ശുബ്ക്കോനോ: ഒരു അനുഭവം / ഫാ. ഡോ. കെ. എം. ജോര്‍ജ്


സുറിയാനി ആരാധനാ പാരമ്പര്യത്തിലെ അര്‍ത്ഥപൂര്‍ണ്ണവും ഹൃദയസ്പര്‍ശിയുമായ ഒരു അനുഷ്ഠാനമാണ് വലിയ നോമ്പിലെ ശുബ്ക്കോനോ ശുശ്രൂഷ. കഴിഞ്ഞ ദിവസം ഞങ്ങള്‍ക്കു ചിലര്‍ക്കുണ്ടായ ഒരനുഭവമാണ് ഇവിടെ കുറിക്കുന്നത്.

ബാംഗ്ലൂര്‍ വൈറ്റ്ഫീല്‍ഡില്‍ എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ സെന്‍ററില്‍, സമാധാനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ചിത്രകലാകാരന്മാരുടെ ഒരു കൂട്ടായ്മ (CARP)* നടത്തിയ ശില്‍പ്പശാലയില്‍ നാഗ്പൂര്‍ സെമിനാരിയിലെ ഐക്കണോഗ്രാഫറും വിദ്യാര്‍ത്ഥിയുമായ റിജോ, തണ്ണിത്തോട്ടില്‍ നിന്നുള്ള മ്യൂറല്‍ ആര്‍ട്ടിസ്റ്റും അദ്ധ്യാപകനുമായ ജിതിന്‍ എന്നിവര്‍ എന്നോടൊപ്പം പങ്കെടുത്തു. കത്തോലിക്കാ സഭയിലെ വിവിധ സന്യാസ സമൂഹങ്ങളില്‍പ്പെട്ട വൈദികരും കന്യാസ്ത്രീകളുമായ ആര്‍ട്ടിസ്റ്റുകള്‍, ബാംഗ്ലൂര്‍ യു. റ്റി. കോളജ് വിദ്യാര്‍ത്ഥികള്‍, ഹൂബ്ലിയിലെ ടിബറ്റന്‍ ബുദ്ധമതാശ്രമത്തിലെ സന്യാസിമാര്‍ തുടങ്ങി വിവിധ ചിത്രകലാധാരകളെ പ്രതിനിധാനം ചെയ്യുന്നവരായിരുന്നു ഞങ്ങളുടെ സംഘം. വലിയനോമ്പ് തുടങ്ങുന്ന തിങ്കളാഴ്ച ഉച്ചയ്ക്ക് ഇ.സി.സി. ചാപ്പലില്‍ ഞങ്ങള്‍ എല്ലാവരെയും ശുബ്ക്കോനോ ശുശ്രൂഷയ്ക്ക് ക്ഷണിച്ചു. ബാംഗ്ലൂരിലെ പ്രമുഖ കമ്പനിയുടെ ചെയര്‍മാനും കലാസ്നേഹിയുമായ ശ്രീ. നരേഷ് പൊന്നപ്പ ഞങ്ങളുടെ ചിത്രകലാ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യാന്‍ വന്നിരുന്നു. അദ്ദേഹവും താല്‍പര്യപൂര്‍വ്വം ശുബ്ക്കോനോയ്ക്ക് വന്നു. വളരെ യാദൃഛികമായിട്ടായിരിക്കാം, തൊട്ടുമുമ്പ് തന്‍റെ ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പരസ്പരം ക്ഷമിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞു. ശക്തരായവര്‍ക്കു മാത്രമേ മറ്റുള്ളവരോട് പൊറുക്കാന്‍ കഴിയൂ; അങ്ങനെയാണ് നാം നമ്മുടെ ശക്തി പ്രകടിപ്പിക്കേണ്ടത് എന്ന് വളരെ ഉള്‍ക്കാഴ്ചയോടെ നരേഷ് പ്രസംഗിച്ചു. ശുബ്ക്കോനോയെക്കുറിച്ച് അദ്ദേഹത്തിന് ഒന്നും മുന്‍കൂട്ടി അറിവില്ലായിരുന്നെങ്കിലും, അതിന്‍റെ സാരാംശമാണ് അദ്ദേഹം കലയോടു ബന്ധിപ്പിച്ച് പ്രസംഗിച്ചത്. അത് കൃത്യമായും ഒരു ശുബ്ക്കോനോ പ്രബോധനം പോലെ തോന്നി.

ചാപ്പലില്‍ ബുദ്ധസന്യാസിമാരും, ഹൈന്ദവ സ്നേഹിതരും, വിവിധ ക്രിസ്തീയ സഭാംഗങ്ങളും വന്നു കൂടി. സീനിയര്‍ വൈദികന്‍ എന്ന നിലയില്‍, ശുശ്രൂഷ നടത്താനുള്ള ചുമതല എനിക്കായിരുന്നു. ഉചിതമായ ചില പ്രാര്‍ത്ഥനകള്‍ ഇംഗ്ലീഷില്‍ നടത്തി. കൊച്ചിയില്‍ എഴുത്തുമാസികയുടെ പത്രാധിപരും ചിത്രകാരനുമായ ഫാ. റോയി തോട്ടത്തില്‍ എസ്. ജെ. വി. മത്തായിയുടെ സുവിശേഷം 8-ാം അദ്ധ്യായത്തില്‍ നിന്ന്, ക്ഷമയെക്കുറിച്ചുള്ള കര്‍ത്താവിന്‍റെ പ്രബോധനം വായിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പാ, വലിയനോമ്പ് അനുഷ്ഠിക്കുന്നതിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ചിത്രകാരനും കവിയും കോളജ് അദ്ധ്യാപകനുമായ ഫാ. സുനില്‍ ജോസ് സി.എം.ഐ. വായിച്ചു. അനുരഞ്ജനത്തെക്കുറിച്ചും ഒരുമയെക്കുറിച്ചും കര്‍ത്താവായ യേശു പഠിപ്പിച്ചത് വീണ്ടും ഞങ്ങള്‍ അനുസ്മരിക്കയും, അല്‍പ്പസമയം മൗനമായിരുന്ന് എല്ലാവരും ധ്യാനിക്കയും ചെയ്തു. ഓര്‍ത്തഡോക്സ് രീതിയനുസരിച്ച് പിന്നീട് നടക്കുന്ന അനുഷ്ഠാനത്തില്‍ പങ്കെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല എന്നു സൂചിപ്പിച്ചിരുന്നു. മുന്‍ സൂചിപ്പിച്ച ഓര്‍ത്തഡോക്സ് വിദ്യാര്‍ത്ഥികളെ കൂടാതെ, ബാംഗ്ലൂരില്‍ നിന്ന് സന്ദര്‍ശകരായി വന്ന ശ്രീ. മാത്യു, മിനി പനയില്‍ തുടങ്ങിയവര്‍ ചാപ്പലില്‍ ഉണ്ടായിരുന്നു.

കൂടിവന്ന എല്ലാവരോടും തന്‍റെ പാപങ്ങള്‍ക്ക് ക്ഷമ ചോദിച്ചുകൊണ്ടും ദൈവത്തിന്‍റെ സര്‍വ്വസൃഷ്ടിയോടും ക്ഷമ യാചിച്ചുകൊണ്ടും അനുതാപത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും അടയാളമായി നായകന്‍ മൂന്നു പ്രവശ്യം നിലത്തു കുമ്പിടുന്ന രീതിയാണല്ലോ ശുബ്ക്കോനോ ശുശ്രൂഷയിലുള്ളത്. അപ്രകാരം ഞാന്‍ നിലത്ത് കുമ്പിട്ട് ക്ഷമ ചോദിച്ചപ്പോള്‍, അവിടെയുണ്ടായിരുന്ന എല്ലാവരും നിലത്തു കുമ്പിട്ടു, പരസ്പരം ക്ഷമയുടെയും സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശം പ്രസരിപ്പിച്ചു. പിന്നീട് എല്ലാവരും എഴുന്നേറ്റ് ശുബ്ക്കോനോ ശുശ്രൂഷയിലെപ്പോലെ പരസ്പരം കൈയ്യസൂരി കൊടുത്ത് സമാധാനം ആശംസിച്ചു. ക്രിസ്ത്യന്‍ സെന്‍റര്‍ ഡയറക്ടറും ധര്‍മ്മാരാം മുന്‍ പ്രൊഫസറുമായ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ സമാപനപ്രാര്‍ത്ഥന നടത്തി; ആശീര്‍വാദത്തോടെ ശുശ്രൂഷ സമാപിച്ചു.

പുരാതനമായ ഈ ശുബ്ക്കോനോ ശുശ്രൂഷ ഒരു പുതിയ അനുഭവമായി എല്ലാവരും സാക്ഷ്യപ്പെടുത്തി. പലര്‍ക്കും ഒരു കാര്യം വ്യക്തമായി. കര്‍ത്താവായ യേശുമിശിഹായുടെ സ്നേഹത്താലും ക്ഷമയാലും പ്രേരിതനായി പരിശുദ്ധ പിതാക്കന്മാര്‍ ഒരുക്കിയ ഈ ശുശ്രൂഷയുടെ ഹൃദയസ്പര്‍ശവും ആത്മിക വിസ്തൃതിയും വളരെ ആഴമേറിയതാണ്. ഇതൊരു സാമൂഹ്യ കുമ്പസാരമാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് (ഇീഹഹലരശ്ലേ, ശിരഹൗശ്ലെ, ീരെശമഹ രീിളലശൈീി). മതങ്ങള്‍ തമ്മിലും, സഭകള്‍ തമ്മിലും രാജ്യങ്ങള്‍ തമ്മിലും പോര്‍വിളികളും അക്രമവും നടക്കുമ്പോള്‍, ദൈവത്തിന്‍റെ മക്കളായ എല്ലാ മനുഷ്യരെയും, ദൈവത്തിന്‍റെ സകല സൃഷ്ടികളെയും സ്നേഹത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും ഇഴകളാല്‍ ഒരുമിച്ച് നിര്‍ത്താന്‍ നമ്മെ സഹായിക്കും. പരസ്പരം യഥാര്‍ത്ഥമായ ക്ഷമ ചോദിക്കലും കൊടുക്കലും.

ഇത് വെറുമൊരു അനുഷ്ഠാനമായി അര്‍ത്ഥം നഷ്ടപ്പെട്ട ആചാരമായി മാറാന്‍ നാം ഒരിക്കലും അനുവദിക്കരുത്.

* CARP: Company of Artists for Radiance of Peace. കഴിഞ്ഞ ജനുവരിയില്‍ ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറായോട് ചേര്‍ന്നുള്ള സോപാന അക്കാദമിയില്‍ വച്ച് ഒരു ചിത്രകലാക്യാമ്പ് ഞങ്ങള്‍ നടത്തിയിരുന്നു.