പ. യാക്കോബ് ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ ഒരു കത്ത്

ഇടവഴിക്കല്‍ ഫീലിപ്പോസ് കോറെപ്പിസ്ക്കോപ്പാ

29. മുന്‍ എട്ടാമത്, 11 മത് ലക്കങ്ങളില്‍ പറയുംപ്രകാരം ഞാന്‍ പാത്രിയര്‍ക്കീസ് ബാവായ്ക്കു എഴുതി അയച്ച കത്തുകള്‍ക്കു ഒരു മറുപടിയും വരാഴികയാല്‍ വിഷാദിച്ചിരിക്കുമ്പോള്‍ ആമ്മീദുകാരന്‍ യാക്കോബ് എന്ന ശെമ്മാശും അയാളുടെ മകന്‍ യോഹന്നാന്‍ എന്നവനും കൂടെ ധര്‍മ്മശേഖരത്തിനായി പാത്രിയര്‍ക്കീസ് ബാവായുടെ കല്പനയോടും കൂടെ മലയാളത്തു വരികയും വടക്കേ പള്ളികളില്‍ സഞ്ചരിച്ചു ധര്‍മ്മം ശേഖരിക്കുകയും ചെയ്തുംവച്ചു 1869 മേടം 9-നു ഇവര്‍ കോട്ടയത്തു വരികയും പാത്രിയര്‍ക്കീസ് ബാവായും മൂസല്‍കാരും എനിക്കായിട്ടു ഇവരുടെ പക്കല്‍ കൊടുത്തയച്ചിരുന്ന എഴുത്തുകള്‍ രണ്ടും എനിക്കു തരികയും ചെയ്തു.

അതില്‍ പാത്രിയര്‍ക്കീസ് ബാവായുടെ രൂമ്മോസ് എന്ന തിരു എഴുത്തിനു പകര്‍പ്പ്.

ആദ്യന്തമില്ലാത്തവനായി സകലവല്ലഭനായി കാതല്‍ത്വം തിങ്ങപ്പെട്ടിരിക്കുന്ന കാതലിന്‍റെ തിരുനാമത്താലെ അന്ത്യോഖ്യായുടെ ശ്ലീഹായ്ക്കടുത്ത സിംഹാസനത്തിന്‍റെ രണ്ടാമത്തെ യാക്കോബ് എന്നു പേരുള്ള ബലഹീനനായ ഇഗ്നാത്യോസ് പാത്രിയര്‍ക്കീസ്.

ദൈവകൃപയും ആകാശത്തിലെ വാഴ്വും സെഹിയോന്‍ മാളികയില്‍ വച്ചു നമ്മുടെ കര്‍ത്താവീശോ മശിഹാ ശുദ്ധമുള്ള തന്‍റെ ശ്ലീഹന്മാര്‍ക്കു കൊടുത്തതും അവരുടെ ഹൃദയങ്ങളെ ശരണംകൊണ്ടും ആശ്വാസംകൊണ്ടും നിറച്ചു അശുദ്ധ ആത്മാക്കള്‍ മേല്‍ ശക്തിയോടെ അവരെ അധികാരപ്പെടുത്തുകയും അവരു മുഖാന്തിരം അടയാളങ്ങളും പ്രത്യക്ഷങ്ങളും നടത്തുകയും ചെയ്തതുമായ ആ ദൈവസമാധാനവും കര്‍ത്താവിന്‍റെ നിരപ്പും വന്നു നമ്മുടെ ആത്മപുത്രനായ വാഴ്ത്തപ്പെട്ട കോറി ഫീലിപ്പോസിന്‍റെമേലും അവന്‍റെ ഭവനത്തുമ്മേലും അവനു ചേര്‍ന്നു അവനോടു ദയവു ചെയ്യുന്ന എല്ലാവന്‍റെമേലും പാര്‍ത്തു ആവസിക്കുമാറാകട്ടെ. അത് തമ്പുരാനെപെറ്റമ്മയുടെയും എല്ലാ ശുദ്ധമുള്ളവരുടെയും വാഴ്ത്തപ്പെട്ട സഹദേന്മാരുടെയും നമസ്കാരത്താലെ ആമ്മീന്‍.

നിന്‍റെ സ്നേഹത്തോടു നാം കല്പിക്കുന്നത് എന്തെന്നാല്‍, ഒന്നാമത് വാഴ്വിന്‍റെ ഈ ചുരുങ്ങിയ അക്ഷരങ്ങള്‍ നിനക്കു എഴുതുന്ന കാരണം നിങ്ങളെ കാണ്മാനുള്ള അധിക ആഗ്രഹം കൊണ്ടാകുന്നു. രണ്ടാമത്, ഒന്നാമതും രണ്ടാമതുമായി അയച്ച നിന്‍റെ കത്തുകള്‍ നമുക്കു കിട്ടി. നാം അവയെ വായിച്ചു അവയുടെ സാരം ഗ്രഹിച്ചപ്പോള്‍ നമ്മുടെ പുത്രനും നിന്‍റെ പിതാവുമായ കശീശാ ഫീലിപ്പോസ് ഈ ലോക ആയുസില്‍ നിന്നു വാങ്ങിയതിനെക്കുറിച്ച് നമുക്കു വളരെ ദുഃഖവും മനോവിഷാദവും ഉണ്ടായി. പ്രിയമുള്ള നമ്മുടെ പുത്രാ, നാം എന്തു ചെയ്യാം. പിതാവായ ആദവും സകല നിര്‍മ്മിക്കപ്പെട്ടവരും കുടിച്ചതായ ഈ കാസായെ കുടിപ്പാന്‍ നാം എല്ലാവരും ആയിസ്തപ്പെട്ടിരിക്കുന്നു. ഈ ലോകം കടന്നുപോകുന്നു. ഒരുത്തനും അതില്‍ മറന്നു കിടക്കയില്ല. സ്ത്രീയില്‍ നിന്നു ജനിക്കപ്പെട്ട എല്ലാവനും ശവക്കുഴിയില്‍ പ്രവേശിപ്പാന്‍ ആയിസ്തപ്പെട്ടിരിക്കുന്നു. രാജാക്കന്മാരും പട്ടക്കാരും നിവ്യന്മാരും മരണത്തിന്‍റെ കാസായെ രുചി നോക്കി. മിശിഹായും അതിനെ രുചി നോക്കി നമ്മെ രക്ഷിച്ചു എന്ന് നമ്മുടെ സഭയുടെ പ്രകാശമായ ശുദ്ധമുള്ള മാര്‍ അപ്രേം പറഞ്ഞിരിക്കുന്നപ്രകാരം തന്നെ. ഇതിനാല്‍ എന്‍റെ മകനേ, എല്ലാവനു വേണ്ടിയും അവന്‍റെ ഇഷ്ടത്താല്‍ മരണത്തെ അവന്‍ രുചി നോക്കി എന്ന് ശ്ലീഹാ പറഞ്ഞിരിക്കുന്നതിന്മണ്ണം സകല സൃഷ്ടിപ്പിന്‍റെയും കര്‍ത്താവില്‍ നാം ശോധന ചെയ്താല്‍ ഈ ജന്മത്തില്‍ നിന്നു വേര്‍പിരിയുന്നതിനെക്കുറിച്ചു സങ്കടപ്പെടുവാന്‍ നമുക്കു മുറയില്ല. ഈ മരണം മരണമല്ല. എന്തെന്നാല്‍ പ്രിയമുള്ളവരെ, ഈ മരണം ഉറക്കമാകുന്നു എന്ന് പൗലൂസ് ശ്ലീഹാ പറഞ്ഞിരിക്കുന്നു. രണ്ടാമത്തേത് എന്ന് പേരുള്ള മറ്റെ മരണത്തെ നാം രുചി നോക്കാതെയിരിപ്പാനായിട്ടു കര്‍ത്താവിനോടു നാം നമസ്കരിച്ചു പ്രാര്‍ത്ഥിക്കണമെന്നു ശുദ്ധമാന പള്ളിയുടെ മല്പാന്‍ കൂടെയും പറയുന്നു. എന്നാല്‍ ഇപ്പോള്‍ നമ്മുടെ കര്‍ത്താവും ദൈവവുമായ ഈശോമിശിഹാ ധാരാളമുള്ള തന്‍റെ അനുഗ്രഹങ്ങളാല്‍ നിന്‍റെ പിതാവിന്‍റെ പാപങ്ങളെ മായിച്ചു കളവാനായിട്ടും അവന്‍റെ അറ്റകുറ്റങ്ങളെ അവനോടു ഓര്‍ക്കാതെ ഇരിപ്പാനായിട്ടും അവരുടെ നല്ല പ്രവൃത്തികളാല്‍ അവരുടെ കര്‍ത്താവിനു ഇഷ്ടന്മാരാകയും യോജിക്കപ്പെടുകയും ചെയ്തിട്ടുള്ള നീതിമാന്മാരോടും പുണ്യവാളന്മാരോടും കൂടെ അബ്രഹാമിന്‍റെ മടിയില്‍ അഹറോന്നടുത്ത പട്ടക്കാരുടെ അണികളില്‍ അവനെ എണ്ണുവാനായിട്ടും നാം അപേക്ഷിക്കയും പ്രാര്‍ത്ഥിക്കയും ചെയ്യുന്നു.

പിന്നെയും എന്‍റെ മകനേ, നിന്‍റെ ശരീര രോഗത്തെകുറിച്ച് നമുക്ക് ദുഃഖമുണ്ട്. ഇതും ദൈവകൃപയാല്‍ ആകുന്നു. എന്തെന്നാല്‍ പിതാവ് തനിക്കു സ്നേഹമുള്ള പുത്രനെ ശിക്ഷിക്കുന്നുവല്ലോ. ഇതിനാല്‍ ചഞ്ചലം കൂടാതെ ആശ കൊണ്ടും ധൈര്യം കൊണ്ടും നിന്നെത്തന്നെ നീ ആശ്വസിപ്പിച്ചുകൊള്‍ക. എന്നാല്‍ നമ്മുടെ ഹൃദയത്തില്‍ നിന്നു നിന്നെ നാം മറന്നുപോയിരിക്കുന്നു എന്ന് നീ നിരൂപിക്കുന്നുണ്ടെന്നു നിന്‍റെ എഴുത്തില്‍ കാണുന്നു. ഛേ. അതില്ല. എന്‍റെ പുത്രാ, നമ്മുടെ ഹൃദയത്തില്‍ നിന്നു നിന്നെ വിട്ടിട്ടില്ല. എങ്കിലും നമ്മുടെ പുത്രനായ മെത്രാന്‍ യൗസേപ്പിന്‍റെ അവസ്ഥയെക്കുറിച്ച് നമ്മുടെ മനസ് അല്പം നൊമ്പരപ്പെട്ടിരിക്കുന്നു. അവന്‍ ചെയ്തിട്ടുള്ള വാഗ്ദത്തങ്ങളും മറ്റു യാതൊന്നും അവന്‍റെ വാക്കുകള്‍പോലെ പ്രവൃത്തിയാല്‍ നിവൃത്തിച്ചിട്ടില്ല. ഇപ്പോള്‍ അവനോടു നാം ക്ഷമിച്ചിരിക്കുന്നു. കാര്യം കഴിഞ്ഞു പോയാല്‍ പിന്നെ ഓര്‍പ്പാന്‍ മുറയില്ലയോ. അവന്‍റെ ഹൃദയ സമാധാനത്തിനായിട്ട് ഈ തവണ വാഴ്വിന്‍റെ ലേഖനം അവനു നാം എഴുതിയിരിക്കുന്നു. എന്‍റെ പുത്രാ, നിന്നെക്കുറിച്ച് നമ്മുടെ ഹൃദയത്തില്‍ വല്ലതും നാം കരുതിയിട്ടുണ്ടെന്നു നീ വിചാരിക്കയും നിരൂപിക്കയും അരുത്. നമ്മുടെ ഹൃദയം നിന്‍റെ സ്നേഹത്തില്‍ വളരെ കൗസുഖപ്പെട്ടിരിക്കുന്നു. ഇതിനാല്‍ നിന്‍റെ ഹൃദയം കൗസുഖപ്പെടുവാനായിട്ടും നിന്‍റെ മനസു സമാധാനപ്പെടുവാനായിട്ടും വാഴ്വിന്‍റെ ഈ അക്ഷരങ്ങള്‍ നിനക്കു നാം എഴുതിയിരിക്കുന്നു. എന്തെന്നാല്‍ നിന്‍റെ സ്നേഹം നമ്മുടെ ഹൃദയത്തില്‍ സ്ഥാപിച്ചിരിക്കുന്നു. ജഡത്തില്‍ നാം ദൂരെ ആകുന്നു എങ്കിലും ആത്മാവില്‍ നാം സമീപെ ഉണ്ട്. ഒരിക്കലും പ്രത്യേകം നമസ്കാര സമയത്തും ദൈവപൂജയാകുന്ന കുര്‍ബാന സമയത്തും നിന്നെ നാം മറന്നുപോകുന്നില്ല. പിന്നെയും കര്‍ത്താവായ ഈശോമശിഹാ ആത്മാവിന്‍റെയും ശരീരത്തിന്‍റെയും സ്വസ്ഥത നിങ്ങള്‍ക്കു തരണമെന്നും നിങ്ങളുടെ കടങ്ങളെ പുണ്യമാക്കി നിങ്ങളുടെ കുറ്റങ്ങളെ ക്ഷമിക്കണമെന്നും നിങ്ങളുടെ മരിച്ചവരെ അനുകൂലമാക്കി എന്‍റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരെ നിങ്ങള്‍ വന്നു ലോകത്തിന്‍റെ അടിസ്ഥാനത്തിനു മുമ്പ് നിങ്ങള്‍ക്ക് ഒരുക്കപ്പെട്ടിരിക്കുന്ന മോക്ഷം അനുഭവിച്ചുകൊള്‍വീന്‍ എന്നു വലത്തുഭാഗത്തുള്ളവരോടു അരുളിചെയ്യുന്ന സന്തോഷമുള്ള ശബ്ദം നിങ്ങളെയും അവരെയും കേള്‍പ്പിക്കണമെന്നും നാം പ്രാര്‍ത്ഥിക്കുന്നു. തമ്പുരാനെപെറ്റ അമ്മയുടെയും എല്ലാ ശുദ്ധമുള്ളവരുടെയും വാഴ്ത്തപ്പെട്ട സഹദേന്മാരുടെയും നമസ്കാരത്താലെ തന്നെ. നമ്മുടെ കര്‍ത്താവീശോമശിഹായുടെ കൃപ നിന്‍റെ ആത്മാവോടുകൂടെ ഉണ്ടായിരിക്കട്ടെ. ആമ്മീന്‍.

ആകാശത്തിലുള്ള ഞങ്ങളുടെ ബാവാ. ശേഷം +

നമ്മുടെ ആത്മപുത്രനും ഈ ലേഖനത്തിന്‍റെ കൈപ്പടക്കാരനും ആയ റമ്പാന്‍ തേവോദോലോസ് നിങ്ങളുടെ സമാധാനം ചോദിക്കുന്നു. മിശിഹാകാലം 1868 മത് മീന മാസം 10-നു. മര്‍ദീന്‍ പട്ടണത്തില്‍ അന്ത്യോഖ്യായുടെ ശ്ലീഹായ്ക്കടുത്ത സിംഹാസനത്തിന്‍റെ ദയറാ ആകുന്ന കുര്‍ക്കുമായുടെ ദയറായില്‍ നിന്നും ഈ ലേഖനം എഴുതപ്പെട്ടു.

30. മേല്‍ പറഞ്ഞിരിക്കുന്ന ശെമ്മാശ് യാക്കോബ് കൊണ്ടുവന്നിരുന്ന കത്തുകള്‍ക്കു മറുപടി പാത്രിയര്‍ക്കീസ് ബാവായ്ക്കും മൂസല്‍കാര്‍ക്കും 1869 മത് മിഥുന മാസം 8-നു ഞാന്‍ എഴുതി തപാല്‍വഴി അയച്ചിരിക്കുന്നു.

………

32. പിന്നെയും 1869 മത് മിഥുനം 18-നു ഞാന്‍ ഒരു കത്ത് എഴുതി പാത്രിയര്‍ക്കീസ് ബാവായ്ക്കു തപാല്‍ വഴി അയച്ചിരിക്കുന്നു. ക്നായി തൊമ്മന്‍ കൊടുങ്ങല്ലൂര്‍ വന്ന് ഇറങ്ങിയതു മുതല്‍ കോതമംഗലത്ത് അടങ്ങിയ മഫ്രിയാനാ വന്നതുവരെ അന്ത്യോഖ്യായില്‍ നിന്നും വന്നിട്ടുള്ള ബാവാന്മാരുടെ സൂക്ഷ്മ വിവരം ഇവിടെ ഇല്ലാഴികയാല്‍ ആയതു അവിടത്തെ കണക്കില്‍ നോക്കി എഴുതി കൊടുത്തയയ്ക്കണമെന്നും മറ്റും അത്രെ പ്രധാനമായി ആ എഴുത്തില്‍ ഞാന്‍ അപേക്ഷിച്ചിരിക്കുന്നത്.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)