പരിശുദ്ധ പാമ്പാടി തിരുമേനിയുടെ 53 മത് ഓർമ്മപ്പെരുന്നാൾ 2018 ഏപ്രിൽ 4,5 തീയതികളിൽ
പരിശുദ്ധനായ പാമ്പാടി തിരുമേനി (കുറിയാക്കോസ് മാർ ഗ്രീഗോറിയോസ്) തിരുമേനിയുടെ
53 മത് ഓർമ്മപ്പെരുന്നാൾ 2018 ഏപ്രിൽ 4,5 (ബുധൻ, വ്യാഴം) തീയതികളിൽ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമനസ്സിന്റെ മുഖ്യ കാർമ്മികത്വത്തിലും അഭി.തിരുമേനിമാരുടെ സഹകാർമ്മികത്വത്തിലും പ.തിരുമേനി കബറടങ്ങിരിക്കുന്ന പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ നടത്തപ്പെടുന്നു.
*പെരുന്നാൾ കൊടിയേറ്റ് 2018 ഏപ്രിൽ 1 ഞായറാഴ്ച്ച ഉച്ചയ്ക്ക് 3 മണിക്ക് അഭി.ഡോ.മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്താ നിർവ്വഹിക്കുന്നതാണ്.*
പെരുന്നാൾ ഒരുക്കങ്ങളുടെ ഭാഗമായി ഏപ്രിൽ 2 തിങ്കൾ മുതൽ ഹേവോറെ ദിനങ്ങളിൽ വി.കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്.
ഏപ്രിൽ 4 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് പ.പാമ്പാടി തിരുമേനിയുടെ മാതൃ ഇടവകയായ പാമ്പാടി സെന്റ്.ജോൺസ് കത്തീഡ്രലിൽ നിന്നും ദയറായിലേയ്ക്ക് ഭക്തി നിർഭരമായ പ്രദക്ഷിണം ആരംഭിക്കും.
പ്രദക്ഷിണം കബറിങ്കൽ എത്തുന്നതോടെ ധൂപപ്രാർത്ഥനയും ശ്ലൈഹിക വാഴ്വും തുടർന്ന് കബറിങ്കൽ അഖണ്ഡപ്രാർത്ഥനയും ഉണ്ടായിരിക്കും.
ഏപ്രിൽ 5 ന് വ്യാഴാഴ്ച രാവിലെ 5 മണിയ്ക്ക് കോട്ടയം സഹായ മെത്രാപ്പോലീത്താ അഭി.ഡോ.യൂഹാനോൻ മാർ ദിയസ്ക്കോറസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ ആദ്യ കുർബ്ബാനയും തുടർന്ന് 7:30 ന് പ.കാതോലിക്കാ ബാവായുടെ മുഖ്യ കാർമ്മികത്വത്തിലും അഭി.തിരുമേനിമാരുടെ സഹകാർമ്മികത്വത്തിലും വി.മുന്നിന്മേൽ കുർബ്ബാനയും നടത്തപ്പെടുന്നതുമാണ്.
തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥനയും ശ്ലൈഹിക വാഴ്വും നേർച്ചവിളമ്പും ഉണ്ടായിരിക്കുന്നതാണ്.