എം. ടി. പോള്‍ നിര്യാതനായി

മലങ്കര ഓർത്തഡോൿസ്‌ സഭയുടെ 1989-1994 കാലഘട്ടത്തിൽ അസോസിയേഷൻ സെക്രട്ടറിയായിരുന്ന അന്തരിച്ച കളമശ്ശേരി മുട്ടത്തോട്ടില്‍ M T പോളിന്റെ (87) സംസ്കാരം ഇന്ന് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം 3.30ന് ഏലൂര്‍ മാര്‍ ഗ്രീഗോറിയോസ് പള്ളിയില്‍ നടക്കും. കോട്ടയം പുന്നാപറമ്പില്‍ കുടുംബാംഗമായ ഗ്രേസിയാണ് ഭാര്യ. തങ്കം, സൂസന്‍ എന്നിവര്‍ മക്കളും ആലുവാ എവരത്തു കിഴക്കേതില്‍ അജിത്ത് മരുമകനുമാണ്.
1974 മുതൽ 2007 വരെ തുടർച്ചയായി 30 വര്‍ഷം മലങ്കര ഓർത്തഡോൿസ്‌  സഭാ മാനേജിങ് കമ്മിറ്റി അംഗമായിരുന്നു.
1985മുതല്‍ 1989 വരെ ഏലൂർ, ഇന്ത്യൻ അലൂമിനിയം കമ്പനി യുടെ വർക്സ് മാനേജർ ആയിരുന്നപ്പോൾ ഒട്ടേറെ ചരിത്രപരമായ തീരുമാനങ്ങള്‍ അദ്ദേഹം നടപ്പിലാക്കി. കമ്പനിയില്‍ ആദ്യമായി വനിതകള്‍ക്ക് ജോലി നല്‍കുന്നതിനു കരാര്‍ ഉണ്ടാക്കിയതും, ആദ്യമായി ട്രേഡ് യുണിയനുകളുടെ ഹിതപരിശോധന നടത്തിയതും ഇക്കാലത്താണ്.
സിഐഐ പ്രസിഡന്‍റ്, കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്സ്‌ പ്രസിഡന്റ്, എച്ച്ടി ആന്‍ഡ്‌ ഈഎച്ച്ടി കണ്സല്‍വേറ്റിവ് കൌണ്‍സില്‍ അംഗം, പ്രൊഡക്ടിവിടി കൌണ്‍സില്‍ പ്രസിഡന്റ്, ഇ ബാലാന്ദന്‍ കമ്മീഷന്‍ ടെക്നിക്കല്‍ അഡ്വൈസര്‍, നാഷണല്‍ സേഫ്ടി കൌണ്‍സില്‍ കേരള ചാപ്ടര്‍ ചെയര്‍മാന്‍ എന്നീ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
മലങ്കര ഓർത്തഡോൿസ്‌ സഭയ്ക്കു വേണ്ടി അസ്സോസ്സിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍ അനുശോചനം അറിയിച്ചു.
സഭയിൽ ശാശ്വത സമാധാനം ഉണ്ടാകണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു
മലങ്കര സഭയുടെ മുൻ അസോസിയേഷൻ സെക്രട്ടറിയായിരുന്ന എം.റ്റി.പോൾ സാറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. പ്രശ്ന കലുഷിതമായിരുന്ന ഒരു കാലഘട്ടത്തിൽ അസോസിയേഷൻ സെക്രട്ടറി ആയിരുന്നു കൊണ്ട് സഭയ്ക്ക് ശക്തമായ നേതൃത്വം നൽകുവാൻ എം.റ്റി.പോൾ സാറിനു സാധിച്ചിട്ടുണ്ട്.
അങ്കമാലി ഭദ്രാസനാധിപനായിരുന്ന അഭിവന്ദ്യ ഫിലിപ്പോസ് മാർ തെയോഫിലോസ് തിരുമേനിയോട് ചേർന്നു നിന്ന് പ്രവർത്തിച്ചിരുന്ന ഒരാളായാണ് അദ്ദേഹത്തെ എന്നും ഞാൻ കണ്ടിട്ടുള്ളത്. വടക്കൻ പറവൂർ പള്ളി ഇടവകാംഗമായിരുന്നു അദ്ദേഹം. മലങ്കര സഭയിൽ ശാശ്വത സമാധാനം ഉണ്ടാകണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു. 2017 ലെ സുപ്രീം കോടതി വിധി സമാധാനത്തിനുള്ള മാർഗ്ഗം തെളിയിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു.
അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
– ഫാ. ഡോ. എം. ഒ. ജോൺ

മലങ്കര ഓർത്തഡോക്സ് സഭയുടെ മുൻ അസോസിയേഷൻ സെക്രട്ടറി എം. റ്റി. പോളിന്റെ ഭവനത്തിൽ എത്തി പ. കാതോലിക്കാ ബാവയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഫാ. തോമസ് പി. സഖറിയ, ദേവലോകം അരമന മാനേജർ ഫാ.എം.കെ കുര്യൻ, പരിശുദ്ധ ബാവയുടെ പ്രോട്ടോക്കോൾ ഓഫീസർ ഫാ. അശ്വിൻ ഫെർണ്ടസ് കാതോലിക്കേറ്റ് ഓഫീസ് ഡെപ്യൂട്ടി സെക്രട്ടറി റ്റി.ജോൺ മത്തായി, സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങൾ ആയ എ.കെ ജോസഫ് ,പി വി ബെഹനാൻ എന്നിവർ പ്രാർത്ഥന നടത്തുകയും ആദരാജ്ഞലികൾ അർപ്പിക്കുകയും ചെയ്തു