വിഷവും വിഷഹാരികളും / ഫാ. ഡോ. കെ. എം. ജോര്‍ജ്


അന്തരീക്ഷം മുഴുവന്‍ വിഷലിപ്തമാകുമ്പോള്‍, ജീവന്‍റെയും ജീവനെ വിഴുങ്ങുന്ന മരണത്തിന്‍റെയും നേര്‍ത്തു നേര്‍ത്തു വരുന്ന അതിര്‍ വരമ്പിലൂടെ നാം നടക്കുമ്പോള്‍ എന്തായിരിക്കും നമ്മുടെ ചിന്ത?

സയനൈഡ് മഹാ വിഷമാണ്. അതുപയോഗിച്ച് നമുക്കു ചിലരുടെ ജീവനെടുക്കാം, പെട്ടെന്ന്. ഭക്ഷണത്തില്‍ മായം ചേര്‍ത്തും പച്ചക്കറികളില്‍ വിഷമടിച്ചും നമുക്ക് ആയിരങ്ങളെ കൊല്ലാം, ക്രമേണ. മനുഷ്യമനസ്സില്‍ വിഷം കയറ്റി, വിദ്വേഷത്തിന്‍റെയും വൈരാഗ്യത്തിന്‍റെയും കൊടും വിഷം കുത്തിവച്ച് നമ്മുടെ മക്കളെയും അവരുടെ പിന്‍തലമുറകളെയും തീരാത്ത പകയുടെ അഗ്നിയില്‍ നമുക്കു ഹോമിക്കാം, നിത്യമായി.

പെട്ടെന്ന് പുരാണകഥയാണ് ഓര്‍മ്മയിലെത്തുക. പാലാഴി കടഞ്ഞ് അമൃതെടുക്കാനാണല്ലോ അസുരന്മാരും ദേവന്മാരും തമ്മില്‍ ഒത്തത്. ഒരിക്കലും ഒളിമങ്ങാത്ത നവയൗവ്വനയുക്തരായി എന്നും ജീവിക്കാനാണ് ഇരുകൂട്ടരും ആഗ്രഹിച്ചത്. മഹാമേരുവെന്ന മന്ഥര പര്‍വ്വതമെടുത്ത് കടകോലായി ഉപയോഗിച്ച്, ക്ഷീരസമുദ്രം കടയുകയാണ്. കടകോലില്‍ ചുറ്റി കടയാന്‍ കയറായി ഉപയോഗിക്കുന്നത് വാസുകിയെന്ന സര്‍പ്പത്തെ. അസുരന്മാര്‍ സര്‍പ്പത്തിന്‍റെ തലയിലും ദേവന്മാര്‍ വാലറ്റത്തുമാണ് പിടിച്ചിരിക്കുന്നത്. നിരവധി അമൂല്യമായ രക്തങ്ങളും വിലതീരാത്ത നിധികളുമെല്ലാം തൈരില്‍ നിന്ന് വെണ്ണപോലെ ഉയര്‍ന്നു വന്നു. പക്ഷേ അക്കൂടെ അതാ കാളകൂടമെന്ന കൊടു വിഷം. അതുയര്‍ത്തിയ ഭീഷണി ചില്ലറയല്ല. അമൃത് കഴിച്ച് നിത്യയൗവ്വനം നിലനിര്‍ത്താന്‍ ആഗ്രഹിച്ച അസുരന്മാര്‍ക്കും ദേവന്മാര്‍ക്കും വംശവിച്ഛേദനം തന്നെയുണ്ടാകാം. അതുകൊണ്ട് പരിഹാരം തേടി അവര്‍ ശിവന്‍റെ അടുത്തെത്തി. ഹലാഹലമെന്ന കാളകൂടത്തിന്‍റെ മാരകശക്തി അറിഞ്ഞ ശിവന്‍ സൃഷ്ടിയോടുള്ള കരുണയോടെ അതു മുഴുവന്‍ വിഴുങ്ങുവാന്‍ തീരുമാനിച്ചു. തൊണ്ട വരെയെത്തിയ കടുംനീലക്കറുപ്പായ ‘സയനൈഡ്’ തന്‍റെ പ്രിയന്‍റെ ജീവന്‍ എടുക്കും എന്നു ഭയപ്പെട്ട പാര്‍വ്വതി ഭര്‍ത്താവിന്‍റെ കഴുത്തില്‍ ഞെക്കിപ്പിടിച്ച് വിഷവ്യാപനം തടഞ്ഞു. ശിവന്‍ അങ്ങനെ നീലകണ്ഠനുമായി. എന്തൊരു മഹാകാരുണ്യമാണ് മഹാദേവന്‍ പ്രകടിപ്പിച്ചത്. ലോകത്തെ മുഴുവന്‍ വിഴുങ്ങുവാന്‍ കെല്‍പ്പുറ്റ വിഷത്തെ സ്വയം വിഴുങ്ങി, പരസ്പരം പടവെട്ടുന്ന അസുരന്മാര്‍ക്കും ദേവന്മാര്‍ക്കും രക്ഷ കൊടുത്തു (ഭാഗവതത്തിലും വിഷ്ണുപുരാണത്തിലും മഹാഭാരതത്തിലുള്ള ഈ കഥയ്ക്ക് പാഠാന്തരങ്ങള്‍ ഉണ്ട്).

വിഷം തീണ്ടിയാല്‍ നാം പോകുന്നത് വിഷഹാരിയുടെ അടുത്താണ് (പാരമ്പര്യവൈദ്യനോ ആധുനിക ഡോക്ടറോ ആകാം). മതങ്ങളുടെ ചരിത്രത്തിലും മതേതര സമൂഹത്തിലും ഇടയ്ക്കിടെ അങ്ങനെ വിഷഹാരികള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സോക്രട്ടീസ് വിഷഹാരിയായിരുന്നു. അന്നത്തെ സമൂഹ ജീര്‍ണ്ണതയുടെ വിഷം സ്വയം ഏറ്റുവാങ്ങി. വിഷഹാരിയായ മഹാത്മാഗാന്ധി നമ്മുടെ രാജ്യത്ത് കുമിഞ്ഞുകൂടിയ മത-ജാതി-വര്‍ഗ്ഗീയ വിഷമാണ് തന്‍റെ നെഞ്ചില്‍ വെടിയുണ്ടകളായി സ്വീകരിച്ചത്. വെടിയേറ്റു വീണ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ ഏറ്റെടുത്ത വിഷം വെള്ളക്കാരുടെ വംശീയ വൈരത്തിന്‍റെയും വര്‍ണ്ണ വിവേചനത്തിന്‍റെയുമായിരുന്നു. പുരാതന യഹൂദ പാരമ്പര്യത്തില്‍ മോശ വിഷഹാരിയായിരുന്നു. അതുകൊണ്ടാണ് സര്‍പ്പവിഷത്തിനു പരിഹാരമായി പിച്ചള സര്‍പ്പത്തെ ഉയര്‍ത്തി ജനത്തെ രക്ഷിച്ചത്. പക്ഷേ സ്വയം ആ വിഷം ഏറ്റെടുത്തില്ല എന്നൊരു വ്യത്യാസമുണ്ട്. ക്രിസ്തീയ പാരമ്പര്യം അതുല്യനായ വിഷഹാരിയായി യേശുക്രിസ്തുവിനെ ഉയര്‍ത്തിപ്പിടിച്ചു. പാപം വിഷമാണെങ്കില്‍, മനുഷ്യരാശിയുടെ പാപ വിഷമെല്ലാം സ്വയം ഏറ്റുവാങ്ങി, തന്‍റെ കൊലയാളികളോട് ഹൃദയപൂര്‍വ്വം ക്ഷമിച്ച്, തിന്മയുടെ വിഷത്തില്‍ നിന്ന് മോചിപ്പിച്ച് വേര്‍പാടിന്‍റെ നടുച്ചുവര്‍ ഇടിച്ചുകളഞ്ഞ് നമുക്ക് സൗഖ്യം നല്‍കിയ യേശുവാണ് പിന്നീടുണ്ടായ ക്രിസ്തീയാചാര്യന്മാര്‍ക്കും ഇടയന്മാര്‍ക്കുമൊക്കെ മാതൃകയായി സഭ ഉയര്‍ത്തിക്കാട്ടുന്നത്.

മലങ്കരസഭയില്‍ (ഇരുകൂട്ടരും കൂടിയത്. ഒന്നേയുള്ളു ആ സഭ) നെടുനാളായി (1970-കളില്‍ തുടങ്ങി) ജനങ്ങളില്‍ കുത്തിവച്ചുകൊണ്ടിരിക്കുന്ന വിഷം നമ്മുടെ അതിരുകള്‍ക്കപ്പുറത്ത് പൊതു സമൂഹത്തിന് മഹാ ബാധയായിത്തീര്‍ന്നിരിക്കുന്നു എന്ന് നാം തിരിച്ചറിയണം. നിഷ്ക്കളങ്കരായ നമ്മുടെ കൊച്ചുകുട്ടികളിലേക്കും, ലോകത്തിന് നല്ല സേവനവും കൈത്താങ്ങലും കൊടുക്കാന്‍ ത്രാണിയുള്ള നമ്മുടെ ചെറുപ്പക്കാരിലേക്കും, യേശുവിന്‍റെ എളിമയിലും ത്യാഗത്തിലും പങ്കുചേര്‍ന്ന്, ലോകത്തിന് സൗഖ്യം നല്‍കാന്‍ വിളിക്കപ്പെട്ടിരിക്കുന്ന വൈദികരിലേക്കും പ്രത്യേകിച്ച് മേല്‍പ്പട്ടക്കാരിലേക്കും ഈ മാരകവിഷം പടര്‍ന്നു തുടങ്ങി. ആരാണ് ഈ വിഷം വമിപ്പിക്കുന്നത് എന്നു ചോദിച്ച് വിമര്‍ശിക്കാന്‍ എളുപ്പമാണെങ്കിലും നാമെല്ലാം ഇതിന്‍റെ ഉറവിടവും ഇരകളുമാണ് എന്ന് ആത്മതപനത്തോടും കണ്ണീരോടും കൂടി മാത്രം പറയാം. ഇത് നൂറ്റാണ്ടുകള്‍ നീണ്ടുനില്‍ക്കുന്ന കാളകൂടമാണ്. നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ വിഷവാതകമേറ്റ് മരിച്ചുവീണ ലക്ഷോപലക്ഷം നിഷ്ക്കളങ്ക മനുഷ്യരെപ്പോലെ, സാധാരണക്കാരും നല്ലവരുമായ നമ്മുടെ വിശ്വാസികളാണ് ആദ്യം വിഷമേറ്റ് വീഴുന്നത്. ഏറ്റവും അവസാനം ഹിറ്റ്ലര്‍മാരും ഗീബല്‍സുമാരും.

നമുക്കാവശ്യം വിഷഹാരികളെയാണ്. ആ ചുമതല നടത്താന്‍ നിയുക്തരായവര്‍ പലരും ഇപ്പോള്‍ നല്ല ചുവപ്പു നിറവും രുചിയുമുള്ള വിഷക്കനികളായി മാറുകയാണ്. അവരുടെ ഉച്ഛ്വാസ വായുവിലും അവര്‍ ഉച്ചരിക്കുന്ന വാക്കുകളിലും കൊടിയ വിഷമാണ്. അവര്‍ ദംശിക്കുന്നത് നമ്മുടെ പാവം ജനങ്ങളെയാണ്, പിന്‍തലമുറകളെയാണ്. പേപ്പട്ടിവിഷംപോലെ വിഷം കയറിയാല്‍ ആര്‍ക്കും ഭ്രാന്തു വരും. അവര്‍ പട്ടികളെപ്പോലെ കുരയ്ക്കുകയും ചാടിവീണ് വഴിപോക്കരായ നല്ല മനുഷ്യരെ കടിച്ചു കാലപുരിക്ക് അയക്കുകയും ചെയ്യും. കാരണം തങ്ങള്‍ വിഷബാധിതരാണെന്ന് അവര്‍ക്ക് മനസ്സിലാവുന്നില്ല.

നമുക്കാവശ്യം ഉത്തമരായ വിഷഹാരികളെയാണ്. അന്തരിച്ച പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനി പറയുന്നുണ്ട്, ‘ഹസ്യോദീലാന്‍’ എന്ന് സുറിയാനി പാരമ്പര്യത്തില്‍ കര്‍ത്താവിന്‍റെ പര്യായമായി മേല്‍പ്പട്ടക്കാരെ വിളിക്കുന്നത് വളരെ അര്‍ത്ഥപൂര്‍ണ്ണമാണെന്ന്. ഞങ്ങളുടെ പാപപരിഹാരകന്‍, സൗഖ്യദായകന്‍ (healer) എന്നര്‍ത്ഥം. നാം ഇവിടെ ഉപയോഗിച്ച അര്‍ത്ഥത്തില്‍ വിഷഹാരി എന്നും പറയാം. 1958 വരെ ചീറ്റിയ വിഷം ഒരു വ്യാഴവട്ടക്കാലം നിര്‍വീര്യമായി. സഭ ശാന്തമായി. ജനങ്ങള്‍ സന്തോഷിച്ചു. ആരത് തകര്‍ത്തു? എന്തിനു തകര്‍ത്തു? ഉത്തരമില്ല. ഇപ്പോള്‍ ഇവിടെ നടക്കുന്ന മിക്ക കാര്യങ്ങളും 2018-ലെ പ്രളയംപോലെ വിഷപ്രളയം സൃഷ്ടിക്കുകയാണ്. ഇങ്ങനെ നിരന്തരം പെയ്തിറങ്ങുന്ന വിഷമെല്ലാം ഇനി ആര്‍ കുടിച്ചു വറ്റിക്കും? റോമാക്കാരനും യഹൂദന്മാര്‍ക്ക് വിജാതീയനുമായ ഗവര്‍ണ്ണര്‍ പൊന്തിയോസ് പീലാത്തോസ് പരോക്ഷമായി സൂചിപ്പിച്ചു, നിഷ്കളങ്കനായ യേശുവിനെ കൊല്ലാന്‍ മുറവിളി കുട്ടൂന്നവര്‍ക്ക് ആ രക്തം വിഷമായിത്തീരുമെന്ന്. മഹാപുരോഹിതന്മാര്‍ കൂലി കൊടുത്ത് ശട്ടംകെട്ടി നിര്‍ത്തിയ കുറെ ആളുകള്‍ വിളിച്ചുപറഞ്ഞു: ‘അവന്‍റെ രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ മക്കളുടെ മക്കളുടെമേലും ഇരിക്കട്ടെ’യെന്ന്.

നമ്മുടെ രാജ്യത്ത് മക്കളും മക്കളുടെ മക്കളുമായി പിന്‍തലമുറകള്‍ ഉള്ള വിശ്വാസികളും വൈദികരും ഇത് ശ്രദ്ധിക്കണം (സന്യാസിമാര്‍ക്ക് മക്കളില്ലാത്തതുകൊണ്ട് അവര്‍ക്ക് ഇതു ബാധകമല്ലായിരിക്കാം). ആരു സ്ഥാനം തന്നാലും ആര് വിശ്വാസം പഠിപ്പിച്ചാലും ആരു കല്‍പ്പിച്ചാലും, യേശുക്രിസ്തു കാണിച്ച സ്നേഹത്തിന്‍റെയും ക്ഷമയുടെയും സുവിശേഷത്തിനപ്പുറം നമുക്ക് മറ്റൊരു സുവിശേഷമില്ല. നമ്മുടെ അന്തരീക്ഷവും പരിസ്ഥിതിയും മലിനമാക്കരുതെന്ന് ഉപദേശിക്കുന്നവര്‍ ഭാവിതലമുറകളെ ഓര്‍ത്തു കൂടിയാണ് അത് പറയുന്നത്. ഈ വിഷബാധയില്‍ നിന്ന് എങ്ങിനെ നമ്മുടെ കുഞ്ഞുങ്ങളെ രക്ഷിക്കാമെന്ന് നമുക്കു ദൈവസന്നിധിയില്‍ അനുതാപത്തോടും കണ്ണീരോടും കൂടി ആലോചിക്കാം. വിഷഹാരികള്‍ അന്യം നില്‍ക്കുകയോ വിഷസ്രോതസ്സുകളായിത്തീരുകയോ ചെയ്യുന്ന നമ്മുടെ തലമുറയില്‍ ദൈവമേ, നീതിമാന്മാരും സൗഖ്യദായകരുമായവരെ അയച്ചുതരണമേ എന്നപേക്ഷിക്കാം.

പിന്‍കുറിപ്പ്: എല്ലാ മൂര്‍ഖന്മാര്‍ക്കും വിഷമുണ്ട്. കേരളത്തില്‍ മൂര്‍ഖന്മാരുടെ എണ്ണമെടുത്താല്‍ ലക്ഷോപലക്ഷം കാണാം. പക്ഷേ മനുഷ്യരെ ദംശിക്കുന്നവര്‍ താരതമ്യേന വളരെ അപൂര്‍വ്വം. അവയെ ചവിട്ടുകയോ തടസ്സപ്പെടുത്തുകയോ ഉപദ്രവിക്കയോ ചെയ്താല്‍ മാത്രമേ അവ വിഷം പുറത്തെടുക്കുകയുള്ളു. അല്ലെങ്കില്‍ അവ മനുഷ്യരെ ഒഴിഞ്ഞുമാറും. വിഷബാധയ്ക്ക് പരിഹാരങ്ങള്‍ ഉണ്ടെന്നുള്ളത് നമ്മുടെ വലിയ പ്രത്യാശയാണ്. പക്ഷേ, നം അത് സത്യമായി തേടണം.

ആദിസര്‍പ്പത്തിന്‍റെ വിഷ വാക്കു ശ്വസിച്ച ആദം-ഹവ്വമാരുടെ പിന്‍തലമുറക്കാര്‍ക്കെല്ലാം ഉള്ളില്‍ കുറച്ചു വിഷം കാണും. പക്ഷേ മൂര്‍ഖന്മാരെപ്പോലെ, പ്രകോപിതരായാല്‍ മാത്രമേ അത് പുറത്തു വരൂ. ആ വിഷം ഒരിക്കലും പുറത്തുവരാത്തവിധം അതിനെ നിര്‍വീര്യമാക്കാനും വറ്റിച്ചു കളയാനുമാണ് നാം വി. കുര്‍ബ്ബാനയും നോമ്പും പ്രാര്‍ത്ഥനയും കൂദാശകളുമെല്ലാം അനുഷ്ഠിക്കുന്നത്. കുറച്ചേറെ അത് നമുക്കു സാധിക്കയും ചെയ്യും. വിശുദ്ധരായ പൂര്‍വ്വികര്‍ അതാണ് നമ്മെ പഠിപ്പിച്ചത്. ആ വിഷത്തെ പുറത്തേക്ക് ചീറ്റിപ്പിക്കുന്ന വാക്കുകളില്‍ നിന്നും പ്രവൃത്തികളില്‍ നിന്നും ആലോചനകളില്‍ നിന്നും നമ്മെയും, തീവ്രവാദങ്ങളിലേക്ക് നാം എടുത്തെറിയുന്ന ചെറുപ്പക്കാരെയും യുവവൈദികരെയും ജരാനരകള്‍ ബാധിച്ച് ദൈവത്തിന്‍റെ ന്യായപീഠത്തിനു മുന്‍പില്‍ നില്‍ക്കാന്‍ ഒരുങ്ങുന്ന ഇടയന്മാരെയും കാത്തുകൊള്ളണമേ എന്നും നമുക്കെല്ലാം വിനയപൂര്‍വ്വം സങ്കടത്തോടെ പ്രാര്‍ത്ഥിക്കാം.

സഭാചരിത്രത്തിലെ ഏറ്റം ദുഃഖകരമായ ഒരു വിഷപര്‍വ്വത്തിന് സാക്ഷികളും ഇരകളുമാകാന്‍ വിധിക്കപ്പെട്ടിരിക്കുന്ന നമുക്ക്, സ്വര്‍ഗ്ഗീയ വൈദ്യനും വിഷഹാരിയുമായ നമ്മുടെ കര്‍ത്താവ് ‘അമര്‍ത്യതയുടെ ഔഷധം’ നല്‍കട്ടെ.