വട്ടശ്ശേരില്‍ തിരുമേനിക്കു നസ്രാണിയോദ്ധാക്കള്‍ നല്‍കിയ ഗാര്‍ഡ് ഓഫ് ഓണര്‍ / അഡ്വ. പി. സി. മാത്യു പുലിക്കോട്ടില്‍

മലങ്കര മെത്രാപ്പോലീത്താ വട്ടശ്ശേരില്‍ ഗീവര്‍ഗ്ഗീസ് മാര്‍ ദീവന്നാസ്യോസ് തിരുമേനിക്കും, തുമ്പമണ്‍ ഇടവകയുടെ ഗീവര്‍ഗീസ് മാര്‍ പീലക്സിനോസ് തിരുമേനിക്കും കുന്നംകുളം പഴയ പള്ളിയില്‍വച്ച് നസ്രാണിയോദ്ധാക്കള്‍ നല്‍കിയ ഗാര്‍ഡ് ഓഫ് ഓണര്‍ അവസരത്തില്‍ എടുത്തത്. വട്ടശ്ശേരില്‍ ഗീവര്‍ഗ്ഗീസ് മാര്‍ ദീവന്നാസ്യോസ് തിരുമേനിയും സെക്രട്ടറി മണലില്‍ യാക്കോബ് ശെമ്മാശ്ശനും, ഗീവര്‍ഗ്ഗീസ് മാര്‍ പീലക്സിനോസ് തിരുമേനിയും സെക്രട്ടറി എം. ജെ. സ്ക്കറിയാ ശെമ്മാശ്ശനും

1932 നവംബറില്‍ മല്ലപ്പള്ളിത്തിരുമേനി പുത്തന്‍കാവില്‍ മാര്‍ പീലക്സിനോസ് തിരുമേനിയുമൊന്നിച്ച് കുന്നംകുളം സന്ദര്‍ശിച്ചു. കൂടെ ചെറിയമഠത്തില്‍ സ്കറിയാ മല്പാനുമുണ്ടായിരുന്നു. അതിഗംഭീരമായ ഒരു എതിരേല്പാണ് തിരുമേനിമാര്‍ക്ക് കുന്നംകുളം ജനാവലി നല്‍കിയത്. സ്വീകരണ ഘോഷയാത്രയ്ക്ക് ഒരു മൈല്‍ നീളമുണ്ടായിരുന്നുവെന്ന് ശെമ്മാശ്ശനായി വട്ടശ്ശേരില്‍ തിരുമേനിയുടെ കൂടെ അന്നുണ്ടായിരുന്ന മണലില്‍ യാക്കോബ് കത്തനാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കാലം ചെയ്ത അച്ചന്‍ എന്ന് കുന്നംകുളത്തുകാര്‍ ഭക്തിബഹുമാനപൂര്‍വ്വം പറയുന്ന പുലിക്കോട്ടില്‍ ഒന്നാമത്തെ മെത്രാപ്പോലീത്തായായ യൌസേഫ് മാര്‍ ദീവന്നാസ്യോസ് തിരുമേനിയുടെ (സെമിനാരി സ്ഥാപകന്‍) ഓര്‍മ്മപ്പെരുന്നാള്‍ കുന്നംകുളം പുത്തന്‍പള്ളിയില്‍ വിപുലമായ രീതിയില്‍ കൊണ്ടാടുന്നതിലേക്കായിട്ടാണ് തിരുമേനിമാര്‍ ആഗതരായത്.

അന്നത്തെ കുന്നംകുളം പട്ടണത്തിലെ യുവതലമുറയില്‍പ്പെട്ട രണ്ട് ബറ്റാലിയന്‍ നസ്രാണി ‘യോദ്ധാക്കള്‍’ തിരുമേനിമാര്‍ക്ക് ഘോഷയാത്രയില്‍ അകമ്പടി സേവിച്ചു. പടച്ചട്ട അണിഞ്ഞ് തോക്കുകള്‍ ചുമലില്‍ ചായ്ച്ചുവെച്ച് പഴയപള്ളിയുടെ വിശാലമായ അങ്കണത്തില്‍ അണിനിരന്നുനിന്ന അവരുടെ ഗാര്‍ഡ് ഓഫ് ഓണര്‍ വലിയ തിരുമേനി പരിശോധിച്ചു. മല്ലപ്പള്ളിത്തിരുമേനിയും, പുത്തന്‍കാവ് തിരുമേനിയും, യൂണിഫോം ഇട്ട് തോക്കുകള്‍ പിടിച്ചുനില്‍ക്കുന്ന ആ നസ്രാണി ഭടന്മാരുടെ മുന്‍നിരയില്‍ സിംഹാസനങ്ങളില്‍ ഉപവിഷ്ടരായിരുന്നു ഒരു ഗ്രൂപ്പ്ഫോട്ടോ എടുത്തു. എഴുപതു വര്‍ഷം മുന്‍പ് എടുത്ത ആ ചിത്രം ഒരു ചരിത്രരേഖയായി പലരും സൂക്ഷിക്കുന്നുണ്ട്. അതില്‍ വട്ടശ്ശേരില്‍ തിരുമേനിയുടെ അംശവടിയും പിടിച്ച് സെക്രട്ടറി മണലില്‍ യാക്കോബ് ശെമ്മാശ്ശനും, പുത്തന്‍കാവ് തിരുമേനിയുടെ അംശവടിയും പിടിച്ച് സെക്രട്ടറി എം. ജെ. സ്കറിയാ ശെമ്മാശ്ശനും നില്ക്കുന്നതായി കാണാം.

ഈ ചിത്രം കുന്നംകുളത്തെ പലപഴയ വീടുകളുടേയും ചുമരിനെ അലങ്കരിക്കുന്നുണ്ട്.