നിയമനിര്‍മ്മാണം നടത്തി കോടതി വിധി മറികടക്കാന്‍ ശ്രമിക്കേണ്ട: അഡ്വ. ബിജു ഉമ്മന്‍

സുപ്രീംകോടതി വരെ കേസ് നടത്തി പരാജയപ്പെട്ടപ്പോള്‍ തങ്ങള്‍ക്ക് എതിരായുണ്ടായ വിധി മറികടക്കുവാന്‍ വേണ്ടി നിയമനിര്‍മ്മാണം നടത്തുവാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത് അപഹാസ്യമാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍. നിയമപരമായി നിലനില്‍പ്പില്ലായെന്ന് സുദീര്‍ഘമായ വാദങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷം ബഹു. സുപ്രീം കോടതി കണ്ടെത്തിയ ഒരു വിഭാഗം തങ്ങള്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ദേവാലയങ്ങള്‍ കൈവിട്ട് പോകുന്നതിന് പരിഹാരമെന്നു കരുതി ചെയ്യുന്നത് ബുദ്ധിഹീനതയാണ്. നിലനില്‍പ്പില്ലാത്ത ഒരു വിഭാഗത്തിന് ചര്‍ച്ച് ആക്ട് വന്നാലും എങ്ങനെ ദേവാലയങ്ങള്‍ കൈവശം വയ്ക്കാന്‍ കഴിയും. ചര്‍ച്ച് ബില്ല് നടപ്പാക്കുന്നതിന് എതിരെ കേരളത്തിലെ ക്രൈസ്തവ സഭകള്‍ ഒന്നടങ്കം പ്രതികരിച്ചു കൊണ്ടിരിക്കുകയാണ്. അപ്പോള്‍ തങ്ങള്‍ക്കുമാത്രം കാര്യങ്ങള്‍ അനുകൂലമാക്കിത്തീര്‍ക്കുവാനായി നിയമനിര്‍മ്മാണം നടത്തണമെന്ന പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ നിലപാട് ദു:ഖകരമാണ്. കേരളത്തിലെ ഒരു എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന്റെ അദ്ധ്യക്ഷനായിരിക്കുന്ന ഒരു മെത്രാപ്പോലീത്തകൂടി ഈ ആവശ്യത്തിന് കൂട്ടുനില്‍ക്കുന്നത് മറ്റുസഭകളെ വഞ്ചിക്കലാണെന്നും അദ്ദേഹം പറഞ്ഞു.

പള്ളികളുടെ സ്വത്തുക്കള്‍ എങ്ങിനെ ഭരിക്കപ്പെടണമെന്നതിന് ഓരോ സഭയ്ക്കും നിയമങ്ങളുണ്ട്. ഓര്‍ത്തഡോക്‌സ് സഭയുടെ ഭരണഘടന അനുസരിച്ച് സ്വത്ത് ഭരിക്കുന്നതില്‍ ഇടവകാംഗങ്ങള്‍ക്ക് ഗണ്യമായ പങ്കുണ്ട്. സെമിത്തേരിയും ഇടവകക്കാരുടെതാണ്. അവരുടെ മൃതശരീരങ്ങള്‍ അവിടെ സംസ്‌ക്കരിക്കുന്നതിന് ഒരു തടസവും സഭ പറഞ്ഞിട്ടില്ല. എന്നാല്‍ വ്യവസ്ഥാപിതമായി നിയമിക്കപ്പെട്ട വികാരിയുടെ അറിവോടും സമ്മതത്തോടും പങ്കാളിത്തത്തോടും കൂടി മാത്രമേ സെമിത്തേരില്‍ മൃതശരീരങ്ങള്‍ സംസ്‌ക്കരിക്കാനാവൂ. 2017 ലെ കോടതിവിധിക്കുമുമ്പ് ഇടവകകളില്‍ സമാന്തരഭരണം നിലനിന്നിരുന്നതിനാല്‍ പല പള്ളികള്‍ക്കും രണ്ടു വികാരിമാര്‍ ഉണ്ടായിരുന്നു. എന്നാല്‍ സമാന്തര ഭരണം അവസാനിച്ചതോടെ പള്ളികളില്‍ ഓരോ വികാരിമാര്‍ മാത്രമാണ് ഉള്ളത്. അവരെ കൂടതെ സംസ്‌ക്കാരം നടത്തണമെന്ന ശാഠ്യമാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്.

കോടതിവിധി നടപ്പാക്കുന്ന

് പള്ളികളുടെ ധനത്തില്‍ കൈകടത്തുവാനാണെന്ന കുപ്രചരണം പാത്രിയര്‍ക്കീസ് വിഭാഗം അവസാനിപ്പിക്കണം. ഇതുവരെ വിധിനടപ്പാക്കിയ ഒരു പള്ളിയില്‍ നിന്നും പള്ളിക്കാരുടെ സമ്മതമില്ലാതെ ഏതെങ്കിലും തുക സഭാ ആസ്ഥാനത്തേക്ക് കൊണ്ടുപോയിട്ടില്ല.

സുപ്രീം കോടതിയുടെ വിധി നടപ്പാക്കാനല്ലാതെ ഒരു പള്ളിയും കൈയേറാന്‍ ഓര്‍ത്തഡോക്‌സ് സഭ ശ്രമിച്ചിട്ടില്ല. ഓര്‍ത്തഡോക്‌സ് സഭ ആര്‍ക്കും നീതി നിഷേധിച്ചിട്ടില്ല. അതിനാല്‍ സഭാ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയതിന്റെ കാരണം മനസിലാകുന്നില്ല. കോടതിവിധിക്കെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തുന്നത് നിയമവിരുദ്ധമാണ്. എന്നിട്ടും പോലീസ് ഇതുപോലൊരു മാര്‍ച്ച് അനുവദിച്ചതും കോടതി അലക്ഷ്യമാണെന്നും അഡ്വ. ബിജു ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.