മൃതശരീരം വച്ചു വിലപേശുന്നതുകൊണ്ട് കോടതിവിധികള്‍ മറികടക്കാനാവില്ല: മാർ ദീയസ്കോറോസ്

കോടതിവിധികള്‍ മറികടക്കുവാന്‍ മൃതശരീരങ്ങള്‍ വച്ച് വിലപേശുന്ന തന്ത്രമാണ് പാത്രിയര്‍ക്കീസ് വിഭാഗം അവലംബിക്കുന്നത് എന്ന് ഓര്‍ത്തഡോക്‌സ് സഭയുടെ സുന്നഹദേസ് സെക്രട്ടറി അഭി. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു. സെമിത്തേരികള്‍ ആര്‍ക്കും കൈവശപ്പെടുത്താനാവില്ലെന്നും, അവ ഇടവകാംഗങ്ങളുടെ ഉപയോഗത്തിനായി നിലനിര്‍ത്തണമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. നിയമപരമായി നിയമിക്കപ്പെട്ടിരിക്കുന്ന വികാരിയെ അനുസരിക്കുകയും അദ്ദേഹത്തിന്റെ കൂദാശകള്‍ സ്വീകരിക്കുകയും ചെയ്യുന്നവരാണ് ഇടവകാംഗങ്ങള്‍.

ഇടവകപള്ളികളുടെ സെമിത്തേരികള്‍ പൊതുശ്മശാനങ്ങളല്ല. കഴിഞ്ഞ ദിവസം വരിക്കോലിപള്ളിയില്‍ നടന്ന ശവസംസ്‌ക്കാരം വികാരി നടത്താമെന്ന് പറഞ്ഞിരുന്നതാണ്. എന്നാല്‍ അതിനു സമ്മതിക്കാതെ പോലീസിന്റെ സഹായത്തോടെ അനധികൃതമായി സംസ്‌ക്കാരം നടത്തുകയായിരുന്നു. മൃതശരീരങ്ങള്‍ സംസ്‌ക്കരിക്കുന്നതിന് ഓര്‍ത്തഡോക്‌സ് സഭ തടസം നില്‍ക്കുന്നു എന്നത് കുപ്രചരണമാണ്. ഓര്‍ത്തഡോക്‌സ് വൈദികര്‍ നടത്തുന്ന സംസ്‌ക്കാരങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കാത്തവര്‍, അതേ വൈദികര്‍ തന്നെ നടത്തുന്ന വിവാഹ കൂദാശകളും, മാമോദീസകളും, കുര്‍ബാനയും അംഗീകരിക്കുന്നത് എങ്ങിനെയാണ്. മറ്റെല്ലാ കൂദാശകളും അംഗീകരിക്കുന്നവര്‍ ഓര്‍ത്തഡോക്‌സ് സഭ നടത്തുന്ന ശവസംസ്‌ക്കാരം അംഗീകരിക്കുന്നില്ലായെന്ന നിലപാട്, മൃതശരീരം വച്ചു വിലപേശി ഇല്ലാത്ത അവകാശങ്ങള്‍ സ്ഥാപിക്കാനുള്ള ഉപാധിയായിമാത്രമേ കാണാനാവൂ. പൊതുസമൂഹത്തെയും, മാധ്യമങ്ങളെയും തെറ്റിദ്ധരിപ്പിച്ച് സഹതാപം പിടിച്ചു പറ്റാനുള്ള മാര്‍ഗമാണ് ഈ പ്രതിഷേധങ്ങള്‍. കായംകുളം, മാന്ദാമംഗലം പള്ളികളുടെ കാര്യത്തില്‍ നിയമാനുസൃത വികാരിക്കല്ലാതെ, അന്യര്‍ക്ക് സെമിത്തേരിയില്‍ കയറി സംസ്‌ക്കാരം നടത്താനാവില്ലെന്ന് കേരളഹൈക്കോടതി വിധിയും നിലനില്‍ക്കുന്നു.

സുപ്രീംകോടതി വിശദമായി പഠിച്ചശേഷം നല്‍കിയ വിധിപോലും അംഗീകരിക്കാത്ത ഒരു കൂട്ടവുമായി അനുരഞ്ജന ചര്‍ച്ചകള്‍ നടത്തുന്നതുകൊണ്ട് ഒരു പ്രയോജനവും കാണുന്നില്ല. രാജ്യത്തിന്റെ നിയമവ്യവസ്ഥകള്‍ അംഗീകരിക്കാത്തവര്‍ ഇനി മറ്റേതെങ്കിലും മദ്ധ്യസ്ഥനെ അംഗീകരിക്കുമോ എന്നും അദ്ദേഹം ചോദിച്ചു