ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തില്‍ ഉപജീവനാര്‍ത്ഥം നാടുവിടാന്‍ ആരംഭിക്കുന്നതുവരെ മലയാളികള്‍ – വിശിഷ്യാ നസ്രാണികള്‍- പൊതുവെ യാത്രാവിമുഖരായിരുന്നു. ഇതിന് അപവാദം ഇല്ലെന്നല്ല. അതിനു കാല്‍ശതാബ്ദം മുമ്പുമുതല്‍ അപൂര്‍വം നസ്രാണികള്‍ ഉപരിപഠനാര്‍ത്ഥം മദ്രാസിലും കല്‍ക്കട്ടയിലും ഒക്കെ പോയത് വിസ്മരിക്കുന്നില്ല. അവരുടെ വൈദീകാദ്ധ്യക്ഷന്മാരുടെ കാര്യവും വ്യത്യസ്ഥമല്ലായിരുന്നു.
1841-ല്‍ പാലക്കുന്നത്ത് മാത്യൂസ് ശെമ്മാശന്‍ നടത്തിയ മര്‍ദീന്‍ യാത്രയാണ് നസ്രാണി ചരിത്രത്തിലെ ആദ്യ വൈദീക പരദേശയാത്ര. ആ യാത്രയില്‍ അദ്ദേഹം മാര്‍ അത്താനാസ്യോസ് എന്ന പേരില്‍ മേല്പട്ടസ്ഥാനം നേടുകയും പിന്നീട് മലങ്കര മെത്രാപ്പോലീത്താ ആവുകയും ചെയ്തു.
അന്നു മുതല്‍ ഉള്ള ഒരു നൂറ്റാണ്ടുകാലം മലങ്കരസഭാദ്ധ്യക്ഷന്മാര്‍ നടത്തിയ പരദേശയാത്രകള്‍ക്കെല്ലാം ലിഖിത യാത്രാ വിവരണങ്ങള്‍ ഉണ്ട് എന്നതാണ് ശ്രദ്ധേയം. താഴെ പറയുന്നവയാണ് യാത്രകളും യാത്രാ വിവരണങ്ങളും.
1. പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ മലങ്കര മെത്രാപ്പോലീത്താ മേല്പട്ടസ്ഥാനമേല്‍ക്കുവാന്‍ 1865-ല്‍ നടത്തിയ മര്‍ദ്ദീന്‍ യാത്ര. യാത്രികന്‍ തന്നെ എഴുതിയ ഒരു പരദേശയാത്രയുടെ കഥ എന്ന വിവരണം 1901-ല്‍ എം. പി. വര്‍ക്കി തന്റെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ എന്ന ജീവചരിത്രത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ചു.
2. റെനീവിലാത്തി മാര്‍ തീമോത്തിയോസിനു മെത്രാന്‍ സ്ഥാനം നല്‍കുവാന്‍ കടവില്‍ മാര്‍ അത്താനാസ്യോസ്, പ. പരുമല തിരുമേനി എന്നിവര്‍ ശ്രീലങ്കയിലെ കൊളംബോയിലേയ്ക്കു നടത്തിയ യാത്ര. ഇത് സഹയാത്രികനായിരുന്ന വാകത്താനം കാരുചിറ ഗീവര്‍ഗീസ് ശെമ്മാശന്‍ (പിന്നീട് പ. ബസേലിയോസ് ഗീവര്‍ഗീസ് പ്രഥമന്‍ കാതോലിക്കാ) കൊളംബ് യാത്രാവിവരണം എന്ന പേരില്‍ എഴുതിയിരുന്നത് 2005-ല്‍ കോട്ടയം സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ചു.
3. 1895-ല്‍ പ. പരുമല തിരുമേനി നടത്തിയ യേറുശലേം തീര്‍ത്ഥാടനത്തെപ്പറ്റി അദ്ദേഹം എഴുതിയ ഊര്‍ശ്ലേംയാത്രാ വിവരണം അതേവര്‍ഷം തന്നെ പ്രസിദ്ധീകരിച്ചു. മലയാള ഭാഷയിലെ ലക്ഷണമൊത്ത ആദ്യ യാത്രാവിവരണം എന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്.
4. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് ആറാമന്‍ മേല്പട്ടസ്ഥാനമേല്‍ക്കാന്‍ 1908-ല്‍ യേറുശലേമിനു നടത്തിയ യാത്ര. സഹയാത്രികനായ കുറിച്ചി കല്ലാശ്ശേരില്‍ പുന്നൂസ് റമ്പാന്‍ (പിന്നീട് പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ) കത്തുകളായി എഴുതി. അവ 2015-ല്‍ കുറിച്ചി ബാവായുടെ മൂന്നു പരദേശയാത്രകള്‍ എന്ന സമാഹാരത്തില്‍ എം. ഒ. സി. പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചു.
5. 1923-ല്‍ മലങ്കരസഭയിലെ പിളര്‍പ്പ് ഒഴിവാക്കാന്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസുമായി നേരിട്ട് ചര്‍ച്ചനടത്താന്‍ പ. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് ആറാമന്‍ മലങ്കര മെത്രാപ്പോലീത്താ മര്‍ദ്ദീനിലേയ്ക്കു നടത്തിയ യാത്ര.
6. ഇതേ ആവശ്യത്തിനായി 1934-ല്‍ പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ഹോംസിലേയ്ക്കും യെറുശലേമിലേയ്ക്കും നടത്തിയ യാത്ര. യെറുശലേം യാത്ര എന്ന പേരില്‍ സഹയാത്രികനായിരുന്ന ചെറിയമഠത്തില്‍ സ്‌ക്കറിയാ മല്പാന്‍ അതേവര്‍ഷം തന്നെ ഈ യാത്രയുടെ വിവരണം പ്രസിദ്ധീകരിച്ചു.
7. പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കായുടെ 1937-ലെ പാരീസ്, ഇംഗ്ലണ്ട്, സെര്‍ബിയ, റോം സന്ദര്‍ശനങ്ങള്‍. പാത്താമുട്ടം എം. സി. കുറിയാക്കോസ് റമ്പാന്‍ 1937-ല്‍ തന്നെ എഡിന്‍ബറോ യാത്ര എന്ന പേരില്‍ യാത്രാവിവരണം പ്രസിദ്ധീകരിച്ചു.
ഈ യാത്രകളില്‍ ഏറ്റവും ഉദ്വേഗത്തോടെ ജനം വീക്ഷിച്ചത് 1923-ലെ പ. വട്ടശ്ശേരില്‍ തിരുമേനിയുടെ മര്‍ദ്ദീന്‍ യാത്രയാണ്. തിരുവിതാംകൂര്‍ ഹൈക്കോടതിയില്‍ മലങ്കരസഭയിലെ ദേശീയപക്ഷമായ മാര്‍ ദീവന്നാസ്യോസ് നേതൃത്വം നല്‍കുന്ന മെത്രാന്‍കക്ഷിക്കെതിരായി ചീഫ് ജസ്റ്റീസ് വീരരാഘവയ്യങ്കാര്‍ നടത്തിയ കുപ്രസിദ്ധമായ വിധിപ്രഖ്യാപനമാണ് മര്‍ദ്ദീന്‍ യാത്രയ്ക്ക് പശ്ചാത്തലമൊരുക്കിയത്. തികച്ചും ന്യായരഹിതവും നീതിന്യായ മര്യാദകളുടെ എല്ലാ സീമകളേയും അതിലംഘിക്കുന്നതുമായ ആ വിധി അംഗീകരിച്ച് മലങ്കര നസ്രാണികളുടെ സ്വാതന്ത്ര്യം വിദേശികള്‍ക്ക് അടിയറവയ്ക്കുന്നതിന് മാര്‍ ദീവന്നാസ്യോസും അദ്ദേഹത്തിന്റെ അനുയായികളും തീര്‍ത്തും വിസമ്മതിച്ചു. സഭയില്‍ ശാശ്വതമായ പിളര്‍പ്പ് ഉണ്ടാകുന്നു എന്നതായിരുന്നു അന്നത്തെ യഥാസ്ഥിതി. ഇത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് പ. ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയനുമായി നേരിട്ടു സംഭാഷണം നടത്തുവാനാണ് മാര്‍ ദീവന്നാസ്യോസ് തന്റെ വാര്‍ദ്ധക്യവും അനാരോഗ്യവും, യാത്രാക്ലേശവും, തുര്‍ക്കി രാജ്യത്തെ യാത്രയില്‍ പതിയിരിക്കുന്ന അപകടങ്ങളും വകവയ്ക്കാതെ യാത്രക്കൊരുങ്ങിയത്.
കോടതിവിധിമൂലം പൂര്‍ണ്ണ പരാജയത്തില്‍ നില്‍ക്കുന്ന മാര്‍ ദീവന്നാസ്യോസ് ആറാമന്റെ ഈ യാത്രയേപ്പറ്റി അനേകം ഊഹോപോഹങ്ങള്‍ അന്നു പ്രചരിച്ചിരുന്നു. പക്ഷേ യാത്രാരംഭത്തില്‍ കുണ്ടറ വച്ച് ചെയ്ത പ്രസംഗത്തില്‍ ഈ സംശയങ്ങളെ മാര്‍ ദീവന്നാസ്യോസ് ദൂരീകരിച്ചു യാത്രോദ്ദേശം അസന്നിഗ്ദ്ധമാംവിധം വ്യക്തമാക്കി. അതിന്റെ സംഗ്രഹം:
…ഇതാ നാം ഈ ചൊവ്വാഴ്ച പുറപ്പെടുന്നു. യാത്രോദ്ദേശ്യത്തെപ്പറ്റി പലരും പല വിധത്തില്‍ ഊഹിക്കുന്നു, വ്യവഹാരത്തില്‍ തോറ്റതു മൂലമുണ്ടായ ദുഃഖം തീര്‍ക്കാന്‍ വിദേശസഞ്ചാരത്തിനു പുറപ്പെട്ടിരിക്കയാണ്. വല്ല കാരണവും പറഞ്ഞ് യെറുശലേമില്‍ എത്തി ശിഷ്ടായുസ്സ് അവിടെ കഴിക്കാന്‍ പുറപ്പെടുകയാണ്. പാത്രിക്കീസിനെ കണ്ട് യഥാര്‍ത്ഥങ്ങളെല്ലാം ധരിപ്പിച്ചിട്ടും നിഷ്പക്ഷ നിലയില്‍ ഒന്നും ചെയ്യാത്തപക്ഷം ഏതെങ്കിലും കിഴക്കന്‍സഭയില്‍ ചേരണമെന്നാണുദ്ദേശ്യം, എന്നീ വിധം പോകുന്നു ഊഹാപോഹങ്ങള്‍. പാത്രിക്കീസിനെ കണ്ട് ഇപ്പോഴത്തെ കുഴപ്പങ്ങളും അവയുടെ യഥാര്‍ത്ഥ കാരണങ്ങളും നേരിട്ടു ധരിപ്പിക്കണമെന്ന് മാത്രമാണ് നമ്മുടെ യാത്രയുടെ ഉദ്ദേശ്യം എന്ന് തെളിവായിത്തന്നെ പറഞ്ഞുകൊള്ളട്ടെ…
1923 ജൂണ്‍ 23-നു കുണ്ടറ നിന്നും ആരംഭിച്ച ക്ലേശകരവും മാസങ്ങളോളം ദീര്‍ഘിച്ചതുമായ യാത്ര അതേവര്‍ഷം നവംബര്‍ 30-ന് ഷൊര്‍ണൂര്‍ അവസാനിച്ചു. പാത്രിയര്‍ക്കീസുമായി പ്രശ്‌നങ്ങള്‍ പറഞ്ഞവസാനിച്ച് പിളര്‍പ്പ് ഒഴിവാക്കി ശാശ്വത സമാധാനത്തിനുള്ള പാതയൊരുക്കിയ സമാധാനത്തോടെയാണ് അദ്ദേഹം മടങ്ങിയത്. പക്ഷേ സമാധാനത്തിനുള്ള രേഖകളുമായി പാത്രിയര്‍ക്കീസ് അയച്ച മാര്‍ ഏലിയാസ് യൂലിയോസ് മെത്രാന്‍ കേരളത്തില്‍ കാല്‍കുത്തിയതോടെ കളം മാറ്റിച്ചവിട്ടി. സമാധാനം ഉണ്ടായതുമില്ല.
തന്റെ ചിലവില്‍ മര്‍ദ്ദീനില്‍നിന്നും കൂടെ വന്ന് എതിര്‍പക്ഷത്തിന്റെ നേതൃത്വം ഏറ്റെടുത്ത യൂലിയോസ് മെത്രാന്റെ വഞ്ചന മാര്‍ ദീവന്നാസ്യോസിനെ തളര്‍ത്തിയില്ല. കീഴടങ്ങാന്‍ അദ്ദേഹം തയാറായുമില്ല. പകരം വര്‍ദ്ധിത വീര്യത്തോടെ അദ്ദേഹം പോരാട്ടം തുടര്‍ന്നു. അദ്ദേഹത്തിന്റെ റിവ്യു ഹര്‍ജി പരിഗണിച്ച് തിരുവിതാംകൂര്‍ ഹൈക്കോടതി കൊല്ലവര്‍ഷം 1103 മിഥുനം 19-ന് (1928 ജൂലൈ 2) പൂര്‍ണ്ണമായും മാര്‍ ദീവന്നാസ്യോസിന് അനുകൂലമായി വിധിച്ചു. ചീഫ് ജസ്റ്റീസ് ചാറ്റ്ഫീല്‍ഡ് അദ്ധ്യക്ഷനായ ബഞ്ചില്‍ ജ. ജോസഫ് തളിയത്ത്, ജ. ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള എന്നിവരായിരുന്നു ഇതര അംഗങ്ങള്‍. ഈ സംഭവ പരമ്പരകളുടെ പൂര്‍ണ്ണവിവരം ഇസഡ്. എം. പാറേട്ടിന്റെ മലങ്കര നസ്രാണികള്‍ ഭാഗം നാല്, മാര്‍ ദീവന്നാസ്യോസിന്റെ നിത്യാക്ഷരങ്ങള്‍ ഭാഗം മൂന്ന് എന്നിവയില്‍ ലഭ്യമാണ്.
മലങ്കരസഭ മുഴുവന്‍ ആകാംക്ഷയോടെ കാത്തിരുന്ന മാര്‍ ദീവന്നാസ്യോസിന്റെ മര്‍ദ്ദീന്‍ യാത്രയെപ്പറ്റി പതിവിനു വിരുദ്ധമായി യാത്രാ വിവരണങ്ങള്‍ ഒന്നും ലഭ്യമായിരുന്നില്ല. എന്നാല്‍ സമീപകാലത്ത് മലങ്കരസഭാ മാസികയുടെ 1948-ലെ ലക്കങ്ങളില്‍ മാര്‍ ദീവന്നാസ്യോസ് ആറാമന്‍ തിരുമനസ്സിലെ മര്‍ദീന്‍യാത്ര- ഒരു സഹയാത്രക്കാരന്റെ ഡയറിയില്‍ നിന്നും എന്ന പേരില്‍ ദിവ്യശ്രീ ഏവരത്തുകിഴക്കതില്‍ ദാനിയേല്‍ കത്തനാര്‍, ഡി. ഡി. ചേപ്പാട് എഴുതിയ ഒരു ലേഖന പരമ്പര ശ്രദ്ധയില്‍പ്പെട്ടു. സാമാന്യം ഭംഗിയായി പ്രതിപാദിച്ചിരിക്കുന്ന ഈ യാത്രാവിവരണത്തില്‍ പക്ഷേ മൂലഗ്രന്ഥകാരനായ സഹയാത്രികന്‍ ആരെന്നു വ്യക്തമാക്കിയിട്ടില്ല.
പൂതകുഴിയില്‍ അബ്രഹാം കത്തനാര്‍, ചെറിയമഠത്തില്‍ സ്‌ക്കറിയാ മല്‍പ്പാന്‍, മാര്‍ ദീവന്നാസ്യോസിന്റെ സേവകരായ അയ്പ്പ്, കുന്നംകുളം സ്വദേശി വാറു എന്നിവരാണ് അദ്ദേഹത്തെ മര്‍ദ്ദീന് അനുഗമിച്ചത്. ഇതില്‍ അവസാനം പരാമര്‍ശിച്ച രണ്ടുപേരെ ഡയറി എഴുതിയ സഹയാത്രികന്‍ എന്ന സ്ഥാനത്തുനിന്നും തീര്‍ച്ചയായും ഒഴിവാക്കാം.
പിന്നെ ശേഷിക്കുന്നത് പൂതകുഴിയില്‍ കത്തനാരും ചെറിയമഠത്തില്‍ മല്‍പ്പാനുമാണ്. ഇവര്‍ ഇരുവരും പണ്ഡിതരും ഡയറി എഴുതാന്‍ ശേഷിയുള്ളവരുമാണ്. ഇവരില്‍ ആര് എന്ന ചോദ്യത്തിനുള്ള ഉത്തരമായി ലഭിച്ചത് ശ്രദ്ധേയമായ ഒരു കൂട്ടം രേഖകളാണ്. മാര്‍ ദീവന്നാസ്യോസിന്റെ യാത്രാവേളയില്‍ മാര്‍ ദീവന്നാസ്യോസു മെത്രാപ്പോലീത്താ അവര്‍കളുടെ അന്ത്യോഖ്യായാത്ര എന്ന ശീര്‍ഷകത്തില്‍ മലയാള മനോരമ അതിനെപ്പറ്റി പ്രസിദ്ധീകരിച്ച കുറെ ദീര്‍ഘമായ റിപ്പോര്‍ട്ടുകളാണവ. പ്രത്യേക ലേഖകന്‍ എഴുതുന്നതായാണ് ആദ്യ മൂന്നു ലേഖനങ്ങളില്‍ കാണിച്ചിരിക്കുന്നത്. മറ്റാരുടേയും സാന്നിദ്ധ്യം യാത്രയില്‍ പൂര്‍ണ്ണമായി ഇല്ലാതിരുന്നതിനാല്‍ ഇവരിലൊരാളെ മലയാള മനോരമ റിപ്പോര്‍ട്ടിംഗിനായി ചുമതലപ്പെടുത്തിയിരുന്നു എന്നു വ്യക്തം.
പക്ഷേ ഇവരില്‍ ആര് എന്നതിനു വ്യക്തമായ ഉത്തരമില്ല. നാലാമത്തെ കത്തില്‍ വേറൊരു ലേഖകന്‍ എന്നു കാണിച്ചിരിക്കുന്നതിനാല്‍ രണ്ടു പേരും കത്തുകള്‍ എഴുതി എന്നനുമാനിക്കാം. 1934-ലെ യെറുശലേം യാത്ര എന്ന തന്റെ പില്‍ക്കാല കൃതിയുടെ അടിസ്ഥാനത്തില്‍ ചെറിയമഠത്തില്‍ മല്പാന് മുന്‍തൂക്കം ലഭിക്കുമെങ്കിലും സ്ഥിരീകരിക്കാന്‍ മറ്റു തെളിവുകളോന്നുമില്ല. ഇരുവരും ഈ യാത്രയേപ്പറ്റി പേരുവെച്ചെഴുതിയ ഇതര ലേഖനങ്ങളും അക്കാലത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട് താനും. ഇവയാകാം ഏവരത്തുകിഴക്കതില്‍ കോര്‍എപ്പിസ്‌ക്കോപ്പാ അവലംബിച്ചത്.
ഒരു സമൂഹം മുഴുവന്‍ ആകാംക്ഷാപൂര്‍വം കാത്തിരുന്ന മര്‍ദ്ദീന്‍ യാത്രയെപ്പറ്റി അക്കാലത്ത് ലഭ്യമായ എല്ലാ രേഖകളും സമാഹരിച്ച് പ്രസിദ്ധീകരിയ്ക്കുകയാണ് മാര്‍ ദീവന്നാസ്യോസ് ആറാമന്റെ മര്‍ദ്ദീന്‍ യാത്ര എന്ന ഈ കൃതിയില്‍. ഈ ലേഖനങ്ങള്‍ മാത്രമല്ല, കല്പനകള്‍, പ്രസംഗങ്ങള്‍, ടെലിഗ്രാമുകള്‍, വാര്‍ത്തകള്‍ എന്നിവയും ലഭ്യമായതെല്ലാം ചേര്‍ത്തിട്ടുണ്ട്.
അതോടൊപ്പം 1931-ല്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് മാര്‍ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ നടത്തിയ ഇന്ത്യാ സന്ദര്‍ശനത്തിന്റെ യഥാര്‍ത്ഥ പശ്ചാത്തലത്തേപ്പറ്റി ഫാ. ഡോ. ബി. വര്‍ഗീസിന്റെ ലേഖനവും ഈ കൃതിയുടെ ഭാഗമാണ്.
മലങ്കരസഭ ഒന്നായിരിക്കണം; അതിനെ വിഭജിക്കരുത് എന്ന മാര്‍ ദീവന്നാസ്യോസിന്റെ നിര്‍ബന്ധബുദ്ധിയും അതിനായി അദ്ദേഹം സ്വയം ത്യജിക്കാന്‍ തയാറാകുന്നതും മാത്രമല്ല, മലങ്കര നസ്രാണികളുടെ സ്വാതന്ത്ര്യം അടിയറവെച്ച് തുര്‍ക്കികളുടെ ആത്മീയ കൊളോണിയലിസത്തിന് ഇനി വിധേയരാവില്ല എന്ന ഉറച്ച നിലപാടും ഈ രേഖകളില്‍ ദര്‍ശിക്കാം.
അതിനേക്കാള്‍ ഉപരി, അക്കാലത്ത് തുര്‍ക്കിരാജ്യത്ത് നിലനിന്നിരുന്ന അരാജകത്വവും, ക്രിസ്ത്യാനികളുടേയും വിശിഷ്യാ, സുറിയാനിക്കാരുടെയും സ്ഥിതിയേപ്പറ്റിയുമുള്ള ദൃക്‌സാക്ഷി വിവരണങ്ങള്‍ എന്ന നിലയിലും മാര്‍ ദീവന്നാസ്യോസ് ആറാമന്റെ മര്‍ദ്ദീന്‍ യാത്ര എന്ന ഈ കൃതിക്ക് പ്രാധാന്യമുണ്ട്.
മാര്‍ ദീവന്നാസ്യോസ് ആറാമന്റെ മര്‍ദ്ദീന്‍ യാത്ര കൂടി പ്രസിദ്ധീകൃതമാകുന്നതോടെ ഒന്നൊഴികെ 1841 മുതല്‍ 1937 വരെ നസ്രാണികളുടെ മേല്പട്ടക്കാര്‍ നടത്തിയ വിദേശയാത്രകളുടെ എല്ലാം വിവരണങ്ങള്‍ പ്രസിദ്ധീകൃതമാവുകയാണ്. ഇത് സഭാചരിത്രത്തില്‍ മാത്രമല്ല പല വിഷയങ്ങളിലുള്ള താരതമ്യ പഠനത്തിനു ഉപകരിക്കും. ഇവയില്‍ പ്രഥമ യാത്രയായ പാലക്കുന്നത്ത് മാര്‍ മാത്യൂസ് അത്താനാസ്യോസിന്റെ യാത്രാവിവരണം ലഭ്യമായിട്ടില്ല എന്നത് ഖേദകരമായിത്തന്നെ നിലനില്‍ക്കുന്നു.