നോമ്പ് വെട്ടിയ്ക്കുറയ്ക്കലിനെതിരെ പ. ഗീവര്‍ഗീസ് രണ്ടാമന്‍ ബാവാ അയച്ച കല്പനകള്‍

അപ്രേം പാത്രിയര്‍ക്കീസിന്‍റെ നോമ്പ് വെട്ടിയ്ക്കുറയ്ക്കലിനെതിരെ

നമ്പര്‍ 210

സ്വയസ്ഥിതനും ആദ്യന്തമില്ലാത്തവനും സാരാംശ സമ്പൂര്‍ണ്ണനും ആയ ത്രിയേക ദൈവത്തിന്‍റെ തിരുനാമത്തില്‍ (തനിക്കു സ്തുതി) വിശുദ്ധ മാര്‍ തോമ്മാശ്ലീഹായുടെ പൗരസ്ത്യ സിംഹാസനത്തിന്മേല്‍ ആരൂഢനായിരിക്കുന്ന ബലഹീനനായ രണ്ടാമത്തെ ഗീവറുഗീസ് എന്ന് അഭിധാനമുള്ള ബസ്സേലിയോസ് കാതോലിക്കാ.

(മുദ്ര)

നമ്മുടെ എല്ലാ പള്ളികളിലെയും വികാരിമാരും ദേശത്തുപട്ടക്കാരും പള്ളി കൈക്കാരന്മാരും ശേഷം ജനങ്ങളും കൂടിക്കണ്ടെന്നാല്‍ നിങ്ങള്‍ക്കു വാഴ്വ്.

വാത്സല്യ മക്കളേ,

“നോമ്പാലും പ്രാര്‍ത്ഥനയാലുമല്ലാതെ ഈ വര്‍ഗ്ഗം ഒഴിഞ്ഞുപോകയില്ല” എന്ന് നമ്മുടെ കര്‍ത്താവ് കല്‍പിക്കയും താന്‍ നോമ്പുനോക്കുകയും പ്രാര്‍ത്ഥിക്കുകയും തന്‍റെ നോമ്പിന്‍റെ അവസാനത്തില്‍ സാത്താന്‍ വെളിപ്പെട്ടപ്പോള്‍ അവനെ താന്‍ ജയിക്കയും ചെയ്തു. കര്‍ത്താവിനോടുകൂടെ ഉണ്ടായിരുന്നവരും തന്‍റെ അധികാരത്താല്‍ അടയാളങ്ങളും അത്ഭുതങ്ങളും പ്രവര്‍ത്തിക്കയും പിശാചുക്കളെ പുറപ്പെടുവിക്കയും ചെയ്തിട്ടുള്ളവരുമായ അപ്പോസ്തോലന്മാര്‍ക്ക് ഒരു പിശാചുബാധിതനില്‍ നിന്നും ആ പിശാചിനെ ഒഴിച്ചുവിടുവാന്‍ സാധിക്കാഞ്ഞതിനെ സംബന്ധിച്ചു ചോദിച്ചപ്പോളായിരുന്നു മേലുദ്ധരിച്ച വാക്യം നമ്മുടെ കര്‍ത്താവ് അരുളിച്ചെയ്തത്. ആകയാല്‍ നമ്മെ പരീക്ഷിക്കുന്ന പിശാചിനെ ഒഴിച്ചുമാറ്റുവാന്‍ നോമ്പു കൂടാതെ സാദ്ധ്യമല്ല. കര്‍ത്താവു നമ്മോടുകൂടെ ഉണ്ടെങ്കിലും നമ്മുടെ പ്രവര്‍ത്തികളാല്‍ സാത്താനെ നാം ജയിക്കണം എന്നുള്ളത് അവിടുത്തെ തിരുവിഷ്ടമാകുന്നു. അല്ലെങ്കില്‍ അവന്‍ ഒഴിഞ്ഞുപോകയില്ല. ജയിക്കുന്നവനു ജീവന്‍റെ കിരീടം കൊടുക്കും, ജയത്തിനുള്ള പ്രധാന ആയുധം നോമ്പാണ്. അതുകൊണ്ട് അപ്പോസ്തോലന്മാര്‍ നോമ്പു നോക്കുകയും വി. സഭയ്ക്ക് അതിനെ ഏല്‍പിച്ചുതരുകയും ചെയ്തു. ആ നോമ്പിനെ വെട്ടിക്കുറയ്ക്കുവാനോ ലാഘവപ്പെടുത്തുവാനോ ഒരുവനും അധികാരമില്ല. മുമ്പിനാലെയുള്ള പിതാക്കന്മാരുടെ അതിരിനെ മാറ്റരുത് എന്ന് പരിശുദ്ധ കാനോന്‍ നിഷ്കര്‍ഷിക്കുന്നു.

നമ്മുടെ സഭ മുമ്പിനാലെ ആചരിച്ചു വരുന്ന വി. നോമ്പുകളെ ഹോംസില്‍ ഇരുന്നുകൊണ്ട് ഒരു പാത്രിയര്‍ക്കീസ് വെട്ടിക്കുറയ്ക്കുകയും ലാഘവപ്പെടുത്തുകയും മറ്റും ചെയ്യുന്നതായി അറിയുന്നതില്‍ ഏറ്റവും വ്യസനിക്കുന്നു. ഇന്ത്യ മുമ്പേതന്നെ ദൈവഭക്തിയുള്ള ഒരു രാജ്യമാണ്. എല്ലാ മതക്കാര്‍ക്കും നോമ്പും നിഷ്ഠയും മറ്റുമുണ്ട്. വിദേശികളുടെ ഇടപെടല്‍ മൂലം ഇവ കുറഞ്ഞുപോകുന്നു. സ്വന്ത യുക്തിയും ജഡീക ആശ്വാസവും നോക്കിക്കൊണ്ട് അവര്‍ ക്രിസ്തുമതത്തെ വിരൂപപ്പെടുത്തുന്നു. ശീമയില്‍ മുമ്പുണ്ടായിരുന്ന പിതാക്കന്മാര്‍ ദൈവഭക്തിയുള്ളവരും നിഷ്ഠയുള്ളവരുമായിരുന്നു. മോശയുടെയും അഹരോന്‍റെയും പിന്‍ഗാമികളായ ഹന്നാനും കയ്യാപ്പായും എങ്ങിനെയിരുന്നോ, ആ രീതിയിലേക്കാണിപ്പോഴുള്ള ശീമക്കാര്‍ പോകുന്നത്. അവരെ നാം പിന്തുടരേണ്ട ആവശ്യമില്ല. അപ്രേം പാത്രിയര്‍ക്കീസ് നമ്മുടെ പാത്രിയര്‍ക്കീസല്ല. അദ്ദേഹത്തിന്‍റെ കല്പന നമ്മളെ ബന്ധിക്കുന്നതുമല്ല. ആ കല്‍പന നമ്മുടേത് എന്നു കരുതി ആരും വഞ്ചിക്കപ്പെടരുത്. നമ്മുടെ നാട്ടില്‍ മീനും മോരും കൂട്ടുന്നതാണ് നോമ്പില്ലായ്മയുടെ അടയാളം. നാം എപ്പോഴും മാംസം ഭക്ഷിക്കുന്നവരല്ല. നോമ്പില്‍ മോരും, പാലും, പാല്‍ക്കട്ടിയും, മുട്ടയുമെല്ലാം കൂട്ടുവാന്‍ അദ്ദേഹം ആജ്ഞാപിച്ചിരിക്കുന്നു. മാംസം ഭക്ഷിക്കേണ്ടാ എന്നു പറഞ്ഞിട്ടുമില്ല. കര്‍ത്താവിന്‍റെ നോമ്പിനെ വിരൂപപ്പെടുത്തിയിരിക്കുന്നു. വലിയ നോമ്പിന്‍റെ ആദ്യ ആഴ്ചയിലും അവസാന ആഴ്ചയിലും നോമ്പു നോക്കണം, ഇടയ്ക്കുള്ളതെല്ലാം നീക്കിവെച്ചിരിക്കുന്നു! ഇതു പിശാചിനു വലിയ സന്തോഷമാണ്. പ്രസ്തുത കല്‍പ്പനമൂലം വി. സഭയെ പിളര്‍ന്നു രണ്ടാക്കാന്‍ ശ്രമിക്കുന്നു. മലയാളത്തുള്ള നമ്മെയെല്ലാം വിശ്വാസവിപരീതത്തിലേക്ക് ആകര്‍ഷിക്കുകയാണ്. സാവധാനത്തില്‍ പിടിച്ചു മനുഷ്യരുടെ ചായ്വനുസരിച്ചു കൊണ്ടുപോകുകയാണ് സാത്താന്‍റെ പതിവ്. ഭക്ഷണപ്രിയന്മാരെ ആ വിധത്തില്‍ ആകര്‍ഷിച്ചു വീഴിക്കുന്നു. കല്‍പിക്കപ്പെട്ടിട്ടുള്ളപ്രകാരം കഴിവുപോലെ ഭക്ഷണം വെടിഞ്ഞു നോമ്പു നോക്കേണ്ടതാകുന്നു. ബാബേലില്‍ വെച്ചു ദാനിയേല്‍ മുതല്‍പേര്‍ രാജാവിന്‍റെ ഭക്ഷണം കഴിക്കാതെ പരിപ്പും വെള്ളവും കഴിച്ചു. അതുമൂലം അവരുടെ ആരോഗ്യം ക്ഷയിച്ചില്ല എന്നു മാത്രമല്ല, രാജാവിന്‍റെ മേശയില്‍നിന്നു ഭക്ഷിച്ച മറ്റെല്ലാവരേയുംകാള്‍ കൂടുതലായി അവര്‍ അഴകും ആരോഗ്യവുമുള്ളവരായി കാണപ്പെടുകയുമാണുണ്ടായത്. ഇപ്രകാരം ഭക്ഷണങ്ങളുടെ വ്യത്യാസം മൂലം നോമ്പു നോക്കുന്നവരും ഉച്ചയോ ഇരുപത്തിരണ്ടരയോ സന്ധ്യയോ വരെ ഭക്ഷണം വെടിഞ്ഞു വ്രതമനുഷ്ഠിക്കുന്നവരുമുണ്ട്. ഭക്ഷണങ്ങളുടെ വ്യത്യാസം ആബാലവൃദ്ധം എല്ലാവര്‍ക്കുമുള്ളതാണ്. അങ്ങനെയാണ് വിശുദ്ധ സഭ നിശ്ചയിച്ചിരിക്കുന്നത്. അതുകൊണ്ട് മത്സ്യം, മുട്ട, പാല്, മോര് മുതലായവ വര്‍ജ്ജിക്കുവാന്‍ സഭ നിര്‍ബന്ധിക്കുന്നു. കര്‍ത്താവിന്‍റെ വലിയ നോമ്പില്‍ പോലും ഇവയൊന്നും വര്‍ജ്ജിക്കണ്ടാ എന്നു പറയുന്നതു മഹാപാപമത്രേ.
ഇപ്പോള്‍ നമ്മുടെ കണക്കിന് (സുറിയാനി) ധനു മാസം 1-ാംനു മുതല്‍ ഇരുപത്തഞ്ചുനോമ്പ് (യല്‍ദാ നോമ്പ്) ആരംഭിക്കുന്നു. ഇരുപത്തഞ്ചുനോമ്പ്, പതിനഞ്ചുനോമ്പ്, ശ്ലീഹാനോമ്പ് ഇവയെല്ലാം പുരാതനമായി നമ്മുടെ പിതാക്കന്മാര്‍ ആചരിച്ചുവരുന്നതാണ്. 1900 വര്‍ഷങ്ങളായിട്ടു നോമ്പു നോക്കി വന്നിട്ട് വേനലിന്‍റെ കാഠിന്യം മൂലം നമ്മളാരും നശിച്ചില്ല. നോമ്പ് വ്രതത്തോടുകൂടി നോക്കുന്നവര്‍ക്ക് ആരോഗ്യവും സുഖവും വര്‍ദ്ധിക്കുന്നതേയുള്ളു; അത് അനുഭവിക്കുന്നവര്‍ക്കു അറിയാവുന്ന സത്യമാണ്. വേനല്‍ ദഹനക്കുറവുണ്ടാക്കുന്നതും ആ അവസരത്തിലുള്ള അതിഭക്ഷണം വിഷൂചിക മുതലായ രോഗങ്ങള്‍ക്കു കാരണമാക്കുന്നതുമാണ്. ഒഴിഞ്ഞ വയറ്റില്‍ ചൂടു പ്രവേശിച്ചാല്‍ വളരെ വിഷബീജങ്ങളെ നശിപ്പിക്കും. അതുമൂലവും പ്രാര്‍ത്ഥന, ധ്യാനം മുതലായവ മൂലവും ശരീരത്തിനും ആത്മാവിനും ഒരുപോലെ സുഖമുണ്ടാകുന്നതാണ്. അതിനാല്‍ നമ്മുടെ മക്കള്‍ പാഷണ്ഡ ഉപദേശത്തിനു വഴിപ്പെട്ട് പിശാചിന്‍റെ അടിമകളായിത്തീരുകയും നമ്മുടെ സഭയുടെ ഭംഗിയെ നശിപ്പിക്കുകയുമരുത്. ആകയാല്‍ എല്ലാവരും ശരിയായി നോമ്പുനോറ്റ് കര്‍ത്താവിനെ പ്രസാദിപ്പിക്കണമെന്നു കര്‍ത്താവേശുമിശിഹായുടെ നാമത്തില്‍ നിങ്ങളോടു നാം ആജ്ഞാപിക്കുന്നു. ഇപ്പോള്‍ നിങ്ങളുടെ ജ്ഞാനത്തിന് ഇതു മതി.

സര്‍വശക്തനായ ദൈവത്തിന്‍റെ കൃപയും അനുഗ്രഹങ്ങളും നിങ്ങളുടെമേല്‍ സദാ വര്‍ദ്ധിച്ചിരിക്കുമാറാകട്ടെ. ആയതു ദൈവമാതാവായ വി. കന്യകമറിയാമിന്‍റെയും ഇന്ത്യയുടെ കാവല്‍പിതാവായ മാര്‍ തോമ്മാശ്ലീഹായുടേയും സകല പരിശുദ്ധന്മാരുടെയും ശുദ്ധിമതികളുടെയും പ്രാര്‍ത്ഥനയാല്‍ തന്നെ. ആമ്മീന്‍.

ആകാശത്തിലുള്ള ഞങ്ങളുടെ ബാവാ….. ഇത്യാദി.

എന്ന്, 1952 ഡിസംബര്‍ 8-ാം തീയതി കോട്ടയം കാതോലിക്കേറ്റ് അരമനയില്‍ നിന്നും.

II

നമ്പര്‍ 850

സ്വയസ്ഥിതനും ആദ്യന്തമില്ലാത്തവനും സാരാംശസമ്പൂര്‍ണ്ണനും ആയ ത്രിയേകദൈവത്തിന്‍റെ തിരുനാമത്തില്‍ (തനിക്കു സ്തുതി)

വിശുദ്ധ മാര്‍ തോമ്മാശ്ലീഹായുടെ പൗരസ്ത്യ സിംഹാസനത്തിന്മേല്‍ ആരൂഢനായി ബലഹീനനായ രണ്ടാമത്തെ ഗീവറുഗീസ്
എന്ന് അഭിധാനമുള്ള ബസ്സേലിയോസ് കാതോലിക്കാ.

നമ്മുടെ എല്ലാ പള്ളികളിലെയും വികാരിമാരും ദേശത്തുപട്ടക്കാരും പള്ളി കൈക്കാരന്മാരും ശേഷം ജനങ്ങളും കൂടി കണ്ടെന്നാല്‍ നിങ്ങള്‍ക്കു വാഴ്വ്.

അനുഗ്രഹിക്കപ്പെട്ട വാത്സല്യമക്കളെ,

ശൂനോയോ പെരുനാളിനു മുമ്പുള്ള 15 നോമ്പ് സുറിയാനിക്കണക്കിനു ചിങ്ങം ഒന്നു മുതല്‍ പതിനഞ്ചു വരെയാണല്ലോ. എന്നാല്‍ ഈ നോമ്പും ശ്ലീഹാനോമ്പും, ഇരുപത്തഞ്ചു നോമ്പും എതൃകക്ഷികളുടെ പാത്രിയര്‍ക്കീസായ മാര്‍ അപ്രേം വെട്ടിക്കുറച്ച് 5, 3, 10 എന്നിങ്ങനെയാക്കി ഒരു കല്പന പുറപ്പെടുവിച്ചിരിക്കുന്നതായി നാം അറിയുന്നു. ഈ പാത്രിയര്‍ക്കീസിനോടു ചേര്‍ന്നു നില്‍ക്കുന്ന മലങ്കരയിലെ ഒരു വിഭാഗം ആളുകള്‍ ഈ നോമ്പുകളില്‍ കല്യാണവും നടത്തിത്തുടങ്ങിയിരിക്കുന്നു. ഇതു വലിയ പാപവും ശാപത്തിനു കാരണവുമാണ്. നോമ്പ് നമ്മുടെ വിശുദ്ധിക്കും, വെടിപ്പിനും, പിശാചിനെ ജയിക്കുന്നതിനും ഉള്ള മാര്‍ഗ്ഗമാകുന്നു. നമ്മുടെ നോമ്പുകളെല്ലാം കാനോനില്‍ വ്യവസ്ഥപ്പെടുത്തപ്പെട്ടിട്ടുള്ളവയും നമ്മുടെ പിതാക്കന്മാര്‍ മുമ്പിനാലേ ആചരിച്ചുവന്നവയും അങ്ങനെ നമുക്കു ഭരമേല്പിക്കപ്പെട്ടിട്ടുള്ളവയുമത്രേ. നമ്മുടെ സഭ മാത്രമല്ല മറ്റു കിഴക്കന്‍ സഭകളായ അര്‍മ്മനായ, ഈഗുപ്തായ, യവനായ എന്നീ സഭകളും പൂര്‍വീകമായിത്തന്നെ ഈ നോമ്പുകള്‍ ആചരിച്ചുവരുന്നു. നോമ്പിന്‍റെ ദിവസങ്ങള്‍ വി. സഭയുടെ കാനോനില്‍ ക്ലിപ്തപ്പെടുത്തിയിട്ടുണ്ട്. അതിനെ ഭേദഗതി ചെയ്യുന്നതിന് ആര്‍ക്കും അധികാരമില്ല. അങ്ങനെയിരിക്കെ നോമ്പിന്‍റെ ദിവസങ്ങളെ വെട്ടിക്കുറയ്ക്കാന്‍ ഹോംസിലെ ഒരു പാത്രിയര്‍ക്കീസിന് എന്തധികാരമാണുള്ളത്? “നിന്‍റെ പിതാക്കന്മാരുടെ മുമ്പിനാലെ ഉള്ള അതിരിനെ നീ ലംഘിക്കരുത്” എന്ന് എഴുതപ്പെട്ടിരിക്കുന്നു. വി. സഭയുടെ കാനോന്‍ ഒന്നിലധികം പ്രാവശ്യം ഇതു നിഷ്കര്‍ഷാപൂര്‍വ്വം പ്രസ്താവിച്ചിട്ടുമുണ്ട്. വീണ്ടും “പൊതുവിനു ഭരമേല്പിച്ചിട്ടുള്ള നോമ്പിനെ അഴിക്കുന്നവന്‍ ശപിക്കപ്പെട്ടവനായിരിക്കും” എന്നു കാനോനില്‍ (കെപ്പാ 5 പാസോക്കാ 1. ഗന്‍ഗാറാ) പറഞ്ഞിരിക്കുന്നു. വി. സഭയുടെ പുരാതനമായ ഒരു ആചാരത്തെ ഒരാളുടെയോ ഏതാനും ചിലരുടെയോ ഇഷ്ടാനുസരണം ഭേദഗതി ചെയ്യുവാന്‍ പാടുള്ളതല്ല. നോമ്പു സാര്‍വ്വത്രിക സഭയുടെ നിയമവും പാരമ്പര്യവും ആയിരിക്കുമ്പോള്‍ അതിനെ ഏതെങ്കിലുംവിധത്തില്‍ ഭേദഗതി ചെയ്യണമെങ്കില്‍ അതിന് വിശ്വാസത്തിലും ആചാരത്തിലും ഐക്യമുള്ള എല്ലാ സഭകളുടെയും കൂടെയുള്ള ഒരു സാര്‍വ്വത്രിക സുന്നഹദോസിനു മാത്രമേ അധികാരമുള്ളു. പതിനഞ്ചു നോമ്പ് ചിങ്ങം 1 മുതല്‍ 15 വരെയും ഇരുപത്തഞ്ച് നോമ്പ് പൗരസ്ത്യരായ നാം ധനു 1 മുതല്‍ 25 വരെയും ആചരിക്കുകയും ശ്ലീഹന്മാരുടെ നോമ്പ് സഭയുടെ ആരംഭം മുതല്‍ തന്നെ എഴുതപ്പെടാതെ പാരമ്പര്യമായി ആചരിച്ചുവരികയും ചെയ്യുന്നു എന്നു കാനോനില്‍ വ്യക്തമായി പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്. ശ്ലീഹാനോമ്പിനെ ഇപ്രകാരം പാരമ്പര്യമായി നാം ആചരിച്ചുവരുന്നത് അപ്പോസ്തോലന്മാരുടെ എണ്ണപ്രകാരം പതിമൂന്നു ദിവസങ്ങളാണ്. എന്നാല്‍ അതില്‍ കൂടുതലായും ചിലര്‍ ആചരിക്കുന്നുണ്ടെന്നു കാനോനില്‍ കാണുന്നു. ശ്ലീഹാ നോമ്പിനെ പെന്തിക്കോസ്തിക്കുശേഷമുള്ള തിങ്കളാഴ്ച മുതല്‍ മിഥുനം 29 വരെ അതായത് ശ്ലീഹന്മാരുടെ തലവന്മാരുടെ പെരുനാള്‍ വരെയും, ചിലര്‍ പെന്തിക്കോസ്തി ഞായറാഴ്ചയുടെ ശേഷമുള്ള ഒരാഴ്ചയെ “ഹേവോറെ” ദിവസങ്ങളെപ്പോലെ വിചാരിച്ചുകൊണ്ട് അതിന്‍റെ ശേഷമുള്ള തിങ്കളാഴ്ച മുതല്‍ മിഥുനം 29 വരെയും ആചരിക്കുന്നു എന്നും, ചിലര്‍ പെന്തിക്കോസ്തിയുടെ ശേഷമുള്ള തിങ്കളാഴ്ച മുതല്‍ 50 ദിവസങ്ങള്‍ ആചരിക്കുന്നു എന്നും കാനോനില്‍ സ്പഷ്ടമാക്കിയിട്ടുണ്ട്. എന്നാല്‍ നോമ്പിലും ദൈവസംസര്‍ഗ്ഗത്തിലും കൂടുതല്‍ താല്‍പര്യമുള്ളവര്‍ ഈ നോമ്പിന്‍റെ ദിവസങ്ങള്‍ കൂട്ടിയിട്ടുള്ളതല്ലാതെ കുറച്ചിട്ടില്ല. കുറയ്ക്കുവാന്‍ ആര്‍ക്കും അധികാരവുമില്ല; അതു തെറ്റുമാണ്. നമ്മില്‍ നിന്നും പിരിഞ്ഞുപോയിട്ടുള്ള മാര്‍ത്തോമ്മാക്കാര്‍ പോലും ഈ ദിവസങ്ങളില്‍ കല്യാണം നടത്തുന്നതായി ഇതുവരെ അറിഞ്ഞിട്ടില്ല. അതിനാല്‍ വാത്സല്യമക്കളെ! നിങ്ങളുടെ സ്നേഹത്തോടു നാം അറിയിക്കുന്നതെന്തെന്നാല്‍ ഹോംസിലെ പാത്രിയര്‍ക്കീസിന്‍റെയും കൂട്ടരുടെയും നിയമലംഘനത്തില്‍ നിങ്ങള്‍ ഓഹരിക്കാരാകരുത്. പ്രിയരെ, ലോകമെങ്ങും അന്തഃഛിദ്രങ്ങളും കലാപങ്ങളും നടമാടുന്ന ഈ കാലത്ത് ലോകത്തിന്‍റെ നിലനില്‍പ്പിനും സമാധാനത്തിനും വേണ്ടി മനുഷ്യര്‍ ദൈവത്തിങ്കലേക്കു തിരിയുകയല്ലാതെ മറ്റു മാര്‍ഗ്ഗമൊന്നുമില്ല. “നോമ്പാലും, കരച്ചിലാലും, വിലാപങ്ങളാലും നിങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടെ എങ്കലേക്കു തിരിവിന്‍” (യോവേല്‍ 2:12) എന്നാണ് പ്രവാചകന്‍ മുഖാന്തിരം കര്‍ത്താവ് അരുളിച്ചെയ്യുന്നത്. വീണ്ടും “നോമ്പാലും പ്രാര്‍ത്ഥനയാലും അല്ലാതെ ഈ ജാതി (പിശാച്) ഒഴിഞ്ഞുപോകുന്നതല്ല” എന്നു നമ്മുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ വി. സഭയാല്‍ കല്പിക്കപ്പെട്ടിട്ടുള്ള നോമ്പുകളെല്ലാം എത്രയും ഭക്തിയോടും വിശുദ്ധിയോടും കൂടി ആചരിക്കയും ദൈവത്തിങ്കലേക്കു തിരികയും ചെയ്യണം.

ഇവിടെയുള്ള എതൃകക്ഷി മെത്രാന്മാര്‍ വിശ്വാസവിപരീതികളോടുകൂടി പ്രാര്‍ത്ഥിക്കയും അവരുടെ ശുശ്രൂഷകളില്‍ പങ്കെടുക്കയും അവരുടെ മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കയും മറ്റും ചെയ്തു തുടങ്ങിയിരിക്കുന്നു. ഹൂദായകാനോന്‍ ഒന്നാം കെപ്പാലയോന്‍ ഒന്നാം പാസോക്കായില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു. (പൗലൂസ് ശ്ലീഹായുടെ) “അല്ലയോ എപ്പിസ്കോപ്പാ! അവിശ്വാസികളുടെ നിമിത്തം പള്ളിയില്‍ പോകുവാന്‍ സാധിക്കയില്ലെങ്കില്‍ ദുഷ്ടന്മാരുടെ പള്ളിയില്‍ വിശ്വാസികള്‍ പ്രവേശിക്കാതിരിപ്പാന്‍ വേണ്ടി നീ ഒരു ഭവനത്തില്‍ അവരെ (വിശ്വാസികളെ) കൂട്ടിക്കൊള്‍ക. പള്ളിയിലും ഭവനത്തിലും ഒരുമിച്ചു കൂടുവാന്‍ സാധിക്കയില്ലെങ്കില്‍ ഓരോരുത്തന്‍ തനിച്ചു പ്രാര്‍ത്ഥിക്കയോ രണ്ടോ മൂന്നോ പേര്‍ ഒരുമിച്ചുകൂടി പ്രാര്‍ത്ഥിക്കയോ ചെയ്യട്ടെ.” വിശ്വാസവിപരീതികളോടുകൂടി ഭവനത്തില്‍വെച്ചുപോലും പ്രാര്‍ത്ഥിച്ചുകൂടാ എന്ന് കാനോന്‍ നിഷ്കര്‍ഷിക്കുന്നു. എന്നാല്‍ ഇവര്‍ കാനോനെ ലംഘിച്ചു വിശ്വാസവിപരീതികളുടെ പള്ളിയില്‍ പോകയും അവരുടെ ശുശ്രൂഷകളില്‍ പങ്കുകൊള്ളുകയും ചെയ്യുന്നു. “മാനുഷികമായ സ്നേഹം നിമിത്തം നമ്മുടെ പട്ടക്കാരും ദയറായക്കാരും വിശ്വാസവിപരീതികളുടെ ശവസംസ്കാരത്തിനായി അന്മേനികളുടെ ഇടയില്‍ (അവരുടെകൂടെ) പോകുന്നു, എന്നാലും അവര്‍ സംഗീതങ്ങള്‍ പാടുന്നില്ല, (പ്രാര്‍ത്ഥിക്കുന്നില്ല)” എന്നു കാനോന്‍ പറയുമ്പോള്‍ വിശ്വാസവിപരീതികളുടെ സംസ്കാരത്തിനു അവരുടെ മേല്‍പട്ടക്കാര്‍ പ്രാര്‍ത്ഥന കഴിക്കുകയും, കശ്ശീശന്മാര്‍ വഴിക്കാലാ നടത്തുകയും ചെയ്തു തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ അവര്‍ ദൈവമാതാവിനെപ്പറ്റിയും മറ്റും വിശ്വാസവിപരീതം ഉള്‍ക്കൊള്ളുന്ന ലേഖനങ്ങള്‍ അവരുടെ മെത്രാപ്പോലീത്തായുടെ ആസ്ഥാനത്തുനിന്നും പുറപ്പെടുന്ന അവരുടെ സഭാനാവായ മാസികയില്‍ പ്രസിദ്ധപ്പെടുത്തി തുടങ്ങിയിരിക്കുന്നു. അവര്‍ ശീശ്മയില്‍ നിന്നും വിശ്വാസവിപരീതത്തിലേക്കു പോകുകയാണ്. അവരും അവരുടെ പാത്രിയര്‍ക്കീസും എന്തും ചെയ്യട്ടെ. എന്നാല്‍ നാം നമ്മുടെ പിതാക്കന്മാരുടെ കാനോനാകളനുസരിച്ചു മുമ്പോട്ടു പോകയല്ലാതെ ഈ പാത്രിയര്‍ക്കീസിന്‍റെയും കൂട്ടരുടെയും നിയമലംഘനത്തിന് പങ്കുകാരായിത്തീരരുത്.

ഇപ്പോള്‍ ഭിന്നസഭക്കാരായ എല്ലാ ക്രിസ്തീയ വിഭാഗങ്ങളും കൂടി യോജിക്കണമെന്നു പറഞ്ഞുകൊണ്ട് പ്രാര്‍ത്ഥനയും ധ്യാനവുമെല്ലാം ചില സ്ഥലങ്ങളില്‍ തുടങ്ങിയിരിക്കുന്നതായി അറിയുന്നു. വിശ്വാസത്തില്‍ ഐക്യതയില്ലാതെ എങ്ങനെ ശരിയായ ഐക്യമുണ്ടാകും? സഭ ഒന്നേയുള്ളു. അതിനു വിശ്വാസവും ഒന്നേയുള്ളു (എപ്പേസ്യ 4:5). ആ വിശ്വാസത്തോട് ഐക്യപ്പെടാത്ത ആരുമായും യോജിക്കുവാന്‍ നമുക്കു നിവൃത്തിയില്ല. “ഈ വിശ്വാസവും കൊണ്ടല്ലാതെ ഒരുവന്‍ വന്നാല്‍ അവനെ ഭവനത്തില്‍ കയറ്റുകയോ കുശലം പറകയോ ചെയ്യരുത്” എന്നാണ് യോഹന്നാന്‍ ശ്ലീഹാ കല്പിക്കുന്നത്. യോജിക്കാവുന്നിടത്തോളം കാര്യങ്ങളില്‍ യോജിക്കരുതോ എന്ന് ചിലര്‍ ചോദിക്കും. “സംബന്ധികളല്ലാത്തവരോടുകൂടി സംബന്ധപ്പെടുവാന്‍ അധികാരമില്ല” എന്നു കാനോനില്‍ പറയുന്നു. ഇത് അവസാനകാലമാണ്. പുറമേയുള്ള നല്ല വാക്കുകളില്‍ കുടുങ്ങി വഞ്ചിതരാകരുത്. ഈയല്‍ തീയില്‍ വീഴുമ്പോലെ നമ്മുടെ ആളുകള്‍ അതില്‍ കുടുങ്ങിപ്പോകുന്നു. അതും ഇതുമെല്ലാം ഒന്നാണെന്നു പറയുന്നത് അബദ്ധമാണ്. അങ്ങനെയെങ്കില്‍ നാം രണ്ടായി നില്‍ക്കുന്നതെന്തിന്? ഇക്കാര്യത്തെപ്പറ്റി നാം പലപ്രാവശ്യം നിങ്ങളെ ഗുണദോഷിച്ചിട്ടുണ്ട്, വീണ്ടും ഗുണദോഷിക്കുന്നു. നിങ്ങള്‍ വിശ്വാസവിപരീതികളോടുകൂടി പ്രാര്‍ത്ഥിക്കയോ ആത്മീയ കാര്യങ്ങളില്‍ അവരോടുകൂടി സംബന്ധപ്പെടുകയോ ചെയ്യരുത്. ആത്മീയമായ തീഷ്ണതയും വിശ്വാസസ്ഥിരതയും നമ്മുടെ ആളുകളില്‍ നിന്നും മാഞ്ഞുതുടങ്ങിയിരിക്കുന്നു. ഓരോരുത്തനും അവനവന്‍റെ അഭിപ്രായവും ഇഷ്ടവും യുക്തിയും അനുസരിച്ച് ദൈവിക സംഗതികളെ വ്യാഖ്യാനിക്കയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. നമ്മുടെ വിശ്വാസം സത്യവിശ്വാസവും സഭയുടെ കല്പന ദൈവകല്പനയുമാണ്. ദൈവിക കാര്യങ്ങളെ വ്യാഖ്യാനിക്കയും പഠിപ്പിക്കയും ചെയ്യുന്നതു സഭയാണ്. അല്ലാതെ ആര്‍ക്കും സ്വന്തഇഷ്ടപ്രകാരം ചെയ്യാവുന്നതല്ല. “വിശ്വാസവിപരീതികളുമായി ഇണയില്ലാപ്പിണകൂടരുത്” (2 കൊരി. 6:14) എന്ന് അപ്പോസ്തോലന്‍ ആജ്ഞാപിക്കുന്നു. ശേത്തിന്‍റെ മക്കളും കായേന്‍റെ മക്കളും തമ്മിലുണ്ടായ സംസര്‍ഗ്ഗം (വിവാഹബന്ധം) ഒന്നാമത്തെ ലോകത്തെ നശിപ്പിച്ചു. അവര്‍ ജ്യേഷ്ഠാനുജന്മാരായിരുന്നുവല്ലോ. എങ്കിലും അവരുടെ സന്തതികള്‍ തമ്മിലുണ്ടായ സംബന്ധം ദൈവഹിതമായിരുന്നില്ല. അതിനാല്‍ വിശ്വാസവിപരീതികളുമായി ആത്മികമായ സംഗതികളില്‍ ഒരിക്കലും നിങ്ങള്‍ പങ്കുകൊള്ളരുത് എന്നു നിങ്ങളെ വീണ്ടും നാം പ്രബോധിപ്പിക്കുന്നു.

നമ്മുടെ ക്രിസ്തീയമായ ആചാരമര്യാദകളെ വിട്ടിട്ടു നാം പുറജാതി മര്യാദകളെ അനുകരിക്കരുത്. നിങ്ങളുടെ കുട്ടികള്‍ക്കു പള്ളികളില്‍ ഇടുന്ന ക്രിസ്തീയനാമങ്ങളെ വിളിക്കാതെ വിജാതികളുടെ നാമങ്ങള്‍ വിളിക്കുന്നു. അതുകൊണ്ട് നമ്മുടെ ആളുകളെ തിരിച്ചറിയാന്‍ പാടില്ലാതായിരിക്കുന്നു. വേഷത്തിലും വ്യത്യാസമില്ല! ഇവയെല്ലാം പുറജാതി മര്യാദകള്‍ നമ്മുടെ ഇടയിലേക്കു പകര്‍ത്തുവാനുള്ള വഴികളാണ്. നമ്മുടെ പൂര്‍വ്വ ശുദ്ധിമാന്മാരുടെയും മാതാപിതാക്കന്മാരുടെയും പേരുകള്‍ ഇടുന്നത് അവരെ ഓര്‍ക്കുന്നതിനും അവരുടെ പ്രാര്‍ത്ഥനകള്‍ മൂലം സഹായം ലഭിക്കേണ്ടുന്നതിനുമായിട്ടാണ്. പണ്ടത്തെ കാലത്ത് ചില ഓമനപ്പേരുകള്‍ വിളിക്കുമായിരുന്നെങ്കിലും എഴുത്തുകുത്തുകളില്‍ ആ പേരുകള്‍ വെയ്ക്ക പതിവില്ലായിരുന്നു. ഇപ്പോള്‍ തങ്ങളുടെ കുട്ടികളുടെ ക്രിസ്തീയപേരുകള്‍ അവര്‍ക്കെന്നല്ല അവരുടെ മാതാപിതാക്കള്‍ക്കുപോലും അറിവാന്‍ പാടില്ലാത്ത നിലയിലായിട്ടുണ്ട്. മാമോദീസായില്‍ പേരിടുന്നതെന്തിനാണ്. അതിന്‍റെ ഒരു സ്മരണപോലുമില്ലാതെ മായിച്ചുകളയുന്നതിനായിട്ടാണോ? യഹൂദന്മാരുടെ ഇടയില്‍ തങ്ങളുടെ വംശത്തിലുള്ളവരുടെ പേരുകള്‍ ഇടുകയായിരുന്നു പതിവ്. നമുക്കും ആ പതിവുണ്ട്. അതിനെ ഇല്ലാതാക്കുന്നത് ജാതിമാറ്റമാണ്. പാശ്ചാത്യര്‍ക്കും, ഹിന്ദുക്കള്‍ക്കും, മഹമ്മദീയര്‍ക്കും അവരുടെ സ്വന്തം പേരുകളുണ്ട്. അവര്‍ സുറിയാനിക്കാരുടെ പേരുകള്‍ സ്വീകരിക്കുന്നില്ല. അവരുടെ പേരുകള്‍ മാറ്റുന്നില്ല. അതിനാല്‍ നമ്മുടെ ക്രിസ്തീയ നാമങ്ങള്‍ മാത്രമേ നിങ്ങളുടെ കുട്ടികള്‍ക്കു വിളിക്കാവൂ. ഈ സംഗതികളില്‍ നമ്മുടെ പട്ടക്കാരും സണ്ടേസ്കൂള്‍ അദ്ധ്യാപകന്മാരും ജാഗ്രതയോടുകൂടി ശ്രദ്ധപതിപ്പിക്കയും പഠിപ്പിക്കയും ചെയ്യണം. നമ്മുടെ വിശ്വാസവും ആചാരങ്ങളും മര്യാദകളും അന്യൂനം പാലിക്കപ്പെടുന്ന കാര്യത്തില്‍ നമ്മുടെ ആത്മീയമക്കള്‍ നിര്‍ബന്ധമുള്ളവരും വൈരാഗ്യമുള്ളവരുമായി കാണപ്പെടുവാന്‍ നാം ആഗ്രഹിക്കുന്നു.

പ്രിയരെ, സമുദായക്കേസ് അടുത്ത ഒക്ടോബര്‍ 24-നു അവധി വച്ചിരിക്കയാണെന്നു നിങ്ങള്‍ക്കെല്ലാം അറിവുള്ളതാണല്ലോ. കേസിന്‍റെ നടത്തിപ്പിനു പണം ആവശ്യമായിരിക്കുന്നു. കഴിഞ്ഞമാസത്തില്‍ നടന്ന ഭദ്രാസനമീറ്റിംഗുകളില്‍ സന്നിഹിതരായിരുന്നവര്‍ കേസിന്‍റെ നടത്തിപ്പിന് പരിപൂര്‍ണ്ണവും ഹൃദയപൂര്‍വ്വവുമായ സഹകരണം വാഗ്ദാനം ചെയ്തിട്ടുള്ളതിനെ നാം കൃതജ്ഞതാപൂര്‍വ്വം അനുസ്മരിക്കുന്നു. നാം കേസ് നടത്തുന്നത് ഒരു അസത്യത്തിനോ അനീതിക്കോ വേണ്ടിയല്ല. സത്യത്തിനും സഭയുടെ ശാശ്വതമായ സമാധാനത്തിനും വേണ്ടിയാണ്. നമ്മുടെ ന്യായമായ അവകാശസ്വാതന്ത്ര്യങ്ങളെ അപകടത്തിലാക്കുവാന്‍ ശത്രു പരിശ്രമിക്കുമ്പോള്‍ നാം അതിനെ സംരക്ഷിക്കുവാന്‍ ശ്രമിക്കേണ്ടതല്ലയോ? അതിനാല്‍ നിങ്ങളുടെ ഇടവകയ്ക്കു നിശ്ചയിച്ചിട്ടുള്ള തുക ഒട്ടും കാലതാമസത്തിനിടയാക്കാതെ അതതു ഭദ്രാസനയോഗങ്ങളിലെ തീരുമാനപ്രകാരം അയയ്ക്കേണ്ടതാണ്. ഈ വര്‍ഷത്തെ കാതോലിക്കാദിനപ്പിരിവ്, റിശീസ്സാ, മൂറോന്‍ഫണ്ട് എന്നിവ ഇനിയും അയച്ചിട്ടില്ലാത്ത പള്ളികളുണ്ട് എന്നു പറയേണ്ടി വന്നതില്‍ ദുഃഖിക്കുന്നു. ഇവ അയക്കാനുള്ള പള്ളിക്കാര്‍ അവ ഉടനെ നമ്മുടെ പേര്‍ക്ക് അയച്ചുതരണം.
ശേഷം പിന്നാലെ,

സര്‍വ്വശക്തനായ ദൈവത്തിന്‍റെ കൃപയും അനുഗ്രഹങ്ങളും നിങ്ങളെല്ലാവരോടും കൂടെ സദാ വര്‍ദ്ധിച്ചിരിക്കുമാറാകട്ടെ. ആയതു ദൈവമാതാവായ വിശുദ്ധ കന്യകമറിയാമിന്‍റെയും എല്ലാ പരിശുദ്ധന്മാരുടെയും ശുദ്ധിമതികളുടെയും ഇന്ത്യയുടെ കാവല്‍പിതാവായ മാര്‍ തോമ്മാശ്ലീഹായുടെയും പ്രാര്‍ത്ഥനകളാല്‍ തന്നെ…… ആമ്മീന്‍.

ആകാശത്തിലുള്ള ഞങ്ങളുടെ ബാവാ…. ഇത്യാദി.

എന്ന്, 1951 ആഗസ്റ്റ് 10-നു കോട്ടയം സുറിയാനി സിമ്മനാരിയില്‍ നിന്നും.

III

നമ്പര്‍ 508

സ്വയസ്ഥിതനും ആദ്യന്തമില്ലാത്തവനും സാരാംശ സമ്പൂര്‍ണ്ണനും ആയ ത്രിയേക ദൈവത്തിന്‍റെ തിരുനാമത്തില്‍ (തനിക്കു സ്തുതി) വിശുദ്ധ മാര്‍ തോമ്മാ ശ്ലീഹായുടെ പൗരസ്ത്യ സിംഹാസനത്തിന്മേല്‍ ആരൂഢനായി ബലഹീനനായ രണ്ടാമത്തെ ഗീവറുഗീസ്
എന്ന് അഭിധാനമുള്ള ബസ്സേലിയോസ് കാതോലിക്കാ

നമ്മുടെ എല്ലാ പള്ളികളിലെയും വികാരിമാരും ദേശത്തുപട്ടക്കാരും പള്ളി കൈക്കാരന്മാരും ശേഷം ജനങ്ങളും കൂടിക്കണ്ടെന്നാല്‍ നിങ്ങള്‍ക്കു വാഴ്വ്:-

പ്രിയരെ,

വലിയനോമ്പ് ആരംഭിച്ചിട്ട് ഒരാഴ്ച കഴിഞ്ഞിരിക്കുന്നു. ഈ നോമ്പ് സത്യ അനുതാപത്തോടുകൂടി നിങ്ങള്‍ ആചരിക്കണം. ക്രൈസ്തവസഭകള്‍ക്കും ദൈവത്തിനും എതിരായ സംഘടനകള്‍ ലോകത്തില്‍ പലയിടത്തും ഇപ്പോള്‍ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു. പ്രത്യേകിച്ചു നമ്മുടെ സഭ ഒരു ദുര്‍ഘടഘട്ടത്തില്‍ കൂടി പൊയ്ക്കൊണ്ടിരിക്കുകയാണ്. ഈ അപകടസന്ധിയെ വിജയപൂര്‍വ്വം തരണം ചെയ്യാന്‍ നാം ദൈവാശ്രയപൂര്‍വ്വം ജീവിക്കണം. ദൈവമാണു നമ്മുടെ രക്ഷാകേന്ദ്രം. അവിടുത്തെ തിരുവിഷ്ടപ്രകാരം ജീവിച്ചാല്‍ ഭയത്തിന് അവകാശമില്ല. അവിടുത്തേക്കു കഴിയാത്ത കാര്യം ഒന്നുംതന്നെയില്ല. “നിങ്ങള്‍ എന്നെ സ്നേഹിക്കുന്നുവെങ്കില്‍ എന്‍റെ കല്പനകളെ ആചരിപ്പീന്‍” എന്നു താന്‍ കല്പിച്ചിരിക്കുന്നു. തന്‍റെ കല്പനകള്‍ സന്മാര്‍ഗ്ഗത്തെപ്പറ്റിയും വിശ്വാസാചാരങ്ങളെപ്പറ്റിയും മറ്റുമാകുന്നു. അവയില്‍ പ്രധാനപ്പെട്ട ഒരു കല്പന “സഭയെ കേള്‍ക്കാത്തവന്‍ നിനക്കു ചുങ്കക്കാരനും കാവ്യനുമായിരിക്കട്ടെ” എന്നതാണ്. ആകയാല്‍ സഭയുടെ കല്‍പനകളെ ….. മോഷ്ടിക്കരുത് എന്നിപ്രകാരമുള്ള കല്‍പനകളില്‍ ഒട്ടും അപ്രധാനമല്ല സഭയെ കേള്‍ക്കണമെന്നുള്ളത്. അതിന്‍റെ പ്രാധാന്യത അറിയേണ്ടുന്നതിനായിട്ടാണ് വി. പിതാക്കന്മാര്‍ വിശ്വാസപ്രമാണത്തില്‍ സഭയെപ്പറ്റി പറഞ്ഞിരിക്കുന്നത്. പിതാവിലും പുത്രനിലും പരിശുദ്ധ റൂഹായിലും വിശ്വസിക്കുന്നതുപോലെതന്നെ “കാതോലിക്കായ്ക്കും ശ്ലീഹായ്ക്കും അടുത്ത ഏക വിശുദ്ധ സഭയിലും ഞങ്ങള്‍ വിശ്വസിക്കുന്നു” എന്നു നാം ഏറ്റുപറയുന്നു. സഭയുടെ കല്പനകളില്‍ പ്രധാനമായിട്ടുള്ളതു വിശ്വാസവിപരീതികളോടുള്ള സംസര്‍ഗ്ഗത്തെപ്പറ്റിയാണ്. വിശ്വാസവിപരീതികളോടുള്ള സംസര്‍ഗ്ഗവും അരിഷ്ടമായ സ്നേഹവും നാം കുമ്പസാരിക്കുമ്പോള്‍ ഏറ്റുപറയേണ്ട പാപങ്ങളാണ്. ഹൂദായകാനോന്‍ ഒന്നാം അദ്ധ്യായം ഒന്നാം പാസോക്കായില്‍ പൗലൂസു ശ്ലീഹായുടെ അഭിപ്രായം ശ്ലീഹന്മാരുടെ കാനോനില്‍ നിന്ന് ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു. “എപ്പിസ്കോപ്പാ, അവിശ്വാസികളുടെ നിമിത്തം പള്ളിയില്‍ പോകാന്‍ നിവൃത്തിയില്ലെങ്കില്‍ ദുഷ്ടന്മാരുടെ പള്ളിയിലേക്കു വിശ്വാസികള്‍ പ്രവേശിക്കാതിരിക്കേണ്ടതിനു ഭവനത്തില്‍ അവരെ കൂട്ടിക്കൊള്‍ക. എന്നാല്‍ ഭവനത്തിലും പള്ളിയിലും കൂടുവാന്‍ നിവൃത്തിയില്ലെങ്കില്‍ രണ്ടോ മൂന്നോ പേര്‍ ഒരുമിച്ചു പ്രാര്‍ത്ഥിക്കയോ ഓരോരുത്തരും തന്നെത്താന്‍ പ്രാര്‍ത്ഥിക്കയോ ചെയ്യട്ടെ.” അഞ്ചാം അദ്ധ്യായം അഞ്ചാം പാസോക്കായില്‍ പൗലൂസു ശ്ലീഹായുടെ അഭിപ്രായം വീണ്ടും നാം ഇപ്രകാരം കാണുന്നു. “വിശ്വാസി, ശോമൂഓ (കേള്‍വിക്കാര്‍) യുടെ കൂടെയോ, വിശ്വാസവിപരീതികളോടു കൂടെയോ ഭവനത്തില്‍ വച്ചുപോലും പ്രാര്‍ത്ഥിച്ചു കൂടാ.” ശ്ലീഹന്മാരില്‍ പ്രധാനിയായ പൗലൂസു ശ്ലീഹായുടെ അഭിപ്രായവും സഭയുടെ അഭിപ്രായവും കര്‍ത്താവിന്‍റെ അഭിപ്രായവും ഒന്നു തന്നെയാണ്. അതിനു വിരോധമായി പ്രവര്‍ത്തിക്കുന്നതു പാപമാണ്. നമ്മുടെ സഭ പുരാതനവും ലോകമാകെ അംഗീകരിക്കപ്പെട്ടതുമത്രെ. റോമ്മാ, ഗ്രീക്ക് മുതലായ വലിയ എപ്പിസ്ക്കോപ്പല്‍ സഭകള്‍ നമ്മുടെ കൈവയ്പിനെയും കൂദാശകളെയും തര്‍ക്കം കൂടാതെ സ്വീകരിക്കുന്നുണ്ട്. എന്നാല്‍ നാം പ്രൊട്ടസ്റ്റന്‍റു സഭകളുമായി കൂടിക്കഴിഞ്ഞാല്‍ നമ്മുടെ ഈ സ്ഥാനം നഷ്ടപ്പെട്ടു പോകുന്നതാണ്. മാര്‍ത്തോമ്മാ, സൗത്തിന്ത്യന്‍ യൂണിയന്‍, തൊഴിയൂര്‍ എന്നീ സഭകളും നമ്മുടെ സഭയും ആത്മികവും ലൗകികവുമായ കാര്യങ്ങളില്‍ യോജിച്ചു പ്രവര്‍ത്തിക്കണമെന്നും അതു ദൈവേഷ്ടമാണെന്നും അതിനു ജനസംഘടനകള്‍ സഹകരിച്ചു പരിശ്രമിക്കണമെന്നും ചിലര്‍ക്ക് അഭിപ്രായമുള്ളതായി പത്രങ്ങളില്‍ കണ്ടു. ക്രൈസ്തവസഭകളുടെ ഐക്യം വളരെ നല്ലതു തന്നെ. അതിനായി നാം പ്രാര്‍ത്ഥിക്കുന്നു. എന്നാല്‍ വിശ്വാസത്തില്‍ യോജിച്ചില്ലെങ്കില്‍ സഭകള്‍ തമ്മില്‍ എങ്ങനെ യോജിക്കും? അവിശ്വാസിയും വിശ്വാസിയും കൂടെ എങ്ങനെ ഒരുമിച്ചു പ്രാര്‍ത്ഥിക്കും? വിശ്വാസവിപരീതികളോടുള്ള കൂട്ടായ്മ നമ്മുടെ സഭയ്ക്കു നാശകരമായിരിക്കും. കായേനും ശേത്തും ഒരേ മാതാപിതാക്കന്മാരുടെ മക്കളാണ്. അവരുടെ യോജിപ്പ് ഒന്നാമത്തെ ലോകത്തിന്‍റെ നാശത്തിനു കാരണമാക്കി. അതുകൊണ്ടു വിശ്വാസവിപരീതികളോടു നമുക്ക് ഒരു കൂട്ടായ്മയും പാടില്ല. അങ്ങനെ ആരെങ്കിലും കൂട്ടുപിടിച്ചാല്‍ അവര്‍ ദൈവത്തിന്‍റെ വിരോധികളാകും. അന്ധകാരത്തിന്‍റെ ദൂതന്‍ പ്രകാശത്തിന്‍റെ ദൂതന്‍റെ വേഷം എടുക്കുന്നതുപോലെ അവന്‍റെ ശിഷ്യന്മാര്‍ അപ്പോസ്തോലന്മാരുടെ വേഷമെടുക്കുന്നുവെന്ന് അപ്പോസ്തോലന്‍ എഴുതിയിരിക്കുന്നു. ‘കുഞ്ഞാടുകളുടെ വേഷത്തില്‍ നിങ്ങളുടെ അടുക്കല്‍ വരുന്ന ഓനായ്ക്കളെ സൂക്ഷിച്ചുകൊള്‍ക’ എന്നു നാം വായിക്കുന്നു. കര്‍ത്താവു കല്പിക്കുന്നു, വിരുന്നുഭവനത്തില്‍ കല്യാണവസ്ത്രം കൂടാതെ, അതായതു പരി. കൂദാശകള്‍ കൂടാതെ, പ്രവേശിച്ചവന്‍റെ കൈകളും കാലുകളും കെട്ടി പുറത്തെ അന്ധകാരത്തിലേക്ക് അവനെ തള്ളുക എന്ന്. “കര്‍ത്താവേ, കര്‍ത്താവേ എന്നു തന്നോടു പറയുന്നവരെല്ലാം ദൈവരാജ്യത്തില്‍ പ്രവേശിക്കയില്ല. സ്വര്‍ഗ്ഗത്തിലുള്ള പിതാവിന്‍റെ ഇഷ്ടം ചെയ്യുന്നവന്‍ മാത്രമേ പ്രവേശിക്കയുള്ളു.’ സ്വര്‍ഗ്ഗത്തിലുള്ള പിതാവിന്‍റെ ഇഷ്ടം പുത്രന്‍റെ കല്പനയെ അനുസരിക്ക എന്നുള്ളതാണ്. പുത്രന്‍റെ കല്പന സഭയെ കേള്‍ക്കണമെന്നാണ്. അതുകൊണ്ടു സഭയ്ക്കു വിരോധമായി നാം ഒന്നും പ്രവര്‍ത്തിക്കരുത്. അങ്ങനെ ചെയ്യാന്‍ ആര്‍ക്കും അധികാരമില്ല. അതിനാല്‍ ആത്മീയമായ കാര്യങ്ങളില്‍ അവിശ്വാസികളോട് അതായതു വിശ്വാസവിപരീതികളോടു നമുക്കു യാതൊരു സംബന്ധവും ഉണ്ടായിക്കൂടാ. യാതൊരു ആത്മീയബന്ധവും ഉണ്ടായിക്കൂടാ. അതിനു വിരോധമായി പറയുന്നവന്‍ വി. പൗലൂസു പറയുന്നവണ്ണം മാലാഖാ ആയാലും, മനുഷ്യനായാലും അവന്‍ ശപിക്കപ്പെട്ടവനായിരിക്കും. പരിശുദ്ധന്മാര്‍ക്ക് ഒരിക്കലായി ഭരമേല്‍പിക്കപ്പെട്ടിട്ടുള്ളതും നമ്മുടെ വി. സഭ അഭംഗം പാലിച്ചുവരുന്നതുമായ സത്യവിശ്വാസത്തില്‍ ഐക്യപ്പെടുന്നതുവരെ മാര്‍ത്തോമ്മാ സഭയോടോ തെന്നിന്ത്യന്‍ ഐക്യസഭയോടോ നമുക്കു യാതൊരു ബന്ധവുമില്ല. ഇതു നിങ്ങള്‍ നല്ലവണ്ണം ഗ്രഹിക്കണം. നമ്മുടെ അഭിപ്രായമല്ല ദൈവത്തിന്‍റെ അഭിപ്രായമാണു നാം പറയുന്നത്.

നമ്മുടെ എല്ലാ ഇടവകകളിലും യുവജനസംഘടനകള്‍ രൂപീകരിക്കണമെന്നു നാം നിര്‍ദ്ദേശിച്ചിരുന്ന വിവരം അനുസ്മരിപ്പിക്കുന്നു. ഏതെങ്കിലും ഇടവകയില്‍ അവ ഇതുവരെയും രൂപീകരിക്കപ്പെട്ടിട്ടില്ലെങ്കില്‍ എത്രയുംവേഗം അവ സംഘടിപ്പിക്കേണ്ടതാകുന്നു. അവയ്ക്ക് ഒരു ഭരണഘടന നമ്മുടെ അംഗീകാരത്തോടുകൂടി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഘടനയുടെ പ്രതികള്‍ ആവശ്യമുള്ളവര്‍ക്കു നമ്മുടെ ആപ്പീസില്‍നിന്നും അയച്ചുതരുന്നതായിരിക്കും. യുവജനസംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആ ഭരണഘടനയ്ക്കും മെത്രാപ്പോലീത്തന്മാര്‍ അപ്പഴപ്പോള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്കും വിധേയമായിട്ടായിരിക്കണം. നമ്മുടെ യുവജനങ്ങള്‍ ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന യാതൊരു സംഘടനകളിലും ചേരുവാനും അങ്ങനെയുള്ള സംഘടനകള്‍ നമ്മുടെ ഇടവകകളില്‍ നടത്തുവാനും പാടില്ലാത്തതാകുന്നു.
ശേഷം പിന്നാലെ,

സര്‍വ്വശക്തനായ ദൈവത്തിന്‍റെ കൃപയും അനുഗ്രഹങ്ങളും നിങ്ങളുടെമേല്‍ സദാ വര്‍ദ്ധിച്ചിരിക്കുമാറാകട്ടെ. ആയതു ദൈവമാതാവായ വി. കന്യകമറിയാമിന്‍റെയും ഇന്ത്യയുടെ കാവല്‍പിതാവായ മാര്‍ തോമ്മാശ്ലീഹായുടേയും സകല ശുദ്ധിമാന്മാരുടെയും പ്രാര്‍ത്ഥനയാല്‍ തന്നെ.ആമ്മീന്‍.

ആകാശത്തിലുള്ള ഞങ്ങളുടെ ബാവാ…. ഇത്യാദി.

എന്ന്, 1950-നു കൊല്ലം 1125 കുംഭം 18-നു

കോട്ടയം സുറിയാനി സിമ്മനാരിയില്‍ നിന്നും.

__________________________________________________________

നോമ്പ് വെട്ടിക്കുറച്ചുകൊണ്ടുള്ള പാത്രിയാർക്കീസ് കല്പന