മാവേലിക്കര പടിയോല (1836)

ചേപ്പാട്ട് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിലും തൊഴിയൂര്‍ കുത്തൂരെ ഗീവറുഗീസ് മാര്‍ കൂറിലോസിന്‍റെ സഹകരണത്തിലും നടന്ന സഭയുടെ പൂര്‍ണ്ണ സുന്നഹദോസ് താഴെ വിവരിക്കുംപ്രകാരം തീരുമാനങ്ങള്‍ സ്വീകരിച്ചു. അതാണ് മാവേലിക്കര പടിയോല. പടിയോലയുടെ പൂര്‍ണ്ണരൂപം:

ബാവായും പുത്രനും റൂഹാദ്കുദിശായുമായ പട്ടാങ്ങപ്പെട്ട ഒരുവന്‍ തമ്പുരാന്‍റെ തിരുനാമത്താലെ, പള്ളികള്‍ ഒക്കെയുടേയും മാതാവായ അന്ത്യോഖ്യായുടെ പത്രോസിനടുത്ത സിംഹാസനത്തില്‍ മുഷ്ക്കരപ്പെട്ടിരിക്കുന്ന, ബാവാമാരുടെ ബാവായും തലവന്മാരുടെ തലവനുമായ മാര്‍ ഇഗ്നാത്തിയോസിന്‍റെ കൈവാഴ്ചകീഴില്‍ മലങ്കര യാക്കോബായ സുറിയാനിപ്പള്ളി ഇടവകയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും അനന്തിരവന്‍ കൂറിലോസ് മെത്രാപ്പോലീത്തായും തങ്ങളുടെ വിചാരത്തില്‍പ്പെട്ട അങ്കമാലി മുതലായ പള്ളികളുടെ വികാരിമാരും പട്ടക്കാരും ജനങ്ങളും കൂടി മശിഹാകാലം 1836-ക്ക് ചെന്ന കൊല്ലം 1011-ാമാണ്ട് മകര മാസം 5-ാം തീയതി തമ്പുരാനെപ്പെറ്റ കന്യാസ്ത്രീ അമ്മയുടെ നാമത്തിലുള്ള മാവേലിക്കര പള്ളിയില്‍ വച്ച് നിശ്ചയിച്ച് എഴുതിവച്ച പടിയോല.

കല്‍ക്കത്തായില്‍ ഏറ്റവും ബഹുമാനപ്പെട്ടിരിക്കുന്ന ലോര്‍ഡ് ബിഷപ്പ് ദാനിയേല്‍ സായിപ്പവര്‍കള്‍ കഴിഞ്ഞ വൃശ്ചിക മാസത്തില്‍ കോട്ടയത്തുവന്ന് മെത്രാപ്പോലീത്തായുമായി കണ്ടശേഷം നമ്മുടെ സുറിയാനിപ്പള്ളികളില്‍ നടന്ന് വരുന്ന കുര്‍ബ്ബാന, നമസ്കാരം മുതലായ പള്ളിക്രമങ്ങളിലും ചട്ടങ്ങളിലും ചില വ്യത്യാസങ്ങള്‍ വരുത്തി നടത്തണമെന്നും പറഞ്ഞാറെ എല്ലാ പള്ളിക്കാരുമായി വിചാരിച്ച് നിശ്ചയിച്ച് ബോധിപ്പിച്ച് കൊള്ളാമെന്നും പറഞ്ഞ സംഗതിക്ക്.

യാക്കോബായ സുറിയാനിക്കാരായ നാം അന്ത്യോഖ്യായുടെ പാത്രിയര്‍ക്കീസിന്‍റെ വാഴ്ചകീഴുള്‍പ്പെട്ടവരും അദ്ദേഹത്തിന്‍റെ കല്പനയാല്‍ അയക്കപ്പെട്ട മേല്പട്ടക്കാരാല്‍ നടത്തപ്പെട്ടിരിക്കുന്ന പള്ളിക്രമങ്ങളും ചട്ടങ്ങളും നടന്ന് വരുന്നതുമാകയാല്‍ ആയതിന് യാതൊരു വ്യത്യാസമെങ്കിലും വരുത്തി നമ്മുടെ പള്ളികളില്‍ നടക്കയും അവരവരുടെ പാത്രിയര്‍ക്കീസന്മാരുടെ അനുവാദം കൂടാതെ ഒരു മതക്കാരുടെ പള്ളിയില്‍ വേറൊരു മതക്കാര്‍ അര്‍പ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത് ഒരുത്തര്‍ക്കും അധികാരമില്ലായ്കയാല്‍, ആയതിന്‍വണ്ണം നടത്തിക്കുകയും ചെയ്യുന്നതിന് പാടില്ലാത്തതാകുന്നു. നമ്മുടെ പള്ളികള്‍ പാത്രിയര്‍ക്കീസിന്‍റെ കല്പനയാല്‍ അയക്കപ്പെട്ടിരിക്കുന്ന മേല്‍പ്പട്ടക്കാരുടെ സഹായത്താലും അതത് ഇടവകയിലുള്ള ജനങ്ങളുടെ മനസ്സാലും പണിയപ്പെട്ട് അവരുടെ വസ്തുക്കളാല്‍ അലങ്കരിക്കപ്പെട്ട് ആണ്ടുതോറും കാണിക്ക, വഴിപാട് മുതലായിട്ടുണ്ടാകുന്ന നടവരവുകള്‍ എന്നിവകളാല്‍ നടന്നുവരുന്നവയാകുന്നു. അന്ത്യോഖ്യയിലുള്ള പള്ളികളിലും ഇവിടെയും മറ്റു ദിക്കുകളിലുമുള്ള പള്ളികളിലും നടന്ന്വരുന്ന പ്രകാരം, നമ്മുടെ പള്ളികളുടെ കണക്കു നമ്മുടെ മേല്പട്ടക്കാരെ കേള്‍പ്പിക്കത്തക്കവണ്ണം ശട്ടംകെട്ടി നടന്നുവരുന്നതിന്‍വണ്ണം അല്ലാതെ വ്യത്യാസമായിട്ട് നടക്കുന്നതിനും നടത്തുന്നതിനും നമുക്ക് അധികാരവും സമ്മതവും ഇല്ല.
കൊല്ലം 983-ാമാണ്ട് കാലം ചെയ്ത വന്ദ്യ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായോട് ബഹു. കേണല്‍ മെക്കാളെ സായിപ്പവര്‍കള്‍ മൂവായിരം പൂവരാഹന്‍ കടം വാങ്ങി കടം മുറി എഴുതിയതും കൊടുത്തു പലിശപറ്റി വന്ന വകയില്‍ മുടങ്ങിക്കിടന്ന വട്ടിപ്പണം 992-ാം ആണ്ട് കാലംചെയ്ത മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ ഏറ്റവും ബഹു. കേണല്‍ മണ്‍റോ സായിപ്പവര്‍കളെ ബോധിപ്പിച്ച് കോട്ടയത്തു സിമ്മനാരി പണിയിച്ച് മുന്‍ അന്ത്യോഖ്യായില്‍ നിന്നു വന്നിരുന്ന മേല്പട്ടക്കാര്‍ കൊണ്ടുവന്നിരുന്ന വസ്തുക്കളും പാലമറ്റത്തറവാട്ടില്‍ കഴിഞ്ഞ മേല്‍പ്പട്ടക്കാരുടെ വസ്തുവകകളും സെമിനാരിയില്‍ വരുത്തി. ആ വകയിലും ഏതാനും ദ്രവ്യവും സുറിയാനി പൈതങ്ങള്‍ക്കു വേണ്ടി ധര്‍മ്മമായിട്ട് തമ്പുരാന്‍ തിരുമനസ്സു കൊണ്ട് കല്പിച്ചുതന്ന രൂപായും (കാണംവക) കൊണ്ട്, പഠിച്ചുവരുന്ന പൈതങ്ങളുടെ ചെലവ് കഴിക്കയും, അവരുടെ ധാരാളമായ കൃപകള്‍ കൊണ്ടു തന്നെ കോട്ടയത്ത് വന്നിരിക്കുന്ന ഏറ്റവും ബഹുമാനപ്പെട്ടിരിക്കുന്ന മിഷനറി സായിപ്പന്മാരവര്‍കള്‍, ഈ സെമിനാരിയില്‍ ഇംഗ്ലീഷ് മുതലായ ഭാഷകള്‍ പഠിപ്പിച്ച് കൃപയുള്ള പിതാക്കന്മാരെപ്പോലെ നമ്മുടെ പൈതങ്ങളെ രക്ഷിക്കുകയും സകല ജാതിക്കാര്‍ക്കും ഉപകാരത്തിനായിട്ട് പുസ്തകങ്ങള്‍ അച്ചടിപ്പിക്കുകയും നമ്മുടെ പള്ളികള്‍ നടന്നുവരുന്ന സുറിയാനി മര്യാദ പോലെ നടക്കുന്നതിന് സായിപ്പന്മാരവര്‍കള്‍ വേണ്ടുന്ന ഒത്താശകള്‍ ചെയ്യുകയും ആണ്ടുതോറും വരുവാനുള്ള വട്ടിപ്പണം മെത്രാപ്പോലീത്താ പറ്റുശീട്ടെഴുതിക്കൊടുത്തു വാങ്ങിച്ച് സെമിനാരിയില്‍ ഉള്‍പ്പെട്ട കാര്യങ്ങള്‍ വിചാരിക്കുകയും ജനങ്ങളുടെ അപേക്ഷപ്രകാരവും മേല്പട്ടക്കാരുടെ കര്‍ത്തവ്യപ്രകാരവും പട്ടംകൊടുക്കുകയും ചെയ്തുവരുമ്പോള്‍, മെത്രാപ്പോലീത്തായെ ബോധിപ്പിക്കാതെ, സെമിനാരിയില്‍പ്പെട്ട കാര്യങ്ങള്‍ നടത്തുകയും മെത്രാപ്പോലീത്തായുടെ പറ്റുശീട്ടിന്‍പ്രകാരം വാങ്ങിക്കുന്ന വട്ടിപ്പണം സായിപ്പന്മാര്‍ തന്നെ ചെലവിടുകയും, പഠിച്ച് പാര്‍ത്തിരുന്ന ശെമ്മാശന്മാരെ സിമ്മനാരിയില്‍ നിന്ന് പിരിച്ച് അയക്കുകയും നമ്മുടെ വക മര്യാദയ്ക്ക് വിരോധമായിട്ട് വിചാരിക്കുകയും തമ്മില്‍ ഛിദ്രങ്ങളെ ഉണ്ടാക്കുകയും ചെയ്തുവരുന്നതു ഏറ്റവും സങ്കടകരവും ബുദ്ധിമുട്ടും ആയിത്തീര്‍ന്നിരിക്കുന്നതിനാലെ, എന്നേക്കും ഭാഗ്യം നിറയപ്പെട്ടവളും ശുദ്ധമാക്കപ്പെട്ടവളും വാഴ്ത്തപ്പെട്ടവളും ആവലാതി ഒക്കെയില്‍ നിന്നും തണുപ്പിക്കുന്നവളുമായ തമ്പുരാനെപ്പെറ്റ അമ്മയുടെ നമസ്കാരത്താലെയും ശുദ്ധമാകപ്പെട്ടവരുടെ നമസ്കാരങ്ങളാലെയും നാം രക്ഷപ്പെടേണ്ടതിന് സ്തുതിചൊവ്വാകപ്പെട്ട യാക്കോബായ സുറിയാനിക്കാരുടെ പഠിത്തത്തിലും ക്രമവിശ്വാസത്തിലുമല്ലാതെ വേറെ യാതൊരു പഠിത്തവും ക്രമവിശ്വാസവും നമ്മള്‍ അനുസരിച്ചുകൊള്ളുന്നില്ല. ഇവ മേല്‍ ബാവായും പുത്രനും റൂഹാദ്കുദിശായും സാക്ഷ്യം. ആമ്മീന്‍

(ഓര്‍ത്തഡോക്സ് സെമിനാരി 175-ാം വാര്‍ഷിക സുവനീര്‍, 1990, പുറം 39-41).