നീതി ലഭിച്ചില്ലെന്ന് ഓര്‍ത്തഡോക്സ് സഭ; ‘തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്കും’

സഭാ തർക്കത്തില്‍ തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്ന് ഓര്‍ത്തഡോക്സ് സഭ. പള്ളിത്തര്‍ക്കത്തില്‍ കോടതി വിധി നടപ്പാക്കാത്തതിലെ പ്രതിഷേധം ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ആര്‍ക്ക് വോട്ടു ചെയ്യണമെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാം. പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിത്തര്‍ക്കത്തില്‍ സഭ ഒറ്റക്കെട്ടായി നില്‍ക്കും. ഇന്നു നടക്കുന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ രാത്രി മുതല്‍ റിലേ നിരാഹാരം നടത്തും. സഭയിലെ മെത്രാന്‍മാരും മാനേജിങ് കമ്മിറ്റി അംഗങ്ങളും നിരാഹാരത്തില്‍ പങ്കെടുക്കുമെന്നും സഭാ നേതൃത്വം അറിയിച്ചു.

കോടതിവിധിയുടെ പശ്ചാത്തലത്തില്‍ തോമസ് പോള്‍ റമ്പാന്റെ നേതൃത്വത്തിലുള്ള സംഘം പള്ളിയില്‍ കുര്‍ബാന നടത്താന്‍ ശനിയാഴ്ച പൊലീസ് സഹായം തേടിയിരുന്നു. പള്ളിയില്‍ നിന്ന് തല്‍ക്കാലം മടങ്ങിപ്പോകാന്‍ ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ തയ്യാറായതോടെയാണ് സംഘര്‍ഷാവസ്ഥയ്ക്ക് തല്‍ക്കാലം അയവുവന്നത്.

Source

വിധി നടപ്പാക്കാത്തതിൽ പ്രതികരിക്കും: ഓർത്തഡോക്സ് സഭ

ആലുവ: സുപ്രീം കോടതി വിധി നടപ്പാക്കാൻ നിയമപരമായി ബാധ്യതയുണ്ടായിട്ടും അതു ചെയ്യാത്തവർക്കെതിരെ പ്രതികരിക്കാൻ മലങ്കര ഓർത്തഡോക്സ് സഭാ സിനഡിന്റെയും മാനേജിങ് കമ്മിറ്റിയുടെയും സംയുക്ത യോഗം തീരുമാനിച്ചു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു.

പെരുമ്പാവൂർ ബഥേൽ സുലോക്കോ പള്ളിയിൽ കോടതിവിധി നടപ്പാക്കാത്തതിലും നീതിനിഷേധത്തിലും പ്രതിഷേധിച്ചു നടക്കുന്ന സഹനസമരം സഭ ഏറ്റെടുക്കും. അവിടെ ആരംഭിക്കുന്ന റിലേ സത്യഗ്രഹത്തിൽ മെത്രാപ്പൊലീത്തമാരും ആധ്യാത്മിക സംഘടനാ ഭാരവാഹികളും പങ്കെടുക്കും. വൈദികരുടെയും അസോസിയേഷൻ പ്രതിനിധികളുടെയും ആധ്യാത്മിക സംഘടനാ ഭാരവാഹികളുടെയും യോഗം വിളിക്കും. സഭയ്ക്കു നീതി ലഭിക്കാൻ സഹായിക്കുന്നവരെ മാത്രമേ തിരിച്ചു സഹായിക്കേണ്ടതുള്ളൂ എന്ന പൊതുവികാരമാണ് യോഗത്തിൽ ഉണ്ടായതെന്ന് മലങ്കര സഭാ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ പറഞ്ഞു.

ശബരിമലയുടെ കാര്യത്തിൽ സുപ്രീം കോടതി വിധി അന്തിമമാണെന്നും അതെല്ലാവർക്കും ബാധകമാണെന്നും പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മലങ്കര സഭയുടെ കാര്യത്തിലും അതേ നിലപാടു സ്വീകരിക്കാൻ ബന്ധപ്പെട്ടവരോടു നിർദേശിച്ചാൽ എല്ലാ പ്രശ്നങ്ങളും അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, ഡോ. മാത്യൂസ് മാർ സേവേറിയോസ്, ഡോ. യൂഹാനോൻ മാർ മിലിത്തിയോസ്, തോമസ് മാർ അത്തനാസിയോസ്, ഡോ. യൂഹാനോൻ മാർ തേവോദോറസ്, മാത്യൂസ് മാർ തേവോദോസിയോസ്, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, വൈദിക ട്രസ്റ്റി ഫാ. ഡോ.എം.ഒ. ജോൺ, ഫാ. ഡോ.ജോൺസ് ഏബ്രഹാം കോനാട്ട് എന്നിവർ പങ്കെടുത്തു.