വട്ടിപ്പണത്തെക്കുറിച്ച് / ഇടവഴിക്കല്‍ ഫീലിപ്പോസ് കോറെപ്പിസ്ക്കോപ്പാ

35. രണ്ടാം പുസ്തകത്തില്‍ 48 മത് ലക്കത്തില്‍ പറയുന്നപ്രകാരം ആ തീര്‍പ്പ് അനുസരിച്ച് സായിപ്പന്മാരുടെ ഇഷ്ടപ്രകാരം കിട്ടുന്ന ഉറുപ്പികയും മുടങ്ങി കിടക്കുന്ന വകയില്‍ കിട്ടുന്ന വട്ടിപ്പണവും മിഷനറികളുടെ ആഗ്രഹപ്രകാരം തള്ളി കിട്ടുന്നത് എത്രയുണ്ടെന്നാല്‍ അത് കൈക്കലാക്കണമെന്നു പാലക്കുന്നന്‍ നിശ്ചയിച്ചു. ഇതിനു മുമ്പ് 1868 ധനു മാസത്തില്‍ കോട്ടയത്തു വന്നിരുന്ന മദ്രാസ് ബിഷപ്പ് അവര്‍കളുമായി സുറിയാനിവേദം കെടുത്താമെന്നുള്ള ആഗ്രഹത്തുംപേരില്‍ ആലോചിച്ചു പിരിയുകയും അതിനെപ്പറ്റി റസിഡണ്ട് ജി. എ. ബല്ലാര്‍ഡ് സായ്പ് അവര്‍കള്‍ 1869-ല്‍ തുലാ മാസത്തില്‍ കോട്ടയത്തു വന്നിരുന്നപ്പോള്‍ പാലക്കുന്നന്‍റെ പക്ഷത്തില്‍ അധിക പള്ളിക്കാര്‍ ഉണ്ടെന്നു ബോധ്യപ്പെടുത്തുവാന്‍ മുമ്പുകൂട്ടി പള്ളികള്‍ക്കു എഴുതി അയച്ചു അതാതു പള്ളികളില്‍ അയാള്‍ക്കു സ്വാധീനമുള്ളവരെ വരുത്തി അവരും അയാളും ഒരുമിച്ച് ഈ മാസം 12-നു സായിപ്പിനെ ചെന്നു കണ്ടു പണം കൊടുക്കുന്നതിനു പള്ളിക്കാര്‍ സമ്മതിച്ചിരിക്കുന്നുയെന്നും മറ്റും ബോധിപ്പിച്ചു പിരികയും ചെയ്തു. തെക്കരില്‍ വീണന്മാരും അയാളുടെ പകപ്പില്‍ ഇഷ്ടമുള്ളവരും കൂടിയതല്ലാതെ കൊള്ളാവുന്നവരും മുഖ്യന്മാരും വന്നിട്ടില്ലാഞ്ഞു. വടക്കേ ദിക്കില്‍ നിന്നും അല്പം ആളുകള്‍ മാത്രമേ വന്നിട്ടുണ്ടായിരുന്നുള്ളു. ഉടന്‍ സായ്പ് അവര്‍കള്‍ പുറപ്പെട്ടു സര്‍ക്കീട്ടായി മൂവാറ്റുപുഴ എത്തിയപ്പോള്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും വളരെ പട്ടക്കാരും ജനങ്ങളും കൂടി 17-നു സായ്പിനെ കണ്ടു അവിടെ വച്ച് സായ്പിന്‍റെ സര്‍ക്കീട്ട് യാത്രയില്‍ 29-നു കുന്നംകുളങ്ങരെ വളരെ ആളുകള്‍ കൂടി അവിടെ വച്ച് പാലക്കുന്നന്‍ മുഖാന്തിരം പണം കൊടുക്കുന്നത് സങ്കടമെന്നും അയാള്‍ വേദവിരോധിയെന്നും സായിപ്പിനെ ബോധിപ്പിക്കയും ഹര്‍ജികള്‍ കൊടുക്കയും ചെയ്തു. ഈ വക മുതല്‍ പാലക്കുന്നന്‍ മുഖാന്തിരം കൊടുത്ത് നശിപ്പു വരുത്തുന്നതിനു രണ്ടാം പുസ്തകത്തില്‍ അഞ്ചാമത് ലക്കത്തില്‍ പറയുന്ന ബേക്കര്‍ സായിപ്പിന്‍റെ മകന്‍ കോട്ടയത്തു പാര്‍ക്കുന്ന മിഷണറി ഹെന്‍റി ബേക്കര്‍ പാതിരി വളരെ താല്‍പര്യവും വേലയും ചെയ്തുവരുന്നു. മേലെഴുതിയിരിക്കുന്നപ്രകാരം കോട്ടയത്തു വച്ച് പാലക്കുന്നന്‍ സായിപ്പിനെ കണ്ട സമയം ഞാനും മേല്‍ 14 മത് ലക്കത്തില്‍ പറയുന്ന എരുത്തിക്കല്‍ കൊച്ചു മര്‍ക്കോസ് കത്തനാരും കൂടെ ചെന്നു സായിപ്പിനെ കണ്ടു പാലക്കുന്നന്‍ സുറിയാനി വേദത്തിനും പാത്രിയര്‍ക്കീസിനും വിരോധിയെന്നും മറ്റും ചുരുക്കത്തില്‍ ബോധിപ്പിക്കയും അതിനു സാക്ഷിയായ മേല്‍ ലക്കത്തില്‍ പറയുന്ന സിറിയന്‍ ക്രിസ്ത്യന്‍സ് ഓഫ് മലബാര്‍ എന്ന പുസ്തകം വായിപ്പാന്‍ സായ്പിനു ഞാന്‍ കൊടുക്കുകയും സായിപ്പ് വടക്കു നിന്നും തിരികെ കോട്ടയത്തു വന്ന സമയം ഞാന്‍ അപേക്ഷിച്ചിരുന്നപ്രകാരം ആ പുസ്തകം തിരികെ തരികയും ചെയ്തിരിക്കുന്നു. ഞങ്ങള്‍ സായിപ്പിനെ കാണ്മാന്‍ പോയ സമയം കോട്ടയത്തുള്ള കത്തങ്ങളില്‍ ഒരുത്തരും ഞങ്ങളോടുകൂടെ പോരുവാന്‍ ഉണ്ടായില്ല. ജനങ്ങളില്‍ പലരും സന്തോഷത്തോടെ ഞങ്ങളുടെ പിന്നാലെ വന്നിരുന്നു. എങ്കിലും പാലക്കുന്നനെ ഭയന്ന് ഒരുത്തനും അയാള്‍ക്കു വിരോധമായി സായിപ്പിനെ ബോധിപ്പിച്ചില്ല.

38. മേല്‍ 25 മത് ലക്കത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം ബോധിപ്പിച്ചിട്ടും ശുപാര്‍ശ മുഖാന്തിരം നേരും ന്യായവും വിട്ട് സെമിനാരി വക പണം പാലക്കുന്നന്‍ മുഖാന്തിരം കൊടുക്കുന്നതിനു ഉത്തരവുണ്ടാവുകയും ചെയ്തു. ഇതിനെപ്പറ്റി ഞാന്‍ ബോധിപ്പിച്ച ഹര്‍ജിക്കു വന്ന മറുപടിക്കു പകര്‍പ്പ്.

66. മേല്‍ 48 മത് ലക്കത്തിലും 43 മത് ലക്കത്തിലും പറഞ്ഞിരിക്കുന്നപ്രകാരമുള്ള സുറിയാനിക്കാരുടെ പഴയ മുതലില്‍ 3000 പൂവിരാകന്‍ നീക്കി ശേഷം മുതല്‍ ഒക്കെയും ആലപ്പുഴ ബാങ്കില്‍ കൊടുത്തിരുന്നത് പാലക്കുന്നനു കൊടുക്കയും ചെയ്തു.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)