അദ്ദേഹത്തിന്‍റെ പരമ ശത്രുക്കളായ മലയാളത്തെ പാത്രിയര്‍ക്കീസ് ഭാഗക്കാരില്‍ ഒരു കുഞ്ഞെങ്കിലും അദ്ദേഹത്തിനു ഭ്രാന്തുണ്ടായിരുന്നതായി പറഞ്ഞുകേട്ടിട്ടില്ല. നേരെമറിച്ച് അദ്ദേഹത്തിന്‍റെ പ്രസംഗത്തെയും ശുശ്രൂഷകളെയുംപറ്റി വളരെ പുകഴ്ചയായിട്ടാണ് പറഞ്ഞിട്ടുള്ളതും. അദ്ദേഹം രോഗികളെ സൗഖ്യമാക്കുകയും പിശാചുക്കളെ പുറപ്പെടുവിക്കുകയും ചെയ്യുന്നത് ഞാന്‍ നേരെ കണ്ടിട്ടുമുണ്ട്.”

യൂലി:- (പുച്ഛഭാവത്തില്‍) “ആഹാ! അദ്ദേഹം അത്ഭുതവും പ്രവര്‍ത്തിച്ചിട്ടുണ്ടോ?”

കാ: ബാവാ:- “അതെ. അതിനു ഞാന്‍ ദൃക്സാക്ഷിയാണ്.”
(എല്ലാവരും മൗനമായിരുന്നു)

ഒരു മെത്രാന്‍:- “എന്നാലും പൂര്‍ത്തീകരണത്തിനു വേണ്ടി ഒന്നു പ്രാര്‍ത്ഥിച്ചേ തീരൂ.”

കാ: ബാവാ:- “ഞങ്ങള്‍ക്കു പട്ടമുണ്ടോ? ഇല്ലെങ്കില്‍ ഈ വാര്‍ദ്ധക്യകാലത്ത് ഭാരമേറിയ ഈ ചുമതല ഇനിയും തലയില്‍ കയറ്റണമെന്ന് വിചാരിക്കുന്നില്ല. പട്ടമുണ്ടെങ്കില്‍ ആവര്‍ത്തിക്കപ്പെടുവാന്‍ പാടില്ലാത്ത കൂദാശ രണ്ടാമതും സ്വീകരിക്കുന്ന പാപകര്‍മ്മത്തിന് ഞാന്‍ തയ്യാറില്ല. മേലില്‍ ഇതേപ്പറ്റി എന്നോട് ഒന്നും സംസാരിക്കേണ്ടതില്ല.”

എല്ലാവരും:- “പട്ടമുണ്ട്… പട്ടമുണ്ട്.”

കാ: ബാവാ:- “എന്നാല്‍ എനിക്കതു മതി.”

ഒരു മെത്രാന്‍:- “അബ്ദേദ് മിശിഹാ സിംഹാസനത്തില്‍ നിന്നു വീണുപോയതിനാന്‍ ഒന്നു പ്രാര്‍ത്ഥിച്ചേ കഴിയൂ.”

കാ: ബാവാ:- “വീണു എന്നു പറഞ്ഞാല്‍ അതിന്‍റെ അര്‍ത്ഥമെന്താണെന്ന് എനിക്കു മനസിലാകുന്നില്ല. മുടക്കില്ലല്ലോ?”

എല്ലാവരും:- “മുടക്കില്ല.”

കാ: ബാവാ:- “മുടക്കില്ല. പട്ടമുണ്ട്. ഞാനോ അബ്ദേദ് മിശിഹാ ബാവായൊ വിശ്വാസ വിപരീതികളെങ്കില്‍ ഒന്നു പ്രാര്‍ത്ഥിക്കുന്നതില്‍ തരക്കേടില്ലായിരുന്നു. ആ കുറ്റം നിങ്ങള്‍ സ്ഥാപിക്കുന്നുമില്ല. അതെല്ലാം പോകട്ടെ. അര്‍ത്ഥമില്ലാത്ത കാര്യങ്ങള്‍ എന്തിനു പറയുന്നു? അബ്ദേദ് മിശിഹാ ബാവാ കുറ്റക്കാരന്‍ തന്നെ എന്ന് വാദത്തിനുവേണ്ടി സമ്മതിക്കാം. അദ്ദേഹത്തിനുശേഷം ഒരു സത്യവിശ്വാസിക്കു പട്ടം കൊടുക്കാതെ ഒരു റോമ്മാക്കാരനെ എന്തുകൊണ്ടു പാത്രിയര്‍ക്കീസായി അഭിഷേകം ചെയ്തു? അങ്ങനെ ഒരു ആളെ വാഴിക്കണമെങ്കില്‍ അതിനു പിറകില്‍ ഏതോ ഗൂഢശക്തിയുണ്ടായിരിക്കണം. അത് കൈക്കൂലിയും രാജബലവും അല്ലെങ്കില്‍ മറ്റെന്തായിരുന്നു?”

ഒരു മെത്രാന്‍:- “അങ്ങിനെയല്ല. അബ്ദള്ളാ ബാവാ റോമ്മാസഭയില്‍ നില്‍ക്കുമ്പോഴും നമ്മുടെ വിശ്വാസത്തില്‍ തന്നെയായിരുന്നു.”

കാ: ബാവാ:- “അങ്ങനെയെങ്കില്‍ അദ്ദേഹത്തെ കണി കാണാന്‍ കൂടെ കൊള്ളുകയില്ല. പത്തു വര്‍ഷം റോമന്‍ കത്തോലിക്കരുടെ കൂടെ താമസിച്ച് പട്ടം കൊടുക്കുകയും, കുര്‍ബ്ബാന ചൊല്ലുകയും, മറ്റ് സകല കൂദാശകളും നടത്തുകയും ചെയ്ത ആള്‍ അപ്പോഴും നമ്മുടെ വിശ്വാസത്തില്‍ ആയിരുന്നു എന്ന് പറയുന്നെങ്കില്‍ ഒന്നുകില്‍ നിങ്ങള്‍ സര്‍വ്വത്ര കള്ളം പറയുന്നു. അല്ലെങ്കില്‍ അദ്ദേഹം മഹാവഞ്ചകന്‍; രണ്ടില്‍ ഒന്നു ശരിയാണ്. ഇത്തരം അസംബന്ധങ്ങള്‍ പറയാതെ ഇരിക്കുകയാണ് ഭംഗി. കാര്യമില്ലാതെ കേവലം വഞ്ചന പറഞ്ഞ് യോഗ്യന്മാരെ അപമാനിക്കുകയും, സഭയെ ഭിന്നിപ്പിക്കുകയും ചെയ്യരുത്. മാബൂഗിലെ പീലക്സീനോസ് മുതലായ പിതാക്കന്മാര്‍ വളരെ താണുവന്ന് സഭയുടെ കെട്ടുപണിക്കുവേണ്ടി പല വേദവിപരീതികളെയും സ്വീകരിച്ചിട്ടില്ലേ? അറിയൂസ് കാര്‍ പട്ടം കൊടുത്ത മിലീത്തോസിനെയും മറ്റും യാതൊരു ശുശ്രൂഷയും കൂടാതെ സ്വീകരിക്കയുണ്ടായിട്ടില്ലേ? എങ്കില്‍ നിങ്ങള്‍ ഈ പറയുന്നത് എത്ര വഞ്ചനയും ഭോഷത്വവുമാണ്.”

യൂലിയോസ് മെ:- “മിലീത്തോസിന് പട്ടം കൊടുത്തത് അവരും നാമും കൂടെയാണ്.”

കാ: ബാവാ:- “വിശ്വാസവിപരീതികളോടു ചേര്‍ന്ന് പട്ടം കൊടുക്കുകയോ ശുശ്രൂഷയില്‍ സംബന്ധിക്കയോ ചെയ്യാമോ? പീലക്സീനോസ് ഇത്ര വലിയ അബദ്ധം കാണിക്കുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല.”

ഒരു മെത്രാന്‍:- “മോറാന്‍ കല്പിക്കുന്നതുപോലെ ചെയ്യണം. മോറാന്‍ ന്യായമായിട്ടേ കല്പിക്കയുള്ളു എന്നാണ് എന്‍റെ വിശ്വാസം.”

രണ്ടാമത് ഞങ്ങള്‍ ഹോംസില്‍ ചെന്നപ്പോള്‍ ഉണ്ടായ ഉള്‍ഭരണ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സംഭാഷണമധ്യേ:-

പാ: ബാവാ:- “മെത്രാന്‍ സ്ഥാനം കൊടുക്കുന്നത് അനുവാദത്തോടുകൂടെത്തന്നെ വേണം.”
കാ: ബാവാ:- “കാതോലിക്കായെ ഒരിടത്തു വാഴിക്കുന്നതെന്തിന്? മെത്രാന്മാരെ വാഴിക്കുന്നതിനായിട്ടല്ലയോ?”

പാ: ബാവാ:- “അതെ.”

കാ: ബാവാ:- “വാഴ്ചയോടു കൂടെത്തന്നെ ആ അധികാരവും കാതോലിക്കായില്‍ വന്നുചേരുന്നില്ലേ?”

പാ: ബാവാ:- “ഉണ്ട്.”

കാ: ബാവാ:- “ഒരു മെത്രാന്‍ കശീശന്മാരെയും, ശെമ്മാശന്മാരെയും പട്ടംകെട്ടുമ്പോള്‍ പാത്രിയര്‍ക്കീസിനോട് അപ്പഴപ്പോള്‍ അനുവാദം ചോദിക്കണമോ?”

പാ: ബാവാ:- “വേണ്ട.”

കാ: ബാവാ:- “അങ്ങനെയെങ്കില്‍ കാതോലിക്കാ, മെത്രാന്മാരെ വാഴിക്കുമ്പോള്‍ എന്തിന് അനുവാദം ചോദിക്കുന്നു? മൂസലും മര്‍ദ്ദീനും അടുത്ത പ്രദേശങ്ങളല്ലേ. മൂസലിലെ മപ്രിയാനാമാര്‍ മെത്രാന്മാരെ വാഴിച്ചപ്പോള്‍ ഒക്കെയും പാത്രിയര്‍ക്കീസന്മാരോട് അനുവാദം ചോദിക്കാറുണ്ടായിരുന്നോ?”

പാ: ബാവാ:- “ആ അധികാരാവകാശമുള്ള മപ്രിയാനായെ ഞാന്‍ മലങ്കരയ്ക്കു തരികയില്ല. ഇപ്പോഴായിരുന്നെങ്കില്‍ മൂസലിലേക്ക് ഇങ്ങനെ ഒരു ആളെ കൊടുക്കുന്നതല്ല.”

കാ: ബാവാ:- “എന്തുകൊണ്ട്?”

പാ: ബാവാ:- “അങ്ങനെയുള്ള അധികാരം കൊടുത്താല്‍ ഈ കശ്ശീശാ സ്കറിയായെപ്പോലെയുള്ളവരെ ജനങ്ങള്‍ തിരഞ്ഞെടുത്തുകൊണ്ടുവരും. പട്ടം കൊടുക്കുവാന്‍ അവിടുന്നു നിര്‍ബന്ധിതരാകുകയും ചെയ്യും. അപ്പോള്‍ ഞാന്‍ പിറകിലുണ്ടായിരിക്കുന്നത് അവിടുത്തേക്ക് ബലമാണ്.”

കാ: ബാവാ:- “ഞങ്ങളുടെ ദേശത്ത് ഇവിടുത്തെപ്പോലെ കൊള്ളരുതാത്തവരെ ജനങ്ങള്‍ നിരഞ്ഞെടുക്കാറില്ല.”

പാ: ബാവാ:- “പാമ്പാടി ഗ്രീഗോറിയോസിനെ എന്തിനു കൊള്ളാം.”

കാ: ബാവാ:- “പരുമല കാലം ചെയ്ത മാര്‍ ഗ്രീഗോറിയോസിനുശേഷം ഇത്ര പരിശുദ്ധനായ ഒരു ആള്‍ ആ ദേശത്തുണ്ടായിട്ടില്ല.”

പാ: ബാവാ:- “അദ്ദേഹത്തിനു വല്ലതും അറിയുമോ?”

കാ: ബാവാ:- “എനിക്കറിയാവുന്നതെല്ലാം അദ്ദേഹത്തിനും അറിയാം. ആകട്ടെ സമാധാനത്തിനുവേണ്ടി, മെത്രാന്‍സ്ഥാനം കൊടുക്കുമ്പോള്‍ അവിടുത്തെ അനുവാദം ആവശ്യപ്പെടാമെന്നിരിക്കട്ടെ. അനുവാദമുണ്ടാകുമെന്നു എന്തുറപ്പാണുള്ളത്?”

പാ: ബാവാ:- “അനുവദിക്കുമെന്നു വിശ്വസിച്ചുകൊള്ളണം.”

കാ: ബാവാ:- “അങ്ങനെ ഞാന്‍ വിശ്വസിക്കുമെന്നുമിരിക്കട്ടെ. അവിടുത്തെ പിന്‍ഗാമിയും അനുവദിക്കുമെന്ന് ഞാന്‍ എങ്ങിനെ വിശ്വസിക്കണം.”

പാ: ബാവാ:- “അതിന് നിശ്ചയമുണ്ടാക്കി ആ വാതില്‍ ഞാന്‍ അടയ്ക്കും.”

കാ: ബാവാ:- “നല്ലതു തന്നെ ആ നിശ്ചയം. നമുക്ക് രണ്ടുപേര്‍ക്കും കൂടി ഉണ്ടാക്കി ഒപ്പും മുദ്രയും വയ്ക്കാം.”

പാ: ബാവാ:- (മൗനം)

കാ: ബാവാ:- “ഒരു ഭാഗക്കാര്‍ വിശ്വസിച്ച് സകലവും എഴുതിക്കൊടുക്കണമെന്നും മറുഭാഗക്കാര്‍ അങ്ങനെ ചെയ്കയില്ലെന്നും പറയുന്നതു ന്യായമാണോ? മപ്രിയാനായെത്തന്നെ വാഴിച്ചു തന്നില്ലെങ്കില്‍ മലയാളത്തുകാര്‍ എന്തു ചെയ്യും.”

പാ: ബാവാ:- “അതും വിശ്വസിച്ചുകൊള്ളണം.”

കാ: ബാവാ:- “അതിനു നിയമമുണ്ടാക്കി ഒപ്പും മുദ്രയും വച്ചുകളയാം.”

പാ: ബാവാ:- ‘നിയമമുണ്ടാക്കിക്കൊള്ളാം.’

കാ: ബാവാ:- “അതിപ്പോള്‍തന്നെ ചെയ്കയല്ലേ നല്ലത്?”

പാ: ബാവാ:- “അതു വേണ്ട.”

കാ: ബാവാ:- “എങ്കില്‍ മലയാളത്തെ പൂര്‍ണ്ണ അധികാരമുള്ള കാതോലിക്കായെ നഷ്ടപ്പെടുത്തുവാന്‍ ഞാനും വിചാരിക്കുന്നില്ല.”

(ചെറിയമഠത്തില്‍ സ്കറിയ മല്പാന്‍ എഴുതിയ യറുശലേം യാത്രാവിവരണത്തില്‍ നിന്നും)