ഇസ്സഡ്. എം. പാറേട്ട്: ചരിത്രത്തിന്‍റെ ഇതിഹാസകാരന്‍ / ഡോ. എം. കുര്യന്‍ തോമസ്

മഹാഭാരത യുദ്ധകാലത്ത് നേര്‍ക്കുനേര്‍ പൊരുതുന്ന പുത്രന്മാരുടെയും സഹോദരപുത്രന്മാരുടെയും വിവരമറിയാന്‍ ആകാംക്ഷയോടെ ഇരിക്കുന്ന അന്ധനായ ധൃതരാഷ്ട്രര്‍ക്ക്, കൊട്ടാരത്തില്‍ തന്‍റെ സമീപത്തിരുന്നുകൊണ്ട് അടര്‍ക്കളത്തിലെ ഓരോ ചലനവും കാണാന്‍ കഴിയുന്ന പ്രത്യേക വരം ലഭിച്ച ഒരു സഹായിയെ ലഭിച്ചു: സഞ്ജയന്‍. അവിടുത്തെ ഓരോ ചലനവും വളച്ചുകെട്ടില്ലാതെ സത്യസന്ധമായി ധൃതരാഷ്ട്രര്‍ക്ക് വിവരിച്ചു കൊടുത്തു അദ്ദേഹം.

മലങ്കരസഭാചരിത്രത്തില്‍ ഇസ്സഡ്. എം. പാറേട്ടിന്‍റെ സ്ഥാനം സഞ്ജയനു തുല്യമാണ്. മലങ്കരസഭാചരിത്രത്തില്‍ അജ്ഞതാന്ധരായ മാര്‍ത്തോമായുടെ മക്കളെ അവരുടെ രണ്ടു സഹസ്രാബ്ദക്കാലം നീണ്ട നിലനില്‍പ്പിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും സമരകഥ യഥാതഥമായി പറഞ്ഞു കേള്‍പ്പിച്ച് ഇതിഹാസ പുരുഷനായി മാറിയ ഇസ്സഡ്. എം. പാറേട്ടിന് മറ്റൊരു വിശേഷണവും യോജിക്കയില്ല. ശക്തമെങ്കിലും ചരിത്രപരമായ പിന്‍ബലം കുറവായിരുന്ന മാര്‍ത്തോമ്മാ നസ്രാണികളുടെ ഇതിഹാസത്തെ ശ്രമകരവും ശ്രദ്ധാപൂര്‍ണവുമായ പരിശ്രമത്തിലൂടെ ലോകമെമ്പാടും ചിതറിക്കിടന്നിരുന്ന ചരിത്രശകലങ്ങളെ കൂട്ടിച്ചേര്‍ത്ത് സുദൃഢവും നിര്‍വിഘ്നവുമായ ഒരു ചരിത്രധാരയായി മാറ്റിയ വ്യക്തി എന്ന നിലയിലാണ് ഭാവിതലമുറ പാറേട്ടിനെ ഓര്‍ക്കുവാന്‍ പോകുന്നത്.

മഹാഭാരതത്തില്‍ തന്നെ മറ്റൊരു കഥാപാത്രമുണ്ട്. തലമുറകള്‍ കണ്ട ഭീഷ്മാചാര്യര്‍. ആ ബഹുമതിയും ഇസ്സഡ്. എം. പാറേട്ടിനു യോജിക്കും. രണ്ട് മലങ്കര മെത്രാപ്പോലീത്താമാരുടെയും അഞ്ചു പൗരസ്ത്യ കാതോലിക്കാമാരുടെയും ഭരണം അടുത്തുനിന്നും അകത്തു നിന്നും കണ്ട എട്ടു ‘മലങ്കരയുദ്ധ’ങ്ങളുടെ ഉള്ളു കണ്ട, ആ സമരങ്ങളുടെ മുന്നണിപോരാളികളുമായി വ്യക്തിബന്ധമുണ്ടായിരുന്ന അദ്ദേഹത്തിന് 20-ാം നൂറ്റാണ്ടിലെ സഭാചരിത്രം കേട്ടറിവായിരുന്നില്ല; കണ്ടറിവായിരുന്നു.

എന്താണ് ഇസ്സഡ്. എം. പാറേട്ടിന്‍റെ സംഭാവന? അദ്ദേഹം രചിച്ച ഇരുപതോളം നോവലുകളോ, രഹസ്യരേഖാ ശാസ്ത്രമോ നാലു ചരിത്രാഖ്യായികകളോ പൗരപ്രഭ പത്രമോ അല്ല. ഇവയൊക്കെയും മലയാള സാഹിത്യ ചരിത്രത്തില്‍ അനുസ്മരിക്കപ്പെടും. എന്നാല്‍ കഥാപുരുഷന്‍ ചരിത്രത്തില്‍ സ്ഥിരപ്രതിഷ്ഠ നേടുന്നത് പത്തു വാല്യങ്ങളിലായി സംഗ്രഹിച്ച മലങ്കര നസ്രാണികളുടെ മഹത്തായ ചരിത്രത്തിന്‍റെ (മലങ്കര നസ്രാണികള്‍) രചയിതാവ് എന്ന നിലയിലാണ്.

മലങ്കരസഭാചരിത്രകാരനാകത്തക്കവിധം ശക്തമായ ഒരു പശ്ചാത്തലത്തിലേക്കാണ് അദ്ദേഹം ജനിച്ചു വീണത്. പുതുപ്പള്ളിയിലെ പുരാതനപ്രശസ്തമായ വല്യപാറേട്ടു വീട്ടില്‍ മാത്തുവിന്‍റെ പുത്രനായി കറിയാക്കുട്ടി എന്ന സഖറിയാ മാത്യു പാറേട്ട് 1890-ല്‍ ജനിച്ചു. പിതാവ് മാത്തു നവീകരണക്കാരുമായുള്ള പോരാട്ടത്തില്‍ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസിന്‍റെ വലംകൈയും അദ്ദേഹത്തിന്‍റെ പിന്‍ഗാമി മലങ്കരസഭാ ഭാസുരന്‍ വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസിന്‍റെ വിശ്വസ്തനുമായിരുന്നു (പഴയസെമിനാരിയുടെ സുരക്ഷിതത്വം അപകടത്തിലായപ്പോള്‍ മലങ്കരയുടെ വിലപ്പെട്ട മുതലുകളും രേഖകളും വര്‍ഷങ്ങളോളം സൂക്ഷിക്കുവാന്‍ സഭാഭാസുരന്‍ കണ്ടെത്തിയത് വലിയപാറേട്ടു വീട്ടിലെ അറയ്ക്കകമായിരുന്നു). ജേഷ്ഠ സഹോദരന്‍ മാത്യൂസ് ശെമ്മാശന്‍ (പിന്നീട് കോട്ടയം ഇടവകയുടെ മാത്യൂസ് മാര്‍ ഈവാനിയോസ് 1865-1980) ജീവിതാവസാനം വരെ വട്ടശ്ശേരില്‍ മെത്രാച്ചന്‍റെ വലംകൈയും ആലോചനക്കാരനും വിശ്വസ്തനും. തികച്ചും നസ്രാണി പാരമ്പര്യം ജ്വലിപ്പിക്കുന്ന അന്തരീക്ഷം.

പാറേട്ട് കറിയാക്കുട്ടി ആദ്യമായി സഭാചരിത്രമണ്ഡലത്തില്‍ പ്രത്യക്ഷപ്പെടുന്നത് അബ്ദുള്ളാ രണ്ടാമന്‍ പാത്രിയര്‍ക്കീസിന്‍റെ ആഗമനത്തോടെയാണ്. 1085 കുംഭം 11-നു പുതുപ്പള്ളിപള്ളിയും സ്വത്തുക്കളും പാത്രിയര്‍ക്കീസിന്‍റെ തനതുവകയാണെന്ന് ഇടവകക്കാരായ 16 പേരില്‍ നിന്നും അബ്ദുള്ളാ തീറാധാരം എഴുതിവാങ്ങി. നിയമവിരുദ്ധമായ ഈ ഉടമ്പടി അസ്ഥിരപ്പെടുത്തിക്കിട്ടുന്നതിനായി 1091 മിഥുനം 31-നു കോട്ടയം ജില്ലാകോടതിയില്‍ സമര്‍പ്പിച്ച അന്യായത്തിലെ മൂന്നു വാദികളിലൊരാള്‍ ഇദ്ദേഹമായിരുന്നു. 16 വര്‍ഷത്തെ നിയമയുദ്ധത്തിനുശേഷം 1107 മകരം 28-നു തിരുവിതാംകൂര്‍ ഹൈക്കോടതി തീറാധാരം അസാധുവാക്കി. അങ്കം ജയിച്ചു.
സാഹിത്യപരിശ്രമങ്ങള്‍

സഭാചരിത്ര രചനയിലേയ്ക്കു കടക്കുന്നതിനു മുമ്പ് ഇസ്സഡ്. എം. പാറേട്ട് 21 നോവലുകള്‍ രചിച്ചിട്ടുണ്ട്. അവ:

1) അമ്മിണി, 2) അത്ഭുതവിഗ്രഹം, 3) ആരണ്യകന്യക, 4) ആരണ്യപുത്രി, 5) എന്‍റെ പെണ്ണ്, 6) ബറബാസ്, 7) കുഞ്ഞന്നംകുഞ്ഞ്, 8) മായാദേവി, 9) മഹാദേവന്‍റെ രാജയോഗം, 10) മഹാദേവന്‍റെ ജലരാജ്യം, 11) പറക്കും കുതിര, 12) ബീഗം റോഷന്‍, 13) ഈ നരകപിശാചിക്ക് ആ നരകാസുരന്‍, 14) തൊമ്മന്‍റെ തൊപ്പിപ്പാള, 15) മണികണ്ഠന്‍ (ഡിക്റ്ററ്റീവ്), 16) പന്ത്രണ്ടില്‍ പതിമൂന്ന്, 17) രാജകുമാരി പൂങ്കൊടി, 18) സൗഭാഗ്യം അണ്‍ലിമിറ്റഡ്, 19) തിരുടന്‍റെ ത്യാഗം, 20) വന്യ വനിതകള്‍, 21) വാനരനാരി.

ഇവ കൂടാതെ ഹിപ്നോട്ടിസം, ഹിപ്നോട്ടിസം ഉപരിപാഠങ്ങള്‍, രേഖാശാസ്ത്രം, ഫലദീപിക, ശകുനശാസ്ത്രം, ചമല്‍ക്കാര ചിന്താമണി എന്നീ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ഇക്കാലത്ത് പൗരപ്രഭയുടെ പത്രാധിപര്‍ എന്ന നിലയില്‍ കുറേക്കാലം പത്രപ്രവര്‍ത്തനരംഗത്തും ഇദ്ദേഹം പ്രവര്‍ത്തിച്ചു. സാഹിത്യപ്രവര്‍ത്തക സഹകരണസംഘം ആരംഭിക്കാന്‍ ഇദ്ദേഹം ഒരു ലക്ഷം രൂപ നല്‍കിയതായി ഡി. സി. കിഴക്കേമുറി അടുത്തകാലത്ത് വെളിപ്പെടുത്തുകയുണ്ടായി.

സഭാചരിത്ര രചനകള്‍

ഇസ്സഡ്. എം. പാറേട്ടിന്‍റെ ബ്രഹത്തും അവിസ്മരണീയവുമായ സംഭാവന അദ്ദേഹത്തിന്‍റെ സഭാചരിത്ര രചനകളാണ്. പൊതുവെ ഇവയെ ചരിത്രാഖ്യായികകള്‍, ചരിത്രകൃതികള്‍, മലങ്കരനസ്രാണികള്‍, മലങ്കരസേവകന്‍ എന്നു നാലായി തിരിക്കാം.

1) ചരിത്രാഖ്യായികകള്‍: അഞ്ച് ചരിത്രാഖ്യായികകള്‍ ആണ് ഇസ്സഡ്. എം. പാറേട്ട് രചിച്ചിട്ടുള്ളത്. അവ വക്രപ്പുലിയും പെരുമ്പാറ്റയും (1961), പള്ളിവാണ പെരുമാള്‍ (1963), കൂനന്‍കുരിശ് (1963), ക്നായിത്തൊമ്മന്‍ (1965), പരുമല പുണ്യവാളന്‍ (1965) എന്നിവയാണ്. മലങ്കരസഭാചരിത്രത്തിലെ വിവിധ കാലഘട്ടങ്ങളിലെ ഐതിഹാസികമായ ചില സംഭവങ്ങളെ ചരിത്രാംശത്തിനു കോട്ടംതട്ടാതെയും വളച്ചൊടിക്കാതെയും നിറം പിടിപ്പിച്ചു വികസിപ്പിച്ചവയാണ് പാറേട്ടിന്‍റെ ചരിത്രാഖ്യായികകള്‍.

വിഖ്യാതമായ നിലയ്ക്കല്‍ ഇതിഹാസത്തിന്‍റെയും ആ സംസ്കൃതിയുടെ അന്ത്യത്തിന്‍റെയും കഥയാണ് വക്രപ്പുലിയും പെരുമ്പാറ്റയും. ‘പള്ളിവാണ പെരുമാള്‍’ എന്നു കേരള ചരിത്രത്തില്‍ അറിയപ്പെടുന്ന കേരള ചക്രവര്‍ത്തി ഇസ്ലാംമതത്തിലല്ല ക്രിസ്തുമതത്തിലാണ് ചേര്‍ന്നത് എന്ന സമീപകാല കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് പള്ളിവാണ പെരുമാള്‍ രചിച്ചിരിക്കുന്നത്. 1653-ല്‍ 54 വര്‍ഷത്തെ അടിമത്തത്തിനു ശേഷം റോമാ നുകം തട്ടിയെറിഞ്ഞ കൂനന്‍കുരിശു സത്യത്തിന്‍റെ പശ്ചാത്തലത്തില്‍ അതിന്‍റെ മുന്നണിപ്പോരാളിയായിരുന്ന ആഞ്ഞിലിമൂട്ടില്‍ ഇട്ടിത്തൊമ്മന്‍ കത്തനാരുടെ കഥയാണ് ‘കൂനന്‍കുരിശ്.’ പേരു സൂചിപ്പിക്കുന്നതുപോലെ 4-ാം നൂറ്റാണ്ടിലെ പേര്‍ഷ്യന്‍ കുടിയേറ്റത്തിന്‍റെ കഥയാണ് ‘ക്നായിത്തൊമ്മന്‍.’ പരുമല പുണ്യവാളനാകട്ടെ, പ. പരുമലതിരുമേനിയുടെ കഥയും. ആദ്യത്തെ നാലെണ്ണത്തില്‍ ഭാവനയ്ക്കാണ് മുന്‍തൂക്കമെങ്കില്‍ അവസാനത്തേതില്‍ ചരിത്രമാണ് മുന്നിട്ടു നില്‍ക്കുന്നത്.

സാഹിത്യചരിത്രകാരനായ ഡോ. പി. ജെ. തോമസിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ‘ചരിത്രാഖ്യായിക രചനയില്‍ ഒരു പാരമ്പര്യം സൃഷ്ടിക്കുകയായിരുന്നു’ ഇവയുടെ രചനയിലൂടെ ഇസ്സഡ്. എം. പാറേട്ട്. മാര്‍ത്തോമ്മാശ്ലീഹായുടെ ഇതിഹാസം കൂടി ചരിത്രാഖ്യായിക ആക്കണം എന്നും അദ്ദേഹം പാറേട്ടിനോട് നിര്‍ദ്ദേശിച്ചിരുന്നു. പക്ഷേ അതു നടക്കുന്നതിനു മുമ്പ് പാറേട്ടിന്‍റെ രചനാ ജീവിതം പുതിയ പാതയിലേക്ക് തിരിഞ്ഞു. പാറേട്ടിന്‍റെ ചരിത്രാഖ്യായികകള്‍ ഇന്നും ഭൂരിപക്ഷത്തിനും അജ്ഞാതമാണ്.

ചരിത്രഗ്രന്ഥങ്ങള്‍: ‘മലങ്കരനസ്രാണികള്‍’ കൂടാതെ അഞ്ച് ചരിത്ര ഗ്രന്ഥങ്ങളാണ് ഇസ്സഡ്. എം. പാറേട്ട് എഴുതിയിട്ടുള്ളത്:

1) മുളന്തുരുത്തി സുന്നഹദോസ് (1966).
2) മലങ്കര നസ്രാണികള്‍: പദവിയും ജാത്യാചാരങ്ങളും (1966).
3) മലങ്കരയും അന്ത്യോഖ്യയും (1968).
4) പുതുപ്പള്ളിപ്പള്ളി (1972).
5) മാര്‍ത്തോമായുടെ കഥ (1981).

കൂടാതെ മാര്‍ ഗീവര്‍ഗീസ് സഹദാ എന്നൊരു ജീവചരിത്രവും ഇദ്ദേഹം എഴുതിയിട്ടുണ്ട്.

1) മുളന്തുരുത്തി സുന്നഹദോസ്: 1876 മിഥുനം 15-17 തീയതികളില്‍ മുളന്തുരുത്തി മാര്‍തോമ്മന്‍ പള്ളിയില്‍ വെച്ച് കൂടിയതും മലങ്കരയുടെ ഭാവി ഭാഗധേയം മാറ്റിമറിച്ചതുമായ പള്ളിപ്രതിപുരുഷയോഗമാണ് മുളന്തുരുത്തി സുന്നഹദോസ്. ഈ യോഗം കഴിഞ്ഞിട്ട് ഒരു നൂറ്റാണ്ടു പോലും തികയുന്നതിനു മുമ്പ് അതിന്‍റെ നിശ്ചയങ്ങളെന്ന പേരില്‍ ഒരു സാങ്കല്‍പ്പിക സൃഷ്ടി 1965-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ഈ കുത്സിതവൃത്തിക്കെതിരെയുള്ള പാറേട്ടിന്‍റെ പ്രതികരണം, യഥാര്‍ത്ഥ പടിയോലയുടെ പൂര്‍ണരൂപം, പഠനം, പശ്ചാത്തല വിവരണം പ്രത്യാഘാതങ്ങള്‍ ഇവ ചേര്‍ത്ത് പ്രസിദ്ധീകരിക്കുക എന്നത് ആയിരുന്നു. ഏതായാലും പിന്നീടാരും കെട്ടിച്ചമച്ച പടിയോലയെപ്പറ്റി മിണ്ടിയില്ല. പാറേട്ടിന്‍റെ ഈ ഗ്രന്ഥം മുളന്തുരുത്തി സുന്നഹദോസിനെപ്പറ്റിയുള്ള പഠനത്തിന് ഇന്നും അടിസ്ഥാന രേഖയാണ്.

2. മലങ്കര നസ്രാണികള്‍ പദവിയും ജാത്യാചാരങ്ങളും: ലോകമെങ്ങും ക്രിസ്ത്യാനികള്‍ വേട്ടയാടപ്പെട്ടിരുന്ന കാലത്ത് വിവിധ രാജാക്കന്മാരാല്‍ നല്‍കപ്പെട്ട ഉന്നത പദവികളും, അവകാശങ്ങളും അനുഭവിച്ച് ജാതീയമായ അത്യുന്നതനിലയില്‍ കഴിഞ്ഞവരായിരുന്നു മലങ്കരനസ്രാണികള്‍. നൂറ്റാണ്ടുകളിലൂടെ ഉരുത്തിരിഞ്ഞ ജാത്യാചാരങ്ങളും പദവികളും തലമുറകളിലൂടെ പിന്‍തുടരുകയല്ലാതെ ക്രോഡീകരിക്കുവാന്‍ ആരും ശ്രമിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് അ.ഉ. 230-ലെ ഇരവികോര്‍ത്തന്‍ ചെപ്പേടു മുതല്‍ 20-ാം നൂറ്റാണ്ടിന്‍റെ ആരംഭദശയിലുള്ള ‘പരിഷ്കാരപ്പാതി’ വരെയുള്ള കാലഘട്ടത്തിലെ ലഭ്യമായ ഏതാണ്ടെല്ലാ രേഖയും പരിശോധിച്ച് ഈ കൃതി രചിച്ചത്.

3) മലങ്കരയും അന്ത്യോഖ്യയും – ഇന്നത്തെ പോക്ക്: മലങ്കരസഭ അന്ത്യോഖ്യന്‍ അധിനിവേശത്തെ തടയാന്‍ നടത്തിയ, എട്ട് മലങ്കര യുദ്ധങ്ങളുടെ വിവരണമാണ് ഈ ലഘുകൃതിയുടെ മുഖ്യ ഭാഗം.

1958-ല്‍ സുപ്രീംകോടതിയില്‍ നേരിട്ട സമ്പൂര്‍ണ്ണ പരാജയത്തെ തുടര്‍ന്ന് മലങ്കരസഭയുടെ ഭരണഘടനാ വിധേയമായ അധികാരത്തെ അംഗീകരിക്കുവാന്‍ നിര്‍ബന്ധിതരായ മുന്‍ പാത്രിയര്‍ക്കീസു പക്ഷക്കാരില്‍ ചിലര്‍ അതിനുശേഷം ഒരു ദശാബ്ദക്കാലം ഒളിഞ്ഞും തെളിഞ്ഞും നടത്തിയ കുത്തിത്തിരിപ്പുകളും അവയുടെ പരമകോടി എന്ന നിലയില്‍ മാര്‍തോമാ ശ്ലീഹായുടെ സിംഹാസനത്തിനു നേരെ അപ്രേം അബൂദിറമ്പാന്‍റെ ലേഖനയുദ്ധവുമാണ് ഈ ഗ്രന്ഥരചനയുടെ പ്രചോദനം. സഭാകേന്ദ്രത്തെ ഈദൃശ അഞ്ചാംപത്തി പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഉണര്‍ത്താനായി ആണ് ഈ ലഘു ഗ്രന്ഥം രചിച്ചത്. ഇതില്‍ ഒന്നാം ഭാഗമെന്ന് കാണുന്നുണ്ടെങ്കിലും രണ്ടാം ഭാഗം എഴുതിയതായി അറിവില്ല.

4) പുതുപ്പള്ളിപ്പള്ളി: പുതുപ്പള്ളിപള്ളിക്ക് രസകരമായ ഒരു സ്ഥാനം മലങ്കരസഭാ ചരിത്രത്തിലുണ്ട്. മലങ്കര-അന്ത്യോഖ്യാ സമരത്തിലെ മിക്കവാറും എല്ലാ പ്രശ്നങ്ങളുടെയും പ്രോട്ടോടൈപ്പ് പുതുപ്പള്ളി വലിയപള്ളിയുടെ ചരിത്രത്തിലുണ്ട്. പുരാതനവും, സാമ്പത്തികമായി ഉന്നതനിലയില്‍ നില്‍ക്കുന്നതും, എന്നും പ്രശ്ന സങ്കീര്‍ണ്ണവുമായ ഇസ്സഡ്. എം. പാറേട്ടിന്‍റെ ഇടവകപ്പള്ളിയുടെ സമഗ്രമായ ചരിത്രമാണ് ഈ ഗ്രന്ഥം.

5) മാര്‍തോമായുടെ കഥ: ഇസ്സഡ്. എം. പാറേട്ടിന്‍റെ അവസാന കൃതിയാണ് മാര്‍തോമായുടെ കഥ. ഡോ. പി. ജെ. തോമസ് ആഗ്രഹിച്ചതുപോലെ ഒരു ചരിത്രനോവലിനു പകരം മാര്‍തോമാ ശ്ലീഹായുടെ – മലങ്കരയെ ആത്മാവില്‍ ജനിപ്പിച്ച പിതാവിന്‍റെ – ലഭ്യമായ ചരിത്രം മുഴുവനും തന്‍റെ 91-ാം വയസ്സില്‍ സ്മര്യപുരുഷന്‍ ക്രോഡീകരിച്ച് ഈ പുസ്തകം രചിച്ചു.
സാധാരണ അറിയപ്പെടുന്നതുപോലെ പേര്‍ഷ്യയിലും ഇന്ത്യയിലും മാത്രമല്ല, ചൈനയിലും തെക്കേ അമേരിക്കയില്‍ പോലും മാര്‍ത്തോമാശ്ലീഹായുടെ പ്രേഷിതവൃത്തി എത്തിചേര്‍ന്നു എന്ന് ഈ ഗ്രന്ഥത്തില്‍ തെളിവു സഹിതം സമര്‍ത്ഥിക്കുന്നുണ്ട്.

മലങ്കര നസ്രാണികള്‍: ഇസ്സഡ്. എം. പാറേട്ടിന്‍റെ സുപ്രധാനമായ സംഭാവന പത്തു വാല്യങ്ങളിലായി പരന്നുകിടക്കുന്ന ‘മലങ്കര നസ്രാണി’ കളാണ്. രണ്ട് സഹസ്രാബ്ദകാലത്തെ നസ്രാണിചരിത്രത്തിന്‍റെ പൊട്ടും പൊടിയും ക്ഷമാപൂര്‍വ്വം പെറുക്കിച്ചേര്‍ത്ത് മഹത്തായ ഈ ചരിത്ര സാമ്രാജ്യം കെട്ടിപ്പടുക്കുവാന്‍ പാറേട്ടിന് ഇരുപതു വര്‍ഷക്കാലം വേണ്ടി വന്നു. 1965-ലാണ് ആദ്യ വാല്യം പുറത്ത് ഇറങ്ങിയത്. അവസാന വാല്യം 1980-ലും. 1961-ല്‍ ആരംഭിച്ച യജ്ഞമാണ് 1980-ല്‍ പൂര്‍ത്തിയായത്. 71-ാം വയസ്സില്‍ തുടങ്ങി 90-ാം വയസ്സില്‍ അവസാനിച്ച യജ്ഞം.

മലങ്കര നസ്രാണികളുടെ മഹത്വം മനസിലാകണമെങ്കില്‍ അന്നുവരെ ഉണ്ടായ മലങ്കരസഭാചരിത്രങ്ങളുടെ സ്ഥിതിയെപ്പറ്റി ഒരു അടിസ്ഥാന ജ്ഞാനം ഉണ്ടാകണം. മലയാളികള്‍ പൊതുവെ ചരിത്രം രേഖപ്പെടുത്തി വെയ്ക്കുന്നതില്‍ വിമുഖരാണ്. നസ്രാണികള്‍ക്ക് ഈ കാര്യത്തില്‍ പ്രത്യേകതയൊന്നുമില്ല. വല്ലതും ഉള്ളതാകട്ടെ പാറേട്ടിന്‍റെ ഭാഷയില്‍ ‘ചിതലും പൊടിയും പിന്നെ മെനസീസു മെത്രാനും’ നശിപ്പിച്ചു.

തങ്ങളുടെ ഭാവനയ്ക്കൊത്തവണ്ണം ചരിത്രത്തെ സൃഷ്ടിച്ചെടുക്കുന്നവര്‍ക്ക് ഇത് നല്ലൊരവസരമായി. ചരിത്രരേഖകളുടെ അഭാവം ഭാവനാസൃഷ്ടികള്‍ക്ക് രൂപംകൊടുക്കാനും തങ്ങളാഗ്രഹിക്കുന്ന തരത്തില്‍ ചരിത്രത്തെ വളച്ചൊടിച്ച് വ്യാഖ്യാനിക്കാനും ഇത് നല്ല അവസരമാണ് നല്‍കിയത്. ഇസ്സഡ്. എം. പാറേട്ടിനു മുമ്പുള്ള ചരിത്രകാരന്മാരില്‍ ഭൂരിപക്ഷവും ചെയ്തത് ഇതായിരുന്നു. തങ്ങളുടെ ആവശ്യത്തിനും വിധേയത്വത്തിനും ഒത്തവണ്ണം ചരിത്രത്തെ സൃഷ്ടിക്കുക. തങ്ങളുടെ വാദങ്ങളെ ദുര്‍ബലമാക്കുന്ന വസ്തുതകളുടെ നേരേ കണ്ണടയ്ക്കുക. ഇതായിരുന്നു അവരുടെ സാധാരണ പ്രവര്‍ത്തനരീതി.

മറ്റൊരു കൂട്ടം ചരിത്രകാരന്മാരാകട്ടെ, രണ്ടാം നിര രേഖകളെ മാത്രം അവലംബിച്ചുകൊണ്ടാണ് ചരിത്രസൃഷ്ടി നടത്തിയത്. ഒരിക്കല്‍ എഴുതിയ ചരിത്രത്തെ അടിസ്ഥാനമാക്കി വീണ്ടുമെഴുതുക എന്ന ലളിതമായ രീതി. ഏറ്റവും കൂടുതല്‍ പക്ഷപാതപരമായ കൃതികള്‍ ഈ വകുപ്പില്‍ പെടുന്നവയാണ്. ഇന്നും പ്രസിദ്ധീകരിക്കപ്പെടുന്ന പല ചരിത്ര ഗ്രന്ഥങ്ങളുടെയും വേരുകള്‍ അന്വേഷിച്ചുപോയാല്‍ പലപ്പോഴും ഒരിക്കല്‍ സൃഷ്ടിക്കപ്പെട്ട ഒരൊറ്റ ഗ്രന്ഥത്തില്‍ എത്തിനില്‍ക്കുന്നതു കാണാം.

എങ്കിലും ഇവ ഒന്നും തന്നെ സമഗ്ര ചരിത്രമെന്നു പറഞ്ഞു കൂടാ. ഓരോ കാലഘട്ടത്തിന്‍റെയോ സംഭവങ്ങളുടേയോ മാത്രം ചരിത്രമാണ് ഭൂരിപക്ഷവും. അല്ലാത്തവയാകട്ടെ ലേഖകരുടെ പരിമിതമായ ജ്ഞാനവലയത്തില്‍ ഒതുങ്ങിനിന്ന് രചിച്ചവയും. ഈയൊരു പശ്ചാത്തലത്തില്‍ വേണം മലങ്കരയുടെ ആദ്യത്തെ സമഗ്രചരിത്രമായ മലങ്കര നസ്രാണികളെ വിലയിരുത്താന്‍.

ഒരു ഉദാഹരണമെന്ന നിലയില്‍ മാത്രം ഇരവികോര്‍ത്തന്‍ ചെപ്പേടിനെ എടുക്കാം. ഈ ചെപ്പേടിന്‍റെ കാലം എ.ഡി. 12-ാം ശതകമാണെന്ന് സര്‍ദാര്‍ കെ. എം. പണിക്കരും ഇളംകുളം കുഞ്ഞന്‍പിള്ളയും ചില പ്രത്യേക താല്‍പ്പര്യങ്ങളാല്‍ എഴുതി. തങ്ങള്‍ക്ക് മുമ്പ് മലങ്കര നസ്രാണികള്‍ ‘തെണ്ടികളും എരപ്പാളികളു’മായിരുന്നു എന്ന് സ്ഥാപിക്കാന്‍ വ്യഗ്രതപൂണ്ടിരുന്ന ചില ചരിത്രകാരന്മാര്‍ അത് ഏറ്റുപിടിച്ചു. പില്‍ക്കാല ചരിത്രകാരന്മാര്‍ കണ്ണുമടച്ച് അത് എടുത്തെഴുതി. ചാഴികാടനാകട്ടെ, ഒരു പടി കൂടി കടന്ന് ഈ ചെപ്പേട് ക്രിസ്ത്യാനികള്‍ക്ക് ലഭിച്ചതേ അല്ല എന്നു തട്ടിവിട്ടു. എന്നാല്‍ ഇവരൊക്കെ നസ്രാണികളോട് പ്രത്യേകിച്ച് ഒരു താല്‍പ്പര്യവുമില്ലാത്ത തിരുവിതാംകൂര്‍ സര്‍ക്കാര്‍ ജ്യോത്സ്യന്‍, സര്‍ക്കാരിന്‍റെ നിര്‍ദ്ദേശപ്രകാരം നടത്തിയ ഗവേഷണങ്ങളിലൂടെ, പണ്ടേ വിഖ്യാതമായ എ.ഡി. 230 എന്ന കാലഗണന ശരിയാണെന്നു തെളിയിച്ചത് സൗകര്യപൂര്‍വം അവഗണിച്ചു. ഇതായിരുന്നു കേരള സഭാചരിത്രത്തിന്‍റെ സ്ഥിതി.

തന്‍റെ എഴുപതാം വയസില്‍ ‘മലങ്കര നസ്രാണി’കളുടെ രചനയിലേയ്ക്ക് എടുത്തുചാടുമ്പോള്‍ അത് ഇത്ര ബ്രഹത്തായ ഒരു സംരംഭമായി തീരുമെന്ന് പാറേട്ട് ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ല. ഒരു വാല്യത്തില്‍ തീരുമെന്ന പ്രതീക്ഷയോടെ ആരംഭിച്ച ഗ്രന്ഥരചന പിന്നീട് മൂന്നായും തുടര്‍ന്ന് അഞ്ചായും വര്‍ദ്ധിപ്പിച്ചെങ്കിലും അവസാനിച്ചത് പത്ത് വാല്യത്തിലാണ്.
മലങ്കര നസ്രാണികളുടെ ഓരോ വാല്യത്തിന്‍റെയും പ്രസാധന വര്‍ഷം, വിവരിക്കുന്ന കാലഘട്ടം ഇവ താഴെപറയും പ്രകാരമാണ്:

1-ാം വാല്യം – 1965 – എ.ഡി. 52 – 820 +.
2-ാം ,, – 1966 – എ.ഡി. 820+ – 1665.
3-ാം ,, – 1967 – എ.ഡി. 1665 – 1910.
4-ാം ,, – 1969 – എ.ഡി. 1910 – 1934.
5-ാം ,, – 1972 – എ.ഡി. 1934 – 1965.
6-ാം ,, – 1975 – എ.ഡി. 1964 – 1974.
7-ാം ,, – 1977 – എ.ഡി. 1974 – 1977.

യഥാക്രമം 1977, 1979, 1980 എന്നീ വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച 8, 9, 10 വാല്യങ്ങള്‍ ‘മാര്‍ ഗീവര്‍ഗീസ് ദീവന്നാസ്യോസിന്‍റെ നിത്യാക്ഷരങ്ങള്‍’ എന്ന പേരിലാണ്. ഇവ ‘മലങ്കര സഭാഭാസുരന്‍റെ’ സംഭാവനകളെ മാത്രം പ്രതിപാദിക്കുന്നതാണ്.

സത്യസന്ധത, ചരിത്രപരമായ നിസംഗത, അന്വേഷണബുദ്ധി, പക്ഷപാതരഹിതമായ വിമര്‍ശനബുദ്ധി തുടങ്ങി ഒരു ചരിത്രകാരനു വേണ്ടുന്ന എല്ലാ സല്‍ഗുണങ്ങളും പാറേട്ടിന്‍റെ ചരിത്രരചനകളുടെ മുഖമുദ്രയാണ്. മലങ്കര നസ്രാണികളുടെ ആയിരക്കണക്കിനു പേജുകളിലൂടെ കടന്നു പോകുന്ന ആര്‍ക്കും ഇതു ബോദ്ധ്യമാകും. താന്‍ നിലകൊള്ളുന്ന ആദര്‍ശത്തിന്‍റെ നേതാക്കളുടെ ബലഹീനവശങ്ങളും വീഴ്ചകളും തുറന്നുകാണിക്കുമ്പോള്‍ തന്നെ എതിര്‍പക്ഷത്തിന്‍റെ നേതാക്കളുടെ സല്‍ഗുണങ്ങളെ അംഗീകരിക്കാനും ചരിത്രകാരന്‍ മടിക്കുന്നില്ല.

മലങ്കരസഭയുടെ ചരിത്രം സുദീര്‍ഘമായ ഒരു സമരകഥയാണല്ലോ. ലോകത്ത് എല്ലാ ക്രൈസ്തവ വിഭാഗങ്ങളാലും ആക്രമിക്കപ്പെടുകയും കീഴ്പ്പെടുത്താന്‍ ശ്രമിക്കപ്പെടുകയും ചെയ്ത മറ്റൊരു ക്രൈസ്തവ സമൂഹവുമില്ല. മറ്റെല്ലാ ക്രൈസ്തവ സമൂഹങ്ങളില്‍ നിന്നും ആയിരക്കണക്കിനു കിലോമീറ്റര്‍ കടലിനാല്‍ വിഭജിക്കപ്പെട്ടു കിടക്കുന്ന മലങ്കരസഭ ആദിമനൂറ്റാണ്ടുകളില്‍ സമരം ചെയ്തത് നിലനില്‍പ്പിനു വേണ്ടിയായിരുന്നെങ്കില്‍ പിന്നീടത് അസ്തിത്വം നിലനിര്‍ത്താന്‍ വേണ്ടിയായി.

വര്‍ഷങ്ങളിലൂടെ നുഴഞ്ഞുകയറിയ നെസ്തോറിയന്‍ വിശ്വാസം, ഒരു കൈയില്‍ തോക്കും മറുകൈയില്‍ കുരിശുമായി ദിഗ്വിജയം ചെയ്ത പോര്‍ത്തുഗീസുകാര്‍ കൊണ്ടുവന്ന റോമന്‍ കത്തോലിക്കാ സഭ, ഉദയം പേരൂര്‍ സുന്നഹദോസിലൂടെ മലങ്കരയെ കീഴ്പ്പെടുത്തിയ പറങ്കിശക്തി, ഭൂഗോളത്തിന്‍റെ പകുതിയും ഇന്ത്യ മുഴുവനും ഭരിച്ച ബ്രിട്ടീഷുകാരുടെ ആംഗ്ലിക്കന്‍ പ്രോട്ടസ്റ്റന്‍റ് വിശ്വാസം, ഒരപകടസന്ധിയില്‍ സഹായഹസ്തവുമായി എത്തി തുടര്‍ന്ന് മലങ്കര പിടിച്ചെടുക്കാന്‍ ശ്രമിച്ച അന്ത്യോഖ്യര്‍, കുറേശെയായി കാര്‍ന്നുതിന്നാനെത്തിയ സെക്ടേറിയന്‍ സഭകള്‍…. നൂറ്റാണ്ടുകളില്‍ മലങ്കരയുടെ ശത്രുക്കളുടെ നിര ഇങ്ങനെ നീളുന്നു.

ഉജ്ജ്വല വിജയങ്ങളുടെ കഥയും മലങ്കരയ്ക്കുണ്ട്. 1653-ലെ ഐതിഹാസികമായ കൂനന്‍കുരിശു സത്യം, 1836-ലെ മാവേലിക്കര പടിയോല, 1876-ലെ മുളന്തുരുത്തി സുന്നഹദോസ്, 1912-ലെ കാതോലിക്കാ വാഴ്ച, 1958-ലെ സുപ്രീംകോടതി വിധി… ഓരോ ശത്രുക്കളെയായി തൂത്തെറിഞ്ഞ നിര്‍ണായക വിജയങ്ങളുടെ പട്ടിക നീളുന്നു.

ഉജ്ജ്വലരായ ഒരു പറ്റം നേതാക്കളെയും നൂറ്റാണ്ടുകളില്‍ സഭയ്ക്കു ലഭിച്ചു. ലോകചരിത്രത്തിലാദ്യമായി യൂറോപ്യന്‍ ശക്തികളെ തൂത്തെറിഞ്ഞ 1653-ലെ കൂനന്‍കുരിശു സത്യത്തിനു നേതൃത്വം നല്‍കിയ മഹാനായ മാര്‍ തോമാ ഒന്നാമന്‍. ഏതാണ്ട് എല്ലാ ക്രൈസ്തവ വിശ്വാസ വിഭാഗങ്ങളുടെയും പീഢയില്‍നിന്നും രക്ഷപ്പെട്ട് സഭയെ നയിച്ച വലിയ മാര്‍ ദീവന്നാസ്യോസ്. നവീകരണക്കാരുടെ പിടിയില്‍ നിന്നും സഭയെ മോചിപ്പിച്ച പുലിക്കോട്ടില്‍ മാര്‍ ജോസഫ് ദീവന്നാസ്യോസ്. സ്വയംശീര്‍ഷകത്വമുള്ള സഭയായി മലങ്കരയെ ഉയര്‍ത്തി ഭാവിയിലുണ്ടാകാവുന്ന കൈയേറ്റങ്ങളെ എന്നന്നേയ്ക്കുമായി അവസാനിപ്പിച്ച മലങ്കര സഭാഭാസുരന്‍ വട്ടശ്ശേരില്‍ മാര്‍ ഗീവറുഗീസ് ദീവന്നാസ്യോസ്. അന്ത്യോഖ്യരെ തുരത്തിയ മാര്‍ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ തുടങ്ങി നേതാക്കളായി ജനിച്ചവര്‍. കൂട്ടത്തില്‍ സ്വതേ ദുര്‍ബലരെങ്കിലും അവസരത്തിനൊത്തുയര്‍ന്ന ചേപ്പാട്ട് മാര്‍ ദീവന്നാസ്യോസ്, മാര്‍ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ തുടങ്ങിയവര്‍.

ഒരു കാലത്തും മറക്കാത്തവിധം മലങ്കരയില്‍ വിള്ളലുണ്ടാക്കിയ ഒരു പറ്റം ആളുകളും ഈ കാലഘട്ടത്തിലുണ്ട്. സ്ഥാനം മോഹിച്ച് മാര്‍തോമ്മാ ഒന്നാമനെ വഞ്ചിച്ച് മറുകണ്ടം ചാടിയ ചാണ്ടി ദ്വയങ്ങള്‍, സഭയുടെ വിശ്വാസാചാരങ്ങളെ വെട്ടിത്തിരുത്തിയ പാലക്കുന്നത്ത് മല്പാന്‍, സമുദായചിലവില്‍ പഠിച്ച് മെത്രാനായി സഭയെ വഞ്ചിച്ച ബഥനിയുടെ ഈവാനിയോസ്. ഈ പട്ടികയും ചെറുതല്ല.

ഈ സംഭവങ്ങളുടെയും വ്യക്തികളുടെയും സമരകഥയാണ് പത്ത് വാല്യങ്ങളിലായി പാറേട്ട് പറയുന്നത്. ലോകത്തിന്‍റെ നാനാഭാഗങ്ങളിലും ചിതറിക്കിടന്ന ചരിത്രശകലങ്ങളെ പെറുക്കിക്കൂട്ടി അതുവരെ എഴുതപ്പെട്ട ചരിത്രങ്ങളിലെ നെല്ലും പതിരും വേര്‍തിരിച്ച് കൂട്ടിയോജിപ്പിച്ച് ഇപ്രകാരം ഒരു ബ്രഹത്ചരിത്രം എഴുതുക എന്നതു നിസാരമായ ഒരു സംഗതിയല്ല.

അതും കാര്യമായ തെറ്റുകളൊന്നും കൂടാതെ! (മലങ്കര നസ്രാണികളിലെ തെറ്റുകളില്‍ ഭൂരിഭാഗവും അക്ഷരതെറ്റുകളാണ്. അച്ചടിയും പാറേട്ടിന്‍റെ കൈയെഴുത്തും വരുത്തി വെച്ച നിസാര തെറ്റുകള്‍.). ഇതില്‍ വസ്തുതാപരമായ പ്രമാദങ്ങള്‍ നിസാരമായവ പോലും കണ്ടുപിടിയ്ക്കാന്‍ സാധിക്കില്ല.

നോട്ടക്കുറവുകളോ പാളിച്ചകളോ ഇല്ലെന്നല്ല ഈ പറഞ്ഞതിനര്‍ത്ഥം. പല വിലപ്പെട്ട രേഖകളും പാറേട്ടിന്‍റെ ദൃഷ്ടിയില്‍പ്പെട്ടില്ല. ഉദാഹരണം, ആര്‍ത്താറ്റ് പടിയോല. പല രേഖകളുടെയും യഥാര്‍ത്ഥ മൂല്യം അദ്ദേഹത്തിനു ബോദ്ധ്യപ്പെട്ടിരുന്നോ എന്നു സംശയമാണ്. ഉദാ. നിരണം ഗ്രന്ഥവരി. ഇതില്‍നിന്നും ഒന്നു രണ്ട് ദീര്‍ഘ ഉദ്ധരണികള്‍ ചേര്‍ത്തിട്ടുണ്ടെങ്കിലും ഈ കൈയെഴുത്തു കൃതിയെപ്പറ്റി കൃത്യമായി വിവരിക്കുകയോ വിശദമായി പഠിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ ഒരാള്‍ തന്‍റെ 70 – 90 വയസുകള്‍ക്കിടയില്‍ ഇരുന്ന ഇരുപ്പില്‍ എഴുതിതീര്‍ത്ത ഒരു കൃതിയില്‍ ഇത്രയും പാളിച്ചകള്‍ ക്ഷന്തവ്യമല്ലേ?

മറ്റൊരു പ്രധാന പോരായ്മ ചൂണ്ടിക്കാട്ടാതിരിയ്ക്കാന്‍ നിവൃത്തിയില്ല. സമകാലീന ചരിത്രം വിവരിക്കുമ്പോള്‍ പല സംഗതികളെയും അദ്ദേഹം പ്രതിപാദിക്കുന്നത്, തന്നെപ്പോലെ തന്നെ വിശദമായ വ്യക്തിപരമായ ജ്ഞാനം വായനക്കാര്‍ക്കും ഉണ്ടെന്നുള്ള മുന്‍വിധിയോടെയാണ്. ഒരു നൂറ്റാണ്ടു കണ്ട പാറേട്ടിന്‍റെ അനുഭവസമ്പത്തില്ലാത്ത വായനക്കാര്‍ക്ക് ഈ ഭാഗങ്ങളുടെ തുമ്പും വാലും പിടികിട്ടാന്‍ ബുദ്ധിമുട്ടാണ്.

മലങ്കര നസ്രാണികളുടെ അവസാന മൂന്നു വാല്യങ്ങള്‍ ‘മാര്‍ ഗീവര്‍ ഗീസ് ദിവന്നാസ്യോസിന്‍റെ നിത്യാക്ഷരങ്ങള്‍’ എന്ന പേരിലാണല്ലോ അറിയപ്പെടുന്നത്. മലങ്കരയ്ക്കും മലയാളത്തിനും അന്യമായിരുന്ന പെട്രിസ്റ്റിക്സ് (പിതാക്കന്മാരെപ്പറ്റിയുള്ള പഠനം) എന്ന വിജ്ഞാനശാഖയ്ക്ക് തുടക്കമിട്ടത് ഈ മൂന്നു ഗ്രന്ഥങ്ങളാണ്.

മലങ്കര നസ്രാണികള്‍ നാലാം വാല്യം തീര്‍ച്ചയായും മാര്‍ ദീവന്നാസ്യോസിന്‍റെ ചരിത്രമാണ്. ആ ഗ്രന്ഥത്തിന്‍റെ രചനയാണ് പാറേട്ടിന് നിത്യാക്ഷരങ്ങളുടെ രചനയ്ക്ക് പ്രചോദനമേകിയതും. മലങ്കരയെ ഒരു സ്വയംശീര്‍ഷകസഭ എന്ന നിലയിലേയ്ക്കു വളര്‍ത്തിയ മാര്‍ ദീവന്നാസ്യോസിന്‍റെ ഉജ്ജ്വലമായ വ്യക്തിപ്രഭാവം നേരിട്ടുകണ്ടറിഞ്ഞ ചരിത്രകാരന്‍, ഭാവിതലമുറ അദ്ദേഹം ആരാണെന്നു മനസിലാക്കണമെന്ന ഉദ്ദേശ്യത്തോടുകൂടി ക്രോഡീകരിച്ച ഈ മൂന്നു വാല്യങ്ങള്‍ മാര്‍ ദീവന്നാസ്യോസിന്‍റെ കോടതി മൊഴികള്‍, പ്രസംഗങ്ങള്‍, തിരഞ്ഞെടുത്ത കല്പനകളും ഏതാനും ഗ്രന്ഥങ്ങളും ഉള്‍ക്കൊള്ളുന്നുണ്ട്. വേദശാസ്ത്രം, സഭാചരിത്രം, കാനോന്‍ എന്നിവയില്‍ സ്മര്യപുരുഷന്‍റെ അഗാധമായ വിജ്ഞാനവും അദ്ദേഹത്തിന്‍റെ വ്യക്തിത്വവും വിശ്വാസപ്രമാണങ്ങളും വെളിവാക്കുന്ന കാര്യത്തില്‍ ഈ രചന തികച്ചും വിജയിച്ചിട്ടുണ്ടെന്നു നിസംശയം പറയാം.

മലങ്കരസഭയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തില്‍ ആദ്യമായി ആണ് ഒരു വ്യക്തിയുടെ സമ്പൂര്‍ണ്ണ ‘കൃതികള്‍’ സ്വകാര്യകത്തുകള്‍ അടക്കം പ്രസിദ്ധീകരിക്കപ്പെടുന്നത്. പിന്നീട് പലരുടെയും സൃഷ്ടികള്‍ പ്രസിദ്ധീകരിക്കപ്പെട്ടെങ്കിലും അവയൊന്നും ഇത്രയും വിശദവും സമഗ്രവുമാണെന്ന് പറയുക വയ്യ. മാര്‍ ദീവന്നാസ്യോസിനെപ്പറ്റി സമകാലീനരുടെ അഭിപ്രായങ്ങള്‍ – കോടതിമൊഴികള്‍, ലേഖനങ്ങള്‍ മുതലായവയില്‍ കൂടി ഉരുത്തിരിയുന്നവ – ചേര്‍ത്ത് നിത്യാക്ഷരങ്ങള്‍ക്ക് ഒരു നാലാം വാള്യം ഉണ്ടാക്കണമെന്ന ആഗ്രഹത്തോടുകൂടി വേണ്ട രേഖകള്‍ സംഘടിപ്പിച്ചു എങ്കിലും അത് സാധിതപ്രായമാവും മുമ്പ് അദ്ദേഹം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. ആ ഒരര്‍ത്ഥത്തില്‍ മാത്രം നിത്യാക്ഷരങ്ങള്‍ അപൂര്‍ണമാണ്.

‘മലങ്കര സേവകന്‍’: എഴുപതുകളില്‍ ‘ഒമ്പതാം മലങ്കരയുദ്ധം’ ചീറിയടിക്കുമ്പോള്‍ നസ്രാണി ചരിത്രത്തില്‍ മുങ്ങിത്തപ്പിക്കൊണ്ടിരുന്ന ചരിത്രകാരന് പ്രതികരിക്കാതിരിക്കാനാവാത്തവിധമുള്ള സാഹചര്യങ്ങള്‍ ആവിര്‍ഭവിച്ചു. തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ ഇതിനുള്ള മാര്‍ഗ്ഗം പാറേട്ട് കണ്ടെത്തി. മലങ്കര സേവകന്‍ എന്ന പേരില്‍ ‘സ്റ്റാമ്പ് സൈസില്‍’ ഒരു പ്രസിദ്ധീകരണം അദ്ദേഹം ആരംഭിച്ചു. സമകാലീന സംഭവങ്ങളെപ്പറ്റി തന്‍റെയും സമാനമനസ്കരായ ആളുകളുടെയും അഭിപ്രായങ്ങള്‍ ചേര്‍ത്ത് ഏതാണ്ട് സൗജന്യമായി തന്നെ ഇതിന്‍റെ പ്രസിദ്ധീകരണം നടത്തി. സഭയുടെ അടിമുതല്‍ മുടിവരെ തല്ലും തലോടലും നല്‍കി ഏതാണ്ട് ഒരു ദശാബ്ദക്കാലം ഇതിന്‍റെ പ്രസിദ്ധീകരണം തുടര്‍ന്നു. ചരിത്രകാരന്‍റെ അനേകം ലേഖനങ്ങള്‍ ഇതിലൂടെ പ്രസിദ്ധീകൃതമായി.

മലങ്കര സേവകന്‍ ഇത്തരത്തിലുള്ള പാറേട്ടിന്‍റെ പ്രഥമ സംരംഭമല്ല. മലങ്കരസഭയില്‍ ഇതിനു മുമ്പ് അടിയന്തിരാവസ്ഥ സംജാതമായപ്പോള്‍ കൊ.വ: 1110-ാം മാണ്ട് കാലഘട്ടത്തില്‍ പൗരപ്രഭയുടെ സപ്ലിമെന്‍റ് എന്ന നിലയില്‍ ‘മലങ്കര സഭാസേവകന്‍’ എന്നൊരു പ്രസിദ്ധീകരണം പുറത്തിറക്കിയിരുന്നു. വീണ്ടും 1950-ല്‍ ‘പത്രിക’യുടെ സപ്ലിമെന്‍റ് എന്ന നിലയില്‍ മലങ്കരസഭാ സേവകന്‍ പ്രസിദ്ധീകരണം ആരംഭിച്ചു. രണ്ടു വര്‍ഷക്കാലം പ്രസിദ്ധീകരണം തുടര്‍ന്നു. ലക്ഷ്യം പ്രാപിച്ചതിനാലാണ് പ്രസിദ്ധീകരണം നിര്‍ത്തിയതെന്ന് പാറേട്ട് തന്നെ പറയുന്നുണ്ട്.

പത്രപ്രവര്‍ത്തകന്‍

ഒരു കാലത്ത് പ്രത്യേകിച്ചും ‘മലയാള മനോരമ’ കണ്ടുകെട്ടപ്പെട്ട സാഹചര്യത്തില്‍ പ്രശസ്തമായ നിലയില്‍ നടന്നുവന്നിരുന്ന ‘പൗരപ്രഭ’ ദിനപ്പത്രത്തിന്‍റെ സ്ഥാപകനും പത്രാധിപരും പാറേട്ട് ആയിരുന്നു. 1924-ല്‍ വാരികയായി ആരംഭിച്ച പൗരപ്രഭ 1114 തുലാം 22-നു ആണ് ദിനപ്പത്രമായി പ്രസിദ്ധീകരണം ആരംഭിച്ചത്. 1942-ല്‍ പത്രാധിപത്യം സി. എം. സ്റ്റീഫനു നല്‍കിക്കൊണ്ട് വിരമിച്ചു. അതിനുശേഷം ‘പത്രിക’ എന്നൊരു വാരികയും കുറെക്കാലം പത്രാധിപരായി നടത്തി വന്നിരുന്നു.

മലയാള മനോരമ കണ്ടുകെട്ടപ്പെട്ടതിനെ തുടര്‍ന്നുള്ള ശൂന്യത നികത്തുവാന്‍ പൗരപ്രഭയ്ക്കു ഒരു പരിധിവരെ സാധിച്ചു എന്നത് ഇദ്ദേഹത്തിന്‍റെ പത്രപ്രവര്‍ത്തന സാമര്‍ത്ഥ്യത്തിനു തെളിവാണ്. പൗരപ്രഭയുടെയും തുടര്‍ന്ന് പത്രികയുടെയും സപ്ലിമെന്‍റായി ഇറങ്ങിയിരുന്ന മലങ്കര സഭാസേവകന്‍ സഭയ്ക്ക് മുതല്‍ക്കൂട്ടും. ഇസ്സഡ്. എം. പാറേട്ടിന്‍റെ സംഭാവനകളിലേയ്ക്ക് മൊത്തമായി തിരിഞ്ഞുനോക്കുമ്പോള്‍ അത്ഭുതകരമായ ഒരു സംഭവമായി ആണ് വിശേഷിപ്പിക്കാനാവുക. 10,000 ത്തോളം പേജുകളില്‍ ഒരു ജനതയുടെ രണ്ട് സഹസ്രാബ്ദകാലത്തെ ചരിത്രം കാര്യമായ തെറ്റുകള്‍ കൂടാതെ വിവരിക്കുക. അതു തന്നെ ഒരത്ഭുതം. കൂടാതെ അതു നടത്തിയതോ 70 മുതല്‍ 90 വരെ പ്രായമുള്ള ഏതാണ്ട് ശയ്യാവലംബിയായ ഒരാള്‍!

ഇസ്സഡ്. എം. പാറേട്ട് വിശ്വസിച്ചിരുന്നതുപോലെ മലങ്കരയെ രണ്ടു സഹസ്രാബ്ദക്കാലം കൈപിടിച്ചു നടത്തിയ – ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്ന – ‘പ്രതികാരപ്രേമി’യാണോ അദ്ദേഹത്തെക്കൊണ്ട് ഈ ചരിത്രം എഴുതിച്ചത്. അതോ വിക്കനായ മോശയെ യിസ്രായേലിന്‍റെ വിമോചകനേതാവായി ഉയര്‍ത്തിയ പരിശുദ്ധറൂഹാ കൈപിടിച്ചെഴുതിച്ചതോ? ഏതായാലും ഇതു മൂലം മലങ്കരസഭയ്ക്ക് സമഗ്രമായ ഒരു ചരിത്രം ലഭിച്ചു. പാറേട്ട് മലങ്കരസഭയുടെ ശാശ്വതമായ കടപ്പാടിനര്‍ഹനുമായി.

ഏതാണ്ട് പൂര്

ണമായും തന്‍റെ കര്‍ത്തവ്യങ്ങള്‍ പൂര്‍ത്തിയാക്കി പൂര്‍ത്തീകരിച്ച് അവസാന ഗ്രന്ഥവും – മാര്‍ത്തോമ്മായുടെ കഥ – അച്ചടിച്ചുകണ്ടശേഷം 91-ാം വയസ്സില്‍ 1981 ജൂണ്‍ 16-ന് ഇസ്സഡ്. എം. പാറേട്ട് അന്തരിച്ചു. പുതുപ്പള്ളി വലിയപള്ളിയില്‍ കബറടക്കി.

(ബഥേല്‍ പത്രിക, ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ ലക്കങ്ങള്‍, 2000)