പിറവം പള്ളിക്കേസ് : ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പിൻമാറി

കൊച്ചി ∙ പിറവം പള്ളിക്കേസ് കേൾക്കുന്നതിൽ നിന്നു ജസ്റ്റിസ് പി.ആർ.രാമചന്ദ്ര മേനോനും ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ഉൾപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പിൻമാറി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുൻപു സഭാ തർക്കം സംബന്ധിച്ച കേസിൽ ഹാജരായിട്ടുണ്ടെന്നു കേസിൽ കക്ഷി ചേരാനെത്തിയവർ തടസം ഉന്നയിച്ച പശ്ചാത്തലത്തിലായിരുന്നു പിൻമാറ്റം.

പുതിയ ബെഞ്ച് സംബന്ധിച്ച് ചീഫ് ജസ്റ്റിസ് തീരുമാനം എടുക്കും. ഇരുകക്ഷികളും ബെഞ്ചില്‍ വിശ്വാസം അറിയിച്ചെങ്കിലും തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. കേസില്‍ കക്ഷി ചേരുന്നതിനായി വിശ്വാസികളുടേതായ ഹര്‍ജിയുമായി എത്തിയ അഭിഭാഷകനാണ് ജഡ്ജി ദേവന്‍ രാമചന്ദ്രന്‍ പിന്‍മാറണമെന്നും പുതിയ ബെഞ്ച് കേസ് പരിഗണിക്കണമെന്നും ആവശ്യം ഉന്നയിച്ചത്.

കഴിഞ്ഞ ആറു മാസം കേസ് പരിഗണിച്ചപ്പോള്‍ അഭിപ്രായ വ്യത്യാസം അറിയിച്ചിരുന്നില്ല. ഇത്രയും മുന്നോട്ടു പോയ ശേഷം പുതിയ ആവശ്യവുമായി വരുന്നത് നല്ലതല്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതിയുടെ പിന്‍മാറ്റം. ജസ്റ്റിസ് പി.ആര്‍. രാമചന്ദ്രമേനോന്‍, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്.

നേരത്തേ യാക്കോബായ സഭയുടെ അഭിഭാഷകനായിരുന്ന ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ജഡ്ജി ആയി എത്തിയപ്പോള്‍ തന്നെ ആര്‍ക്കെങ്കിലും ആക്ഷേപം ഉണ്ടോ എന്ന ചോദ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ അന്ന് ഇരുവിഭാഗവും വിശ്വാസം രേഖപ്പെടുത്തിയെങ്കിലും കേസ് അവസാന ഘട്ടത്തിലെത്തി വിധിപറയാനിരിക്കെയാണ് വിശ്വാസികളുടെ ഹര്‍ജി എന്നപേരില്‍ എത്തി പുതിയ ആവശ്യം ഉന്നയിച്ചത്.

എന്നാൽ, കേസിലെ 2 കക്ഷികളും സർക്കാരും ജഡ്ജിയെ സംശയിക്കുന്നില്ലെന്ന നിലപാടാണു സ്വീകരിച്ചത്. മുൻപ്, പള്ളിക്കേസുകളിൽ ഹാജരായിട്ടില്ലെങ്കിലും തടസവാദം ഉയർന്ന സാഹചര്യത്തിൽ പിൻമാറുകയാണെന്നു 2 ജഡ്ജിമാരും അറിയിച്ചു.

Source

‘പിറവം പള്ളിയിലേത് തന്ത്രപരമായ പിൻമാറ്റം’; പൊലീസ് തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കൊച്ചി: പിറവം കേസ് പൊലീസ് തത്സ്ഥിതി റിപ്പോർട്ട് സമർപ്പിച്ചു. പിറവം പളളിയിൽ വിശ്വാസികൾ ജീവത്യാഗം ചെയ്യുന്ന സാഹചര്യം ഉണ്ടായതായും തുടര്‍ന്ന് പൊലിസ് തന്ത്രപരമായ പിൻമാറുകയായിരുന്നുവെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. രഹസ്യാന്വേഷണ വിഭാഗവും ഇതു സംബന്ധിച്ച റിപ്പോർട്ട്‌ നല്‍കിയിരുന്നു. മുന്നൊരുക്കങ്ങൾ നടത്തിയാണ് വിധി നടപ്പിലാക്കാൻ പൊലീസ് എത്തിയത്. സ്ത്രീകൾ ഉൾപ്പെടെ  ആത്മഹത്യാ ശ്രമം നടത്തിയതിനാൽ തന്ത്രപരമായി പിൻവാങ്ങേണ്ടി വന്നു എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

വിധി നടപ്പിലാക്കാനുള്ള ശ്രമം സർക്കാർ തുടരും. ഹൈക്കോടതി നിർദ്ദേശത്തിനു പിന്നാലെ കലക്ടർ എസ് പി ഉൾപ്പെടെയുള്ളവര്‍ ഇരു വിഭാഗങ്ങളുമായി ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.  എന്നാല്‍  തൽസ്ഥിതി റിപ്പോർട്ട് പരിഗണിച്ച  കോടതി  നിങ്ങൾ എന്ത് നടപടിയാണ് അതിനു വേണ്ടി എടുക്കുന്നത്, നിങ്ങൾ എങ്ങനെ ആണ് വിധി നടപ്പാക്കാൻ പോകുന്നത്,  സമയ പരിധിയെക്കുറിച്ചു ഓർമ്മയുണ്ടോ? എന്നും ചോദിച്ചു.

സർക്കാരിന് എതിരെ ഒരു വിധിയും കോടതി ഇതുവരെ പാസാക്കിയിട്ടില്ല. നിങ്ങൾ വീണ്ടും സമയം ചോദിച്ചു കൊണ്ടിരിക്കുന്നുവെന്നും കോടതി വിമര്‍ശിച്ചു. അതേസമയം 2000 പൊലീസുകാർ വന്ന് ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചു എന്ന് ഹർജിക്കാർ കോടതിയില്‍ പറഞ്ഞു.  എന്നാല്‍ വിധി നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ ശ്രമം തടയാൻ ആവില്ല എന്ന് കോടതി വ്യക്തമാക്കി.

സമവായ ചർച്ചകൾ നടത്താൻ കോടതിക്കു ഉത്തരവിടാൻ പറ്റില്ല. സർക്കാർ അതിനു ശ്രമിക്കുന്നുണ്ട് എന്നാണ് മനസിലാക്കുന്നത്. ഓർത്തഡോക്സ് വിഭാഗം പോലീസ് സംരക്ഷണം ആവശ്യപ്പെടുമ്പോൾ അത് നൽകേണ്ടതല്ലേ എന്നും കോടതി ചോദിച്ചു.

Source

പിറവം പള്ളിത്തർക്കം: ഹൈക്കോടതിയിൽ ഹർജി

കൊച്ചി ∙ പിറവം പള്ളിത്തർക്കം സമാധാനപരമായി പരിഹരിക്കാൻ സർക്കാരിനും പൊലീസിനും നിർദേശം നൽകണമെന്നാവശ്യപ്പെട്ട് യാക്കോബായ സഭാംഗങ്ങൾ ഹൈക്കോടതിയിൽ ഹർജി നൽകി. ഇടവകക്കാരായ മത്തായി ഉലഹന്നാൻ, മത്തായി തൊമ്മൻ തുടങ്ങിയവരാണു ഹർജി നൽകിയത്

സുപ്രീംകോടതി വിധിയുടെ പേരിൽ ഇടവകക്കാർക്കെതിരെ ബലംപ്രയോഗിച്ച് പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ മുതിരരുതെന്ന് പൊലീസുദ്യോഗസ്ഥരോടു നിർദേശിക്കണമെന്നാണു വാദം. ആവശ്യമെങ്കിൽ 1934ലെ സഭാഭരണഘടന നിയമാനുസൃതം ഭേദഗതി ചെയ്തും അഭിപ്രായവ്യത്യാസങ്ങൾ രമ്യമായി പരിഹരിക്കാൻ ശ്രമിക്കാവുന്നതാണെന്ന്, സുപ്രീംകോടതി 2017 ജൂലൈയിലെ ‘കെ. എസ്. വർഗീസ് കേസ്’ വിധിയിൽ പറഞ്ഞിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷമായവർ സുപ്രീംകോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ച് ഭൂരിപക്ഷത്തിന്റെ ഭരണഘടനാവകാശങ്ങൾ നിഷേധിക്കാൻ ശ്രമിക്കുന്നുവെന്നാണു ഹർജിയിലെ ആരോപണം. മതകർമങ്ങൾ തടസ്സമില്ലാതെ അനുഷ്ഠിക്കാൻ ഇടവകക്കാർക്ക് അവകാശമുണ്ട്. സുപ്രീംകോടതി വിധിയുടെ പേരിൽ പൊലീസ് ഉൾപ്പെടെ അധികാരികൾ സ്വീകരിക്കുന്ന നടപടികൾ ഇടവകക്കാരുടെ മതാനുഷ്ഠാനങ്ങൾക്കും സ്വത്തുക്കളുടെ സംരക്ഷണത്തിനും തടസ്സമാണ്. പള്ളിപ്പരിസരത്ത് സമാധാനാന്തരീക്ഷം നിലനിർത്താനും മതാനുഷ്ഠാനങ്ങൾക്കു തടസ്സമില്ലാതിരിക്കാനും സർക്കാർ ഇടപെടണം. ഈ ആവശ്യമുന്നയിച്ചു കഴിഞ്ഞ മൂന്നിനു സർക്കാരിനു നൽകിയ നിവേദനത്തിൽ നടപടിയുണ്ടായില്ലെന്നും ഹർജിയിൽ പറയുന്നു.

സുപ്രീംകോടതി വിധിയനുസരിച്ച് തടസ്സമില്ലാതെ പിറവം പള്ളിയിൽ ആരാധന നടത്താൻ പൊലീസ് സംരക്ഷണം തേടി ഓർത്തഡോക്സ് സഭാ വികാരി നൽകിയ ഹർജി കോടതി ഇന്നത്തേക്കു മാറ്റിയിരുന്നു. ചില കേസുകളിൽ വൻതോതിൽ പൊലീസിനെ നിയോഗിച്ചും നിരോധനാജ്ഞ പ്രഖ്യാപിച്ചും സുപ്രീംകോടതി ഉത്തരവു നടപ്പാക്കുന്ന സർക്കാർ, പള്ളിക്കേസിൽ അതു ചെയ്യാത്തത് എന്താണെന്നു കഴിഞ്ഞ ദിവസം കോടതി ചോദിച്ചിരുന്നു.

Source