മോർ അബ്‌ഗാർ രാജാവിന്റെ ഓർമ്മ; പാതിനോമ്പിന്റെ ബുധനാഴ്ച

ഉറഹായിലെ രാജാവായ അബ്‌ഗാർ അഞ്ചാമൻ
(? – ഏ. ഡി. 65)

അബ്‌ഗാർ രാജാക്കന്മാരിൽ (ബി. സി. 132 – ഏ. ഡി. 224) അബ്‌ഗാർ എന്നു പെരുള്ളവർ പലരുണ്ടായിരുന്നു. അബ്‌ഗാർ അഞ്ചാമനെ കറുത്തവനായ അബ്‌ഗാർ എന്നാണ് തിരിച്ചറിയുന്നതിനായി ചരിത്രപുസ്തകങ്ങളിൽ പരാമർശിച്ചിരിക്കുന്നത്. അബ്‌ഗാർ അഞ്ചാമൻ (Abgar, the Black) ഏ. ഡി. 22-25 കാലഘട്ടത്തിലും, ഏ. ഡി. 31-65 കാലഘട്ടത്തിലും ഉറഹായിലെ രാജാവായിരുന്നു. ഏ. ഡി. 26-31 കാലഘട്ടത്തിൽ വെളുത്തവനായ അബ്‌ഗാർ അധികാരത്തിലിരുന്നു. നിസിബിസിലെ ഏലിയായുടെ ദിനവൃത്താന്തത്തിൽ നിന്നും സുഖ്നിന്റെ ദിനവൃത്താന്തത്തിൽ നിന്നും ഉറഹായിലെ രാജാക്കന്മാരുടെ രണ്ട് പട്ടികകൾ ലഭ്യമാണ് (The Hidden Pearl, vol. 1, pp. 155-157).

ഉറഹാ പട്ടണം വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്നു. മെസപ്പൊട്ടോമ്യൻ നഗരങ്ങളുടെ മാതാവായ ഉറഹാ പട്ടണത്തിന്റെ ഗ്രീക്കു നാമമാണ് എഡേസാ (Edessa Greek, Urhay Syriac, Urfa Turkish). ഉറഹാ പട്ടണം ബി. സി. 132 – ൽ അറിയോ എന്ന സിറിയൻ രാജാവിനാൽ സ്ഥാപിതമായി (Abdal Ahad, 1948).

ഉറഹായിലെ രാജാവായ അബ്‌ഗാർ അഞ്ചാമൻ (റോമിലെ തിബെരോസ് കൈസറുടെ വാഴ്ചയുടെ 19 – ആം ആണ്ടിൽ) യേശുവിന് ഒരു കത്ത് കൊടുത്തായച്ചുവെന്നത് ക്രൈസ്തവലോകത്ത് ഏറെ പ്രചാരമുള്ള ഒരു വസ്തുതയാണ്. ഈ കത്ത് നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അബ്‌ഗാർ രാജാവ് യേശുവിന്, ഹാനനിയവശം ഊർശ്ലേമിലേക്ക് കൊടുത്തയച്ച കത്തും യേശുവിന്റെ മറുപടി കത്തും സഭാചരിത്രകാരനായ യൂസേബിയോസും ആദായിയുടെ പഠിപ്പിക്കലുകൾ എന്ന സുറിയാനി രേഖയിലും വിവരിച്ചിട്ടുണ്ട് (For a Complete text of the letter in English, see, pages 103-104, 121-124 of The hidden pearl, vol II).

അബ്‌ഗാർ രാജാവിന്റെ കത്തിന്റെ പരിഭാഷ :

നല്ല രക്ഷകനായ (വൈദ്യനായ) യേശുവിന്, ഞാൻ അങ്ങയെക്കുറിച്ചും അങ്ങ് മരുന്നുകൾ കൂടാതെ കുരുടന് കാഴ്ചകൊടുക്കുകയും മുടുന്തനെ നടക്കുമാറാക്കുകയും കുഷ്ഠരോഗികളെ ശുദ്ധരാക്കുകയും അശുദ്ധാത്മാക്കളെ ബഹിഷ്‌ക്കരിക്കുകയും ദീർഘനാളായി രോഗത്തിൽ കഷ്ടപ്പെടുന്നവരെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയർപ്പിക്കുകയും ചെയ്യുന്നതായി കേട്ടിരിക്കുന്നു. ഈ കാര്യങ്ങൾ ചെയ്യുന്നതിനാൽ, ഒന്നുകിൽ അങ്ങ് സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വന്ന ദൈവമാണ്, അല്ലെങ്കിൽ ദൈവപുത്രനാണ്. ആയതിനാൽ എന്റെ രോഗത്തിൽ നിന്ന് എന്നെ സുഖപ്പെടുത്തുവാൻ അങ്ങ് എത്രയും വേഗം എന്റെ അടുക്കൽ വരുന്നതിന് അപേക്ഷിക്കുന്നു.

മാത്രമല്ല, യെഹൂദന്മാർ നിനക്കെതിരെ പിറുപിറുക്കുന്നതായും നിന്നോട് ഹീനമായി പെരുമാറുന്നതായും നിന്നെ ക്രൂശിക്കുന്നതിനാഗ്രഹിക്കുന്നതായും ഞാൻ കേട്ടിരിക്കുന്നു. എനിക്ക് പവിത്രമായ (സുന്ദരമായ) ഒരു ചെറിയ പട്ടണമുണ്ട്. അത് നമ്മുക്ക് രണ്ടുപേർക്കും ശാന്തമായി ജീവിക്കുന്നതിന് മതിയാവുന്നതാണ്.

യേശു അബ്‌ഗാർ രാജാവിനെഴുതിയ മറുപടിയുടെ പരിഭാഷ :

എന്നെ കാണാതെ തന്നെ എന്നിൽ വിശ്വസിച്ച താങ്കൾ അനുഗ്രഹീതനാണ്. എന്നെ കാണുന്നവർ എന്നിൽ വിശ്വസിക്കയില്ലെന്നും, എന്നെ കാണാത്തവർ എന്നിൽ വിശ്വസിക്കുകയും ജീവിക്കുകയും ചെയ്യുമെന്നും എഴുതപ്പെട്ടിട്ടുണ്ടല്ലോ.

താങ്കൾ എന്നോട് അങ്ങോട്ടു വരുന്നതിനെക്കുറിച്ചെഴുതിയതിനെ പരാമർശിച്ച് എനിക്കറിയിക്കുവാനുള്ളത്, ഞാൻ എന്തിനുവേണ്ടിയാണോ അയയ്ക്കപ്പെട്ടിരിക്കുന്നത് ആയത് ഞാൻ (ഒന്നാമത്) പൂർത്തിയാക്കണം. അതിനുശേഷം ഞാൻ എന്നെ അയച്ച പിതാവിന്റെ അടുക്കലേക്ക് കരേറും (എടുക്കപ്പെടും). ഞാൻ കരേറി കഴിയുമ്പോൾ എന്റെ ശിക്ഷ്യന്മാരിൽ ഒരാളെ നിന്നെ സുഖപ്പെടുത്തുന്നതിനും നിനക്കും നിന്നൊടുകൂടെയുള്ളവർക്കും ജീവൻ നൽകുന്നതിനുമായിട്ടും അയയ്ക്കും. താങ്കളുടെ പട്ടണം അനുഗ്രഹിക്കപ്പെടും. ഒരു ശത്രുവിനും താങ്കളുടെ പട്ടണത്തിനുമേൽ ഇനിമേൽ അധികാരമുണ്ടാകയില്ല.

അബ്‌ഗാർ രാജാവിന്റെ സന്ദേശവാഹകനായ (ചിത്രമെഴുത്തുകാരനായ) ഹാനനിയക്ക് യേശുവിന്റെ ചിത്രം വരയ്ക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും യേശുവിന്റെ മുഖശോഭകൊണ്ട് ചിത്രം വരയ്ക്കാൻ സാധിച്ചില്ല എന്നും യേശു തന്നെ ഒരു തുണി തന്റെ മുഖത്തിട്ടിട്ട് അതിൽ പതിഞ്ഞ തന്റെ പ്രതിരൂപം അബ്‌ഗാർ രാജാവിന് കൊടുത്തയച്ചു എന്നുമാണ് ഗ്രീക്ക് എഴുത്തുകാരനായ ജോൺ (John of Damascus) വിവരിച്ചിട്ടുള്ളത്. ഈ സംഭവമാണ് പാതിനോമ്പിൽ സന്ധ്യാപ്രാർത്ഥനയിൽ പരാമർശിച്ചിരിക്കുന്നത്. “മിശിഹാ തമ്പുരാനേ നിന്റെ സുവിശേഷ നടപടിയുടെ കാലത്ത് അബ്‌ഗാർ രാജാവ് നിന്നെ ക്ഷണിച്ച് എഴുതി അയച്ചതിന്, മറുപടിയോടുകൂടി തിരുരൂപം അവനു നൽകിയതുപോലെ…”

എന്നാൽ ഹാനനിയ, യേശുവിൽ നിന്നു മറുപടി വാങ്ങിയപ്പോൾ യേശുവിനെ നല്ലതുപോലെ സൂക്ഷിച്ചു മനസ്സിലാക്കി തന്റെ ഒരു ഛായ വരച്ചെടുത്ത് ഉറഹായിലേക്ക് കൊണ്ടുപോയി അബ്‌ഗാർ രാജാവിനു സമർപ്പിച്ചുവെന്നും ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ട് (Abdal Ahad, 1948; pp. 174-175).

യേശുവിന്റെ ചിത്രത്തെ സംബന്ധിക്കുന്ന നിരവധി പരാമർശങ്ങൾ (കഷ്ടാനുഭവ നാളുകളിൽ വേറൊണിക്കയ്ക്കു ലഭിച്ച തൂവാലയിലെ ചിത്രം) സഭാചരിത്രത്തിൽ കാണാവുന്നതാണ്. മേൽവിവരിച്ച അബ്‌ഗാർ രാജാവിനു ലഭിച്ച്, ഉറഹായിൽ സൂക്ഷിച്ചിരുന്ന ചിത്രമാണ് ബൈസന്റയിൻ ചക്രവർത്തിയായ റൊമാനോസ് ഒന്നാമൻ ഏ. ഡി. 944 – ൽ കുസ്തന്തീനോസ് പോലീസിലേക്ക് കൊണ്ടുപോയത് ഏ. ഡി. 1204 – നു ശേഷം കുരിശു യുദ്ധക്കാർ ആ ചിത്രം റോമിലേക്ക് കൊണ്ടുപോയതായി കരുതപ്പെടുന്നു.

മിശിഹാ തമ്പുരാന്റെ സ്വർഗ്ഗാരോഹണത്തിനുശേഷം തന്റെ മുൻ വാഗ്ദത്തമനുസരിച്ച് എഴുപതു അറിയിപ്പുകാരിൽ ഒരാളായ (മാർതോമാശ്ലീഹായുടെ സഹോദരൻ) ആദായിയെയാണ് ഉറഹായിലേക്ക് അയച്ചത് (Aprem Aboodi, 1966; Aphrem I, 2000). പാതിനോമ്പിന്റെ സ്ലീബാ ആഘോഷം (വടക്ക്) “കർത്താവേ കറുത്തവനായ അബ്‌ഗാറിന്റെ അപേക്ഷ കേട്ട് വേദനകളിൽ നിന്നും രോഗങ്ങളിൽ നിന്നും അവന് സ്വസ്ഥത നൽകിയതുപോലെ…” ആദായി, അബ്‌ഗാർ രാജാവിനെ കുഷ്ഠരോഗത്തിൽ നിന്നും സുഖമാക്കുകയും മാമോദീസ മുക്കുകയും അദ്ദേഹത്തിന്റെ ചിലവിൽ ഉറഹായിൽ ഒരു പള്ളി പണിയിക്കുകയും ചെയ്തു (Abdal Ahad, 1948, p. 175). ആദായി ഉറഹായിലെ ഒന്നാമത്തെ സുവിശേഷകനും എപ്പിസ്കോപ്പായും ആകുന്നു.

ആദ്യമായി ക്രിസ്തുമതം സ്വീകരിച്ച രാജാവാണ് അബ്‌ഗാർ അഞ്ചാമൻ. ഇദ്ദേഹം ജീവകാരുണ്യ പ്രവർത്തങ്ങൾ നടത്തുകയും നടത്തുകയും ക്രിസ്ത്യാനിത്വത്തിന്റെ വളർച്ചയ്ക്കുവേണ്ടി ഏറെ പരിശ്രമിക്കുകയും ചെയ്തു. ഉറഹായിലെ രാജാവായ കറുത്തവനായ അബ്‌ഗാർ അഞ്ചാമന്റെ ഓർമ്മ സുറിയാനി സഭ പാതിനോമ്പിന്റെ ബുധനാഴ്ച ആചരിക്കുന്നു.

കടപ്പാട്: സുറിയാനി സഭയിലെ രക്തസാക്ഷികളും പരിശുദ്ധന്മാരും മേലദ്ധ്യക്ഷന്മാരും, വാല്യം 2, കെ. മാണി രാജൻ കോർ-എപ്പിസ്കോപ്പാ