സത്യത്തെക്കുറിച്ചുള്ള അസത്യങ്ങള്‍ / ഡോ. എം. കുര്യന്‍ തോമസ്

മലങ്കരസഭയുടെ മാത്രമല്ല, ഇന്ത്യയുടെ തന്നെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഐതിഹാസികമായ ഏടാണ് 1653-ലെ കൂനന്‍കുരിശു സത്യം. ഇന്ത്യയുടെ മണ്ണില്‍ പാശ്ചാത്യ ശക്തികള്‍ക്കെതിരായി നടന്ന ആദ്യ സ്വാതന്ത്ര്യസമരം എന്നു മാത്രമല്ല, പൂര്‍ണ്ണമായി വിജയിച്ച സമരം എന്ന പ്രാധാന്യം കൂടി കൂനന്‍കുരിശു സത്യത്തിനുണ്ട്.

എന്നാല്‍ കൂനന്‍കുരിശു സത്യത്തെ കേവലം ഒരു മതലഹള മാത്രമായി നിസാരവല്‍ക്കരിക്കാനാണ് ആദിമുതല്‍ അധിനിവേശശക്തികള്‍ ശ്രമിച്ചുവന്നത്. ആ ശ്രമം ഇന്നും തുടരുന്നു. ഇതിന്‍റെ ചുവടുപിടിച്ച് മതേതര സാമൂഹ്യ ചരിത്രകാരന്മാരും ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലോ കേരളത്തിന്‍റെ പൊതു ചരിത്രത്തിലോ കൂനന്‍കുരിശുസത്യത്തെ ഉള്‍പ്പെടുത്തിയില്ല. ഇന്ന് ആ സ്ഥിതിക്ക് സാവധാനം മാറ്റം വന്നു തുടങ്ങിയിട്ടുണ്ടെന്നത് ശുഭോദര്‍ക്കമാണ്.

കൂനന്‍കുരിശു സത്യത്തിന്‍റെ നിസാരവല്‍ക്കരണം എന്നത് അധിനിവേശ റോമന്‍ കത്തോലിക്കാ സഭയ്ക്ക് അതു മൂലം ഉണ്ടായ ജാള്യത മറയ്ക്കാനുള്ള ഒരു ഉപാധിയായിരുന്നു. നസ്രാണികളുടെ സ്വതന്ത്രനില എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നതിനാല്‍ ഇതിന്‍റെ തമസ്ക്കരണം അസാദ്ധ്യമായിരുന്നു. അതിനാലാണ് കൂനന്‍കുരിശു സത്യത്തിന്‍റെ നിസാരവല്‍ക്കരണം വിവിധ തലങ്ങളില്‍ നടത്തിവരുന്നത്.

മാര്‍ അഹത്തള്ളാ എന്ന പൗരസ്ത്യ മെത്രാനെ പറങ്കികള്‍ കൊച്ചിക്കായലില്‍ കെട്ടിത്താഴ്ത്തി എന്ന വാര്‍ത്ത കേട്ട് പെട്ടെന്നുണ്ടായ വികാരക്ഷോഭം മൂലം നടത്തിയ ഒരു നടപടിയായിരുന്നു കൂനന്‍കുരിശു സത്യം എന്ന പ്രചരണമാണ് ആദ്യത്തെ നിസാരവല്‍ക്കരണ പ്രക്രിയ. ഇതു തികച്ചും തെറ്റായ വ്യഖ്യാനമാണ്. കാരണം 1652 നവംബര്‍ മുതല്‍ കൊച്ചിയുടെ പരിസരത്തുള്ള പള്ളികളില്‍ സമ്മേളിച്ചുകൊണ്ടിരുന്ന മലങ്കര പള്ളിയോഗമാണ് റോമന്‍ കത്തോലിക്കാ ബന്ധം വിടര്‍ത്താന്‍ നിശ്ചയിച്ചത്. മാര്‍ അഹത്തള്ളായുടെ വധം അതിനൊരു ത്വരകമായി എന്നുമാത്രം. സത്യത്തെ തുടര്‍ന്നും മലങ്കര പള്ളിയോഗം പലതവണ ചേര്‍ന്നാണ് ഭാവി നടപടികള്‍ തീരുമാനിച്ചത്.

നസ്രാണികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന റോമന്‍ കത്തോലിക്കാ മിഷനറി സമൂഹമായ ജസ്യൂട്ടുകളുടെ പ്രവര്‍ത്തനശൈലിയോട് മാത്രമായിരുന്നു നസ്രാണികള്‍ക്ക് വിരോധം എന്നും, അത് റോമന്‍ കത്തോലിക്കാ സഭയോടോ റോമാ സിംഹാസനത്തോടോ ആയിരുന്നില്ല എന്നുമാണ് അടുത്ത നിസാരവല്‍ക്കരണം. ജസ്യൂട്ടുകള്‍ കേരളത്തില്‍ അറിയപ്പെട്ടിരുന്നത് സാമ്പാളൂര്‍ പാതിരിമാര്‍ എന്നാണ്. അവര്‍ക്കെതിരായിരുന്നു സത്യവാചകം എന്നു പ്രചണ്ഡമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷേ നസ്രാണികളുടെ പില്‍ക്കാല നടപടികള്‍ വ്യക്തമാക്കുന്നത് അതിനു വിപരീതമായിട്ടാണ്. ജസൂട്ടുകള്‍ക്കു പകരം കര്‍മ്മലീത്തരെ റോമന്‍ കത്തോലിക്കാ സഭ പിന്നീട് അവതരിപ്പിച്ചിട്ടും നസ്രാണികള്‍ ഒത്തുതീര്‍പ്പിനു തയാറായില്ല എന്നത് ഈ വസ്തുത ശരിവയ്ക്കുന്നു.

എന്നാല്‍ സത്യവാചകം എന്തായിരുന്നാലും അതിനെ ഉറപ്പിച്ച് എഴുതിയ മലങ്കര പള്ളിയോഗത്തിന്‍റെ മട്ടാഞ്ചേരി പടിയോലയുടെ വിശ്വസനീയമായ ഒരു പകര്‍പ്പ് ഇന്നു ലഭ്യമാണ്. 1815 മുതല്‍ 1915 വരെ കോട്ടയം ഇടവഴിക്കല്‍ കുടുംബത്തിലെ വൈദികര്‍ നാളാഗമരീതിയില്‍ തുടര്‍ച്ചയായി എഴുതിവന്ന ഇടവഴിക്കല്‍ ഡയറി എന്ന അപ്രകാശിത ഗ്രന്ഥത്തിലാണ് ഈ പടിയോലയുടെ പകര്‍പ്പ് ഇന്നു ലഭ്യമാകുന്നത്. ഇടവഴിക്കല്‍ ഡയറി എഴുതിത്തുടങ്ങിയത് എഴുത്തുകാരനും സുറിയാനി ഭാഷയിലും സഭാചരിത്രത്തിലും പണ്ഡിതനും ആയിരുന്ന ഇടവഴിക്കല്‍ പീലിപ്പോസ് കത്തനാര്‍ ആയിരുന്നു. തുടര്‍ന്ന് പിന്‍ഗാമിയായ ഇടവഴിക്കല്‍ പീലിപ്പോസ് കോര്‍എപ്പിസ്ക്കോപ്പായും അതിനെതുടര്‍ന്ന് ഇടവഴിക്കല്‍ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായും ഈ നാളാഗമ രചന തുടര്‍ന്നു. 1815-നു മുമ്പുള്ള ലഭ്യമായ വിവരങ്ങള്‍ ഇടവഴിക്കല്‍ ഡയറിയില്‍ ആമുഖമായി ചേര്‍ത്തിട്ടുണ്ട്.

ഈ കൃതിയില്‍ നിന്നും ഇടവകപത്രിക പത്രാധിപരായിരുന്ന ഇടവഴിക്കല്‍ ഇ. എം. ഫിലിപ്പിന് പടിയോലയുടെ പകര്‍പ്പു ലഭിച്ചു. അദ്ദേഹം എഴുതിയ 1896 പുസ്തകം 5, ലക്കം 3, ഈയോര്‍ – മീനം ലക്കം ഇടവകപത്രികയുടെ മുഖപ്രസംഗത്തില്‍ പടിയോലയുടെ പൂര്‍ണ്ണരൂപം ചേര്‍ത്തിട്ടുണ്ട്. ഇടവഴിക്കല്‍ ഡയറിയിലെ പ്രസക്തഭാഗമാണ് താഴെ ഉദ്ധരിക്കുന്നത്:

…അനന്തരം ഇത്ര ക്രൂരപാതകം ചെയ്ത പറങ്കികളോടും അവരുടെ കൂട്ടത്തോടും യാതൊരു ചേര്‍ച്ചയും അരുതെന്ന സുറിയാനിക്കാര്‍ നിശ്ചയിച്ചു. എല്ലാവരുംകൂടി കൊച്ചിയില്‍ കൂനന്‍കുരിശിന്മേല്‍ ഒരു കയറ കെട്ടിപ്പിടിച്ച 1653 മകരം 3-ാം തീയതി സത്യം ചെയ്കയും ഒരു പടിയോല എഴുതി ഒപ്പിടുകയും ചെയ്തു. ആ പടിയോലയുടെ പേര്‍പ്പ.

മോറാന്‍ ഈശോമശിഹാ പിറന്നിട്ട 1653-ാമത് മകരമാസം 3-ാം തീയതി വെള്ളിയാഴ്ചനാള്‍ അര്‍ക്കദിയാക്കോന്‍ അച്ചനും മലങ്കര എടവകയിലുള്ള പള്ളികളിലെ വികാരിമാരും ദേശത്തുപട്ടക്കാറരും എല്ലാവരുംകൂടി മട്ടാഞ്ചേരില്‍ പള്ളിയില്‍വച്ച നിശ്ചയിച്ച കല്പിച്ച കാര്യം: അയ്ത ശുദ്ധമാന കാതോലിക്കാ പള്ളി കല്പിച്ച നമുക്കായിട്ട മലങ്കരയ്ക്കു യാത്രയാക്കിയ പാത്രിയര്‍ക്കീസിനെ ബലത്താലെ മെത്രാനും സാമ്പാളൂര്‍ പാതിരിമാരും കൂടി പിടിച്ച, നമുക്ക് അനുഭവിക്കരുതെന്ന കല്പിച്ചതകൊണ്ടും ആ പാത്രിയര്‍ക്കീസ മലങ്കരയ്ക്കുവന്ന നമ്മുടെ കണ്ണുംമുന്നില്‍ കാണോളംനേരം (പൊടിവ്) ഇപ്പോള്‍ മലങ്കര വാഴുന്ന മാര്‍ ഫ്രഞ്ചിയൂസ മെത്രാന്‍ നമുക്ക മെത്രാനല്ല. നാം അയാളുടെ ഇടവകയിലുള്ള പ്രജകളുമല്ല എന്ന ഒന്മ. ശുദ്ധമാന പള്ളിയുടെ ക്രമത്തില്‍ തക്കവണ്ണം നമ്മുടെ എടവക വാഴുവാന്‍ മേല്പട്ടക്കാരന്‍ വേണ്ടുന്നതിന ഇപ്പോള്‍തൊട്ട തോമ്മാ അര്‍ക്കദിയാക്കോന്‍ തന്നെ വാണുകൊള്ളുകയും വേണമെന്ന ഒന്മ. ഇതിന വിചാരരായിട്ട കല്ലിശ്ശേരി പള്ളിയില്‍ ഇട്ടിത്തൊമ്മന്‍ കത്തനാരും കടുത്തുരുത്തി പള്ളിയില്‍ കടവില്‍ ചാണ്ടിക്കത്തനാരും അങ്കമാലി പള്ളിയില്‍ വേങ്ങൂര്‍ ഗീവറുഗീസ കത്തനാരും കുറവിലങ്ങാട്ടു പള്ളിയില്‍ പള്ളിവീട്ടില്‍ ചാണ്ടിക്കത്തനാരും ഇവര്‍ നാലുപേരും വിചാരക്കാരായിരുന്നു മൂവ്വാണ്ടില്‍ മൂവ്വാണ്ടില്‍ കൂടിവിചാരിച്ച കല്പിച്ചു കൊള്‍കയുംവേണം എന്ന ഒന്മ. ഈ കല്പിച്ചമേക്ക കടവില്‍ ചാണ്ടിക്കത്തനാര്‍ കയ്യെഴുത്ത.

ഇപ്രകാരം ഒരു ഉടമ്പടി തീര്‍ത്ത ഒപ്പിട്ടപടി എല്ലാവരും ആലങ്ങാട്ടകൂടി തോമ്മാ അര്‍ക്കദിയാക്കോനെ പാത്രിയര്‍ക്കീസിന്‍റെ കല്പന അനുസരിച്ച മെത്രാനായി വാഴിക്കയും ഇട്ടിത്തൊമ്മന്‍ കത്തനാര്‍ മുതലായ നാല കത്തങ്ങളെ ആലോചനക്കാരായി നിയമിക്കുകയും ചെയ്തു. …

വളരെ വ്യക്തമായ ഈ പടിയോലയ്ക്ക് വിശദീകരണം ആവശ്യമില്ല എങ്കിലും ചില വാക്കുകള്‍ മാത്രം വിശദീകരിക്കേണ്ടതുണ്ട്. ഇതില്‍ പ്രതിപാദിക്കുന്ന ഫ്രഞ്ചിയൂസ മെത്രാന്‍, നസ്രാണികളുടെ അവസാനത്തെ ലത്തീന്‍ മെത്രാന്‍ ഫ്രാന്‍സിസ് ഗാര്‍ഷ്യാ ആണ്. സാമ്പാളൂര്‍ പാതിരിമാര്‍ എന്നു വിശേഷിപ്പിക്കുന്നത് ജസ്യൂട്ടുകളെയാണ്. അവര്‍ സെന്‍റ് പോള്‍സ് കോളജ് (സെമിനാരി) ആസ്ഥാനമാക്കിയിരുന്നതിനാലാണ് ആയര്‍ത്ഥത്തില്‍ ഈ പേരു ലഭിച്ചത്.

മട്ടാഞ്ചേരി പടിയോലയിലെ ശുദ്ധമാന കാതോലിക്കാ പള്ളി എന്ന പരാമര്‍ശനം റോമന്‍ കത്തോലിക്കാ സഭ എന്നു വ്യാഖ്യാനിക്കാനാവില്ല. കാരണം, പൗരസ്ത്യ സഭകളെല്ലാം സഭയുടെ കാതോലികം, ശ്ലൈഹികം, ഏകം, വിശുദ്ധം എന്ന ചതുര്‍ലക്ഷണങ്ങളില്‍പ്പെട്ട സാര്‍വത്രിക സഭ എന്ന അര്‍ത്ഥത്തില്‍ കാതോലിക സഭയെന്നുപയോഗിക്കുന്നുണ്ട്. 1684-ല്‍ മലങ്കരയിലെത്തിയ പാശ്ചാത്യ സുറിയാനി മേല്പട്ടക്കാരന്‍ മാര്‍ ഈവാനിയോസ് ഹദിയള്ള കാതോലിക്കാപ്പള്ളി റോമാപ്പള്ളിയല്ലായെന്നു വ്യക്തമാക്കുന്നുമുണ്ട്.

ഈ പടിയോലയില്‍ മാര്‍ അഹത്തള്ളായെ പാത്രിയര്‍ക്കീസ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതിനു രണ്ടു കാരണങ്ങള്‍ ചൂണ്ടിക്കാട്ടാം. ഒന്നാമതായി 1598 വരെ കേരളത്തില്‍ എത്തിക്കൊണ്ടിരുന്ന പേര്‍ഷ്യന്‍ മെത്രാന്മാരെ സ്ഥാനിക പാത്രിയര്‍ക്കീസുമാരായി പരിഗണിച്ചിരുന്നതായി ചില സൂചനകളുണ്ട്. 1599-ലെ ഉദയംപേരൂര്‍ സുന്നഹദോസിനു ശേഷം കേരളത്തിലെത്താന്‍ സാധിച്ച ആദ്യ പൗരസ്ത്യ മെത്രാനെ പൂര്‍വിക രീതിയില്‍ സംബോധന ചെയ്തതാവാം.

മറ്റൊരു സാദ്ധ്യതയും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതനുസരിച്ച് ഇദ്ദേഹം അഹത്തുള്ള മാര്‍ ദീവന്നാസ്യോസ് എന്ന അന്ത്യോഖ്യന്‍ മേല്പട്ടക്കാരനായിരുന്നു. പാത്രിയര്‍ക്കാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഇദ്ദേഹം നാടുവിട്ടുപോയി ബദല്‍ പാത്രിയര്‍ക്കീസായി. ഇദ്ദേഹം അഭയാര്‍ത്ഥിയായി ഈജിപ്തില്‍ താമസിക്കുമ്പോള്‍ മലങ്കര നിന്നും രഹസ്യമായി പൗരസ്ത്യ സഭാദ്ധ്യക്ഷന്മാര്‍ക്കയച്ച അഭ്യര്‍ത്ഥനകളിലൊന്ന് അദ്ദേഹത്തിന്‍റെ കൈയിലെത്തുകയും അതനുസരിച്ച് മലങ്കരയിലേയ്ക്കു പുറപ്പെടുകയുമായിരുന്നു. പാത്രിയര്‍ക്കീസ് എന്ന സംബോധനയുടെ സാരം ഇതാണെന്നാണ് അവരുടെ വാദം. ഏതായാലും ഇദ്ദേഹം മലങ്കരസഭയ്ക്കുവേണ്ടി രക്തസാക്ഷിത്വം പ്രാപിച്ച ഒരു പൗരസ്ത്യ മേല്പട്ടക്കാരന്‍ ആയിരുന്നു എന്നതില്‍ തര്‍ക്കമില്ല.

മട്ടാഞ്ചേരി പടിയോലയെ സാധൂകരിക്കുന്ന ഒരു കത്തും ഇടവഴിക്കല്‍ ഡയറിയിലുണ്ട്. മട്ടാഞ്ചേരിയില്‍ കൂടിയ മലങ്കര പള്ളിയോഗം മാര്‍ത്തോമ്മാ മെത്രാന്‍റെ ആലോചനക്കാരായി നിയമിച്ച നാലു പേരില്‍ ഒരാളായ കുറവിലങ്ങാട്ടു പള്ളിയില്‍ പള്ളിവീട്ടില്‍ ചാണ്ടിക്കത്തനാര്‍ പിന്നീട് 1663-ല്‍ മറുകണ്ടം ചാടി റോമന്‍ കത്തോലിക്കാ സഭയില്‍ ചേര്‍ന്നു മെത്രാനായി ചാണ്ടിമാര്‍ഗ്ഗം സ്ഥാപിച്ചു. അതിനുശേഷം അലോചനാസമിതിയിലെ പ്രമുഖനും മാര്‍ത്തോമ്മാ മെത്രാന്‍റെ വലംകൈയുമായിരുന്ന ആഞ്ഞിലിമൂട്ടില്‍ ഇട്ടിത്തൊമ്മന്‍ കത്തനാര്‍ പറമ്പില്‍ ചാണ്ടിക്ക് അയച്ച ഒരു കത്ത് ഇടവഴിക്കല്‍ ഡയറിയില്‍ പകര്‍ത്തിയതില്‍ ഈ പടിയോല പരാമര്‍ശന വിധേയമാകുന്നുണ്ട്.

ഇടവഴിക്കല്‍ ഡയറിയുടെ ആദ്യഭാഗം എഴുതിയത് ഇടവഴിക്കല്‍ പീലിപ്പോസ് കത്തനാര്‍ ആണ്. അന്ത്യോഖ്യാ പാ

്രിയര്‍ക്കീസിന്‍റെ ചാരന്‍ എന്ന് നവീകരണ സഭാചരിത്രകാരന്മാര്‍ വിശേഷിപ്പിച്ച വ്യക്തിയാണ് ഇദ്ദേഹം. കൂനന്‍കുരിശു സത്യത്തെപ്പറ്റി അദ്ദേഹം രേഖപ്പെടുത്തിയ ഈ പരാമര്‍ശനത്തില്‍ അന്ത്യോഖ്യാ എന്ന പരാമര്‍ശനമില്ല എന്നത് ശ്രദ്ധേയമാണ്.

(ഗ്രിഗോറിയന്‍, ഷാര്‍ജ, ജനുവരി, 2014)