വട്ടിപ്പണം സംബന്ധിച്ച ഒരു കത്ത് (1809)

പുത്തന്‍കൂറു സുറിയാനി പള്ളികളില്‍ ബഹുമാനപ്പെട്ട മാര്‍ത്തോമ്മാ മെത്രാന്‍ അവര്‍കളെ കേള്‍പ്പിപ്പാന്‍ മഹാരാജശ്രീ കര്‍ണ്ണല്‍ മെക്കാളി സായിപ്പ് അവര്‍കള്‍ കല്പനയ്ക്കു എഴുതുന്നത് എന്തെന്നാല്‍:

അങ്ങേ കീഴിലുള്ള പള്ളികളിലെ മനോഗുണ പ്രവൃത്തി ചിലവ് വകേയ്ക്കു ബഹുമാനപ്പെട്ട കമ്പനിയില്‍ മൂവ്വായിരം പൂവരാഹന്‍ പലിശയ്ക്കിട്ടിരിയ്ക്കുന്നതിന് ആണ്ടുതോറും 240 വരാഹന്‍ വീതം പലിശ കൂടുന്നത് തിരുവിതാംകൂര്‍ റസിഡണ്ടു സായ്പ്പ് അവര്‍കളുടെ ഖജനാവില്‍ നിന്ന് രണ്ടു പറ്റ് ശീട്ട് എഴുതി ക്കൊടുത്തു പലിശ വരാഹന്‍ 240 ഉം വാങ്ങിച്ചുകൊള്ളുവാനുള്ളതാകകൊണ്ട് ഇതോടു കൂടി രണ്ടു പറ്റുശീട്ട് അയച്ചിരിക്കുന്നതില്‍ അങ്ങേ കൈ ഒപ്പിട്ടു കൊച്ചിയില്‍ ഖജനാ സറാപ്പ് മാധ പൈയ്ക്കു കൊടുത്തയച്ച് മേല്‍ പ്രകാരം പലിശ വാങ്ങിച്ചുകൊള്ളുകയും വേണം. കമ്പിനിയില്‍ മുതല്‍ ഇട്ടിരിക്കുന്നത് പള്ളിക്കണക്കില്‍ ധനു മാസം 1-ന് ആകയാല്‍ പറ്റുശീട്ടുകളിലും ആ തീയതി തന്നെ ചേര്‍ത്തിരിക്കുന്നു. പറ്റുശീട്ടുകള്‍ കൊടുത്തയച്ച് പലിശ വരാഹന്‍ ഇരുനൂറ്റിനാല്പതും സരാപ്പിനോട് വാങ്ങിക്കുന്ന അവസ്ഥക്കും വേണ്ടും കാര്യങ്ങള്‍ക്കും എഴുതി വരുവാറാകയും വേണം.

ഈ ചെയ്തിയ്ക്കു എഴുതിയത് റയിട്ടര്‍ ജാഞ്ചി തുപ്പാശി അനന്തപത്മനാഭന്‍ പൂന്തുറയില്‍ നിന്നും,

1809-ന് കൊല്ലം 985 വൃശ്ചികം 20-ന്.

(1869-ല്‍ പ്രസിദ്ധീകരിച്ച ഇട്ടൂപ്പ് റൈട്ടറുടെ ‘മലയാളത്തുള്ള ക്രിസ്ത്യാനികളുടെ സഭാചരിത്രം’ എന്ന ഗ്രന്ഥത്തില്‍ നിന്നും)

വട്ടിപ്പണത്തെക്കുറിച്ച് / ഇടവഴിക്കല്‍ ഫീലിപ്പോസ് കോറെപ്പിസ്ക്കോപ്പാ

വട്ടിപ്പണത്തെക്കുറിച്ച് റസിഡണ്ട് ഓഫീസില്‍ നിന്നും അയച്ച ഒരു കത്ത് (1870)