മലങ്കര സഭാമക്കൾ എല്ലാവരും ഒരുമിച്ചു നോഹയുടെ ഈ അനുഗ്രഹീത പെട്ടകത്തിലേക്ക് പ്രവേശിക്കാം എന്നുള്ള പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവായുടെ ആഹ്വാനം ഉൾക്കൊള്ളുവാൻ മലങ്കരസഭയിലെ ഇരുവിഭാഗങ്ങളും തയ്യാറായാൽ നൂറ്റാണ്ടുകൾ നീണ്ടു നിന്ന കക്ഷിവഴക്കുകൾക്ക് അന്ത്യം കുറിക്കുവാൻ ഇടയാകും.
നോഹയുടെ കാലം ആയപ്പോഴേക്കും ഭൂമി അക്രമംകൊണ്ടു നിറഞ്ഞിരുന്നു. ആദാമിന്റെ പിൻതലമുറക്കാരിൽ ബഹുഭൂരിപക്ഷവും വഴിപിഴച്ച ഗതി പിന്തുടരുകയുണ്ടായി. അങ്ങനെ “ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്‌പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു.” —ഉല്‌പത്തി 6:5, 11, 12 യഹോവയുടെ അപ്രീതിക്കു നിദാനം മനുഷ്യരുടെ മത്സരം മാത്രമായിരുന്നില്ല എന്നോർക്കുക.
2017 ജൂലായ് 3 -ലെ സുപ്രീം കോടതി വിധി അന്തിമമാണെന്നും അതിന്മേൽ ഇനിയൊരു പുനപരിശോധന അസാധ്യമാണെന്നും 1934 -ലെ മലങ്കര സഭ ഭരണഘടനപ്രകാരം മാത്രമേ മലങ്കര സഭയിലെ ദേവാലയങ്ങൾ ഭരിക്കപ്പെടുവാൻ പാടുള്ളുവെന്നും, വീണ്ടും വീണ്ടും ഹർജികളുമായി വരുന്നത് യാതൊരുവിധത്തിലും അംഗീകരിക്കാനാവില്ലെന്നും, 2017 ജൂലായ് 3 -ൽ തീർപ്പാക്കിയ വിഷയം സംബന്ധിച്ചു ഒരു കീഴ്കോടതിയും ഇനി ഒരു കേസ് സ്വീകരിക്കാനോ പരിഗണിക്കാനോ പാടില്ല എന്നും കർശന നിർദേശം നൽകികൊണ്ട് ബഹു.സുപ്രീം കോടതി ഉത്തരവായിരിക്കുന്നു. ഇതോടുകൂടി ബഹു.സുപ്രീം കോടതി വിധിന്യായത്തിനു പുറത്ത് ഇനി യാതൊരുവിധ ഒത്തുതീർപ്പുകൾക്കോ മധ്യസ്ഥശ്രമങ്ങൾക്കോ അർഥമില്ലാതായി. ഇത് മലങ്കര സഭയിലെ ഇരു വിഭാഗങ്ങൾക്കും, സർക്കാരിനും കീഴ്ക്കോടതികൾക്കും കർശന നിർദ്ദേശവും താക്കീതും കൂടിയാണ്. 1934 -ലെ ഭരണഘടനപ്രകാരം ഏക സഭയായി യോചിച്ചു പോവുകയല്ലാതെ മറ്റൊരുതരത്തിലുള്ള ഒത്തുതീർത്തപ്പ് വ്യവസ്ഥയ്ക്കും ഇനി പ്രസക്തിയില്ല.
ജൂലൈ മൂന്നിലെ വിധിക്ക് ശേഷം നടക്കുന്ന സമാധാന ശ്രമങ്ങളുടെ അവസാനവാക്കായി ഇന്ത്യയുടെ ബഹുമാനപ്പെട്ട പരമോന്നത നീതിപീഠത്തിൽ നിന്നും വ്യക്തമായ ഒരു നിർദ്ദേശവും, താക്കീതും കൂടി ഇന്ന് വന്നിരിക്കുന്നു. ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ വിധി അവസാനവാക്കായി വ്യക്തമായി നിലനിൽക്കെ മേലിൽ സഭാ കേസുമായി ബന്ധപ്പെട്ട് ഒരു വിഷയവും ഒരു കോടതിയും പരിഗണിക്കുവാൻ പാടില്ലയെന്ന് പറഞ്ഞാൽ ഈ കോടതിവിധി മാറ്റിവച്ചുകൊണ്ടുള്ള സന്ധിസംഭാഷണങ്ങൾക്ക് പോലും പ്രസക്തിയില്ലാതായിരിക്കുന്നു. ഹർജികൾ കീഴ്ക്കോടതികൾ സ്വീകരിക്കുവാൻ പാടില്ല എന്ന നിർദ്ദേശത്തിലൂടെ ഇനി ഇതിന്മേൽ ഒരു ചർച്ച നടത്തുവാൻ പോലും കേരളസർക്കാർ രൂപീകരിച്ച മധ്യസ്ഥസമിതിക്കു അവകാശമില്ല.
വാശിയിലും, വൈരാഗ്യത്തിലും, പിണക്കത്തിലും കാലം കഴിച്ചത് ഇനിയെങ്കിലും മതിയാക്കി ബഹുമാനപ്പെട്ട സുപ്രീം കോടതി വിധിയുടെ അന്തസത്തയും പ്രാധാന്യവും ഉൾക്കൊണ്ടുകൊണ്ട് വിശുദ്ധ മാർത്തോമാശ്ലീഹായുടെ ശ്ലൈഹിക സിംഹാസനത്തിൻ കീഴിൽ അണിനിരക്കുവാനുള്ള ഒരു മുഖാന്തരമായി കാണണം. നാം ഒന്നാണ് എന്നും, മലങ്കര സഭാമക്കൾ എല്ലാവരും ഒരുമിച്ചു നോഹയുടെ ഈ അനുഗ്രഹീത പെട്ടകത്തിലേക്ക് പ്രവേശിക്കാം എന്നും, പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ തിരുമനസ്സുകൊണ്ട് വ്യക്തമായി ആഹ്വാനം ചെയ്തു കഴിഞ്ഞിരിക്കുന്നു. പരിശുദ്ധ കാതോലിക്ക ബാവയുടെ വാക്കുകൾ അത് അർഹിക്കുന്ന പ്രാധാന്യത്തോടെ സ്വീകരിച്ച് ഈ വിധിയോടു കൂടി കൂട്ടിച്ചേർത്ത് ഉൾക്കൊള്ളുകയും സ്വീകരിക്കുകയും ചെയ്യുവാൻ യാക്കോബായ വിഭാഗം തയ്യാറാകണം. മലങ്കര സഭ വെട്ടിമുറിക്കപ്പെട്ട് ഇല്ലാതെയായി തീരുവാൻ ഉള്ളതല്ല. അതിനായി ആരെങ്കിലും ശ്രമിക്കുന്നുവെങ്കിൽ അവർ ദൈവത്തിൻറെ ആത്മാവ് ഉള്ളവനല്ല എന്ന് ബോധ്യപ്പെടണം. ഇപ്പോൾ നിലനിൽക്കുന്ന രാഷ്ട്രീയ സാമൂഹിക ചുറ്റുപാടുകളും മലങ്കര സഭ ഒന്നായി നിൽക്കുവാൻ കൂടുതൽ പ്രേരണ നൽകുന്നതാണ്. ഇത് ദൈവഹിതം എന്ന്
തിരിച്ചരിഞ്ഞ് അതനുസരിച്ച് നമ്മുടെ ചിന്തകളെയും തീരുമാനങ്ങളെയും വ്യത്യാസപ്പെടുത്താൻ നമുക്ക് സാധിക്കണം. ഒന്നായ മലങ്കരസഭയെ കാണുവാൻ ഈ തലമുറയ്ക്ക് ഭാഗ്യം ഉണ്ടാകണം. കലക്കത്തിൻറെ അല്ല സമാധാനത്തിന്റെ ആത്മാവിനെ തന്നെ സ്വീകരിക്കുവാൻ ഭാഗ്യമുണ്ടാകട്ടെ.
ഇനി വരുന്നൊരു തലമുറക്ക് സമാധാനത്തോടെയും സഹവർത്തിത്വത്തോടെയും കഴിയുവാൻ നാം അവസരം ഉണ്ടാക്കണം. നിയമപരമായി യാതൊരുവിധ പരിരക്ഷയും ഇന്ത്യയിലെ ഒരു നീതിന്യായ കോടതികളിൽ നിന്നും ഇനി മറുവിഭാഗത്തിനു കിട്ടുവാൻ പോകുന്നില്ല എന്ന യാഥാർത്ഥ്യം ഇനിയും തിരിച്ചറിയണം. പാത്രിയർക്കീസ് വിഭാഗം തുടരെത്തുടരെ കേസുകൾ കോടതികളിൽ നൽകുന്നതിന് ഇതോടെ അവസാനമാകും എന്ന് കരുതാം.