ചാത്തമറ്റം പള്ളി: കോടതിയലക്ഷ്യ നടപടിക്ക് ഹൈക്കോടതി ഉത്തരവിട്ടു

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ചാത്തമറ്റം കര്‍മ്മേല്‍ പള്ളി സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ മൂവാറ്റുപുഴ ആര്‍.ഡി.ഒ അനില്‍കുമാര്‍, പോത്താനിക്കാട് വില്ലേജ് ഓഫീസര്‍ ബിജു കെ.എന്‍ എന്നിവര്‍ കോടതി അലക്ഷ്യ നടപടി നേരിടണം എന്ന് കേരളാ ഹൈക്കോടതി ഉത്തരവിട്ടു. ചാത്തമറ്റം പള്ളി സംബന്ധിച്ച് ഹൈക്കോടതിയുടെ നേരത്തേ ഉള്ള കണ്ടെത്തലുകളെ ദുര്‍വ്യാഘ്യാനിച്ച് തന്റെ കര്‍ത്തവ്യം മറന്ന് വിധി നടപ്പാക്കാതിരുന്നത് കോടതിവിധികളോടുള്ള വ്യക്തവും നഗ്‌നവുമായ കോടതിഅലക്ഷ്യമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

വസ്തുവകകള്‍ ഏതു വ്യക്തിക്ക് കൈമാറണം എന്ന് നിര്‍ദ്ദേശം നല്‍കിയിട്ടില്ല എന്നുള്ള ആര്‍.ഡി.ഒ. നിയോഗിച്ച സ്റ്റേറ്റ് അറ്റോര്‍ണിയുടെ വാദം ജൂലൈ 3-ലെ സുപ്രീംകോടതി വിധിയുടെ കാഴ്ചപ്പാടുകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും നിരക്കാത്തതാണെന്നും കോടതി കണ്ടെത്തി. അതിനാല്‍ മൂവാറ്റുപുഴ ആര്‍.ഡി.ഒ.യും പോത്താനിക്കാട് വില്ലേജ് ആഫീസറും പ്രഥമദൃഷ്ട്യാ കോടതി അലക്ഷ്യം നടത്തിയിരിക്കുന്നു. നിയമാനുസൃത നടപടികള്‍ക്കായി ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ചിലേക്ക് അയക്കുന്നതായി ജസ്റ്റിസ് ശിവരാമന്‍ വിധിന്യായത്തില്‍ വ്യക്തമാക്കി. സഭാ തര്‍ക്ക കേസില്‍ ആദ്യമായാണ് ഒരു വില്ലേജ് ആഫീസര്‍ കോടതിയലക്ഷ്യ നടപടി നേരിടുന്നത്. മറ്റ് രണ്ടു കേസുകളില്‍കൂടി കോടതി അലക്ഷ്യ നടപടികള്‍ കേരളാ ഹൈക്കോടതിയില്‍ നടന്നുവരികാണെന്ന് ഹര്‍ജിക്കാരനായ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്ത പറഞ്ഞു. ഹര്‍ജിക്കാരുനുവേണ്ടി അഡ്വ. റോഷന്‍ ഡി.അലക്സാണ്ടര്‍ കോടതിയില്‍ ഹാജരായി.