2012-ല്‍ ഇന്ത്യയിലെ കാതോലിക്കേറ്റ് അതിന്‍റെ ശതാബ്ദി ആഘോഷിക്കുമ്പോള്‍, ദേശീയതയുടെ പ്രതീകമായ ഈ സ്ഥാനത്തിന് കൂടുതല്‍ മിഴിവ് നല്‍കണമെന്ന് അനേകര്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, അതിനു വ്യക്തമായ ഒരു രൂപരേഖ നല്‍കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല എന്ന യാഥാര്‍ത്ഥ്യവും നിലനില്‍ക്കുന്നു.
2012-ല്‍ പൗരസ്ത്യ കാതോലിക്കായെ ഇന്ത്യന്‍ പാത്രിയര്‍ക്കീസായി പ്രഖ്യാപിക്കണം എന്ന് ചിലര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇത് ഭാരതരത്നം വാങ്ങിയശേഷം പത്മശ്രീക്ക് അപേക്ഷിക്കുന്നതുപോലുള്ള ഒരു നടപടിയാണ്. പോര്‍ട്ടുഗീസുകാരുടെ വരവിനു മുമ്പുതന്നെ സെലൂഷ്യായിലെ കാതോലിക്കായെ തങ്ങളുടെ വേദതലവനായി നസ്രാണികള്‍ അംഗീകരിച്ചിരുന്നു. കാതോലിക്കാസ്ഥാനം, പാത്രിയര്‍ക്കീസ് എന്നതിനേക്കാള്‍ മഹത്തരമാണെന്നും അവര്‍ മനസിലാക്കിയിരുന്നു. റോമന്‍ കത്തോലിക്കരെ തികച്ചും അസ്വസ്ഥരാക്കിയ ഒന്നായിരുന്നു നസ്രാണികളുടെ ഈ തിരിച്ചറിവ്. അതിനാലാണ് 1599-ലെ ഉദയംപേരൂര്‍ സുന്നഹദോസിന്‍റെ കാനോനാകളില്‍ ഇത്രയും കാലം നിങ്ങള്‍ നിത്യനമസ്ക്കാരത്തിലും കുര്‍ബാനകളിലും ബാഗ്ദാദിലെ പാത്രിയര്‍ക്കീസിനെ കാതോലിക്കാ എന്നു കരുതി പ്രാര്‍ത്ഥിച്ചുവരുന്നു. കാതോലിക്കാ എന്നതിന്‍റെ അര്‍ത്ഥം സാര്‍വത്രിക പിതാവ് എന്നാണ്. ആ വിശേഷണം ഈ ഭൂമിയില്‍ റോമാ പാപ്പായ്ക്കു മാത്രം ഉള്ളതാണ്. ഇനി അദ്ദേഹത്തെയല്ലാതെ മറ്റാരെയെങ്കിലും കാതോലിക്കാ എന്നു വിളിച്ചാല്‍ മുടക്കപ്പെടും എന്ന് എഴുതിച്ചേര്‍ത്തത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ സഭാദ്ധ്യക്ഷ സങ്കല്‍പ്പം മാറ്റാന്‍ സാദ്ധ്യമല്ല. പ്രത്യേകിച്ചും പഴയ റോമാ സാമ്രാജ്യത്തിന്‍റെ സന്തതിയായ പാത്രിയര്‍ക്കീസിനു പകരം പൗരസ്ത്യമായ കാതോലിക്കാ എന്ന സ്ഥാനം ഉപയോഗിക്കുമ്പോള്‍ അതിനൊരു കൊളോണിയല്‍ വിരുദ്ധ മുഖം ലഭിക്കുന്നുണ്ട്.
രണ്ടാമതായി വന്ന നിര്‍ദ്ദേശം കാതോലിക്കായ്ക്കു കീഴില്‍ ഏതാനും പാത്രിയര്‍ക്കീസുമാരെ വാഴിക്കുക എന്നതാണ്. തികച്ചും അനാവശ്യവും, സ്ഥാനത്തിനുവേണ്ടി സ്ഥാനം എന്ന ഗണത്തില്‍പെടുന്ന ഒന്നുമാണിത്. അത്തരമൊരു സ്ഥാനക്കയറ്റത്തിന്‍റെ മാനദണ്ഡ രൂപീകരണം പോലും പ്രശ്ന സങ്കീര്‍ണ്ണമാണ്. മലങ്കര മെത്രാപ്പോലീത്തായും, അദ്ദേഹത്താല്‍ നിയോഗിക്കപ്പെടുന്ന ഇടവക മെത്രാന്മാരും എന്ന ഭരണ സംവിധാനം നിലവിലുള്ള മലങ്കരയില്‍ അപ്രായോഗികമാണിത്.
എന്നാല്‍ കാതോലിക്കേറ്റിന്‍റെ പുനര്‍നിര്‍ണ്ണയം ശതാബ്ദി വര്‍ഷത്തില്‍ അനിവാര്യമാണെന്നതില്‍ രണ്ടുപക്ഷമില്ല. എന്നെങ്കിലും ഒരു ഏകീകൃത ഇന്ത്യന്‍ സഭയുണ്ടാകുമെങ്കില്‍ അതിന്‍റെ തലവന്‍ കാതോലിക്കാ ആയിരിക്കും എന്ന വിശാലമായ കാഴ്ചപ്പാടോടെ വേണം ഈ പുനര്‍നിര്‍ണ്ണയം നടത്താന്‍. അതിനുള്ള മാര്‍ഗ്ഗം മൗലികതയിലേക്കുള്ള മടക്കം മാത്രമാണ്.
പോര്‍ട്ടുഗീസ് പൂര്‍വകാലത്ത് ഇന്ത്യയിലെ പേര്‍ഷ്യന്‍ മെത്രാന് സ്ഥാനിക പാത്രിയര്‍ക്കീസിന്‍റെ ബഹുമതി ഉണ്ടായിരുന്നു എന്ന് ചില ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹം ഇന്ത്യയോക്കെയുടേയും വാതില്‍ എന്ന അര്‍ത്ഥമുള്ള തറവോദ് കോല്‍ ഹിന്ദോ എന്ന സ്ഥാനനാമം ഉപയോഗിച്ചിരുന്നു. സെമറ്റിക് ഭാഷകളില്‍ വാതില്‍ എന്ന സങ്കല്പത്തിന് അത്യുന്നത സ്ഥാനമാണുള്ളത്. കൂനന്‍കുരിശു സത്യത്തിനു ശേഷം തദ്ദേശീയരായ മാര്‍ത്തോമ്മാ മെത്രാന്മാരും തറവോദ് കോല്‍ ഹിന്ദോ എന്ന് തങ്ങളുടെ പേരിനൊപ്പം ഉപയോഗിച്ചിരുന്നു. നാലാം മാര്‍ത്തോമ്മാ വരെ ഇത് ഉപയോഗിച്ചിരുന്നതായി രേഖകളുണ്ട് (അതിനുശേഷം ആരും ഉപയോഗിച്ചില്ല എന്നല്ല, പരിശോധിക്കാന്‍ ആരും മിനക്കെട്ടില്ല എന്നു മാത്രമേ അര്‍ത്ഥമുള്ളു). ശതാബ്ദി വര്‍ഷത്തില്‍ ഈ മഹത്തായ പൂര്‍വിക സ്ഥാനനാമം പുനര്‍ജീവിപ്പിക്കണം.
രണ്ടാമതായി പൗരസ്ത്യ കാതോലിക്കായുടെ സ്ഥാനവസ്ത്രമാണ്. ഇപ്പോള്‍ സുറിയാനി പാരമ്പര്യം അവകാശപ്പെടുന്ന എല്ലാ മെത്രാന്മാര്‍ക്കും ഒരേ വേഷമാണ്. സാധാരണവസ്ത്രത്തിലും കൗദാശിക വേഷത്തിലും സ്ഥിതി ഇതു തന്നെയാണ്. ഇതിനും തീര്‍ച്ചയായും മാറ്റം വരണം.
കാതോലിക്കാമാരുടെ അംശവസ്ത്രത്തിന്‍റെ ഒരു ഭാഗം സമീപകാലത്ത് നഷ്ടപ്പെട്ടിട്ടുണ്ട്. അത് പാശ്ചാത്യ സുറിയാനി പാരമ്പര്യത്തില്‍ പ്രധാന മഹാപുരോഹിതന്‍ (കാതോലിക്കാ – പാത്രിയര്‍ക്കീസ്) മാത്രം ധരിക്കുന്ന ഏഫോദ് എന്ന സ്ഥാനവസ്ത്രമാണ്. അരക്കെട്ടില്‍ നിന്നും തൂങ്ങിക്കിടക്കുന്ന സമചതുരാകൃതിയില്‍ ചിത്രപ്പണികളുള്ള ഇതിന് സാക്രോ എന്നും പറയും. പ. ഗീവര്‍ഗീസ് ദ്വിതീയന്‍, പ. മാത്യൂസ് പ്രഥമന്‍ എന്നീ കാതോലിക്കാമാര്‍ ഇത് ഉപയോഗിച്ചിരുന്നു. പ്രചാരലുപ്തമായ ഈ സ്ഥാനവസ്ത്രം അടിയന്തിരമായി പുനര്‍ജീവിപ്പിക്കേണ്ടിയിരിക്കുന്നു.
രണ്ടാമതായി സാധാരണവസ്ത്രമാണ്. കേരളത്തില്‍ ഒറിജിനലും ഡ്യൂപ്ലിക്കേറ്റും ബദലും റിബലുമായി പാശ്ചാത്യ സുറിയാനി പാരമ്പര്യം അവകാശപ്പെടുന്ന മെത്രാന്മാരെല്ലാം ധരിക്കുന്ന അതേ വേഷം – ചുമന്ന കുപ്പായവും കറുത്ത പുറംകുപ്പായവും കറുത്ത മത്തങ്ങാ മുടിയുമാണ് – പൗരസ്ത്യ കാതോലിക്കായും ധരിക്കുന്നത്. ഇതിനു മാറ്റം വരണം. എത്യോപ്യാ, റൂമേനിയാ മുതലായ സഭകളുടെ അദ്ധ്യക്ഷന്മാരെപ്പോലെ വെളുത്ത പുറംകുപ്പായം – മത്തങ്ങാമുടി അടക്കം – പൗരസ്ത്യ കാതോലിക്കായും സ്വീകരിക്കുന്നതാകും ഉചിതം. മുകളില്‍പറഞ്ഞ ഇരു സഭകളിലും മെത്രാന്മാര്‍ കറുത്ത കുപ്പായവും തൊപ്പിയുമാണ് ഉപയോഗിക്കുന്നത്. പോര്‍ട്ടുഗീസുകാരുടെ വരവിനു മുമ്പു മുതല്‍ നസ്രാണി കത്തനാരന്മാര്‍ വെളുത്ത കുപ്പായമാണ് ധരിച്ചു വന്നിരുന്നത്. ഇന്നും പൗരസ്ത്യ സഭകളില്‍ വൈദികര്‍ സാധാരണവസ്ത്രമായി വെളുത്ത കുപ്പായം ധരിക്കുന്ന ഏക സഭ, മലങ്കരസഭയാണ്. ഈ പുരാതന വ്യക്തിത്വമനുസരിച്ചും കാതോലിക്കായുടെ വെളുത്ത പുറംകുപ്പായം അര്‍ത്ഥപൂര്‍ണ്ണമാണ്.
നഷ്ടപ്പെട്ടുപോയ മറ്റൊന്ന്, ആര്‍ച്ച് മാന്‍ഡ്രിയാറ്റ് വടിയാണ്. പൗരസ്ത്യ സഭാദ്ധ്യക്ഷന്മാരെല്ലാം സാധാരണ വസ്ത്രത്തോടൊപ്പം കൊണ്ടുനടക്കുന്ന ഒന്നാണ് നെഞ്ചുവരെ പൊക്കമുള്ള ആര്‍ച്ച് മാന്‍ഡ്രിയാറ്റ് വടി. മലങ്കരയിലെ കോര്‍എപ്പിസ്ക്കോപ്പാമാര്‍ ഉപയോഗിക്കുന്നതിനോടു സാദൃശ്യമുള്ളതും അലങ്കാരപ്പണികളുള്ളതുമാണ് സഭാ തലവന്മാര്‍ ഉപയോഗിക്കുന്ന ആര്‍ച്ച് മാന്‍ഡ്രിയാറ്റ് വടി. ഇതും പ. ഗീവര്‍ഗീസ് ദ്വിതീയന്‍, പ. മാത്യൂസ് പ്രഥമന്‍ എന്നീ കാതോലിക്കാമാര്‍ ഉപയോഗിച്ചിരുന്നു. ഈ വടിയുടെ ഉപയോഗവും പുനഃസ്ഥാപിക്കണം.
നൂറ്റാണ്ടുകളില്‍ വൈദേശിക അധിനിവേശത്തിനെതിരെ നസ്രാണികള്‍ ചെറുത്തുനിന്നത് അവരുടെ തോമാവബോധം (ഠവീാമെ രീിരെശീൗിലെൈ) കൊണ്ടായിരുന്നു. നസ്രാണികളെ ഒരുമിച്ചു നിര്‍ത്തിയ അദൃശ്യ തന്തുവും ഈ സ്വത്വബോധമായിരുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ നസ്രാണികളുടെ ദേശവും ഭാഷയും ജാതിയും വംശവും സംസ്കാരവുമെല്ലാം വിഭിന്നമായി. വിവിധ ഭൂഖണ്ഡങ്ങളിലേയ്ക്കു നടക്കുന്ന കുടിയേറ്റങ്ങളാണ് ഇതിനു കാരണം. ഇനിയുള്ള കാലം നസ്രാണികളെ ഒരുമിച്ചു നിര്‍ത്തുന്ന ഏക ഘടകം തോമാവബോധം എന്ന നസ്രാണിത്വം മാത്രമായിരിക്കും. അതു കേന്ദ്രീകരിച്ചിരിക്കുന്നത് പൗരസ്ത്യ കാതോലിക്കായിലാണ്. ഈയൊരു കാഴ്ചപ്പാടോടെ വേണം ശതാബ്ദി വര്‍ഷത്തില്‍ കാതോലിക്കേറ്റിന്‍റെ വ്യക്തിത്വത്തെ പുനര്‍നിര്‍ണ്ണയം നടത്താന്‍.
(ജോര്‍ജിയന്‍ മിറര്‍, ഓഗസ്റ്റ് 2011)