മലങ്കര സഭയുടെ സ്വാതന്ത്ര്യ ശില്പി സഭാഭാസുരന്‍ പ. വട്ടശ്ശേരില്‍ തിരുമേനിയുടെ കബറടക്ക ശുശ്രൂഷാമദ്ധ്യേ 1934 ഫെബ്രുവരി 24-ാം തീയതി പ. ഗീവറുഗീസ് ദ്വിതീയന്‍ ബാവാ ചെയ്ത ചരിത്ര പ്രസിദ്ധമായ പ്രസംഗമാണിത്:
കര്‍ത്താവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരെ,
നമ്മുടെ ഇടയില്‍നിന്ന് വാങ്ങിപ്പോയിരിക്കുന്ന ഈ വിശുദ്ധ പിതാവിന്‍റെ കബറടക്ക ശുശ്രൂഷയില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുന്നതിനായി വന്നുകൂടിയിരിക്കുന്ന നിങ്ങളോട് അദ്ദേഹത്തെക്കുറിച്ച് അല്പം സംസാരിക്കുന്നത് അനുചിതമായിരിക്കയില്ലല്ലോ. ലോകപ്രകാരം നോക്കുന്നപക്ഷം അദ്ദേഹം ഒരസാധാരണമനുഷ്യന്‍ ആയിരുന്നുവെന്ന് നിങ്ങളേവരും സമ്മതിക്കുമെന്ന് നാം വിശ്വസിക്കുന്നു. കണ്ടോ കേട്ടോ അദ്ദേഹത്തെ അറിഞ്ഞിട്ടുള്ള നാനാജാതി മതസ്ഥരായ ഏവരും ഐകകണ്ഠ്യേന സമ്മതിക്കുന്ന ഒരു പരമാര്‍ത്ഥമാണിത്. അദ്ദേഹം ഒരു അഗാധ ബുദ്ധിമാനും വലിയ ജ്ഞാനിയും, മഹാപണ്ഡിതനും, ധീരയോദ്ധാവും, അചഞ്ചലഹൃദയനുമായിരുന്നു. എത്രയും വിഷമമേറിയ ഒരു ഘട്ടത്തില്‍ക്കൂടി വിജയപൂര്‍വ്വം അദ്ദേഹം സഭയെ മുമ്പോട്ടു നയിച്ചു. പരാജയത്തില്‍പ്പോലും ധൈര്യസമേതം പോരാടി വിജയം സമ്പാദിച്ചു. അദ്ദേഹത്തിനു സമാനമായി നമ്മുടെ ഇടയില്‍ ആരുള്ളൂ? ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹം ഒരു സിംഹക്കുട്ടി തന്നെയായിരുന്നു. സ്വതസിദ്ധമായ ഗാംഭീര്യത്തോടും ശോഭയോടും കൂടിത്തന്നെ അദ്ദേഹം ഇപ്പോഴും സ്ഥിതിചെയ്യുന്നു എന്ന് അവിടത്തെ മൃതശരീരം കണ്ടാല്‍ ആര്‍ക്കും തോന്നുകയില്ലയോ?
ബാലസിംഹത്തിനും മുട്ടുണ്ടായേക്കാം. എന്നാല്‍ അദ്ദേഹത്തിന് ഒരിക്കലും ഒരു കുറവും ഉണ്ടായിട്ടില്ല. എന്തെങ്കിലും ഇല്ലാതിരുന്നു വിഷമിപ്പാന്‍ അദ്ദേഹത്തിന് ഇടയായിട്ടില്ല. ദൈവത്തെ ആശ്രയിക്കുന്ന നീതിമാന് ഒരിക്കലും മുട്ടുണ്ടാകയില്ലല്ലോ. മരണനിഴലിന്‍ താഴ്വരയില്‍ക്കൂടി നടക്കേണ്ടി വന്നപ്പോഴും അദ്ദേഹത്തിന് ആളുകളും പണവും ലോഭം കൂടാതെ ഉണ്ടായിരുന്നു. രോഗക്കിടക്കയിലും ഒരു കുറവും അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്നില്ല. എട്ടു ദിവസത്തോളം അദ്ദേഹം രോഗശയ്യയില്‍ ആയിരുന്നു. ചികിത്സയ്ക്കും പരിചരണത്തിനും യാതൊരു കുറവുമില്ലായിരുന്നു. വിദഗ്ദ്ധന്മാരായ ഭിഷഗ്വരന്മാര്‍ തന്നെയാണ് ചികിത്സകള്‍ നടത്തിയത്. അവസാനം സമീപിക്കുവോളം സുബോധമുണ്ടായിരുന്നു. അദ്ദേഹത്തിന് കാണേണ്ടവരും, അദ്ദേഹത്തെ കാണേണ്ടവരുമായ മിക്കവരും വന്ന് അദ്ദേഹത്തെ സന്ദര്‍ശിച്ചു. മേല്പട്ടക്കാരായ ഞങ്ങളും അനേകം പട്ടക്കാരും സദാ കൂടെയുണ്ടായിരുന്നു. ‘കന്തീലാ ശുശ്രൂഷ’ നടത്തിയപ്പോള്‍ എത്രയും തെളിവായ ബുദ്ധിയോടെ അദ്ദേഹം അതില്‍ സംബന്ധിച്ചു. കുരിശുവരയ്ക്കേണ്ട സമയങ്ങളില്‍ ഒക്കെയും അദ്ദേഹം തന്നെത്താന്‍ അപ്രകാരം ചെയ്തു. എന്നു മാത്രമല്ല, ശുശ്രൂഷാനന്തരം ആരും ഓര്‍മ്മിപ്പിക്കാതെതന്നെ ക്രമപ്രകാരം ചുറ്റും നിന്നവരെ ‘റൂശ്മാ’ ചെയ്തനുഗ്രഹിച്ചു. മരണശേഷവും അദ്ദേഹത്തിന് എന്തെങ്കിലും കുറവുണ്ടോ? ഒരുവന്‍ ലോകത്തില്‍ എത്ര മഹാനായി ജീവിച്ചാലും അവനുചിതമായ കബറടക്കം ലഭിക്കാതിരുന്നാല്‍ അവന്‍ അലസിപ്പോയ ഗര്‍ഭപിണ്ഡത്തിനു സദൃശനാണെന്നു മഹാജ്ഞാനിയായ ശലോമോന്‍ പറഞ്ഞിരിക്കുന്നു. ആകയാല്‍ യോഗ്യമായ കബറടക്കമെന്നുള്ളതു നിസാരകാര്യമല്ല. നമ്മുടെ ഈ പരിശുദ്ധ പിതാവിന് ആ ഭാഗ്യവും അധീനമായിരിക്കുന്നു. ഇത്രയധികം പട്ടക്കാരും ശെമ്മാശന്മാരും അയ്മേനികളും ഏതെങ്കിലും ഒരു കബറടക്കശുശ്രൂഷയില്‍ സംബന്ധിച്ചിട്ടുള്ളതായി നമുക്കറിവില്ല. ഇതു സംബന്ധിച്ചുള്ള സന്നാഹങ്ങളും ക്രമീകരണങ്ങളും എത്രയോ ഉപരിയായിരിക്കുന്നു. ഒരു രാജര്‍ഷിക്കുചിതമായ വിധം തന്നെ അതും സാധിച്ചിരിക്കുന്നു.
ലോകപ്രകാരം നോക്കുന്നപക്ഷവും അദ്ദേഹം ഒരു മഹാന്‍ തന്നെയായിരുന്നു. തോല്‍വികളില്‍പോലും നിരാശ കൂടാതെ സധൈര്യം പോരാടി ജയഘോഷം കൊണ്ടിട്ടുള്ളവനാണ്. ഒരു കുറവും അദ്ദേഹം അനുഭവിക്കേണ്ടിവന്നിട്ടില്ല. ആത്മീയപ്രകാരവും അദ്ദേഹം ഒരു മഹാനും യാതൊരു കറയും കുറവും ഇല്ലാത്തവനുമായിരുന്നുവെന്നാണ് നമ്മുടെ അഭിപ്രായം. പലര്‍ക്കും അത് അറിയുന്നതിനു സാധിച്ചിട്ടില്ല. കാരണം, അദ്ദേഹം അത് അശ്ശേഷം ഭാവിക്കുന്ന ആളല്ലായിരുന്നു എന്നുള്ളതാണ്. നമ്മുടെ കര്‍ ത്താവ് ഉഗ്രമായി ശപിച്ചിട്ടുള്ള കപടഭക്തിയുടെ നിഴല്‍ പോലും അദ്ദേഹത്തിലില്ലായിരുന്നു. നമ്മള്‍ ആരോടടുത്ത് ഇടപെടുന്നുവോ അവരുടെ ജീവിതരഹസ്യങ്ങള്‍ നമുക്കു ഗ്രഹിപ്പാന്‍ സാധിക്കുന്നതാണല്ലോ. നാം ചെറുപ്പംമുതല്‍ അദ്ദേഹത്തോടുകൂടി താമസിച്ചിട്ടുള്ളവനും അടുത്തു പെരുമാറിയിട്ടുള്ളവനുമത്രേ. ദൈവത്തിന് ഇഷ്ടമുള്ള നടപടികളല്ലാതെ അദ്ദേഹത്തിന്‍െറ ആത്മീയജീവിതത്തില്‍ നാം കണ്ടിട്ടില്ല. ആത്മീയകാര്യങ്ങളില്‍ അദ്ദേഹം എത്രയും ക്രമവും നിഷ്ഠയുമുള്ളവനായിരുന്നു എന്നുള്ളതിനു നാം ദൃക്സാക്ഷിയാണ്. നിത്യവുമുള്ള വേദവായന, യാമം തോറും – വിശിഷ്യ പാതിരാത്രിക്കുപോലുമുള്ള നമസ്ക്കാരങ്ങള്‍, നോമ്പാചാരണം എന്നിവയൊക്കെയും കഴിഞ്ഞ വെള്ളിയാഴ്ച പ്രഭാതം വരെ അദ്ദേഹം നിര്‍വിഘ്നം അനുഷ്ഠിച്ചുവന്നു. രോഗശയ്യയിലായി സംസാരശക്തി ക്ഷയിച്ചിട്ടും യാമങ്ങളില്‍ അദ്ദേഹം കുരിശുവരച്ചു നമസ്കരിക്കുമായിരുന്നു. വിശുദ്ധ സഭയുടെ വിശ്വാസാചാരങ്ങളെപ്പറ്റിയുള്ള അറിവില്‍ അദ്ദേഹം അദ്വിതീയനായിരുന്നതുപോലെ തന്നെ അവയുടെ അനുഷ്ഠാനങ്ങളിലും ഒട്ടും പിന്നോക്കമായിരുന്നില്ല. സുറിയാനിഭാഷ, കാനോന്‍, സഭാചരിത്രം എന്നിവയില്‍ അദ്ദേഹത്തെപ്പോലെ ഓര്‍മ്മശക്തിയോടുകൂടിയ പാണ്ഡിത്യം മറ്റാര്‍ക്കുള്ളൂ? അദ്ദേഹം ഒരു വലിയ മല്‍പാനായിരുന്നു. ബലഹീനനായ നാം അദ്ദേഹത്തിന്‍റെ ശിഷ്യനാണ്.
അദ്ദേഹത്തിന്‍റെ കബറടക്കം ഇന്നു നടക്കുന്നത് അത്ഭുതകരമായിരിക്കുന്നു. വലിയനോമ്പിലെ ആദ്യ ശനിയാഴ്ചയായ ഇന്നു – ഭൂലോക മല്പാനായ മാര്‍ അപ്രേമിന്‍റെ ഓര്‍മ്മ ദിവസമായ ഇന്ന് – മലങ്കരയുടെ വലിയ മല്പാന്‍ ദിവംഗതനായിരിക്കുന്നു. നമ്മുടെ കര്‍ത്താവിനുവേണ്ടി രക്തസാക്ഷിമരണം വരിച്ച മാര്‍ തേവോദോറോസ് സഹദായുടെ ഓര്‍മ്മദിനമായ ഇന്ന്, കൊല്ലപ്പെട്ട സഹദ എന്ന പേരിന് അര്‍ഹതയില്ലെങ്കിലും അതുപോലുള്ള പല പീഡകള്‍ സഭയ്ക്കുവേണ്ടി സഹിക്കയാല്‍ ഒരു “മൗദ്യോനോ” എന്ന നാമത്തിനു യോഗ്യനായിത്തീര്‍ന്നിരിക്കുന്ന നമ്മുടെ മെത്രാച്ചന്‍ കബറടക്കപ്പെടുന്നു. എന്നു മാത്രവുമല്ല വലിയനോമ്പില്‍ ശനി, ഞായര്‍ ഈ ആഴ്ചകള്‍ ഒഴിച്ചുള്ള ദിവസങ്ങളില്‍ വി. കുര്‍ബാന അനുഷ്ഠിക്കാന്‍ സഭ അനുവദിക്കുന്നില്ല. ആ രണ്ടു ദിവസങ്ങളില്‍ അര്‍പ്പിക്കണമെന്നു നിര്‍ബന്ധവുമാണ്. അദ്ദേഹം മരിച്ചുപോയി എന്ന വാര്‍ത്ത എങ്ങനെയോ പ്രചരിച്ച മിനിഞ്ഞാന്ന് അദ്ദേഹം കാലംചെയ്തിരുന്നെങ്കില്‍ വി. കുര്‍ബാനാനന്തരം സംസ്ക്കരിക്കപ്പെടുന്നതിനുള്ള ഭാഗ്യം അദ്ദേഹത്തിനു നഷ്ടപ്പെടുമായിരുന്നു.
അദ്ദേഹത്തിന്‍റെ വേര്‍പാട് എത്രയും ശാന്തമായിരുന്നു. യാതൊരു ചേഷ്ടയോ ഗോഷ്ടിയോ കൂടാതെ നാഴികമണിയുടെ പെന്‍ഡുലം ചലനരഹിതമായിത്തീരുന്നതുപോലെയാണ് അദ്ദേഹത്തിന്‍റെ ശ്വാസം നിന്നത്. പ്രാര്‍ത്ഥനയുടെ അവസാനം വിശ്വാസപ്രമാണം ചൊല്ലിത്തീര്‍ന്നപ്പോള്‍ കൃത്യം പന്ത്രണ്ടു മണിക്ക് മ്ശിഹാ തമ്പുരാന്‍ ലോകരക്ഷയ്ക്കുവേണ്ടി ക്രൂശിക്കപ്പെട്ട വെള്ളിയാഴ്ച ദിവസത്തിലും ആ നാഴികയിലും അദ്ദേഹം കര്‍ത്താവില്‍ നിദ്രപ്രാപിച്ചു.
കൂടാതെ ഒരാള്‍ മരിച്ചാല്‍ അതിന്‍റെ മൂന്ന്, ഒന്‍പത്, മുപ്പത് എന്നീ ദിവസങ്ങളില്‍ ആ ആള്‍ക്കുവേണ്ടി വി. ബലി അര്‍പ്പിക്കണമെന്നാണല്ലോ സഭയുടെ കല്പന. നമ്മുടെ മെത്രാച്ചന്‍ ഇന്നലെ കാലം ചെയ്തതുകൊണ്ട് മേല്‍പ്പറഞ്ഞ മൂന്നു ദിവസങ്ങളിലും സകല പള്ളികളിലും കുര്‍ബ്ബാനയില്‍ അദ്ദേഹത്തെ ഓര്‍ക്കുന്നതിനു സൗകര്യമുണ്ടായിരിക്കുന്നു. ഇവയൊക്കെയും അത്ഭുതകരമല്ലയോ? ദൈവത്തിന്‍റെ പരിശുദ്ധന്മാരെ നാം ഇങ്ങനെയാണു തിരിച്ചറിയേണ്ടത്. ആകയാല്‍ അദ്ദേഹത്തിന്‍റെ മരണംമൂലം സഭയ്ക്ക് വലിയ ഒരു പുണ്യവാളന്‍ നഷ്ടപ്പെട്ടിരിക്കുന്നു. നമ്മുടെ നഷ്ടം വലുതാണ്. നമ്മുടെ പണ്ഡിതനായ മല്പാന്‍ ഇന്നു നമ്മില്‍നിന്ന് പിരിഞ്ഞുപോയിരിക്കുന്നു. നമ്മുടെ വലിയ മെത്രാപ്പോലീത്താ ഇന്നു കാലം ചെയ്തിരിക്കുന്നു. നമ്മുടെ ഈ വിശുദ്ധ പിതാവ് ഇന്ന് എടുത്തുകൊള്ളപ്പെട്ടിരിക്കുന്നു. കണ്ടാലും യിസ്രായേലില്‍ ഒരു വലിയ രാജാവ് ഇന്നു വീണിരിക്കുന്നു. അവര്‍ക്കെന്നപോലെ നമുക്കും ഇതൊരു സന്താപദിനമാണ്. ഇതുവരെ അദ്ദേഹം നാമേവരെയും തന്‍റെ ചിറകുകളിന്‍കീഴില്‍ കാത്തുകൊണ്ടു. അദ്ദേഹം നമ്മോടു സഹതാപമുള്ളവനാകയാല്‍ ദൈവസന്നിധിയില്‍ നമുക്കുവേണ്ടി മുട്ടിപ്പായി മദ്ധ്യസ്ഥതത നടത്തുമെന്നു നമുക്കു സമാശ്വസിക്കാം. നീതിമാന്‍റെ പ്രാര്‍ത്ഥനയുടെ ശക്തി വലുതാണല്ലോ. അദ്ദേഹം ഏതെല്ലാം തത്വങ്ങളെയും പ്രമാണങ്ങളെയും മുന്‍ നിര്‍ത്തി പോരാടിയോ, അവയെ സംരക്ഷിച്ചുപോകേണ്ട കടമ നാമേവര്‍ക്കുമുണ്ട്. “നിങ്ങള്‍ എന്നെ സ്നേഹിക്കുന്നുവെങ്കില്‍ എന്‍റെ കല്പനകള്‍ അനുഷ്ഠിപ്പിന്‍” എന്ന് നമ്മുടെ കര്‍ത്താവ് ശിഷ്യന്മാര്‍ക്ക് കൊടുത്ത അന്ത്യസന്ദേശപ്രകാരം നമ്മുടെ ഈ വലിയ മെത്രാച്ചനോടു നമുക്കുള്ള സ്നേഹത്തെ പ്രത്യക്ഷപ്പെടുത്തേണ്ടത് അദ്ദേഹത്തിന്‍റെ ആദര്‍ശങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ ധൈര്യസമേതം പുരോഗമനം ചെയ്യുന്നതിലായിരിക്കണം എന്നു നാം നിങ്ങളെ അനുസ്മരിപ്പിച്ചുകൊള്ളുന്നു.
ഒരാശ്വാസം നമുക്കുണ്ട്. “ഞാന്‍ നല്ല പോര്‍ പൊരുതു, ഓട്ടം തികച്ചു, വിശ്വാസത്തെ കാത്തു. ഇനി നീതിയുടെ കിരീടം എനിക്കായി വച്ചിരിക്കുന്നു. ആയതു നീതിയുടെ ന്യായാധിപതിയായ കര്‍ത്താവ് ആ ദിവസത്തില്‍ എനിക്കു തരും” എന്നു പൗലൂസ് ശ്ലീഹാ തന്നെക്കുറിച്ചുതന്നെ പറഞ്ഞിരിക്കുന്ന വചനം നമ്മുടെ ഈ വിശുദ്ധ പിതാവിനെപ്പറ്റി എത്രയും ചേര്‍ച്ചയായിരിക്കുന്നുവെന്നതു തന്നെ. അദ്ദേഹം നമുക്കുവേണ്ടി പ്രാര്‍ ത്ഥിക്കും; നമുക്ക് അദ്ദേഹത്തിനുവേണ്ടി അപേക്ഷിക്കാം. “നിങ്ങള്‍ സമാധാനത്തോടെ വസിപ്പിന്‍” എന്നരുളിച്ചെയ്തിട്ട് അദ്ദേഹം നമ്മോട് യാത്രപറയുവാന്‍ പോകുന്നു. ഞങ്ങളുടെ “വിശുദ്ധ പിതാവേ, സമാധാനത്താലെ പോവുക” എന്ന വചനത്താല്‍ നമുക്ക് അദ്ദേഹത്തോട് യാത്രപറയാം. ബാലസിംഹത്തെപ്പോലെ ഇവിടെ ഇരിക്കുന്ന ഇദ്ദേഹം സിംഹക്കുട്ടിയെപ്പോലെ ഉണര്‍ന്നെഴുന്നേല്‍ക്കും. “വിശുദ്ധ ഭൃത്യാ, നീ യോഗ്യമായി പ്രവര്‍ത്തിച്ചു; നിന്‍റെ യജമാനന്‍റെ സന്തോഷത്തിലേക്ക് പ്രവേശിക്ക” എന്ന ഇമ്പകരമായ ശബ്ദം കേള്‍പ്പാന്‍ ആ ന്യായവിധി ദിവസത്തില്‍ ദൈവം അദ്ദേഹത്തിന് ഇടയാക്കട്ടെ. ആ ദിവസത്തില്‍ അഭിമുഖമായി കാണുന്നതിനും കര്‍ത്തൃസന്നിധിയില്‍ കരുണ കണ്ടെത്തുന്നതിനും അദ്ദേഹത്തിനും നമുക്കും സംഗതിയാകുവാന്‍ പ്രാര്‍ത്ഥിപ്പിന്‍.