മലങ്കരസഭയിലെ രണ്ടുകക്ഷികളിലുംപെട്ട സമാധാനകാംക്ഷികളായ യുവാക്കള്‍ ‘പീസ്ലീഗ്’ എന്ന പേരില്‍ ഒരു സംഘടന രൂപവല്‍ക്കരിച്ചു ചില കര്‍മ്മപരിപാടികള്‍ ആവിഷ്കരിച്ചു. കോട്ടയം പുത്തനങ്ങാടിയിലെ കുരിശുപള്ളിയുടെ അങ്കണം സത്യഗ്രഹത്തിനുള്ള വേദിയായി തിരഞ്ഞെടുത്തു. മണര്‍കാട് ഇടവകയില്‍പെട്ട തെങ്ങുംതുരുത്തേല്‍ ടി. എം. ചാക്കോ പ്രസിഡന്‍റായും, കോട്ടയം എരുത്തിക്കല്‍ ഇ. കെ. അലക്സാണ്ടര്‍ വൈസ് പ്രസിഡന്‍റായും, മാളിയേക്കല്‍ എം. പി. ഏബ്രഹാം ട്രഷററായും, പി. എം. തോമസ് (പുളിക്കല്‍) സെക്രട്ടറിയായും, ടി. പി. ഫീലിപ്പോസ് (തെക്കേതലക്കല്‍), ചക്കാലപറമ്പില്‍ സി. പി. ജോര്‍ജ് മുതലായി വളരെയധികം യുവാക്കള്‍ കമ്മിറ്റി അംഗങ്ങളായും പീസ്ലീഗില്‍ ഉണ്ടായിരുന്നു. ടി. എം. ചാക്കോ അസുഖമായി കിടപ്പായപ്പോള്‍ അഡ്വ. ജി. ജോണ്‍ (കായംകുളം) പ്രസിഡന്‍റായി. രണ്ടുകക്ഷികളിലുംപെട്ട യുവാക്കള്‍ക്ക് സഭാസമാധാനം ഉണ്ടാവണമെന്ന വലിയ വാശിയായിരുന്നു. നാടിന്‍റെ നാനാഭാഗത്തുനിന്നും കുരിശുപള്ളി അങ്കണത്തിലേക്ക് ജനപ്രവാഹമായിരുന്നു. സത്യഗ്രഹ പരിപാടികള്‍കൊണ്ട് സഭാസമാധാനത്തിനുവേണ്ടി മേല്‍പട്ടക്കാരുടെമേല്‍ സമ്മര്‍ദ്ദം നടത്തുന്നതിനെ ചില മെത്രാന്മാര്‍ എതിര്‍ത്തു സംസാരിക്കുകയും ചെയ്തു. ഇതില്‍ ഒരു കാര്യം സമ്മതിച്ചേ തീരൂ! പീസ്ലീഗിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് പത്രങ്ങള്‍ മത്സരബുദ്ധിയോടെ പ്രചാരണം നല്‍കി. മുന്‍പേജില്‍ വലിയ തലക്കെട്ടുകളോടെ പീസ്ലീഗ് വാര്‍ത്തകള്‍ പത്രങ്ങളില്‍ വന്നു. മുന്‍ മന്ത്രി ഇ. ജോണ്‍ ഫീലിപ്പോസ്, പീസ്ലീഗിനു ശക്തിയായ പിന്തുണ നല്‍കി. അതുപോലെതന്നെ പ്രമുഖരായ പലരും പീസ്ലീഗിനെ സഹായിക്കാന്‍ മുമ്പോട്ടു വന്നു. പ്രവര്‍ത്തനങ്ങള്‍ക്ക് പണത്തിനു പഞ്ഞമുണ്ടായിരുന്നില്ല. പടിഞ്ഞാറെക്കര ഇട്ടി കുര്യന്‍, എം. സി. മാത്യു മുതലായവര്‍ ധനസഹായം ചെയ്തവരില്‍പ്പെടും. ഇതിനിടെ ഭാഗ്യം പൊട്ടിവീഴുന്നപോലെ ഗ്രീസിലെ പീറ്റര്‍ രാജകുമാരന്‍ ഇന്ത്യാസന്ദര്‍ശത്തിനിടയില്‍ കേരളത്തില്‍ വന്നു. അദ്ദേഹം കുരിശുപള്ളി അങ്കണത്തില്‍ പ്രസംഗിച്ചു. പാത്രിയര്‍ക്കീസിനെ കണ്ട് സംസാരിക്കാമെന്ന് ഭരമേറ്റു. അതോടെ പീസ്ലീഗ് സഭാസമാധാനം ഇപ്പോള്‍ കൈവരുത്തുമെന്ന് സാധാരണജനങ്ങള്‍ വിശ്വസിച്ചു. ഇരുപക്ഷത്തെയും മെത്രാന്മാരെ ഒരു വട്ടമേശയ്ക്കു ചുറ്റുമിരുത്തി ചര്‍ച്ച ചെയ്യിക്കാനും ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ വ്യവസ്ഥകള്‍ തയ്യാറാക്കാനും അവസരമുണ്ടാക്കുകയായിരുന്നു പീസ്ലീഗിന്‍റെ അടുത്ത പദ്ധതി. അന്ന് ഒരു യുവാവായിരുന്ന ഏബ്രഹാം മാര്‍ ക്ലീമിസ് അക്കാര്യത്തില്‍ അവര്‍ക്ക് വേണ്ട സഹായസഹകരണങ്ങള്‍ നല്‍കാമെന്നേറ്റു. അങ്ങനെ ചിങ്ങവനം അപ്രേം സെമിനാരി വട്ടമേശ സമ്മേളനം നടത്താനുള്ള വേദിയായി. ശക്തിയായ സമ്മര്‍ദ്ദം ചെലുത്തി മെത്രാന്മാരെ എല്ലാവരേയും വട്ടമേശ സമ്മേളനത്തിന് പങ്കെടുപ്പിക്കാന്‍ നിശ്ചയിച്ചു. അതിനുപറ്റിയ തീയതിയും കുറിച്ചു. 1950 ജനുവരി 9-നു പ്രസിദ്ധമായ ചിങ്ങവനം വട്ടമേശസമ്മേളനം നടന്നു. 200 വോളണ്ടിയര്‍മാര്‍ സമ്മേളന രംഗത്ത് തയ്യാറായി നിന്നു. മാര്‍ യൂലിയോസ് സംബന്ധിച്ചു. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ വലിയ താല്‍പര്യം കാണിച്ചില്ലെങ്കിലും ചെറുപ്പക്കാരുടെ ആവശ്യപ്രകാരം വന്നുചേര്‍ന്നു. ആലുവായിലെ മാര്‍ അത്താനാസ്യോസിന്‍റെ കാഴ്ചശക്തി മോശമായി കഴിഞ്ഞിരുന്നതിനാല്‍ വന്നില്ല.
ചിങ്ങവനം സമ്മേളനം ചില പൊതുതത്വങ്ങളില്‍ എത്തിച്ചേര്‍ന്നു.
1. അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ആകമാന സഭയുടെ തലവനാകുന്നു (ഇത് ഓര്‍ത്തഡോക്സ് വിഭാഗം അവരുടെ ഭരണഘടനയില്‍തന്നെ സമ്മതിച്ചിട്ടുള്ള കാര്യമാണ്).
2. ഇപ്പോള്‍ രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്ന മലങ്കരസഭയുടെ യോജിപ്പിനായി പാത്രിയര്‍ക്കീസ് മലങ്കരയെ ഒരു കാതോലിക്കേറ്റായി പ്രഖ്യാപിക്കണം.
3. ഈ തത്വങ്ങളെ അടിസ്ഥാനപ്പെടുത്തി പാത്രിയര്‍ക്കീസും കാതോലിക്കായും എത്രയുംവേഗം യോജിച്ചു ചെയ്യുന്ന തീരുമാനം ഇരുപക്ഷത്തെയും മേല്‍പട്ടക്കാര്‍ സ്വീകരിക്കണം.
4. ഈ തീരുമാനങ്ങള്‍ പാത്രിയര്‍ക്കീസിനെ അറിയിക്കാന്‍ മാര്‍ യൂലിയോസിനെ അധികാരപ്പെടുത്തണം.
മൂന്നാമത്തെ തീരുമാനം സമാധാനശ്രമങ്ങള്‍ക്കു വിഘാതം സൃഷ്ടിക്കാനും, ഫലത്തെപ്പറ്റി അനിശ്ചിതത്വം ഉണ്ടാക്കാനും ഉപകരിക്കുമെന്നു കണ്ട പീസ്ലീഗ് എക്സിക്യൂട്ടീവ് കമ്മിറ്റി മെത്രാന്മാരെ വ്യക്തമായ പരസ്പര ധാരണയുണ്ടാക്കുന്ന കാര്യത്തില്‍ നിര്‍ബന്ധിച്ചു. വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വ്യവസ്ഥകള്‍ ഉണ്ടാക്കാന്‍ ഒരു കമ്മിറ്റിയെയും നിയോഗിച്ചു. ഒരു സമ്മര്‍ദ്ദത്തിന്‍റെ അന്തരീക്ഷം സംജാതമായി. മന്ത്രി ഇ. ജോണ്‍ ഫീലിപ്പോസും ഒന്‍പതു നിയമസഭാംഗങ്ങളും ചേര്‍ന്ന കമ്മിറ്റി പത്തു വ്യവസ്ഥകള്‍ അടങ്ങിയ ഒരു കരാര്‍ തയ്യാറാക്കി സമര്‍പ്പിച്ചു. ബഥനിയിലെ മാര്‍ തേവോദോസ്യോസ് പീസ് ലീഗിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങിയില്ല. അതിലെ വ്യവസ്ഥകള്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് ദോഷകരങ്ങളാണെന്നും മലങ്കരസഭയുടെ സ്വാതന്ത്ര്യത്തേയും അബ്ദദ് മിശിഹാ പാത്രിയര്‍ക്കീസു നല്‍കിയ കാതോലിക്കേറ്റിനെയും തള്ളിക്കളയുന്നതാണെന്നും വിശ്വസിക്കുന്നതിനാല്‍ തനിക്കു അതില്‍ ഒപ്പുവയ്ക്കാന്‍ സാധ്യമല്ലെന്ന് തീര്‍ത്തു പറഞ്ഞു അദ്ദേഹം പിന്മാറി. മറ്റുള്ളവരെ പീസ്ലീഗ് വോളണ്ടിയര്‍മാര്‍ വിട്ടില്ല. സമ്മര്‍ദ്ദത്തിനു വഴങ്ങി മറ്റുള്ളവര്‍ ഒപ്പുവച്ചു.
മാര്‍ തേവോദോസ്യാസിന് അസ്വീകാര്യമായി തോന്നിയ വ്യവസ്ഥകള്‍ താഴെ കൊടുക്കുന്നു. സമാധാനത്തിനുവേണ്ടി ആയാലും തത്വങ്ങളിലും ആദര്‍ശങ്ങളിലും വെള്ളം ചേര്‍ക്കാന്‍ അദ്ദേഹം തയ്യാറായില്ല.
1. കാതോലിക്കാ ബാവാ പാത്രിയര്‍ക്കീസ് ബാവായ്ക്ക് ശല്‍മൂസ നല്‍കണം.
2. പാത്രിയര്‍ക്കീസ് കൂദാശ ചെയ്ത മൂറോന്‍ മലങ്കരയില്‍ ഉപയോഗിക്കണം.
3. കാതോലിക്കാബാവായുടെ പേരില്‍ എന്തെങ്കിലും പരാതി ഉണ്ടായാല്‍ അവ
പാത്രിയര്‍ക്കീസിന്‍റെ മുമ്പില്‍ മാത്രം ബോധിപ്പിക്കണം. പാത്രിയര്‍ക്കീസ് അതേപ്പറ്റി അന്വേഷിക്കുന്നു എങ്കില്‍ അതു സുന്നഹദോസ് വഴി വേണം അന്വേഷിക്കാന്‍. സുന്നഹദോസിന്‍റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തി പാത്രിയര്‍ക്കീസ് തീര്‍പ്പു കല്‍പിക്കണം. അത് അവസാന തീരുമാനമായിരിക്കും.
മറ്റ് ഏഴു വ്യവസ്ഥകളില്‍ റിശീസ്സാ പാത്രിയര്‍ക്കീസിന് കൊടുക്കണമെന്നത് ഒരു അധീശത്വം കല്‍പിക്കുന്ന രീതിയില്‍ ആയിരിക്കരുതെന്നും തേവോദോസ്യോസിനു നിര്‍ബന്ധമുണ്ടായിരുന്നു.
“ഈ വ്യവസ്ഥകള്‍ തോക്കുചൂണ്ടി സമ്മതിപ്പിച്ചതാകയാല്‍ അതിനെ നാം നിഷേധിക്കുന്നു” എന്ന് പ. കാതോലിക്കാ ബാവാ പഴയസെമിനാരിയില്‍ മടങ്ങിയെത്തിയ ഉടനെ പ്രഖ്യാപിച്ചു. ഈ വ്യവസ്ഥകള്‍ പാത്രിയര്‍ക്കീസ് ബാവായ്ക്ക് അയച്ചുകൊടുത്തപ്പോള്‍ അദ്ദേഹവും വ്യവസ്ഥകള്‍ അംഗീകരിച്ചില്ല. ഇതോടെ പീസ് ലീഗ് അടവ് മാറ്റി. പീസ് ലീഗ് പ്രവര്‍ത്തകര്‍ മരണംവരെ ഉപവസിച്ചു കളയുമെന്നായി. പ്രസിഡന്‍റ് ടി. എം. ചാക്കോ, കെ. ഇ. മാമ്മന്‍ കണ്ടത്തില്‍, എം. കുര്യന്‍ (പിന്നീട് മനോരമയിലെ എഡിറ്ററും കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്‍റെ സെക്രട്ടറിയും ഗ്രന്ഥകാരനും), പന്തളം വര്‍ഗീസ് (ഒരു ട്രാന്‍സ്പോര്‍ട്ട് ഡ്രൈവര്‍), ഫാദര്‍ അലക്സാണ്ടര്‍ കോടിയാട്ട്, ഫാ. ഗീവറുഗീസ് പാമ്പാടിക്കണ്ടത്തില്‍ എന്നിവര്‍ ഉപവാസ യജ്ഞത്തില്‍ പ്രവേശിച്ചു. ഇതോടെ അന്തരീക്ഷം ചൂടുപിടിച്ചു. ഉപവാസം എങ്ങനെയെങ്കിലും അവസാനിപ്പിക്കാന്‍ എന്താണ് വഴിയെന്ന് തീവ്രമായ ആലോചനയായി. കാതോലിക്കാ ബാവായും മെത്രാച്ചന്മാരും ഈ ഉപവാസയജ്ഞത്തിന്‍റെ ഫലമായി ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായി. എന്നാല്‍ പാത്രിയര്‍ക്കീസിന്‍റെ പക്കല്‍നിന്നു പാലാമ്പടം ഡോ. പി. റ്റി. തോമസിന്‍റെ പ്രത്യേക താല്‍പര്യപ്രകാരം വരുത്തിയ കല്‍പന അത്യന്തം നിരാശാജനകമായിരുന്നു. അങ്ങ് സിറിയാരാജ്യത്ത് താമസിക്കുന്ന പാത്രിയര്‍ക്കീസിന് മനഃപരിവര്‍ത്തനമുണ്ടാക്കാന്‍ കോട്ടയത്തെ ഉപവാസയജ്ഞം ഒരു പോംവഴിയല്ലെന്ന് സീനിയര്‍ നേതാക്കളുടെ വിദഗ്ദ്ധോപദേശം അനുസരിച്ച് സഭാസ്നേഹികള്‍ക്ക് ഉപവാസം നിറുത്തേണ്ടി വന്നു.
ഉപവാസയജ്ഞത്തില്‍ സമാധാനവ്യവസ്ഥകള്‍ ഉണ്ടാക്കുന്നതിനും മദ്ധ്യസ്ഥത വഹിക്കുന്നതിനും മറ്റും ഡോ. പി. റ്റി. തോമസ് പാലാമ്പടത്തിന്‍റെ നിര്‍ബന്ധപൂര്‍വ്വമായ അഭ്യര്‍ത്ഥന അനുസരിച്ച് അന്ന് സി.എസ്.ഐ. മദ്ധ്യകേരള ബിഷപ്പായിരുന്ന ഡോ. സി. കെ. ജേക്കബ് വളരെയധികം ശ്രമിച്ചു.
‘ചിങ്ങവനത്തെ’ക്കുറിച്ച് പാറേട്ട്
സഭയിലെ സംഭവവികാസങ്ങളെക്കുറിച്ച് ശാസ്ത്രീയമായി നിരൂപണം ചെയ്യാന്‍ ഇസ്സഡ്. എം. പാറേട്ടിനുള്ള കഴിവ് ഒന്നു വേറെ തന്നെയാണ്. അദ്ദേഹം പറയുന്നു (മലങ്കര നസ്രാണികള്‍, വാല്യം 5, പേജ് 343 മുതലുള്ള ഭാഗങ്ങള്‍): “ചിങ്ങവനം കഴിഞ്ഞതോടുകൂടെ പൊതുവെ പലര്‍ക്കും ഒരു മനംമാറ്റമോ പശ്ചാത്താപമോ ഉണ്ടായി. ചിലതെല്ലാം ഉണ്ടായി എന്നു ഭാവിച്ച് കാല്‍ മുമ്പോട്ടു കേറ്റികുത്തുന്നു എന്നു നടിച്ചു. … ചിങ്ങവനത്തുനിന്നു മടങ്ങിയെത്തിയശേഷം കാതോലിക്കോസ് പഴയസെമിനാരിയില്‍ വച്ചു മകരം 2-ാം തീയതി (ജനുവരി 15) ചെയ്ത പ്രസംഗം, പത്രപ്രസ്താവനകള്‍ ഇവ വായിച്ചും ഹാല്‍ ഇളകിയവരുടെ അട്ടഹാസം കേട്ടും കുഴങ്ങിയവര്‍ക്ക് ചിങ്ങവനത്തു നടന്ന സംഗതികളെപ്പറ്റി അല്‍പം തുമ്പുണ്ടാക്കിക്കൊടുത്തു. മനഃശക്തി വളരെ ഇല്ലാത്ത കാതോലിക്കോസിനെ ഹേമിച്ച് ഒപ്പിടുവിക്കയാണ് ചെയ്തതെന്നും, അതു കാരണം അദ്ദേഹത്തിനു അതിയായ മനഃപ്രയാസം ഉണ്ടായി എന്നും പരസ്യമായി. ‘പീലക്സിനോസ് മെത്രാച്ചനും, ദീവന്നാസ്യോസ് മെത്രാച്ചനും എന്നെ ചതിച്ചു’ എന്ന് അദ്ദേഹം പറഞ്ഞു. രണ്ടു മേല്‍പട്ടക്കാരുടെയും ദൃഷ്ടി മലങ്കരമെത്രാന്‍ – കാതോലിക്കോസ് – സ്ഥാനത്തില്‍ത്തന്നെ പതിഞ്ഞിരുന്നു എന്നുള്ളത് ‘പരസ്യമായ രഹസ്യ’മായിരുന്നതുകൊണ്ട് ജനങ്ങള്‍ക്ക് അദ്ദേഹം പറഞ്ഞത് ബോദ്ധ്യമാവാന്‍ പണിവന്നില്ല. മാത്രമല്ല ഇ. ജോണ്‍ ഫീലിപ്പോസും മറ്റും ചേര്‍ന്നു സൃഷ്ടിച്ചതും, ഇവിടെ കാതോലിക്കേറ്റ് സിംഹാസനം ആവശ്യമാണെന്നു വിശ്വസിച്ചു വന്നവര്‍ക്കു സ്വീകാര്യമല്ലായിരുന്നതും, പാത്രിയര്‍ക്കീസിനു പരമാധികാരം വകവച്ചു കൊടുക്കുന്നതും ആയ തിരുവനന്തപുരം വ്യവസ്ഥകളുടെ ശില്‍പികളില്‍ ഒരാള്‍ മാര്‍ പീലക്സിനോസായിരുന്നു എന്നു പരസ്യമായിരുന്നതുമാണ്. ‘ചിങ്ങവനം’ കഴിഞ്ഞ ഉടന്‍തന്നെ സഭകളുടെ ലോക കൗണ്‍സില്‍ സെക്രട്ടറി വിസാര്‍ട്ട് ഹൂഫ്റ്റ് കേരളം സന്ദര്‍ശിക്കുകയും, കാതോലിക്കോസിനെ കണ്ട് സംസാരിക്കുകയും ഉണ്ടായി. കാതോലിക്കോസിന്‍റെ പക്ഷത്തെ മെത്രാന്മാര്‍ വട്ടമേശ സമ്മേളനത്തില്‍ വെച്ച് അദ്ദേഹത്തെ ചതിച്ചു എന്ന് ഹൂഫ്റ്റ് മദ്രാസില്‍ വെച്ചു പറഞ്ഞു.
സമാധാനം പുനഃസ്ഥാപിക്കുന്നതിനു സൃഷ്ടിച്ച ‘ചിങ്ങവനം’ വ്യവസ്ഥകള്‍ പാത്രിയര്‍ക്കീസു സ്വീകരിക്കുന്നതിനു യൂലിയോസിന്‍റെ ശുപാര്‍ശകള്‍ ആവശ്യമാണ്. കാതോലിക്കോസ് അദ്ദേഹത്തെ ഒന്നു സന്ദര്‍ശിക്കുന്നതു കാര്യങ്ങള്‍ സുഗമമായി പുരോഗമിക്കുന്നതിനു സഹായിക്കും, അതുകൊണ്ട് അദ്ദേഹം മഞ്ഞനിക്കര വരെ ഒന്നു പോകണം എന്ന് ഡോ. പാലാമ്പടം പഴയ സെമിനാരിയില്‍ എത്തി നിര്‍ബന്ധിച്ചു.
കാതോലിക്കോസ്, സെക്രട്ടറിയും, രണ്ടു വൈദികരും ഒരുമിച്ച് മകരം 16-ാം തീയതി മാക്കാംകുന്നു വഴി മഞ്ഞനിക്കര എത്തി യൂലിയോസുമായി സംഭാഷണം നടത്തി. സമാധാനവ്യവസ്ഥകളെപ്പറ്റി സംസാരിച്ചില്ല. നമുക്കു ഹോംസില്‍ പോയി പാത്രിയര്‍ക്കീസിനെ കണ്ട് സംസാരിക്കാം, അപ്പോള്‍ എല്ലാ കുഴപ്പങ്ങളും തീര്‍ക്കാം എന്നു യൂലിയോസ് പറഞ്ഞു. ആപ്പില്‍ ചാടാതെ കാതോലിക്കോസ് കാപ്പികുടി കഴിഞ്ഞ് മടങ്ങി.
പിന്നീട് കുംഭം 19-ന് യൂലിയോസും, ഡോ. പാലാമ്പടവും കൂടി പഴയ സെമിനാരിയില്‍ എത്തി കാതോലിക്കോസിനെ കണ്ട് സമാധാന സ്ഥാപനത്തെപ്പറ്റി സംസാരിച്ചു. പാത്രിയര്‍ക്കീസീനെ കാണുന്നതിനു കാതോലിക്കോസിനെ ഹോംസിലേക്കു പോകാന്‍ സമ്മതിപ്പിക്കുന്നതിനായി ഒരു ശ്രമം കൂടി നടത്തി. താനും ചെല്ലാമെന്നും, കാര്യങ്ങള്‍ എല്ലാം ശരിപ്പെടുത്തി മടങ്ങിപ്പോരാമെന്നും യൂലിയോസ് കാതോലിക്കോസിനോട് പറഞ്ഞു. അതിമാനുഷനായ ഗീവറുഗീസ് ദീവന്നാസ്യോസിനെപ്പോലും പൊട്ടന്‍ തട്ടിച്ചതും, 1934-ല്‍ ഹോംസില്‍ പോയതും, സന്ധിവ്യവസ്ഥകള്‍ അവര്‍ക്കു തോന്നിയ തരത്തില്‍ എഴുതി ഉണ്ടാക്കി അതില്‍ ഒപ്പിടുവിക്കുന്നതിനു നടത്തിയ ശ്രമങ്ങളും ഭീഷണികളും ഓര്‍മ്മയുണ്ടായിരുന്ന കാതോലിക്കോസ് ‘വയസ്സായതുകൊണ്ട് ദീര്‍ഘയാത്ര ചെയ്യാന്‍ പ്രയാസമാണ്’ എന്നു പറഞ്ഞൊഴിഞ്ഞു’ (മലങ്കര നസ്രാണികള്‍, വാല്യം 5, പേജ് 344).
പാത്രിയര്‍ക്കീസ് ഭാഗത്തിനുവേണ്ടി ശക്തിയായി കേസു നടത്തിവന്ന അഡ്വ. കെ. പി. അബ്രഹാമിനെ പാത്രിയര്‍ക്കീസിന്‍റെ അടുക്കലേക്ക് അയച്ച് സമാധാന വ്യവസ്ഥകള്‍ക്ക് അന്തിമരൂപം നല്‍കാം എന്ന് ചിലര്‍ക്ക് ആഗ്രഹമുണ്ടായി. ഇവിടത്തെ സ്ഥിതിഗതികളെക്കുറിച്ച് കെ. പി. അബ്രഹാം ഹോംസില്‍ പോയി പാത്രിയര്‍ക്കീസിനെ അറിയിക്കണമെന്നുള്ള അഭിപ്രായം ഉയര്‍ന്നുവന്നു. ഡോ. പാലാമ്പടം, സി. ജെ. കുര്യന്‍റെ പുത്രന്‍ സി. പൗലോസ് എന്നിവര്‍ ഇതിന്‍റെ പുറകെ ഉണ്ടായിരുന്നു. എന്നാല്‍ പാത്രിയര്‍ക്കീസ് ഭാഗത്തെ ഗ്രിഗോറിയോസിനും, ദീവന്നാസ്യോസിനും മറ്റു ചിലര്‍ക്കും ഈ ഉദ്യമം തൃപ്തികരമല്ലെന്നു വെളിവായി. അതുകൊണ്ട് ആ ഉദ്യമം ഫലിച്ചില്ല. അബ്രഹാം നിരാശനായി പിന്‍മാറി.
(ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ: ചരിത്രവും സംസ്ക്കാരവും എന്ന ഗ്രന്ഥത്തില്‍ നിന്നും)