സഭാസമാധാനത്തിന് വഴിയൊരുങ്ങട്ടെ (മനോരമ എഡിറ്റോറിയല്‍)

സഭാസമാധാനത്തിന് വഴിയൊരുങ്ങട്ടെ

അസഹിഷ്ണുതയുടെ വാൾമുനയ്ക്കു കീഴിലാണ് നമ്മുടെ സമൂഹം. എല്ലാ രംഗത്തും മൂല്യത്തകർച്ചയെ നേരിടുകയാണ് നാം. ദുഃഖകരമായ ഈ സാഹചര്യത്തിൽ മനുഷ്യനു പ്രത്യാശയും പ്രചോദനവും പകർന്ന് അഭയകേന്ദ്രങ്ങളാകേണ്ടവയാണ് എല്ലാ മതങ്ങളും.

ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും പൈതൃകമുള്ളവയാണ് കേരളത്തിലെ ക്രൈസ്തവ സഭകൾ. എന്നാൽ, നിർഭാഗ്യകരമെന്നു പറയട്ടെ, ചില ക്രിസ്തീയ വിഭാഗങ്ങളിൽ നൂറ്റാണ്ടിലേറെ പഴക്കമുള്ള മുറിവുകൾ ഇനിയും ഉണങ്ങിയിട്ടില്ല. അവർക്കിടയിൽ കാലുഷ്യത്തിന്റെ കനലുകൾ നീറിനിൽക്കുന്നു.

വൈദികശ്രേഷ്ഠരും ബിഷപ്പുമാർപോലും പൊലീസ് സ്റ്റേഷനും കോടതിയും കയറിയിറങ്ങേണ്ടിവരുന്നു. സഭാംഗങ്ങൾ തെരുവിൽ ഏറ്റുമുട്ടുകയും പുരോഹിതരും മേൽപട്ടക്കാരും പരസ്യമായി അപമാനിക്കപ്പെടുകയും ചെയ്യുന്ന സ്ഥിതി.

തങ്ങളെ സ്നേഹപരിലാളനകൾ നൽകി വളർത്തിയ മഹത്തായ ഒരു സംസ്കാരത്തിനു മുന്നിൽ, ഇത്തരമൊരു മാതൃകയാണോ പകരം വയ്ക്കേണ്ടത്? തങ്ങളുടെ പാപമുക്തിക്കുവേണ്ടി ക്രൂശിതനായ ക്രിസ്തുവിന്റെ ത്യാഗങ്ങൾക്ക് ഇങ്ങനെയാണോ നന്ദി ചൊല്ലേണ്ടത്?

ക്രൈസ്തവ വിശ്വാസികളിൽ ഒരു വലിയവിഭാഗത്തെ പ്രതിനിധീകരിക്കുന്ന മലങ്കര ഓർത്ത‍ഡോക്സ്, യാക്കോബായ സഭകളിൽ കാലങ്ങളായി ഭിന്നിപ്പിന്റെ സ്വരം ഉയർത്തുന്നവർ ഈ ചോദ്യം കേൾക്കാതിരിക്കരുത് – പ്രത്യേകിച്ചും പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ കേരളത്തിലെത്തുന്ന ഈ വേളയിലെങ്കിലും.

കേരള സന്ദർശനത്തിനിടയിൽ, സഭാ സമാധാനത്തിനായി തുറന്ന ചർച്ചകൾക്കു സന്നദ്ധത പ്രകടിപ്പിച്ച് പരിശുദ്ധ പാത്രിയർക്കീസ് ബാവാ, മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായ്ക്ക് എഴുതിയിട്ടുണ്ടെന്നതും ഇവിടെ ഓർമിക്കാം.

സഭാതർക്കത്തിനു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ഇടക്കാലത്തുണ്ടായ സമാധാന ഉടമ്പടികളൊന്നും നീണ്ടുനിന്നില്ല. വ്യവഹാരങ്ങളും സംഘർഷങ്ങളും തുടരുമ്പോൾ സമാധാനകാംക്ഷികളായ വിശ്വാസിസമൂഹം നിരാശയിലാണ്.

ഒരേ കുടുംബത്തിലെ സഹോദരങ്ങൾ തന്നെ രണ്ടു ചേരിയിലായി പോരടിച്ചുനിൽക്കുന്നതിൽ സങ്കടപ്പെടുന്ന അമ്മമാരുടെ കണ്ണീർ എന്നാണു തോരുക? ശവസംസ്കാരച്ചടങ്ങുകൾ സെമിത്തേരികളെ സംഘർഷഭൂമിയാക്കുമ്പോൾ ഏതു പരേതന്റെ ആത്മാവാണ് നമ്മോടു പൊറുക്കുക?

വിശ്വാസിസമൂഹത്തിന്റെ ആത്മീയ, ഭൗതിക അഭ്യുന്നതിക്കായി പൂർവികർ ത്യാഗമനസ്സോടെ സ്വരുക്കൂട്ടിയ സ്വത്ത് വ്യവഹാരങ്ങൾക്കായി ദുർവ്യയം ചെയ്യപ്പെടുന്നതിൽ ദുഃഖിതരായ എത്രയോ സഭാംഗങ്ങളുണ്ട്.

സഭാഭരണഘടനയും അത്യുന്നത കോടതിയുടെ ഉത്തരവുകളും മാനിക്കപ്പെടേണ്ടതാണ്. എന്നാൽ, സ്നേഹവും സാഹോദര്യവും പരസ്പര ആദരവും ഇതിനിടയിൽ കൈമോശം വന്നുകൂടാ.

പ്രത്യയശാസ്ത്രപരമായി വിരുദ്ധ ധ്രുവങ്ങളിലുള്ള രാഷ്ട്രീയ പാർട്ടികൾ തമ്മിലും വിശ്വാസപരമായി അകന്നുനിൽക്കുന്ന മതങ്ങൾ തമ്മിലും സംവാദം സാധ്യമാകുന്ന കാലമാണിത്. ഭൂഗോളത്തിൽ ഒരു ബിന്ദുമാത്രമായ ഈ കൊച്ചുകേരളത്തിലെ സഭാനേതാക്കൾ തമ്മിൽ ആശയവിനിമയത്തിനു വഴിതുറക്കാൻ കഴിയേണ്ടതല്ലേ? ആത്മീയ പിതാക്കന്മാർക്കിടയിൽ തുറന്ന ചർച്ചയ്ക്കായി മഞ്ഞുരുകേണ്ടതല്ലേ?

ലോകം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള വിസ്മയകരമായ സാധ്യതകളിലേക്കു വളരുകയാണ്. നമ്മുടെ യുവാക്കളെ പുതിയ കാലത്തിന്റെ വെല്ലുവിളികൾ നേരിടാൻ പ്രാപ്തരാക്കണം. ഇത്തരം കാര്യങ്ങളിൽ പുതുതലമുറയെ പ്രചോദിപ്പിച്ചു നിർത്താൻ സഭകൾക്കും ഉത്തരവാദിത്തമുണ്ട്. അതുമറന്ന് കലഹിച്ചു കാലം കഴിച്ചാൽ യുവാക്കൾ അവരുടെ വഴി തേടിപ്പോയെന്നുവരും. പുതിയ തലമുറയിൽ ഭൂരിപക്ഷത്തിനും ഈ തർക്കങ്ങളിൽ താൽപര്യമില്ലെന്നതും സഭാനേതൃത്വങ്ങൾ തിരിച്ചറിയണം.

വർഷങ്ങളായി തുടരുന്ന പള്ളിത്തർക്കങ്ങൾ പലരുടെയും മനസ്സിൽ ഏറെ മുറിവുകളുണ്ടാക്കിയിട്ടുണ്ടാകാം. പക്ഷേ, ഓർക്കണം, ക്ഷമയാണ് ഏറ്റവും വലിയ ക്രിസ്തീയമൂല്യം. സ്നേഹമാണു ക്രൈസ്തവസാക്ഷ്യം. ‘നിങ്ങളുടെ കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ, നിങ്ങളും പരസ്പരം പാദങ്ങൾ കഴുകണം’ എന്നാണല്ലോ ക്രിസ്തു പഠിപ്പിച്ചത്.

‘പ്രാർഥനാനിരതനായ ഒരു മനുഷ്യൻ തന്നോടുതന്നെയും ലോകത്തോടും സമാധാനം പുലർത്തുന്നു’ – ഗാന്ധിജിയുടെ ഈ വാക്കുകൾ വഴികാണിക്കട്ടെ. പ്രതീക്ഷകൾ അണഞ്ഞുപോകുംവിധം ഇനിയും അവിശ്വാസത്തിന്റെ കാറ്റ് വീശരുതേ എന്നു പ്രാർഥിക്കാം.

(മനോരമ എഡിറ്റോറിയല്‍, 21-5-2018)