വരിക്കോലി, കട്ടച്ചിറ പള്ളികള്‍ക്ക് പോലീസ് സംരക്ഷണം

Kerala High Court Order, 13-3-2019

മലങ്കര സഭ: പ്രവർത്തനാധികാരം 1934ലെ സഭാ ഭരണഘടന പ്രകാരം നിയമിക്കപ്പെട്ടവർക്ക്
കൊച്ചി∙ ഓർത്തഡോക്സ് സഭ പിന്തുടരുന്ന 1934ലെ സഭാ ഭരണഘടന അനുസരിച്ചുള്ള മലങ്കര അസോസിയേഷൻ മാനേജിങ് കമ്മിറ്റിയുടെ പ്രമേയ പ്രകാരം നിയമിക്കപ്പെട്ട മെത്രാപ്പൊലീത്ത, വികാരി, വൈദികർ എന്നിവർക്കാണു മലങ്കര സഭയിൽ പ്രവർത്തനാധികാരമെന്ന് ഹൈക്കോടതി. അതേസമയം, പള്ളി സെമിത്തേരികളിൽ ഇടവകാംഗങ്ങൾക്കെല്ലാം സംസ്കാരത്തിന് അവകാശമുണ്ട്. സംസ്കാരത്തോടനുബന്ധിച്ചു പള്ളിയിലോ സെമിത്തേരിയിലോ നടത്തേണ്ട ശുശ്രൂഷകൾ വേണ്ടെന്നു വച്ച് മറ്റെവിടെയെങ്കിലും താൽപര്യമുള്ള പുരോഹിതനാൽ ശുശ്രൂഷകൾ നടത്തിയാലും ഈ അവകാശം നിഷേധിക്കാനാവില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

1934ലെ ഭരണഘടന അനുസരിച്ചു നിയമിക്കപ്പെട്ട ഓർത്തഡോക്സ് സഭാ വികാരിമാർക്കു പ്രവർത്തിക്കാൻ പൊലീസ് സംരക്ഷണം തേടുന്ന ഹർജികൾ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എ. കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഒരു പള്ളിയിൽ യാക്കോബായ സഭയോടു വിധേയത്വമുള്ള ഇടവകാംഗങ്ങൾക്കു സംസ്കാരം അനുവദിക്കുന്നില്ലെന്ന തർക്കവും പരിഗണിച്ചു.

2001ലെ സുപ്രീംകോടതി വിധിയെത്തുടർന്നു മലങ്കര അസോസിയേഷൻ യോഗം ചേർന്ന് തിരഞ്ഞെടുത്ത മാനേജിങ് കമ്മിറ്റി പ്രമേയത്തിലൂടെ മെത്രാപ്പൊലീത്തമാരെയും വികാരിമാരെയും വൈദികരെയും അംഗീകരിച്ചിരുന്നു. അതേസമയം, ഇടവകപ്പള്ളികളുടെ സ്വത്ത് ഉൾപ്പെട്ട സഭാ സ്വത്തുക്കൾ ഗുണഭോക്താക്കൾക്കായി എന്നും നിലനിൽക്കും. ഭൂരിപക്ഷത്തിന്റെ പേരിലായാലും ആർക്കും ഉടമസ്ഥത അവകാശപ്പെടാനോ പിടിച്ചെടുക്കാനോ സാധിക്കില്ല. ആ നിലയ്ക്ക് ഇടവകാംഗങ്ങൾക്കു സംസ്കാരത്തിനും അവകാശമുണ്ട്. ഇടവകക്കാരനായി തുടരുന്നിടത്തോളം പാത്രിയർക്കീസിനെ അംഗീകരിക്കുന്നുവെന്നോ യാക്കോബായ സഭയോടു ചായ്‌വുണ്ടെന്നോ പറഞ്ഞ് ആർക്കും സംസ്കാരം നിഷേധിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി.

പിറവം സെന്റ് മേരീസ് പള്ളി

പ്രശ്നപരിഹാരം ആവശ്യപ്പെട്ടുള്ള നിവേദനത്തിൽ നടപടിക്കു നിർദേശിക്കണം എന്നാവശ്യപ്പെട്ട് യാക്കോബായ സഭാംഗങ്ങൾ സമർപ്പിച്ച ഹർജിയാണു പരിഗണിച്ചത്. രമ്യമായ തീർപ്പിനു ശ്രമം നടക്കുകയാണെന്നും ഇരു സഭാ നേതൃത്വത്തെയും ചർച്ചയ്ക്കു കൊണ്ടുവരാൻ മുഖ്യമന്ത്രി മുഖേന ശ്രമം നടത്തുന്നുണ്ടെന്നും സ്റ്റേറ്റ് അറ്റോർണി അറിയിച്ചു. പ്രശ്ന പരിഹാരത്തിനു സർക്കാർ ശ്രമം നടത്തുന്ന സാഹചര്യത്തിൽ കൂടുതൽ നിർദേശങ്ങൾക്കു മുതിരുന്നില്ലെന്നു കോടതി വ്യക്തമാക്കി.

കട്ടച്ചിറ സെന്റ് മേരീസ് പള്ളി

പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഓർത്തഡോക്സ് സഭാ വികാരി നൽകിയ ഹർജിയാണു പരിഗണിച്ചത്. ഫാ. ജോൺസ് ഈപ്പനെ മാത്രമാണ് 1934ലെ സഭാ ഭരണഘടനയനുസരിച്ചു മെത്രാപ്പൊലീത്ത വികാരിയായി നിയമിച്ചതെന്നു കോടതി വ്യക്തമാക്കി. നിലവിൽ സമാധാനാന്തരീക്ഷമാണ് ഉള്ളതെന്നു വിലയിരുത്തിയ കോടതി ഹർജി തീർപ്പാക്കി. കോടതി ഉത്തരവു ലംഘിക്കപ്പെടുകയോ പള്ളിപ്പരിസരങ്ങളിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുകയോ ചെയ്താൽ പൊലീസ് സംരക്ഷണം തേടാം. കോടതി നിരീക്ഷണങ്ങൾ മാനിച്ചുകൊണ്ടു പൊലീസ് നടപടിയെടുക്കണം.

വരിക്കോലി സെന്റ് മേരീസ് പള്ളി

ഓർത്തഡോക്സ് സഭാ വികാരിക്കും ഇടവകാംഗങ്ങൾക്കും ചാപ്പൽ, സെമിത്തേരി ഉൾപ്പെടെ പള്ളിവക വസ്തുക്കൾക്കും സംരക്ഷണം ആവശ്യപ്പെട്ടായിരുന്നു ഹർജി. വികാരിയുടെ പ്രവർത്തനവും സംസ്കാരത്തിന് ഇടവകാംഗങ്ങൾക്കുള്ള അവകാശവും സംബന്ധിച്ചു വ്യക്തത വരുത്തിയ സാഹചര്യത്തിൽ പൊലീസ് സംരക്ഷണത്തിനു പ്രത്യേകം ഉത്തരവിടുന്നില്ലെന്നു കോടതി പറ‍ഞ്ഞു. ക്രമസമാധാന പ്രശ്നങ്ങളുണ്ടായാൽ പൊലീസ് സഹായം തേടാം. പൊലീസ് നടപടിയെടുക്കണം.