തിരുവനന്തപുരം: മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും കിഫ്‌ബി ഭരണസമിതി അംഗവുമായ ഡോ.ബാബു പോള്‍ അന്തരിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനമായിരുന്നു അദ്ദേഹം അവസാനമായി പങ്കെടുത്ത ചടങ്ങ്.
നവകേരള നിര്‍മാണ പദ്ധതികളുടെ ഉപദേശകനായും അദ്ദേഹം പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ (I.H.E.P.) പ്രോജക്റ്റ് കോ ഓര്‍ഡിനേറ്ററും, സ്പെഷ്യല്‍ കലക്ടറുമായി 08-09-1971 മുതല്‍ പ്രവര്‍ത്തിച്ചു. ഇടുക്കി ജില്ല നിലവില്‍ വന്ന 26-01-1972 മുതല്‍ 19-08-1975 വരെ ഇടുക്കി ജില്ലാ കലക്ടറായിരുന്നു. 1941-ല്‍ എറണാകുളം ജില്ലയിലെ കുറുപ്പംപടിയില്‍ ജനനം. ഇപ്പോള്‍ തിരുവനന്തപുരത്ത് താമസം.
കുറുപ്പംപടി എം.ജി.എം. ഹൈസ്‌കൂളില്‍ നിന്നു പ്രാഥമികവിദ്യാഭ്യാസം നേടി. ആലുവ യു.സി. കോളേജ്, തിരുവനന്തപുരം എന്‍ജിനീയറിംങ്ങ് കോളെജ്, മദ്രാസ് സര്‍വകലാശാല എന്നിവിടങ്ങളില്‍ ഉന്നതവിദ്യാഭ്യാസം നടത്തി. ബി.എസ്‌സി. എന്‍ജിനീയറിങ്ങ്, എം.എ എന്നീ ബിരുദങ്ങള്‍ നേടിയശേഷം 1964 ല്‍ ഐ.എ.എസില്‍ പ്രവേശിച്ചു.
ബാബുപോള്‍ എഴുത്തുകാരന്‍ എന്ന നിലയിലും പ്രശസ്തനാണ്. ഇദ്ദേഹം തയ്യാറാക്കിയ വേദശബ്ദരത്നാകരം എന്ന ബൈബിള്‍ വിജ്ഞാനകോശം 2000-ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടുകയുണ്ടായി. ഉത്തരസ്യാം ദിശി (ഇടുക്കിയിലെ സേവന കാലം സംബന്ധിച്ച അനുഭവക്കുറിപ്പുകള്‍), കഥ ഇതുവരെ (അനുഭവകുറിപ്പുകള്‍), രേഖായനം: നിയമസഭാഫലിതങ്ങള്‍, സംഭവാമി യുഗേ യുഗേ, ഓര്‍മ്മകള്‍ക്ക് ശീര്‍ഷകമില്ല, പട്ടം മുതല്‍ ഉമ്മന്‍ചാണ്ടി വരെ, നിലാവില്‍ വിരിഞ്ഞ കാപ്പിപ്പൂക്കള്‍ എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.


