‘ഓർത്തഡോക്‌സ്‌ സഭ പുനരൈക്യം ആഗ്രഹിക്കുന്നു’

കോട്ടയം : മലങ്കരസഭാ കേസിൽ ഇരുവിഭാഗങ്ങളും തമ്മിൽ പുനരൈക്യം വേണമെന്നാണ്‌ ഓർത്തഡോക്‌സ്‌ സഭ ആഗ്രഹിക്കുന്നതെന്നും എന്നാൽ അത്‌ രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ വിധിതീർപ്പിന്‌ വിധേയമായിരിക്കണമെന്നും ഓർത്തഡോക്‌സ്‌ സഭ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പിറവം പള്ളിയിൽ സുപ്രിം കോടതി വിധി നടപ്പാക്കാൻ അധികാരികൾ നിർബന്ധിതരായി. അത്‌ സഭയിലെ എല്ലാ പള്ളികൾക്കും ബാധകമാണ്‌. സംസ്ഥാന മന്ത്രിസഭാ ഉപസമിതി ഇരുവിഭാഗങ്ങളേയും സമവായ ചർച്ചയ്‌ക്ക്‌ വിളിച്ചെങ്കിലും ഓർത്തഡോക്‌സ്‌ സഭ അതിൽനിന്ന്‌ വിട്ടുനിന്നു. സുപ്രിം കോടതി വിധി അംഗീകരിക്കുന്നില്ലെന്ന്‌ പറയുന്നവരോടും ന്യായാധിപന്മാരെ ഭള്ള്‌ പറയുന്നവരോടും എന്തിന്‌ ചർച്ചചെയ്യണമെന്ന്‌ ബിഷപ്‌ ചോദിച്ചു. യാക്കോബായ വിശ്വാസികൾ അവരുടെ നേതൃത്വത്തെ തള്ളിപ്പറഞ്ഞ്‌ സഭാസമാധാനത്തിനായി അണിനിരക്കണമെന്ന്‌ അദ്ദേഹം അഭ്യർഥിച്ചു. ഒരു കോടതിവിധിയുടെയും പേരിൽ വിശ്വാസികളെ പള്ളിയിൽനിന്ന്‌ ഒഴിവാക്കാനോ പുറത്താക്കാനോ സഭ ആഗ്രഹിക്കുന്നില്ല. ഒരുമിച്ച്‌ ആരാധനയിൽ പങ്കെടുക്കാനുള്ള സാഹചര്യം ഉണ്ടാകണം. ആരുടെയും ശവസംസ്‌കാരം തടയാൻ സഭ തയ്യാറായിട്ടില്ല.

സഭ ആസ്ഥാനമായ ദേവലോകം അരമനയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസനാധിപൻ ഡോ. തോമസ്‌ മാർ അത്താനാസിയോസ്‌ മെത്രാപോലീത്താ, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, സഭാ വക്താവ്‌ ഫാ. ഡോ. ജോൺസ്‌ ഏബ്രഹാം കോനാട്ട്‌ എന്നിവർ പങ്കെടുത്തു.

Source