പത്തനംതിട്ട ∙ ഓർത്തഡോക്സ് സഭയിലെ മുതിർന്ന വൈദികനും മൈലപ്ര മാർ കുര്യാക്കോസ് ആശ്രമം മുൻ സുപ്പീരിയറുമായ അപ്രേം റമ്പാൻ (100) അന്തരിച്ചു. കോന്നി പുന്നൂരേത്ത് പരേതരായ കൊച്ചുകോശി, റാഹേലമ്മ ദമ്പതികളുടെ നാലാമത്തെ മകനാണ്. മൈലപ്ര കുര്യാക്കോസ് ആശ്രമത്തിലെ ധ്യാന ഗുരുവായിരുന്നു. തുമ്പമൺ ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ വികാരിയായും അട്ടച്ചാക്കൽ സെന്റ് ജോർജ് എച്ച്എസിൽ മലയാളം അധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മൈലപ്ര മാത്യൂസ് റമ്പാന്റെ ശിഷ്യനാണ്. മൃതദേഹം ജനുവരി 26 ശനിയാഴ്ച 3-ന് ആശ്രമം ചാപ്പലിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം ഞായർ 3-ന് പ. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ കാർമികത്വത്തിൽ ആശ്രമം ചാപ്പലിൽ നടക്കും. 100–ാം വയസിലും ആത്മീയ ശുശ്രൂഷകളിൽ സജീവമായിരുന്ന റമ്പാനെ ബുധനാഴ്ച്ചയാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആത്മസമർപ്പണത്തിന്റെ 100 ധന്യവർഷങ്ങൾ
പത്തനംതിട്ട ∙ ആത്മ സമർപ്പണത്തിന്റെ 100 ധന്യ വർഷങ്ങൾ പൂർത്തിയാക്കി അപ്രേം റമ്പാൻ വിടവാങ്ങിയതറിഞ്ഞു മൈലപ്ര മാർ കുര്യാക്കോസ് ആശ്രമത്തിന്റെ ഉണർച്ച മണി പോലും നിശബ്ദമായി. പുലർച്ചെ നാലര എന്നൊരു സമയം ഉണ്ടെങ്കിൽ ഉണർച്ച മണിയിൽ അപ്രേം റമ്പാന്റെ കൈകൾ ഉണ്ടായിരിക്കും, 36 വർഷമായ ശീലം. യോഗയും ധ്യാനവും നൽകിയ ആരോഗ്യം ആത്മീയതയ്ക്കു വേണ്ടി ഉഴിഞ്ഞുവച്ച അദ്ദേഹം ആശുപത്രി വാസത്തിന്റെ തലേന്നും സജീവമായി കർമ രംഗത്തുണ്ടായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച കുർബാനയിലും ചൊവ്വാഴ്ച കാതോലിക്ക ബാവ പങ്കെടുത്ത സ്വീകരണ പരിപാടിയിലും പങ്കെടുത്ത റമ്പാൻ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ബുധനാഴ്ചയാണ് ആശുപത്രിയിലായത്. കോന്നി പുന്നൂരേത്ത് വീട്ടിലായിരുന്നു യൗവനകാലം. അന്നൊരിക്കൽ പീഡാനുഭവ വാരത്തിൽ അട്ടച്ചാക്കൽ മാത്യൂസ് റമ്പാനെ (മൈലപ്ര ആശ്രമം സ്ഥാപകൻ) കണ്ടതാണ് ജീവിതത്തിൽ വഴിത്തിരിവായത്. മാത്യൂസ് റമ്പാനൊപ്പം ആശ്രമത്തിൽ താമസിക്കാൻ ആഗ്രഹിച്ച അപ്രേം റമ്പാൻ പിന്നീട് വീട്ടിലേക്കു മടങ്ങിയില്ല. 1942 മുതൽ 1982 വരെ അട്ടച്ചാക്കലിൽ ഗുരുവായ മാത്യൂസ് റമ്പാനോടൊപ്പമായിരുന്നു.
കണിശമായി ചിട്ടപ്പെടുത്തിയ ജീവിതമായിരുന്നു അപ്രേം റമ്പാന്റേത്. ചെറുപ്പത്തിലേ ശീലിച്ച യോഗ ആശുപത്രിയിലാകും വരെ മുടക്കിയില്ല. വെളുപ്പിനു നാലിനുണരും. മാംസാഹാരമില്ല. ബുധനും വെള്ളിയും ഉച്ചവരെ ഉപവാസം. 1946 ഓഗസ്റ്റ് ആറിനാണു ശെമ്മാശ പട്ടം കിട്ടിയത്. 1948 ജൂൺ 29ന് വൈദികനായി. 1987 സെപ്റ്റംബർ 29നു റമ്പാൻ പട്ടം. അട്ടച്ചാക്കൽ സെന്റ് ജോർജ് ഹൈസ്കൂളിൽ അധ്യാപകനായും ജോലി ചെയ്തു.
1919 മാർച്ച് 25ന് പുത്തൂരേത്ത് കൊച്ചുകോശി, റാഹേലമ്മ ദമ്പതികളുടെ മകനായി ജനനം. കഴിഞ്ഞ വർഷം 100–ാം ജന്മദിനം ആഘോഷിച്ചു. മാർ കുര്യാക്കോസ് ആശ്രമത്തിന്റെ സുപ്പീരിയറായി ദീർഘകാലം സേവനം അനുഷ്ഠിച്ചു. വിരമിച്ച ശേഷവും ആശ്രമത്തിൽ തന്നെയായിരുന്നു ജീവിതം. ആശ്രമത്തിന്റെ ഉണർവും ആത്മീയ സാന്നിധ്യവുമായിരുന്നു. 26ന് ഉച്ചയ്ക്കു ശേഷം 3ന് റമ്പാന്റെ ഭൗതിക ശരീരം പൊതുദർശനത്തിനായി ആശ്രമത്തിൽ എത്തിക്കും. 27ന് ഉച്ചയ്ക്കു ശേഷം 3നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ കാർമികത്വത്തിൽ ആശ്രമം ചാപ്പലിൽ കബറടക്കും.