ഓസ്ട്രേലിയ പെര്‍ത്ത് ദേവാലയം വിശുദ്ധ മൂറോന്‍ കൂദാശ നിറവിലേക്ക് 

ഓസ്ട്രേലിയ: പെര്‍ത്ത് സെന്‍റ്. ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയം വിശുദ്ധ മൂറോന്‍ കൂദാശയുടെ ധന്യ നിറവിനായി ഒരുങ്ങിക്കഴിഞ്ഞു. മെയ് 31, ജൂണ്‍ 1 (വെള്ളി,ശനി) തീയതികളിലായി നടത്തപ്പെടുന്ന വിശുദ്ധ കൂദാശക്ക് കൊച്ചി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യാക്കൂബ് മാര്‍ ഐറേനിയോസ്. സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, മദ്രാസ് ഭദ്രാസനാധിപനും പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് എന്നീ പിതാക്കന്മാര്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഓസ്ട്രേലിയ റീജിയനിലെ എല്ലാ വൈദീകരും സഹകാര്‍മ്മികര്‍ ആയിരിക്കും. മെയ് 18 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് കൂദാശ ഒരുക്ക ധ്യാനം നടത്തപ്പെടും. 29-ാം തീയതി ബുധനാഴ്ച വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്കാരവും വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന് സ്വര്‍ഗ്ഗാരോഹണപ്പെരുന്നാള്‍ ശുശ്രൂഷകളും അനുഷ്ഠിക്കും.

മെയ് 31 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ദേവാലയത്തിന് മുമ്പില്‍ സ്ഥാപിച്ചിട്ടുള്ള കല്‍ക്കുരിശിന്‍റെ കൂദാശാ കര്‍മ്മം അഭിവന്ദ്യ പിതാക്കന്മാര്‍ നിര്‍വ്വഹിക്കും. 5.30 മണിക്ക് അഭിവന്ദ്യ പിതാക്കന്മാരെ ഇടവക വികാരി ഫാ. ഐവാന്‍ മാത്യൂസിന്‍റെ നേതൃത്വത്തില്‍ വിശ്വാസികള്‍ ദേവാലയത്തിലേക്ക് സ്വീകരിച്ച് ആനയിക്കുകയും തുടര്‍ന്ന് സന്ധ്യാനമസ്കാരവും ദേവാലയ കൂദാശയുടെ ഒന്നാം ഘട്ടം നടത്തപ്പെടുകയും ചെയ്യും. ജൂണ്‍ 1 ശനിയാഴ്ച രാവിലെ 7 മണിക്ക് പ്രഭാതനമസ്കാരത്തോടെ ദേവാലയ കൂദാശയുടെ രണ്ടാം ഘട്ടത്തിന് തുടക്കമാകും. തുടര്‍ന്ന് പരിശുദ്ധ പരുമലത്തിരുമേനിയുടെ തിരുശേഷിപ്പ് ദേവാലയത്തില്‍ പ്രതിഷ്ഠിക്കും. വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയോടെ കൂദാശ ശുശ്രൂഷകള്‍ക്ക് സമാപനമാകും. തുടര്‍ന്ന് പൊതുസമ്മേളനത്തിനു ശേഷം സ്നേഹവിരുന്നും നല്‍കപ്പെടും.