പിറവം പള്ളിയിൽ നാളെ കുർബാനയ്ക്ക് ഓർത്തഡോക്സ് സഭയ്ക്ക് അനുമതി


കൊച്ചി ∙ പിറവം സെന്റ് മേരീസ് പള്ളിയിൽ ഈ ഞായറാഴ്ച ഓർത്തഡോക്സ് സഭയിലെ വൈദികർക്കു കുർബാന നടത്താമെന്ന് ഹൈക്കോടതി നിർദേശിച്ചു. 1934ലെ മലങ്കരസഭാ ഭരണഘടന അംഗീകരിക്കുന്നവരും കുർബാനയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരുമായ ഇടവകക്കാർക്കു മാത്രമാകും പ്രവേശനം. പള്ളി തൽക്കാലത്തേക്കു കലക്ടറുടെ നിയന്ത്രണത്തിൽ തുടരും.

ക്രമസമാധാന പ്രശ്നങ്ങളോ തടസ്സങ്ങളോ ഉണ്ടാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ പൊലീസ് അറസ്റ്റ് ചെയ്യണമെന്നും തുടർന്ന് ഉത്തരവുണ്ടാകും വരെ സിവിൽ ജയിലിലിടണമെന്നും കോടതി നിർദേശിച്ചു. (സിവിൽ കോടതി ഉത്തരവുകൾ ലംഘിക്കുന്നവരെ വെറും തടവിൽ വയ്ക്കുന്ന സംവിധാനമാണ് സിവിൽ ജയിൽ). കലക്ടർ പള്ളി ഏറ്റെടുത്തതായി സ്റ്റേറ്റ് അറ്റോർണി അറിയിച്ചപ്പോൾ അടുത്തയാഴ്ച വരെ തൽസ്ഥിതി നിലനിർത്താൻ കോടതി നിർദേശിച്ചു.

ക്രമസമാധാനം ഉറപ്പാക്കാൻ ആവശ്യമായ പൊലീസ് സേനയെ നിയോഗിക്കണം. ഇടവകക്കാർ മരിച്ച് സംസ്കാരം വേണ്ടിവന്നാൽ ശുശ്രൂഷകൾക്കു തടസ്സമുണ്ടാകരുത്. സംസ്കാര ശുശ്രൂഷകൾക്കിടെ അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നില്ല എന്നു കലക്ടറും പൊലീസും ഉറപ്പാക്കണം. കുർബാനയുടെയും സംസ്കാരത്തിന്റെയും സമയം കലക്ടറെയും പൊലീസിനെയും മുൻകൂട്ടി അറിയിക്കണം. ഹർജി ഒക്ടോബർ ഒന്നിലേക്കു മാറ്റി.

ഓർത്തഡോക്സ് സഭാംഗങ്ങളായ വികാരി ഫാ. സ്കറിയ വട്ടക്കാട്ടിലും മറ്റു 3 വൈദികരും ട്രസ്റ്റിയും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ.എം. ഷഫീഖ്, ജസ്റ്റിസ് എൻ. അനിൽകുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. സംഘർഷാവസ്ഥയെ തുടർന്നു പള്ളിക്കുള്ളിലും വളപ്പിലുമുള്ളവരെ പൊലീസ് ഒഴിവാക്കണമെന്നും കലക്ടർ പള്ളി ഏറ്റെടുക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ആളുകളെ നീക്കിയ ശേഷം വസ്തുവിവരപ്പട്ടിക തയാറാക്കി പള്ളി ഏറ്റെടുത്തതായി കലക്ടർ കോടതിയിൽ റിപ്പോർട്ട് നൽകി.