https://www.facebook.com/binujohn.thattayil/videos/1451457891671793/
https://www.facebook.com/yordanpuram/videos/297060380918712/
https://www.facebook.com/OrthodoxChurchTV/videos/297674170878376/
മകളുടെ ഓർമയിൽ വികാരധീനയായി ചിത്ര; പ്രസംഗത്തിനു പകരം ആ പഴയ പാട്ട്
പരുമല ∙ ക്രിസ്മസ് രാവുകൾക്കായി തരംഗിണിക്കുവേണ്ടി കെ.എസ്.ചിത്ര 33 വർഷം മുൻപു പാടിയ പൈതലാം യേശുവേ.. ഉമ്മവെച്ചുമ്മവെച്ചുണർത്തിയ എന്ന ഗാനം വീണ്ടും ഒരു ക്രിസ്മസ് കാലയളവിൽ ആശംസയായി പാടിയപ്പോൾ വേദിയും സദസ്സും ഒരുപോലെ താളംപിടിച്ചു. പരുമല സെന്റ് ഗ്രിഗോറിയോസ് രാജ്യാന്തര കാൻസർ കെയർ സെന്ററിൽ ചിത്രയുടെ മകൾ നന്ദനയുടെ സ്മരണയ്ക്കായി തുടങ്ങിയ കീമോതെറപ്പി വാർഡിന്റെ ഉദ്ഘാടന സമ്മേളനത്തിലാണു മലയാളത്തിന്റെ വാനമ്പാടി പ്രസിദ്ധമായ ഈ ക്രിസ്മസ് ഗാനം ആലപിച്ചത്.
പ്രസംഗിക്കാൻ തുടങ്ങി വികാരാധീനയായി വാക്കുകൾ കിട്ടാതെ വന്നപ്പോൾ ‘ഞാൻ പ്രസംഗിക്കുന്നതിലും നല്ലത് പാട്ട് പാടുന്നതാണെന്ന്’ പറഞ്ഞായിരുന്നു ചിത്രയുടെ തുടക്കം.
മലങ്കര ഓർത്തഡോക്സ് സഭയുടെ സ്നേഹസ്പർശം പരിപാടിയുടെ വിളംബര ഗാനമായ ഇനിയും പുലരിവിരിയും… മുകളുങ്ങൾ പൂക്കളായി വിടരും… എന്ന ഗാനത്തിന്റെ ഈരടികൾ പാടിയ ശേഷമായിരുന്നു പൈതലാം യേശുവേ ആലപിച്ചത്. ഈ പാട്ടിനുശേഷം എല്ലാവർക്കും ക്രിസ്മസ് ആശംസകളും ചിത്ര നേർന്നു. നന്ദനയുടെ പേരിലുള്ള കീമോതെറപ്പി വാർഡ് ഉദ്ഘാടനം ചെയ്തശേഷം പ്രസംഗിച്ച വ്യവസായി എം.എ.യൂസഫലി തന്റെ മാതാപിതാക്കളുടെ പേരിൽ പരുമലയിലെ കാൻസർ സെന്ററിനായി 2 വാർഡുകൾ നിർമിച്ചു നൽകുമെന്നു പ്രഖ്യാപിച്ചു. ചിത്ര ഇതിന്റെ ഉദ്ഘാടനത്തിനായി എത്തണമെന്ന് അഭ്യർഥിച്ചു. വേദിയിൽ എഴുന്നേറ്റുനിന്നു വിനയത്തോടെയാണു ചിത്രം ക്ഷണം സ്വീകരിച്ചത്.പരുമലയിലെ എന്താവശ്യങ്ങൾക്കും വിളിച്ചാൽ താൻ എത്തുമെന്നും അവർ ഉറപ്പു നൽകി.ചെന്നൈയിൽനിന്നു കുടുംബാംഗങ്ങൾക്കൊപ്പമാണ് ഇവർ എത്തിയത്. പരിപാടിയിൽ പങ്കെടുക്കുവാൻ കോഴിക്കോട്ടു നിന്നുള്ള സ്കൂൾ വിദ്യാർഥി സംഘവും എത്തിയിരുന്നു. ഇവരിൽ അനുഗ്രഹ എന്ന ഭിന്നശേഷിക്കാരനെയും ഈ കുട്ടിയെ പരിചരിക്കുന്ന സഹപാഠി ബിസ്മി ഫാത്തിമയെയും വേദിയിലെ വിശിഷ്ടാതിഥികൾ പ്രത്യേകം അഭിനന്ദിച്ചു.കുടുക്കയിൽ സ്വരൂപിച്ച പണം കാൻസർ കെയറിന് നൽകാനാണ് ഇവർ വന്നത്.
ഡോ. യാക്കോബ് മാർ ഐറേനിയസ്, യാക്കോബ് മാർ ഏലിയാസ്, ,അലക്സിയോസ് മാർ യൗസേബിയോസ്, ഡോ. സഖറിയാസ് മാർ അപ്രേം എന്നിവരും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു.


