ആഭ്യന്തര യുദ്ധത്തിലേക്ക് പോകരുത്; ദക്ഷിണ സുഡാന്‍ നേതാക്കളുടെ പാദങ്ങളിൽ ചുംബിച്ച് മാര്‍പാപ്പ

സൗത്ത് സുഡാൻ നേതാക്കൾമാത്രമല്ല ലോകം ഒന്നടങ്കം അമ്പരന്നു പോയി, അപ്രതീക്ഷിതവും അത്യപൂർവവുമായ ആ പേപ്പൽ ചെയ്തിക്കു മുന്നിൽ. 120 കോടിയിൽപ്പരം വരുന്ന കത്തോലിക്കാ വിശ്വാസികളുടെ വലിയിടയൻ, വത്തിക്കാൻ രാഷ്ട്രത്തിന്റെ ഭരണത്തലവൻ സൗത്ത് സുഡാൻ ഭരണാധികാരികളുടെ പാദം ചുംബിക്കുകയോ! ആഭ്യന്തരകലാപങ്ങൾ പതിവായ സൗത്ത് സുഡാനിൽ സമാധാനം സംജാതമാക്കണമെന്ന അപേക്ഷയോടെയായിരുന്നു ഫ്രാൻസിസ് പാപ്പയുടെ ഈ ചെയ്തി.

Gepostet von Sunday Shalom am Donnerstag, 11. April 2019

ദക്ഷിണ സുഡാന്‍ പ്രസിഡന്റ് സാല്‍വാ കിര്‍, പ്രതിപക്ഷ നേതാവ് റീക്ക് മച്ചര്‍ മറ്റു നേതാക്കള്‍ എന്നിവരോടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭ്യര്‍ഥന.

വത്തിക്കാന്‍ സിറ്റി: രാജ്യത്ത് സമാധാനം പുലരാൻ സാഹചര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണ സുഡാൻ നേതാക്കളുടെ പാദങ്ങൾ ചുംബിച്ച് പോപ്പ് ഫ്രാൻസിസ് . ദക്ഷിണ സുഡാന്‍ പ്രസിഡന്റ് സാല്‍വാ കിര്‍, പ്രതിപക്ഷ നേതാവ് റീക്ക് മച്ചര്‍ മറ്റു നേതാക്കള്‍ എന്നിവരോടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭ്യര്‍ഥന.

അടുത്തമാസത്തോടെ ഐക്യസര്‍ക്കാര്‍ രൂപവത്കരിക്കാമെന്ന യുദ്ധവിരാമ ഉടമ്പടിയില്‍ നേതാക്കന്മാര്‍ നേരത്തെ ഒപ്പിട്ടിരുന്നു. ആ ഉടമ്പടി പാലിക്കണമെന്നും മാര്‍പാപ്പ നേതാക്കന്മാരോട് അഭ്യര്‍ഥിച്ചു. ഒരു സഹോദരനെന്ന നിലയിലാണ് സമാധാനത്തില്‍ ജീവിക്കാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നത്. എന്റെ ഹൃദയം കൊണ്ടാണ് ഇക്കാര്യം ചോദിക്കുന്നത്. നമുക്ക് മുന്നോട്ടു പോകാം. നിരവധി പ്രശ്‌നങ്ങളുണ്ടാകും. എന്നാല്‍ അവ നമ്മളെ കീഴ്‌പ്പെടുത്തിക്കൂടാ. നിങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കൂ- മാര്‍പ്പാപ്പ ആവശ്യപ്പെട്ടു.

ദക്ഷിണ സുഡാനില്‍ ഐക്യസര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനു മുന്നോടിയായി വിഭാഗീയപ്രശ്‌നങ്ങള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് 24 മണിക്കൂര്‍ പ്രാര്‍ഥനയ്ക്കും ധ്യാനത്തിനുമായി നേതാക്കളെ വത്തിക്കാനിലെ മാര്‍പ്പാപ്പയുടെ വസതിയിലേക്ക് ക്ഷണിച്ചത്. ഇതിനിടെ നടന്ന യോഗത്തിലാണ് മാർപാപ്പ ഇവരുടെ പാദങ്ങൾ ചുംബിച്ച് അഭ്യർഥന നടത്തിയത്.എണ്‍പത്തിരണ്ടുകാരനായ മാര്‍പ്പാപ്പ തങ്ങളുടെ പാദങ്ങളില്‍ ചുംബിക്കാന്‍ കുനിഞ്ഞതോടെ നേതാക്കന്മാര്‍ അമ്പരന്നു.

2011ലാണ് സുഡാനില്‍നിന്ന് പിരിഞ്ഞ് ദക്ഷിണ സുഡാന്‍ രൂപവത്കൃതമായത്. മുസ്‌ലിം ഭൂരിപക്ഷ രാജ്യമായിരുന്നു സുഡാന്‍. എന്നാല്‍ ഇതിന്റെ ദക്ഷിണമേഖലയില്‍ ക്രിസ്തുമത വിശ്വാസികളായിരുന്നു ഭൂരിപക്ഷം. സുഡാനില്‍നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ദശാബ്ദങ്ങളായി ദക്ഷിണ സുഡാന്‍ മേഖല പ്രക്ഷോഭം നടത്തിയിരുന്നു. രൂപവത്കൃതമായി രണ്ടുവര്‍ഷത്തിനു ശേഷം

2013ല്‍ ദക്ഷിണ സുഡാനില്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു. നാല്‍പ്പത് ലക്ഷത്തോളം ആളുകള്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്. തുടര്‍ന്ന് സമാധാന കരാര്‍ ഒപ്പുവെക്കുകയും ഐക്യസര്‍ക്കാര്‍ രൂപവത്കരിക്കാന്‍ തീരുമാനം ആവുകയുമായിരുന്നു.

Source